ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. പ്രളയത്തിലെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.ഗര്‍വാല്‍ സര്‍വ്വകലാശാലയിലെ ജിയോളജിസ്റ്റ് ഡോ.നരേഷ് റാണയും മേഖലയിലെ ചില ഗ്രാമീണരുമാണ് തടാകം രൂപപ്പെടുന്നതായി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.തടാകം പൂര്‍ണതോതില്‍ രൂപപ്പെട്ടാല്‍ ഋഷി ഗംഗ നദിയുടെ ഒഴുക്ക് തടസ്സപ്പെടും. ഇത് ഭാവിയില്‍ വലിയ പ്രളയത്തിനുള്ള സാദ്ധ്യതയ്ക്ക് വഴിയൊരുക്കുമെന്നുമാണ് മുന്നറിയിപ്പ്. 400മീറ്റര്‍ ദൂരത്തിലാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഋഷി ഗംഗ ജലവൈദ്യുതി പദ്ധതി സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ ഉയരത്തിലാണ് തടാകത്തിന്റെ സ്ഥാനം.പ്രളയത്തെ തുടര്‍ന്ന് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നതിനാല്‍ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറും സ്ഥിരീകരിച്ചു. 2015ലെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ അവിടെ നേരത്തെ തടാകം ഇല്ലായിരുന്നുവെന്നും വ്യക്തമായി.
രണ്ടാംഘട്ട വാക്സിനേഷന്‍:ജില്ലയിൽ 1597 പേര്‍ വാക്‌സിൻ സ്വീകരിച്ചു
കണ്ണൂര്‍: രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍റെ ഭാഗമായി ജില്ലയില്‍ ഇന്നലെ 1597 പേര്‍ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചു.പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, സായുധ സേനാ വിഭാഗങ്ങളിലെ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ എന്നിവർക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിനേഷൻ നല്‍കിയത്.ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു.വിവിധ ആശുപത്രികള്‍ക്ക് പുറമെ കണ്ണൂര്‍ എആര്‍ ക്യാമ്പ്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും വാക്സിനേഷന്‍ സെന്‍ററുകള്‍ ഒരുക്കിയിരുന്നു. ആകെ 23 സൈറ്റുകളിലായി 35 സെഷനുകളായാണ് വെള്ളിയാഴ്ച വാക്സിന്‍ നല്‍കിയത്.ഒന്നാം ഘട്ടത്തില്‍ 26,248 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ഇന്നലെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, അഡീഷനല്‍ എസ്പി വി.ഡി. വിജയന്‍, സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റുമാരായ ആര്‍.ശരവണ, എം.ജെ. റീജന്‍, അസി. കമാന്‍ഡന്‍റ് പി.ടി. സന്തോഷ് എന്നിവരും ഉള്‍പ്പെടുന്നു.
‘ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍,നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു’; ഫിറോസ് കുന്നുംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്
വയനാട്: നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്. തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.’തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങള്‍ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവന്‍ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകള്‍ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി.പണം വന്ന് തുടങ്ങിയപ്പോള്‍, കുട്ടിയുടെ സര്‍ജറി കഴിയും മുന്‍പ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിന്‍വലിച്ചു. കൂടാതെ ഏഴു ലക്ഷം രൂപയും പിന്‍വലിച്ചു. ഫിറോസ് ഇപ്പോള്‍ കാണിക്കുന്നത് സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. നാട്ടുകാരെയും കൂട്ടി നിങ്ങള്‍ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം.നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്കെതിരെ തിരിച്ചു. ഫിറോസ് അത്രയും അധികം രീതിയില്‍ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവര്‍ത്തനം നടത്തുന്നത്. അന്ന് നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലതെന്നും’ കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് രോഗികളെ തല്ലിക്കൊല്ലണമെന്ന ആഹ്വാനം ഫിറോസ് നടത്തിയത്. സഹായം കിട്ടിയിട്ടും നന്ദി കാണിക്കാത്തവരെ പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു എന്നാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് സ്വീകരണം നൽകി; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
കൊച്ചി:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര കൊച്ചിയിലെത്തിയപ്പോൾ സ്വീകരിക്കുകയും അദ്ദേഹത്തെ ഷാള്‍ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത രണ്ടു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സില്‍ജന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ചട്ടലംഘനം നടത്തി എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.ബിജു, സില്‍ജന്‍ എന്നിവരെ കൂടാതെയുള്ളവര്‍ക്കെതിരെയും നടപടി എടുക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നു സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച രാത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പൊലീസുകാര്‍ നേതാക്കളെ കണ്ടത്. കൊച്ചി സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്പിലെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസുകാര്‍ക്ക് വിനയായത്.അതേസമയം ഭരണഘടനാ പദവിയിലുള്ള പ്രതിപക്ഷ നേതാവിനൊപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുക്കുന്നതില്‍ അപാകതയില്ലെന്ന നിലപാടാണ് പൊലീസിലെ ഐ ഗ്രൂപ്പുകാർ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞാണ് പൊലീസുകാര്‍ ഗസ്റ്റ് ഹൌസിലെത്തി നേതാക്കളെ കണ്ടതെന്നും ഇവര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ നിയമവശം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച കേരളത്തിൽ; ബി.ജെ.പി നേതൃയോഗത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ എത്തും. കൊച്ചിയിലെ ബി.പി.സി എൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനമുൾപ്പെടെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.ബി.പി.സി.എൽ കൊച്ചി റിഫൈനറി, പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ് യാർഡ്, ഫാക്ട് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. 6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പ്രൊപിലിൻ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കൽ പ്രാജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബൃഹത് പദ്ധതി.ചെന്നൈയിൽ നിന്നും വിമാനമാര്‍ഗ്ഗം എത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ച വിവിധ പൊതുപരിപാടികൾക്കായി രണ്ടു മണിക്കൂറാകും കേരളത്തിൽ ചെലവഴിക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ സുരക്ഷയും ശക്തമാക്കി. കൊച്ചി നഗരത്തിലടക്കം വാഹന നിയന്ത്രണങ്ങളും ഉണ്ടായേക്കും.
മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു; യു ഡി എഫ് ഘടകകക്ഷിയാകും
കോട്ടയം:മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു.യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ യുഡിഎഫ് ഘടകകക്ഷിയായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.തനിക്കൊപ്പം ഏഴ് സംസ്ഥാന ഭാരവാഹികളും, ഏഴ് ജില്ല പ്രസിഡന്‍റുമാരും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 17 സംസ്ഥാന ഭാരവാഹികള്‍ ആണ് ഉള്ളത്. ഇതില്‍ നിന്നാണ് ഏഴ് സംസ്ഥാന ഭാരവാഹികള്‍ കാപ്പനൊപ്പം ചേരുന്നത്. തന്‍റെ ശക്തി ഐശ്വര്യ കേരളയാത്രയില്‍ തെളിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം എന്‍ സി പി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്ര നേതൃത്വം ഇന്ന് അറിയിക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.പീതാംബരന്റെ തീരുമാനം. പാലാ സീറ്റിന്‍റെ കാര്യത്തിൽ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയിൽ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
സംസ്ഥാനത്ത് ഇന്ന് 5397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3954 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4980 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 560, കോട്ടയം 526, പത്തനംതിട്ട 489, മലപ്പുറം 520, കോഴിക്കോട് 514, കൊല്ലം 494, ആലപ്പുഴ 465, തൃശൂര്‍ 456, തിരുവനന്തപുരം 295, കണ്ണൂര്‍ 159, ഇടുക്കി 181, പാലക്കാട് 72, കാസര്‍ഗോഡ് 131, വയനാട് 118 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 8, വയനാട് 7, തിരുവനന്തപുരം 5, കൊല്ലം, എറണാകുളം, കണ്ണൂര്‍ 3 വീതം, പത്തനംതിട്ട 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 424, കൊല്ലം 306, പത്തനംതിട്ട 568, ആലപ്പുഴ 356, കോട്ടയം 374, ഇടുക്കി 293, എറണാകുളം 743, തൃശൂര്‍ 414, പാലക്കാട് 153, മലപ്പുറം 424, കോഴിക്കോട് 604, വയനാട് 198, കണ്ണൂര്‍ 405, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
വിതുര പെണ്‍വാണിഭകേസ്; ഒന്നാം പ്രതി ഷാജഹാന് 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും ശിക്ഷ
കോട്ടയം:വിതുര പെണ്‍വാണിഭകേസിലെ ഒന്നാം പ്രതി ഷാജഹാന്(സുരേഷ്) 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും ശിക്ഷ.പിഴ തുക പെണ്‍കുട്ടിക്ക് കൈമാറും.വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളില്‍ ഒന്നിലാണ് വിധി. ബാക്കി 23 കേസുകളില്‍ ഇനി വിധി പറയാനുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, മോശമായ കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് കൈമാറല്‍, അനാശാസ്യം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കൈമാറിയതിന് പത്ത് വര്‍ഷം കഠിന തടവ്, ഐപിസി 344 വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നിവയ്ക്ക് രണ്ട് വര്‍ഷം തടവും 5000 പിഴയും, അനാശാസ്യത്തിന് രണ്ട് വകുപ്പുകളിലായി 12 വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.1995 നവംബര്‍ 21 ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അജിത ബീഗം എന്ന അകന്ന ബന്ധു വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുവന്ന് ഷാജഹാന് കൈമാറി. ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി 10 ദിവസത്തിലധികം തടങ്കലില്‍ വച്ചു. പെണ്‍കുട്ടിയെ ഷാജഹാന്‍ പീഡിപ്പിക്കുകയും പലര്‍ക്കായി കൈമാറുകയും ചെയ്തതെന്നായിരുന്നു കേസ്.1996 ജൂലൈ 16ന് പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഭവം പുറത്തുവരുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ കേസ് വിവാദമായി. സുരേഷ് ഒളിവില്‍ പോവുകയു ചെയ്തു. തുടര്‍ന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടത്തിലും വിചാരണ നടന്നത്. പ്രതികളെ യുവതിക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്നതോടെ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവരെയെല്ലാം കോടതി വെറുതെവിട്ടു. അതിനു പിന്നാലെ 19 വര്‍ഷം ഒളിവിലിരുന്ന സുരേഷ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 14 മാസത്തിനുശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി. 2019 ജൂണില്‍ ഹൈദരാബാദില്‍നിന്ന് പിടികൂടിയതോടെയാണ് വിചാരണ പുനരാരംഭിച്ചത്.
തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് എട്ട് മരണം
ചെന്നൈ:തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് എട്ട് മരണം. നിരവധി പേര്‍ക്ക് പരിക്കുള്ളതായും റിപ്പോര്‍ട്ടുണ്ട്. വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് തീപടിച്ചത്. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടകാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സംസ്ഥാനത്ത് കോവാക്സിൻ വിതരണം തുടങ്ങി
തിരുവനന്തപുരം:വിവാദമുയര്‍ന്ന ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീനായ കോവാക്സീന്‍ സംസ്ഥാനത്തും വിതരണം തുടങ്ങി.പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് വിതരണം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്. ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ ഇതുവരെ നല്കിയത്.മുന്‍നിര പ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവാക്സീന്‍ വിതരണം ചെയ്തത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഷീല്‍ഡ് വാക്‌സീന്‍ തന്നെയാവും നല്‍കുക. കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റയും വാക്സിന്‍ നിര്‍മാതാക്കളുടെയും വാദം. ഡല്‍ഹി ഉള്‍പ്പെടെ മറ്റ് പല സംസ്ഥാനങ്ങളിലും കൊവാക്സിന്‍ വിതരണം ചെയ്യുന്നുണ്ട്. രണ്ട് വാക്സിനുകളും നല്‍കണമെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പൊലീസ് ഉള്‍പ്പെടെ കൊവിഡ് മുന്നണി പോരാളികള്‍ക്ക് കൊവാക്സിന്‍ വിതരണം ചെയ്യും. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കൊവിഷീല്‍ഡ് വിതരണം തുടരും. ബാക്കിയുള്ള കൊവിഷീല്‍ഡ് തിരിച്ചെടുക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു.സമ്മത പത്രം വാങ്ങിയാണ് കൊവാക്സിന്‍ കുത്തിവെപ്പ് എടുക്കുക. കൊവാക്സിന്‍ കുത്തിവെപ്പ് എടുക്കുന്നവരോട് പരീക്ഷണം നടക്കുന്ന വാക്സിനാണെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ആരോഗ്യ അവസ്ഥകള്‍ രേഖപ്പെടുത്താനുള്ള ഫോമും നല്‍കും. കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ നടപടിക്രമമില്ല.ബ്രിട്ടണിലെ ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കോവിഷില്‍ഡ് വാക്‌സീനും ഭാരത് ബയോടെക്കിന്റെ കോവാക്‌സീനുമാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.