News Desk

കാസർകോട് വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ മരിച്ചു;യുവതി അറസ്റ്റിൽ

keralanews two persons died after consuming poisonous ice cream woman arrested

കാസര്‍കോട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ മരിച്ചു.സംഭവവുമായി ബന്ധപ്പെട്ടു കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്. വര്‍ഷയുടെ മകന്‍ അദ്വൈത് (5) സഹോദരി ദൃശ്യ (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 11-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. ആത്മഹത്യ ചെയ്യാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. ഇതു കഴിച്ച ശേഷം അസ്വസ്ഥത തോന്നി മുറിയില്‍പ്പോയ വര്‍ഷ ഉറങ്ങിപ്പോയി.ഈ സമയത്ത് അഞ്ച് വയസ്സുള്ള മകന്‍ അദ്വൈത്, രണ്ട് വയസ്സുള്ള സഹോദരന്‍, വര്‍ഷയുടെ സഹോദരി ദൃശ്യ എന്നിവര്‍ മേശപ്പുറത്ത് വെച്ച ഐസ്ക്രീം എടുത്ത് കഴിക്കുകയായിരുന്നു.ഇതിനു പിന്നാലെ ഇവര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛര്‍ദിക്കാന്‍ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്നമൊന്നും തോന്നാത്തതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി ഛര്‍ദ്ദിച്ചത് ബിരിയാണി കഴിച്ചിട്ടാണെന്ന് വീട്ടുകാരും വിചാരിച്ചു. ഛര്‍ദ്ദി രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്വൈത് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. അന്ന് വൈകിട്ടോടെ രണ്ടു വയസുകാരിയായ മകള്‍ക്കും പിന്നാലെ ദൃശ്യക്കും ഛര്‍ദില്‍ തുടങ്ങി. വര്‍ഷയും അവശനിലയിലായി. തുടര്‍ന്ന് എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ഉണ്ടായത്. വര്‍ഷയും ഇളയ മകളും സുഖം പ്രാപിച്ചെങ്കിലും ദൃശ്യയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു.പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ ദൃശ്യയും മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വര്‍ഷയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ മാര്‍ച്ച് 1 മുതല്‍

keralanews covid vaccine will be given to people over 60 years of age from march 1

തിരുവനന്തപുരം:60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ മാര്‍ച്ച് 1 മുതല്‍ നൽകി തുടങ്ങും.മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും അന്നുമുതൽ വാക്‌സിന്‍ ലഭിക്കും.രാജ്യത്താകെ 10000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്‌സിന്‍ ലഭ്യമാക്കുക.സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കും. സ്വകാര്യ കേന്ദ്രങ്ങളില്‍ പണം നല്‍കി കുത്തിവെപ്പ് എടുക്കാം. സ്വകാര്യ കേന്ദ്രങ്ങളിലെ നിരക്ക് എത്രയായിരിക്കുമെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേകര്‍ അറിയിച്ചു. 27 കോടി പേര്‍ക്ക് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.നിലവില്‍ രാജ്യത്ത് ഒന്നേകാല്‍ കോടി ജനങ്ങളാണ് വാക്സിന്‍ സ്വീകരിച്ചത്. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കാണ് ഇപ്പോൾ കോവിഡ് വാക്‌സിൻ നല്കി വരുന്നത്.

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അഞ്ചിരട്ടിയിലധികം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താനുള്ള നടപടികളുമായി സര്‍ക്കാര്‍;പ്രത്യേക കമ്മീഷനെ നിയമിച്ച്‌ റിപ്പോര്‍ട്ട് തേടി

keralanews government has taken steps to stop the inclusion of more than five times as many candidates in the psc rank list

തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അഞ്ചിരട്ടിയിൽ കൂടുതൽ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായുള്ള സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഇതുസംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ അധ്യക്ഷനായ കമ്മിഷനേയും നിയോഗിച്ചിട്ടുണ്ട്.മെയിന്‍, സപ്ലിമെന്ററി ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികളെ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടികള്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറാണ് തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്‌ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. അപേക്ഷിക്കുന്ന കാറ്റഗറിയിലേയ്ക്ക് മാത്രമായിരിക്കും സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്തുക. അപേക്ഷ നല്‍കുന്നവരില്‍ പലരും പരീക്ഷ എഴുതുന്നില്ലെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. 1958ലെ കേരള സ്റ്റേറ്റ് സബോഡിനേറ്റ് സര്‍വീസ് ചട്ടങ്ങളില്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14ഇ എന്ന ഉപചട്ടം ഉള്‍പ്പെടുത്തിയിരുന്നു. ഈ ചട്ടപ്രകാരം പിഎസ്സി റാങ്ക് ലിസ്റ്റിന്റെ സപ്ലിമെന്ററി ലിസ്റ്റില്‍ ഓരോ സംവരണ സമുദായത്തിനും അനുവദിച്ചിട്ടുള്ള സംവരണ ക്വാട്ട ഉറപ്പാക്കാനാണ് ക്വാട്ടയുടെ അഞ്ചു മടങ്ങില്‍ കുറയാത്ത ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി തുടങ്ങിയത്.ഉദ്യോഗാര്‍ഥികളുടെ അഞ്ചിരട്ടി അധികംപേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് പിന്നീട് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കാനുള്ള ആവശ്യങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികളില്‍നിന്നുള്ള പരാതികള്‍ക്കും ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങളും അനുബന്ധ വിഷയങ്ങളും പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ 2019 ഡിസംബറില്‍ കമ്മിഷനെ ചുമതലപ്പെടുത്തി. പിന്നീട് കമ്മിഷനെ നിയോഗിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.

താപനില കൂടുന്നു; ജാ​ഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

keralanews heat increases disaster management authority issues alert

തിരുവനന്തപുരം:സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി രംഗത്ത്. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം  എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം. കുട്ടികള്‍, പ്രായമായവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍ സമയം ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദിനാന്തരീക്ഷ താപനില ഇന്നലെ കോട്ടയത്താണ് രേഖപ്പെടുത്തിയത്.

ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

keralanews state government decides to withdraw sabarimala and caa cases

തിരുവനന്തപുരം : ശബരിമല, പൗരത്വ പ്രതിഷേധ(സിഎഎ) കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. നേരത്തെ ശബരിമല യുവതീ പ്രവേശന വിധി വന്ന സമയത്ത് നടന്ന പ്രതിഷേധ, പ്രക്ഷോഭങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയടക്കം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ക്രമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.നേരത്തെ ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.ഈയിടെ തമിഴ്‌നാട് സര്‍ക്കാര്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിലുണ്ടായിരുന്നത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ സമരം ചെയ്തതിന് 529 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം സമരം ചെയ്തവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. മുസ്‌ലിം മത സംഘടനകൾക്കെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളുമെടുത്തിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട 2018ലെ സുപ്രിം കോടതി വിധിക്ക് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിൽ അമ്പതിനായിരത്തോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസുകൾ പിൻവലിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി അടക്കമുള്ള നിരവധി സാമൂഹിക സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു.അതേസമയം സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു.ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹമാണെന്ന് ബിജെപി പ്രതികരിച്ചു.

ഇ​രി​ട്ടി ടൗ​ണി​ന​ടു​ത്ത് നിന്നും നാ​ട​ന്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി

keralanews bomb found near from iritty town

ഇരിട്ടി:ഇരിട്ടി ടൗണിനു സമീപത്തു നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി. പയഞ്ചേരിമുക്കിലെ സ്വകാര്യ ഐ.ടി.സിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ആറ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കണ്ണൂര്‍ ബോംബ് സ്ക്വാഡ് എസ്.ഐ ടി.വി. ശശിധരന്റെ നേതൃത്വത്തില്‍ പി.എന്‍. അജിത് കുമാര്‍, സി. ധനീഷ്, ശ്രീകാന്ത്, ഇരിട്ടി എസ്.ഐ മജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നി​ന്നു​ള്ള​വ​ര്‍​ക്ക് ഡ​ല്‍​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാന്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ഫലം നിര്‍ബന്ധം

keralanews rtpcr results make it mandatory for passengers from five states including kerala to enter delhi

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. 26 മുതല്‍ മാര്‍ച്ച്‌ 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിമാനം, ട്രെയിന്‍ എന്നീ ഗതാഗത മാര്‍ഗങ്ങള്‍ വഴി രാജ്യതലസ്ഥാനത്ത് എത്തുന്ന ഈ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡുവഴി വരുന്നവര്‍ക്ക് നിയന്ത്രണം ഇല്ല. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.നേരത്തെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പൂരിലേക്കും മഹാരാഷ്ട്രയിലേക്കും എത്തുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

നാദാപുരത്ത് കഴിഞ്ഞ ദിവസം വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥനും മകനും മരിച്ചു;ഭാര്യയും മറ്റൊരു മകനും ഗുരുതരാവസ്ഥയില്‍

keralanews man and son died who were found burned inside the house in nadapuram

കോഴിക്കോട്: നാദാപുരത്തിനടുത്ത ചെക്യാട് കായലോട്ട് വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ട നാലംഗ കുടുംബത്തിലെ അച്ഛന് പിന്നാലെ മകനും മരിച്ചു. ഭാര്യയും മറ്റൊരു മകനും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ പുലര്‍ച്ചെയോടെയാണ് ചെക്യാട് കായലോട്ട് രാജു (48), ഭാര്യ റീന (40), മക്കളായ സ്റ്റാലിഷ് (17), സ്റ്റഫിന്‍ (14) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഇന്നലെ ഉച്ചയോടെ രാജു മരിച്ചിരുന്നു. ഇന്ന് രാവിലെ മൂത്ത മകനും മരിച്ചു. മറ്റുള്ളവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വീട്ടിലെ ബെഡ്റൂമിലാണ് നാലുപേരെയും തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കൂട്ടനിലിവിളി കേട്ട് എത്തിയ അയല്‍വാസികള്‍, തീയാളുന്ന നിലയിലാണ് വീട്ടുകാരെ കണ്ടത്. പാനൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇ​രി​ട്ടി പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്നു

keralanews iritty new bridge becomes a reality parallel to the old bridge

ഇരിട്ടി: 1933ല്‍ ബ്രിട്ടീഷുകാര്‍ നിർമിച്ച 88 വര്‍ഷത്തെ പഴക്കമുള്ള ഇരിട്ടി പാലത്തിന് സമാന്തരമായി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. തലശ്ശേരി -വളവുപാറ റോഡ് പ്രവൃത്തിയോടനുബന്ധിച്ചു ആറു പാലങ്ങളാണ് പുതുതായി നിര്‍മിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇരിട്ടി പാലം പ്രവൃത്തി മൂന്നുവര്‍ഷം മുൻപാണ് ആരംഭിച്ചത്. ഈ കാലയളവില്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.നിലവിലുള്ള പാലത്തിന് സമാന്തരമായാണ് 144 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി മൂന്നു സ്പാനുകളില്‍ പുതിയ പാലം നിര്‍മിച്ചത്. പാലം നിര്‍മാണത്തിനിടെ പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ കുത്തൊഴുക്കില്‍ ടെസ്റ്റിങ് പൈല്‍ ഒഴുകിപ്പോയിരുന്നു. ഇത് വലിയ ആശങ്കയും വിവാദവും സൃഷ്ടിച്ചു. തുടര്‍ന്നുവന്ന കാലവര്‍ഷവും നിര്‍മാണ പ്രവൃത്തിയെ തടസ്സപ്പെടുത്തി. ഇതേത്തുടര്‍ന്ന് രാജ്യത്തെ നാല് പ്രമുഖ പാലം നിര്‍മാണ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിക്കുകയും പൈലുകളുടെ എണ്ണവും ആഴവും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് പണി ആരംഭിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ പാലം പ്രവൃത്തി വീണ്ടും നീണ്ടുപോകാന്‍ ഇടയാക്കി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.നിലവിലുള്ള പാലത്തിലൂടെ രണ്ട് വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഒരേസമയം പോവുന്നത്. പാലത്തിലൂടെയുള്ള കാല്‍നട പോലും ദുസ്സഹമായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകുമ്പോൾ പാലത്തില്‍ കുരുങ്ങിയുള്ള ഗതാഗതക്കുരുക്കും പതിവാണ്. ടാറിങ് പണി പൂര്‍ത്തിയാക്കി പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വര്‍ഷങ്ങളായി ഇരിട്ടി ടൗണ്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും.

കോവിഡ് വ്യാപനം;കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ

keralanews covid spread four states ban travelers from kerala

തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ.കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണകന്നഡ അധികൃതര്‍ അറിയിച്ചു. ഒരിക്കല്‍മാത്രം യാത്രചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയില്‍ കരുതണം. ആംബുലന്‍സില്‍ രോഗികളുമായി വരുന്നവര്‍ ആശുപത്രിയിലെത്തിയാല്‍ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക്‌ വിധേയമാക്കണം.കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍,ദില്ലി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കിലേ കര്‍ണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസ്സിന്‌ മുകളിലുള്ള എല്ലാവരും എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.