News Desk

രോഗികള്‍ക്ക് ന്യുമോണിയയും ശ്വാസകോശത്തില്‍ വെളുത്ത പാടുകളും;കോറോണയുടെ പുതിയ ലക്ഷണങ്ങൾ ഇങ്ങനെ

keralanews patients with pneumonia and white spots on the lungs new symptoms of corona

മുംബൈ:കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതോടെ പുതിയ രോഗലക്ഷണങ്ങളെക്കുറിച്ച്‌ വിവരം നല്‍കി ഡോക്ടര്‍മാര്‍. കോവിഡ് രോഗികളില്‍ കൂടുതല്‍ പേരും ന്യുമോണിയയുമായാണ് ആശുപത്രിയില്‍ എത്തുന്നത്. ഇവരുടെ എക്‌സ്-റേകള്‍ പരിശോധിക്കുമ്പോൾ ശ്വാസകോശത്തില്‍ വെളുത്ത പാടുകള്‍ കാണുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തിലെ വെളുത്ത പാടുകളുടെ പ്രധാന കാരണം ചികിത്സയുടെ കാലതാമസമാണെന്നും ഇവര്‍ പറയുന്നു. വൈറസുകളില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും രോഗികളുടെ റിപ്പോര്‍ട്ടുകളിലെ പുതിയ ലക്ഷണങ്ങളുടെ കാരണമിതാണെന്നുമാണ് മറ്റ് ചിലരുടെ അഭിപ്രായമെന്നും ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന അവയവം ശ്വാസകോശമാണ്. കൊറോണ വൈറസ് ശ്വാസകോശ തകരാറിനും പിന്നീട് ചില കേസുകളില്‍ മാത്രം മരണത്തിനും കാരണമാകുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് -19 രോഗികളുടെ എക്‌സ്-റേകളില്‍ അസാധാരണതകള്‍ കണ്ടെത്തിയതായി കോഹിനൂര്‍ ആശുപത്രിയിലെ ചെസ്റ്റ് ഫിസീഷ്യന്‍ ഡോ. രാജരതന്‍ സദവര്‍ട്ടെ പറഞ്ഞു. കൊറോണയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം അറിയിച്ചു.സുരക്ഷിതമായി തുടരാന്‍ ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡോക്ടര്‍ പറയുന്നു. നേരത്തേ രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ ശ്വാസകോശത്തിന് സാരമായ കേടുപാടുകള്‍ സംഭവിക്കുമെന്നും രോഗികളെ രക്ഷിക്കുക എന്നത് ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായി തീരുമെന്നും അദ്ദേഹം പറഞ്ഞു.രോഗികളുടെ റിപ്പോര്‍ട്ടുകളില്‍ അസാധാരണത്വം കാണുന്നുണ്ടെന്നും നേരത്തെ കൊറോണ രോഗികള്‍ക്ക് 6 മുതല്‍ 7 ദിവസത്തിനുള്ളില്‍ ന്യുമോണിയ വരാമെങ്കില്‍ ഇപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ ന്യുമോണിയ പിടിപെടുന്നതായി പകര്‍ച്ചവ്യാധി വിദഗ്ധനും കൊവിഡ് -19 ടാസ്‌ക് ഫോഴ്സ് അംഗവുമായ ഡോ. ഓം ശ്രീവാസ്തവ പറഞ്ഞു. ന്യുമോണിയ ബാധിക്കുന്ന പ്രായം കുറഞ്ഞ രോഗികളുടെ എണ്ണത്തില്‍ മഹാമാരിയുടെ ആദ്യ ഘട്ടത്തേക്കാള്‍ വര്‍ധനവുണ്ടായതായി നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ റേഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നമിഷ് കാമത്ത് പറയുന്നു.

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്;യുവതി സ്വര്‍ണക്കടത്ത് കേസിലെ പ്രധാനകണ്ണിയെന്നും പോലീസ്

keralanews more information on the abduction of a young woman in mannar is out police say woman is main link in the gold smuggling case

കൊച്ചി:മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലബാര്‍, കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മൂന്ന് സംഘങ്ങളില്‍ പെട്ടവരാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്.ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും, സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് പറയുന്നു. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തിരുവല്ല കുരിശുകവല ശങ്കരമംഗലത്ത്‌ ബിനോ വര്‍ഗീസ്‌ (39), പരുമല തിക്കപ്പുഴ മലയില്‍ തെക്കതില്‍ ശിവപ്രസാദ്‌ (37), പരുമല കോട്ടയ്‌ക്കമാലി സുബീര്‍ (36), എറണാകുളം പരവൂര്‍ മന്നം കാഞ്ഞിരപ്പറമ്ബില്‍ അന്‍ഷാദ്‌ (30), മലപ്പുറം പൊന്നാനി ആനപ്പടി പാലയ്‌ക്കല്‍ അബ്‌ദുല്‍ ഫഹദ്‌ (35) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.ഇവരെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിനെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.ഒന്നരക്കിലോ സ്വര്‍ണം ദുബായില്‍ നിന്ന് കൊണ്ടു വന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ 19ന് ദുബായില്‍ നിന്ന് മടങ്ങി എത്തുമ്പോൾ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് സമ്മതിച്ചു. ഭയം മൂലം സ്വര്‍ണം എയര്‍പോട്ടില്‍ ഉപേക്ഷിച്ചെന്ന് ആയിരുന്നു മൊഴി. എന്നാല്‍, സ്വര്‍ണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങള്‍ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറില്‍ എത്തി. ഇതായിരുന്നു തട്ടിക്കൊണ്ട് പോകലിനിടയാക്കിയ കാരണമെന്നാണ് പൊലീസ് പറയുന്നത്.വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റ്‌ ഉണ്ടാകുമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈ.എസ്‌.പി: ആര്‍. ജോസ്‌ പറഞ്ഞു. ജില്ലാ പോലീസ്‌ മേധാവി ജി. ജയദേവിന്റെ നേതൃത്വത്തില്‍ 24 അംഗ സംഘം മൂന്നായി തിരിഞ്ഞാണ്‌ അന്വേഷിക്കുന്നത്‌. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ കസ്‌റ്റംസും അന്വേഷണം നടത്തുന്നുണ്ട്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും വിവരങ്ങള്‍ ശേഖരിച്ചു.

സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍

keralanews coastal hartal in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍.യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തീരദേശത്തെ ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചിടും.ബോട്ടുകള്‍ കടലില്‍ ഇറക്കില്ല.പ്രധാന തീരദേശ മേഖലകളെ ഹര്‍ത്താല്‍ ബാധിച്ചിട്ടുണ്ട്.ബോട്ട് ഉടമകളുടെ സംഘടനയും ഹര്‍ത്താലുമായി സഹകരിക്കും. നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്ന മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള കരാറുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെങ്കിലും ഇക്കാര്യത്തില്‍ പരിപൂര്‍ണ വ്യക്തത വന്നിട്ടില്ലെന്നാണ് സംഘടനകളുടെ നിലപാട്.ധാരണാപത്ര വിവാദത്തിന് പിന്നാലെ രൂപീകരിച്ച മത്സ്യത്തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ മത്സ്യമേഖല സംരക്ഷണ സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായുള്ള കാരാറുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ കൂട്ടായ്മയുമായി സഹകരിച്ചിരുന്ന മറ്റു സംഘടനകള്‍ സമരം അവസാനിപ്പിച്ചിരുന്നു.അതേസമയം ഹര്‍ത്താലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് കോവളം എം.എല്‍.എ എം വിന്‍സന്റ് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ സ്വയമേധയാ ആണ് ഹര്‍ത്താലില്‍ പങ്കെടുക്കുന്നതെന്ന് എം.വിന്‍സന്റ് എം.എല്‍.എ വ്യക്തമാക്കി.ഓഖിയോട് അനുബന്ധിച്ച്‌ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇപ്പോഴും കിട്ടാന്‍ ബാക്കിയുണ്ടെന്നും എം.വിന്‍സന്റ് ആരോപിച്ചു.

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു;കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്

keralanews assembly election dates have been announced for five states including kerala elections in kerala on april 6

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.അസമിലും പശ്ചിമ ബംഗാളിലും ഘട്ടം ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച്‌ 12നിറങ്ങും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച്‌ 20ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 22 ആണ്. മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും.തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും. 12 മാര്‍ച്ച്‌ 12ന് വിജ്ഞാപനം പുറത്തിറങ്ങും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 19 മാര്‍ച്ച്‌. കന്യാകുമാരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒഴിവുള്ള സീറ്റുകളിലും ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ് നടക്കും. പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് നടക്കും.മാര്‍ച്ച്‌ 12ന് വിജ്ഞാപനം പുറത്തിറങ്ങും.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 19. പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച്‌ 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തിയതികളിലാവും തിരഞ്ഞെടുപ്പ്.

വിദേശത്ത് നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ

keralanews covid test made free for those coming from abroad said health minister

തിരുവനന്തപുരം:വിദേശത്ത് നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ നിരക്ക് കുറച്ച്‌ മൊബൈല്‍ ലാബുകള്‍ സെറ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.രോഗവ്യാപനം നിയന്ത്രിക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് കൃത്യമായ ജാഗ്രതയുണ്ടാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയിൽനിന്ന് ഒഴിവാക്കാതിരിക്കാൻ സാധിക്കില്ല. കോവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാകാൻ സാഹചര്യമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തണം. വീട്ടിൽ ക്വാറന്‍റീനിൽ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശത്തുനിന്നെത്തുവർക്ക് കേന്ദ്രനിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്നതിനെതിരെ എതിർപ്പും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സെക്രെട്ടറിയേറ്റിനു മുൻപിൽ ഉദ്യോ​ഗാര്‍ഥികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍;ചര്‍ച്ച നടത്താന്‍ മന്ത്രി എകെ ബാലനെ ചുമതലപ്പെടുത്തി

keralanews chief ministers intervention to resolve the strike by job seekers in front of the secretariat minister ak balan instructed to discuss

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ദിവസങ്ങളായി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എകെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇന്ന് തന്നെ ചര്‍ച്ച നടന്നേക്കും.ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കാണിച്ച്‌ ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച ഉദ്യോഗാര്‍ഥികള്‍ തുടര്‍‌നടപടികള്‍ സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് അറിയിച്ചത്.ഉദ്യോഗസ്ഥ പ്രതിനിധികളുമായി ഉദ്യോഗാര്‍ഥികള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പിക്കാന്‍ മന്ത്രിയെ നിയോഗിച്ച്‌ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്.കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമും നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളാണ് ഇന്നലെ ഉത്തരവായി വന്നത്. നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് ലിസ്റ്റില്‍നിന്ന് പരമാവധി നിയമനം നല്‍കുകയാണ് സര്‍ക്കാര്‍ നിലപാടെന്നാണ് ഉത്തരവില്‍ പറയുന്നത്.അതേസമയം സിപിഒ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയില്ല.സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പിഴവുണ്ടെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ് സി.പി.ഒ റാങ്ക് ഹോള്‍ഡര്‍മാര്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്.സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്‌സ് ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിയാണ് ഉത്തരവിറക്കിയത്. റാങ്ക് ലിസ്റ്റില്‍ നിന്നു 74% നിയമനം നടത്തിയതയാണ് സര്‍ക്കാര്‍ വാദം. കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഉത്തരവിലുള്ളതെന്നാണ് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ അറിയിക്കുന്നത്.

കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്​ തീയതി ഇന്ന്​ പ്രഖ്യാപിക്കും

keralanews dates of assembly elections in five states including kerala will be announced today

ന്യൂഡൽഹി:കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം 4.30ന് നടക്കും.നേരത്തെ മാര്‍ച്ച്‌ ഏഴിന് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളം, തമിഴ്നാട്,ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് ഇന്ന് പ്രഖ്യാപിക്കുക.കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍റെ പരിഗണനയിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 24ന് യോഗം ചേര്‍ന്നിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുത്തിരുന്നു. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക.റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ഏപ്രിൽ 8നും 12നുമിടയിൽ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീർഘിപ്പിക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.

വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി;കേരളത്തില്‍ ബാധകമല്ല

keralanews bharat bandh announced by trade unions begins not applicable in kerala

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധന, ജി എസ് ടി, ഇ-വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച്‌ വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുളള ട്രാന്‍സ്‌പോര്‍ട്ട് സംഘടനകള്‍ ഒന്നും തന്നെ ബന്ദില്‍ പങ്കെടുക്കുന്നില്ല.രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പതിനായിരത്തോളം സംഘടനകളില്‍ നിന്നായി എട്ട് കോടി പേര്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടെ കേരളം ഒഴികെയുളള സംസ്ഥാനങ്ങളില്‍ വിപണികള്‍ സ്‌തംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജ്യത്തെ 1500ഓലം സ്ഥലങ്ങളില്‍ ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള സാധനം വാങ്ങലും നടക്കില്ല.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി;യാത്രക്കാരി കസ്റ്റഡിയില്‍

keralanews huge amount of explosives seized from Kozhikode railway station passenger in custody

കോഴിക്കോട്:റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി.ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിനി രമണി പിടിയിലായി.കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സ്‌ഫോടകവസ്‌തുക്കള്‍ കൊണ്ടുവന്നതെന്നാണ് കസ്റ്റഡിയിലുള്ള സ്ത്രീ പൊലീസിനോട് പറയുന്നത്. എന്നാല്‍, പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തുകയാണ്..ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു രമണി. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്‌മെന്റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ട്രെയിനുകളില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

നാദാപുരത്ത് വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തില്‍ ബാക്കിയുണ്ടായിരുന്ന ഭാര്യയും മകനും കൂടി മരിച്ചു

keralanews wife and son of four member family under treatment for severe burn injuries died

നാദാപുരം: ചെക്യാട് കായലോട്ടുതാഴെ വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തില്‍ ബാക്കിയുണ്ടായിരുന്ന ഭാര്യയും മകനും കൂടി മരിച്ചു. കീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകന്‍ സ്റ്റെഫിന്‍ (14) എന്നിവരാണ് ഇന്നലെ മരിച്ചത്. രാജു (45) ചൊവ്വാഴ്ചയും മൂത്ത മകന്‍ സ്റ്റാലിഷ് (17) ബുധനാഴ്ചയും മരിച്ചിരുന്നു.  രാജുവിന്റേയും മൂത്തമകന്‍ സ്റ്റാലിഷിന്റേയും ചിതയെരിഞ്ഞു തീരും മുമ്പേയാണ് വ്യാഴാഴ്ച ഉച്ചയോടെ റീനയുടെ മരണവിവരം നാട്ടുകാരറിയുന്നത്.പോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടിക്രമങ്ങള്‍ തീര്‍ത്ത് സംസ്കാര ചടങ്ങിന് കാത്തിരിക്കെ ഇളയ മകന്‍ സ്റ്റഫിനും മരണത്തിലേക്ക് നീങ്ങുകയായിരുന്നു. രാജുവും റീനയും തമ്മിലുള്ള ചെറിയ പിണക്കങ്ങള്‍ കടുംകൈക്ക് രാജുവിനെ പ്രേരിപ്പിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.ഇത്രയും കൊടുംക്രൂരത കാട്ടാന്‍ തക്കവിധമുള്ള വിഷയങ്ങള്‍ ഒന്നുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുരന്തദിവസം സമീപത്തെ വീട്ടില്‍ വിവാഹ ഒരുക്കങ്ങള്‍ക്ക് അയല്‍ വീട്ടുകാരോടൊപ്പം മക്കളുമൊന്നിച്ച്‌ പോയി തിരിച്ചെത്തി കിടന്നുറങ്ങിയവരാണ് പുലര്‍ച്ചയോടെ തീഗോളമായി മാറിയത്.പ്രദേശത്തെ മിക്ക പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു റീനയും മക്കളും. എന്നാല്‍, രാജു പൊതുവെ നാട്ടുകാരുമായി അകലം പാലിക്കുന്ന പ്രകൃതക്കാരനായിരുന്നു. റീനയുടെയും സ്റ്റഫിന്റെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്‌ച സംസ്കരിക്കും.