കാസർകോഡ്:മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചു പേരെയാണ് രക്ഷിച്ചത്.ഇവരെ തളങ്കര തീരത്ത് എത്തിക്കുമെന്നാണ് വിവരം.മത്സ്യബന്ധനത്തിനു പോയ തിരുവനന്തപുരം സ്വദേശികളുടെ മറിയം എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മടക്കര ഹാര്‍ബറില്‍ നിന്ന് രണ്ടു ദിവസം മുൻപാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെ കാസര്‍കോടു നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് തിരമാലയില്‍പ്പെട്ട് രണ്ടായി മുറിയുകയായിരുന്നു.തകര്‍ന്ന ബോട്ടില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ ഫിഷറീസ് അധികൃതരെ ഫോണില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ തൈക്കടപ്പുറത്തു നിന്ന് ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള രക്ഷാബോട്ട് പുറംകടലിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് ബോട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരുമ്പോൾ ബോട്ടിന്റെ എന്‍ജിന്‍ കേടായത് ആശങ്കപരത്തി. മറ്റൊരു ബോട്ടില്‍ ആണ് മത്സ്യത്തൊഴിലാളികളെ പിന്നീട്ട് കരയ്‌ക്ക് എത്തിച്ചത്.
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;4031 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെയില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,646 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2493 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 380, എറണാകുളം 262, മലപ്പുറം 265, തൃശൂര്‍ 235, കോട്ടയം 228, കൊല്ലം 232, ആലപ്പുഴ 201, പത്തനംതിട്ട 184, തിരുവനന്തപുരം 113, കണ്ണൂര്‍ 89, കാസര്‍ഗോഡ് 94, പാലക്കാട് 45, ഇടുക്കി 86, വയനാട് 79 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 2 വീതം, കോട്ടയം, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 561, പത്തനംതിട്ട 361, ആലപ്പുഴ 112, കോട്ടയം 272, ഇടുക്കി 46, എറണാകുളം 509, തൃശൂര്‍ 307, പാലക്കാട് 111, മലപ്പുറം 405, കോഴിക്കോട് 605, വയനാട് 128, കണ്ണൂര്‍ 180, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 358 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടതു സ്ഥാനാർത്ഥിയായി ഇത്തവണയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തന്നെ മത്സരിച്ചേക്കും
കണ്ണൂർ: കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടതു സ്ഥാനാർത്ഥിയായി ഇത്തവണയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തന്നെ മത്സരിച്ചേക്കും.യുഡിഎഫിന്റെ ഉറച്ചകോട്ടയായ കണ്ണൂരില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിക്കെതിരെ നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി ജയിച്ചത്.കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുകയാണെങ്കില്‍ ഇത്തവണ മണ്ഡലത്തിലെ പോരാട്ടത്തിന് ചൂട് കൂടും.ആദ്യഘട്ടത്തില്‍ യു.ഡി.എഫില്‍ കഴിഞ്ഞ തവണ മത്സരിച്ച ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ പേരായിരുന്നു ഉയര്‍ന്നുവന്നത്. എന്നാല്‍, മുല്ലപ്പള്ളി മത്സരിക്കാന്‍ എത്തിയേക്കുമെന്ന പ്രചാരണമുണ്ട്. മുല്ലപ്പള്ളി ജയിച്ച് നിയമസഭയിലെത്തിയാല്‍ നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റായ കെ. സുധാകരന്‍ എം.പിക്കായിരിക്കും അടുത്ത കെ.പി.സി.സി അധ്യക്ഷപദവിക്ക് സാധ്യത.കെ. സുധാകരന്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് പാച്ചേനിക്ക് കണ്ണൂരില്‍ നറുക്കുവീണത്. 1996 മുതല്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതാവായ കെ. സുധാകരനാണ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയത്. 2009ല്‍ ലോക്സഭാംഗമായി കെ. സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചു. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുവേണ്ടി സി.പി.എമ്മിലെ എം.വി. ജയരാജനും കോണ്‍ഗ്രസില്‍ എ.പി. അബ്ദുല്ലക്കുട്ടിയും തമ്മിലായിരുന്നു പോരാട്ടം. വാശിയേറിയ പോരാട്ടത്തില്‍ അബ്ദുല്ലക്കുട്ടി നിയമസഭയിലെത്തി. 2011ല്‍ എല്‍.ഡി.എഫിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയെ തോല്‍പിച്ച് അബ്ദുല്ലക്കുട്ടി വീണ്ടും എം.എല്‍.എയായി. 2016ല്‍ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെ തോല്‍പിച്ചാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയിലെത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി 54,347 വോട്ട് നേടിയപ്പോള്‍ സതീശന്‍ പാച്ചേനിക്ക് 53,151വോട്ടാണ് കിട്ടിയത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്
തിരുവനന്തപുരം:സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്.ശമ്പള കുടിശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്ന് വഞ്ചനാദിനം ആചരിക്കും.മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിന് മുന്നിലും പ്രതിഷേധ ജാഥയും ധര്‍ണയും നടത്തും. ചികിത്സയേയും അധ്യാപനത്തെയും ബാധിക്കാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരം. ഇന്ന് വഞ്ചനാദിനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനവും ആചരിക്കാനാണ് പദ്ധതി.വിഐപി ഡ്യൂട്ടിയും പേ വാര്‍ഡ് ഡ്യൂട്ടിയും നോണ്‍ കോവിഡ്-നോണ്‍ എമര്‍ജന്‍സി യോഗങ്ങളും ബഹിഷ്‌കരിക്കും. മാര്‍ച്ച് 10നു സെക്രട്ടേറിയറ്റിനു മുന്നില്‍ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. മാര്‍ച്ച് 17ന് ഒരു ദിവസം 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്കരിക്കുമെന്ന് സംഘടന അറിയിച്ചു.2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്. രണ്ടാഴ്ച മുൻപ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 2020 മുതലുള്ള കുടിശ്ശിക നല്‍കാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് ഡോക്ടര്‍ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.
കാഞ്ഞങ്ങാട് സ്പെയര്‍പാർട്സ് കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഞ്ഞങ്ങാട്: വാഹനങ്ങളുടെ എക്സ്ട്രാ ഫിറ്റിങ് സ്പെയര്‍പാർട്സുകളും അലങ്കാര ലൈറ്റുകളും വില്‍പന നടത്തുന്ന കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ചിത്താരി സ്വദേശിയുടെ നോര്‍ത്ത് കോട്ടച്ചേരിയിലെ ട്രാക് കൂള്‍ എന്ന സ്ഥാപനത്തിലെ സാധനങ്ങള്‍ സൂക്ഷിച്ച മുകളിലത്തെ നിലയിലാണ് ചൊവ്വാഴ്ച പുലര്‍ച്ച തീപിടുത്തമുണ്ടായത്.പത്രവിതരണത്തിനെത്തിയവരാണ് കടയില്‍നിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഇവർ ഉടന്‍ സമീപവാസികളെ വിവരമറിയിച്ചു. ഇവര്‍ അഗ്നിരക്ഷസേനയെ വിവരമറിച്ചയുടന്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. പ്രഭാകരന്റെ നേതൃത്വത്തില്‍ മിനിറ്റുകള്‍ക്കകം ആദ്യ വാഹനം എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കടയുടെ മുകളിലത്തെ നിലയിലെ മുന്നില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് ശക്തിയായി പൊട്ടിത്തെറിച്ച് തീയും പുകയുംകൊണ്ട് പ്രദേശമാകെ മൂടി. വിവരമറിഞ്ഞ് രണ്ടാമത്തെ അഗ്നിരക്ഷസേന വാഹനവും എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതുകൂടാതെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷസേന നിലയത്തില്‍നിന്നുള്ള വാഹനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായെത്തി തൊട്ടടുത്ത കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കി.മുപ്പതോളം അഗ്നിരക്ഷസേന ഓഫിസര്‍മാരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും നാട്ടുകാരും ചേര്‍ന്ന് രാവിലെ എട്ടരയോടെയാണ് തീ പൂര്‍ണമായും അണച്ചത്.രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ ലതീഷ് കയ്യൂര്‍, സിവില്‍ ഡിഫന്‍സ് അംഗം രതീഷ് കുശാല്‍ നഗര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തില്‍നിന്നുള്ള തീ പടര്‍ന്നുപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ സിവില്‍ പൊലീസ് ഓഫീസര്‍ (സി.പി.ഒ) ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. മഹാസംഗമത്തിലൂടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും സെക്രട്ടറിയറ്റിന് മുന്നിലെത്തിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം.കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ത്ഥികളെ സെക്രട്ടറിയറ്റിന് മുന്നില്‍ അണിനിരത്തും.അനുകൂലമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ മരണം വരെ സമരവുമായി മുന്നോട്ട് പോകുമെന്ന ശക്തമായ നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടിരിക്കുകയാണ്.
രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ;മുഖ്യമന്ത്രി ഇന്ന് വാക്സിന്‍ സ്വീകരിക്കും
തിരുവനന്തപുരം:രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കും.ഇന്ന് രാവിലെ 9 മണിയോടെ വാക്സിന്‍ സ്വീകരിക്കുമെന്നാണ് വിവരം. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് മുഖ്യമന്ത്രി വാക്സിന്‍ സ്വീകരിക്കുക.ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഇന്നലെ വാക്സിന്‍ സ്വീകരിച്ചിരുന്നു. സംസ്ഥാന മന്ത്രിമാരിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്സിനെടുക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി വാക്സിന്‍ സ്വീകരിക്കുക.
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3512 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4226 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2657 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 348, മലപ്പുറം 328, കോഴിക്കോട് 331, എറണാകുളം 295, കൊല്ലം 268, പത്തനംതിട്ട 217, കണ്ണൂര്‍ 171, കോട്ടയം 206, തിരുവനന്തപുരം 124, ആലപ്പുഴ 153, പാലക്കാട് 35, കാസര്‍ഗോഡ് 72, ഇടുക്കി 54, വയനാട് 55 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം 4, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3512 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 214, പത്തനംതിട്ട 515, ആലപ്പുഴ 112, കോട്ടയം 200, ഇടുക്കി 128, എറണാകുളം 470, തൃശൂര്‍ 339, പാലക്കാട് 129, മലപ്പുറം 288, കോഴിക്കോട് 500, വയനാട് 102, കണ്ണൂര്‍ 142, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
തുറക്കാന്‍ സാധിച്ചില്ല;തമിഴ്‌നാട്ടിൽ എ ടി എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ എടിഎം മെഷീൻ തുറന്ന് കവര്‍ച്ച നടത്താന്‍ സാധിക്കാതെ വന്നതോടെ മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍. ഇടപാടുകള്‍ക്കായി എടിഎമ്മില്‍ എത്തിയവരാണ് വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടത്. എടിഎം മെഷീന്‍ കാണാതായതോടെ ഇടപാടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തിരുപ്പൂരിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാലുപേര്‍ ചേര്‍ന്നാണ് എടിഎം മെഷീനുമായി കടന്നുകളഞ്ഞത്. മാസ്‌ക് ധരിച്ച് എത്തിയവരാണ് കവര്‍ച്ച നടത്തിയത്.എടിഎമ്മിന്റെ ഗേറ്റില്‍ മോഷ്ടാക്കള്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതില്‍ കയറിട്ട് കെട്ടിയാണ് എടിഎം മെഷീന്‍ കൊണ്ടുപോയത്. ഫെബ്രുവരി 19ന് എടിഎമ്മില്‍ 15 ലക്ഷം രൂപ നിറച്ചതായി ബാങ്ക് അധികൃതര്‍ പറയുന്നു. ഞായറാഴ്ചയോടെ ഇത് ഒന്നരലക്ഷമായി ചുരുങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി എടിഎമ്മില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ത്തിയിരുന്നില്ല. ബാങ്കിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എക്‌സൈസ് തീരുവ കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇന്ധന വില കുറഞ്ഞേക്കും
ന്യൂഡൽഹി: പെട്രോൾ-ഡീസൽ വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയതോടെ എക്‌സൈസ് തീരുവ കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയിൽ കുറവ് വരുത്താനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. ചില സംസ്ഥാനങ്ങളുമായി കേന്ദ്രം ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയതായും ധനകാര്യ മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.സംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ പത്തു മാസമായി ഇരട്ടിയായതാണ് ഇന്ധന വില വർദ്ധനവിന് കാരണം. ചില്ലറ മേഖലയിൽ വിൽക്കുന്ന പെട്രോളിനും ഡീസലിനും അറുപത് ശതമാനത്തിലേറെ നികുതിയാണ് ചുമത്തുന്നത്. 12 മാസത്തിനിടെ മാത്രം രണ്ടു തവണയാണ് കേന്ദ്രസർക്കാർ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വർധിപ്പിച്ചിരുന്നത്.ചില സംസ്ഥാനങ്ങൾ, എണ്ണക്കമ്പനികൾ, എണ്ണ മന്ത്രാലയം എന്നിവയുമായി ധനമന്ത്രാലയം കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് മധ്യത്തോടെ നികുതിയിളവ് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. എന്നാൽ ഇന്ധനത്തിന്റെ നികുതി ഘടനയിൽ മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.തുടർച്ചയായ ഇന്ധന വില വർധനയ്‌ക്കെതിരെ ശക്തമായ ജനരോഷമാണ് രാജ്യത്തുയരുന്നത്.2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. ഡീസലിന് 3.56 രൂപയും. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് മാത്രം പെട്രോള്‍ നികുതി 32.98 രൂപയിലേക്ക് കുതിച്ചു കയറി. ഡീസല്‍ 31.83 രൂപയും. രാജ്യത്തിന്റെ പലയിടങ്ങളിലും പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്.