പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവര്‍ ദസ്സോ(69) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ദസ്സോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോര്‍മാണ്ടിയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. പൈലറ്റും അപകടത്തില്‍ കൊല്ലപ്പെട്ടു.ഫ്രാന്‍സിലെ അധോസഭയായ നാഷണല്‍ അസംബ്ലിയിലേക്ക് 2002ല്‍ ഒലിവിയര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അന്തരിച്ച ഫ്രഞ്ച് ശതകോടീശ്വരന്‍ വ്യവസായി സെര്‍ജ് ദസ്സോയുടെ മൂത്ത മകനാണ് ഒലിവര്‍ ദസ്സോ. ലി ഫിഗാരോ എന്ന പത്രത്തിന്റെ ഉടമകളും ദസോ ഗ്രൂപ്പാണ്.പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദസ്സോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ‘വ്യവസായത്തിന്റെ കപ്പിത്താന്‍, നിയമനിര്‍മ്മാതാവ്, പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന്‍, വ്യോമസേനയിലെ റിസര്‍വ് കമാന്‍ഡര്‍: ജീവിതകാലത്ത് അദ്ദേഹം ഒരിക്കലും നമ്മുടെ രാജ്യത്തെ സേവിക്കുന്നത് അവസാനിപ്പിച്ചില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം വലിയ നഷ്ടമാണ്”, മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ മാസം 15,16 തീയതികളില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം:മാർച്ച് 15,16 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു)നേതൃത്വത്തിൽ പണിമുടക്ക് നടത്തുന്നത്.പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.കൂടാതെ ബാങ്കുകളില്‍ പ്രതിഷേധ മാസ്ക് ധരിച്ച് ഇന്നും 12നും ജോലി ചെയ്യാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.
നിയമസഭാ തിരഞ്ഞെടുപ്പ്;എല്‍ഡിഎഫിന്‍റെ പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം
കണ്ണൂര്‍: എല്‍ഡിഎഫിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരിലെത്തും. ജന്മനാട്ടില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന സ്വീകരണത്തോടെയാണ് എല്‍ഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. മൂന്ന് മണിക്ക് മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന മുഖ്യമന്ത്രിയെ റെഡ് വൊളന്റിയര്‍മാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിലേക്ക് ആനയിക്കും.’ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ച് വോളണ്ടിയര്‍മാര്‍ അദ്ദേഹത്തെ അനുഗമിക്കും. വൈകിട്ട് അഞ്ചിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.ഒന്‍പത് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി മണ്ഡലത്തില്‍ ഉണ്ടാകും.അതിന് ശേഷം മറ്റ് ജില്ലകളിലേക്ക് പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ സ്വന്തം മണ്ഡലത്തില്‍ തിരിച്ചെത്തൂ. നാളെ മണ്ഡലത്തില്‍ പ്രമുഖരുമായി കൂടി കാഴ്ച ഉണ്ടാകും .രാവിലെ പത്തിന് തുടങ്ങി വൈകുനേരം അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് പരിപാടികള്‍.പ്രചാരണത്തിനിടെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരാനിരിക്കുകയാണ്. സംസ്ഥാന സമിതി അംഗീകാരം നല്‍കിയ പല സ്ഥാനാര്‍ത്ഥികളുടെ പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍, തര്‍ക്ക മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ തീര്‍പ്പ് കല്‍പിക്കും.
വനിതാ ദിനത്തില്‍ ഡൽഹിയിലെ കര്‍ഷക സമരം സ്ത്രീകള്‍ നിയന്ത്രിക്കും
ന്യൂഡൽഹി:വനിതാ ദിനമായ ഇന്ന് ഡൽഹിയിലെ കര്‍ഷക സമര കേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റെടുക്കും.മഹിളാ കിസാന്‍ ദിവസ് എന്ന പേരിലാണ് വനിതാ ദിനം കര്‍ഷക സംഘടനകള്‍ ആചാരിക്കുന്നത്.ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. ഡല്‍ഹി അതിര്‍ത്തികളിലും രാജ്യത്തെ മറ്റിടങ്ങളിലുമായി 40,000ത്തോളം വനിതകള്‍ പ്രതിഷേധത്തില്‍ പങ്കുചേരും. കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിക്കാന്‍ പഞ്ചാബില്‍ നിന്ന് കൂടുതല്‍ വനിതകള്‍ ഇന്ന് സമരപ്പന്തലില്‍ അണിനിരക്കും.സിംഗു, തിക്രി, ഷാജഹാന്‍പുര്‍ എന്നീ സമരപ്പന്തലുകളില്‍ വനിത ദിനത്തോടനുബന്ധിച്ച് പ്രത്യക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.സിംഗുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് ആരംഭിക്കുക. കെ എഫ് സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും.
അതേസമയം പന്ത്രണ്ടാം തിയതി മുതല്‍ ബിജെപിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. പ്രതിഷേധ പരിപാടികള്‍ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച്ച രാജ്യവ്യാപക ട്രെയിന്‍ തടയാന്‍ സംയുക്ത കിസാന്‍ മോര്‍ച തീരുമാനിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാകും ഉപരോധം.സമരഭൂമികള്‍ ഒക്ടോബര്‍ വരെ സജീവമാക്കാനായി ഒരു ഗ്രാമത്തില്‍ നിന്ന് ഒരു ട്രാക്ടര്‍, പതിനഞ്ച് കര്‍ഷകര്‍, പത്തു ദിവസം സമരഭൂമിയിലെന്ന തീരുമാനം നടപ്പാക്കും. ഇത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് മഹാപഞ്ചായത്തുകള്‍ വഴി നിര്‍ദേശം നല്‍കിയെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
വാഹനങ്ങളിൽ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധം തൂക്കുന്ന അലങ്കാരപ്പണികളും ഇനി നിയമവിരുദ്ധം
തിരുവനന്തപുരം: വാഹനങ്ങളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ തൂക്കുന്ന അലങ്കാരവസ്തുക്കളും ഇനി മുതൽ നിയമവിരുദ്ധം. ഇവ ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകള്‍ വെയ്ക്കുന്നതും കുറ്റകരമാണ്. കുഷനുകള്‍ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിംഗ് പേപ്പറുകള്‍, കര്‍ട്ടനകുള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തിലെ അലങ്കാരപ്പണികള്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
കർഷക സമരം നൂറാം ദിവസത്തിലേക്ക്; പ്രതിഷേധക്കാര്‍ രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നു
ന്യൂഡൽഹി:കേന്ദ്ര സര്‍കാരിന്റെ വിവാദ കാര്‍ഷികനിയമത്തില്‍ പ്രതിഷേധിച്ച് കർഷകർ നടത്തിവരുന്ന സമരം നൂറാം ദിവസത്തിലേക്ക്.100ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിക്കും. ഡെല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും.രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും.ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നതും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. മാര്‍ച് എട്ടിന് സമരകേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കും.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആരംഭിച്ച സമരം നവംബര്‍ 27നാണ് ഡെല്‍ഹി അതിര്‍ത്തികളില്‍ എത്തിയത്.ജനുവരി 26 ന് ശേഷം കര്‍ഷകരുമായി സര്‍കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.അതിശൈത്യത്തില്‍ സമര പന്തലില്‍ 108 കർഷകർ മരിച്ചതായി സംയുക്ത കിസാന്‍ മോർച്ച അറിയിച്ചു.അതിശൈത്യത്തെ അതിജീവിച്ച് ഡല്‍ഹി അതിർത്തികളില്‍ സമരം തുടരുന്ന കർഷകർ വരാനിരിക്കുന്ന കൊടും ചൂടിനെ മറികടക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിർത്തിയില്‍ നൂറോളം ബോർവെല്ലുകള്‍ കുത്തി. 40,00 കൂളറുകള്‍ ടെന്‍റുകളില്‍ ക്രമീകരിച്ചു, സോളാർ പാനലുകളും സ്ഥാപിച്ചു.കർഷക സമരത്തില്‍ നിന്നും നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ തിരിയുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ഉയർത്താനാണ് സംയുക്ത കിസാന്‍ മോർച്ചയുടെ തീരുമാനം.
കേരളത്തിലെ കസ്റ്റംസ് ഓഫീസുകളിലേക്ക് ഇന്ന് എല്‍ഡിഎഫ് മാര്‍ച്ച് നടത്തും
തിരുവനന്തപുരം:സംസ്ഥാനത്തെ കസ്റ്റംസിന്റെ മേഖലാ ഓഫിസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫിസുകളിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.കസ്റ്റംസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എല്‍ഡിഎഫ് ആക്ഷേപം.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആരോപിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസ് സത്യവാങ്മൂലത്തെ ഒറ്റക്കെട്ടായി വിമര്‍ശിക്കുകയാണ് സിപിഎം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഎം വിമര്‍ശിക്കുന്നു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആരോപിച്ചു.
കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ
ന്യൂഡൽഹി:കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രം നീക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കംചെയ്യും. മോദിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തൃണമൂല്‍ എംപി ഡറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പരാതിയില്‍ ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ റിപോര്‍ട്ട് തേടിയിരുന്നു. ഇതില്‍ കൊവിഡ് വാക്‌സിന്‍ വിതരണം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്നായിരുന്നു മറുപടി നല്‍കിയിരുന്നത്. നേരത്തേ പെട്രോള്‍ പമ്പുകളിലെ ഹോര്‍ഡിങുകളില്‍ നിന്നും മോദിയുടെ ചിത്രങ്ങള്‍ അടിയന്തിരമായി നീക്കംചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ;വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി:യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കണ്ടെത്തിയതിനെ തുടർന്ന് വിനോദിനിയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് കസ്റ്റംസ് നോട്ടീസ് അയച്ചു.ആറ് ഐ ഫോണുകള്‍ സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നു.അഞ്ച് ഐഫോണുകള്‍ നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.ആറാമത്തെ ഐഫോണാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.കോണ്‍സല്‍ ജനറലിന് നല്‍കിയെന്നു പറയപ്പെടുന്ന ഫോണാണ് വിനോദിയുടെ കൈവശമുണ്ടായിരുന്നത്.ഇത് എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കും.ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു വില.സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെന്നും കസ്റ്റംസ് കണ്ടെത്തി.ലൈഫ് മിഷന്‍ കേസിലും ഡോളര്‍ കടത്തിലും സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ ഫോണുകള്‍ ആരെല്ലാം ഉപയോഗിച്ചെന്ന് ചോദ്യം ഉയര്‍ന്നു.ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കസ്റ്റംസ് സിം കാർഡ് കണ്ടെത്തിയത്.
പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡൽഹി: പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ.നേരത്തെ 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ തീരുമാനം. ഇതും 10 രൂപയില്‍ നിന്ന് 30 രൂപയാക്കാനാണ് തീരുമാനം. അനാവശ്യ യാത്രകള്‍ കുറയ്ക്കാനാണ് ഈ തീരുമാനെമന്നാണ് റെയില്‍വേയുടെ വിശദീകരണം. നേരത്തതന്നെ മധ്യ റെയില്‍വേയുടെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു.ലോക്കല്‍ യാത്രകളിലെ ടിക്കറ്റ് നിരക്കും 10 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരി മാസത്തില്‍ ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി. അത്യാവശ്യക്കാരല്ലാത്ത യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് റെയില്‍വേ പറഞ്ഞു. കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം സ്‌പെഷ്യല്‍ ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളുമാണ് സര്‍വീസ് നടത്തിയിരുന്നത്.ഇപ്പോള്‍ ഹ്രസ്വദൂര ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്.