ന്യൂഡൽഹി:നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങൾക്ക് ഇന്ന് മുതൽ തുടക്കം.കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് റാലി നടത്തും.നാളെ കൊല്‍ക്കത്തയിലും മറ്റന്നാള്‍ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണ പരിപാടികള്‍ നടത്തും. ബിജെപിയെ തോല്‍പ്പിക്കണമെന്നു മാത്രമേ ജനങ്ങളോട് അഭ്യര്‍ഥിക്കുകയുള്ളൂവെന്നും ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്കായി വോട്ട് ചോദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം ഇന്ന് 107ാം ദിവസത്തിലേക്ക് കടന്നു.മാര്‍ച്ച് 26ന് കര്‍ഷകര്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബര്‍ 26 ന് ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധം മാര്‍ച്ച് 26ന് നാലുമാസം പൂര്‍ത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഈ മാസം 15ന് കര്‍ഷകര്‍ “കോര്‍പറേറ്റ് വിരുദ്ധ ദിനം”, “സര്‍ക്കാര്‍ വിരുദ്ധ ദിനം” എന്നിവ ആചരിക്കാനും തീരുമാനിച്ചു.ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 ന് ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ പങ്കുചേരും. 28 ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി
കൊച്ചി:താത്കാലിക സര്‍കാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി പരാമര്‍ശം. അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്പെഷ്യല്‍ റൂള്‍ പ്രകാരം പി എസ് സിക്ക് വിടാത്ത തസ്തികകളിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതിനെ തുടര്‍ന്ന് സ്പെഷ്യല്‍ റൂള്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ ഏപ്രില്‍ 8നകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി സർക്കാരിനോട് നിര്‍ദേശിച്ചു.
നിയമസഭയിലെ കൈയ്യാങ്കളി കേസിൽ സര്‍ക്കാരിന് തിരിച്ചടി;പരാതി പിന്‍വലിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി:2015 ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കൈയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ തുടങ്ങിയവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും സമാനമായ ഹര്‍ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ സ്പീക്കറുടെ ചേംബറില്‍ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എംഎല്‍എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
നാളെ മുതല്‍ നാല് ദിവസം ബാങ്ക് അവധി;തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ പണിമുടക്ക്
ന്യൂഡൽഹി:നാളെ മുതൽ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും.മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കാണ്.അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തണം. ഇന്ന് പ്രതിഷേധ മാസ്‌ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒൻപത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും.മാര്‍ച്ച് 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച് 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് കേസിലെ പ്രതി സന്ദീപ് നായര്‍.ഇക്കാര്യം ചൂണ്ടിക്കാണിച്ച് സന്ദീപ് നായർ കോടതിക്ക് കത്തയച്ചു.ജയില്‍ നിന്നും തന്റെ കൈപ്പടയില്‍ എഴുതിയ കത്താണ് കോടതിക്ക് അയച്ചിരിക്കുന്നത്.കേസില്‍ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവർക്കെതിരെ നല്‍കിയാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാം എന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ് സന്ദീപ് നായരുടെ കത്ത്. ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നുണ്ട്.മന്ത്രിമാരുടേയും ഒരു മന്ത്രിയുടെ മകന്റേയും പേര് പറയാന്‍ നിര്‍ദേശിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ പേരാണ് സന്ദീപ് നായര്‍ ഉന്നയിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായര്‍ കോടതിയെ അറിയിച്ചു.അന്വേഷണം വഴി തെറ്റിക്കാണ് ഇവര്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരെ കുറിച്ച് അറിയാന്‍ ശ്രമിച്ചിട്ടില്ല ഇതുവരെ. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ചതെന്നും കത്തില്‍ പറയുന്നു.
എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകൾ മാറ്റി
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി , വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ മാറ്റി. ഏപ്രിൽ 8 നാണ് പരീക്ഷകൾ ആരംഭിക്കുക. പരീക്ഷ മാറ്റണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകുകയായിരുന്നു.റമദാൻ തുടങ്ങുന്നതിനു മുൻപ് ഏപ്രിൽ 8, 9,12 തിയതികളിൽ രാവിലെയും വൈകിട്ടുമായായിരിക്കും പരീക്ഷ നടത്തുക. പിന്നീട് രാവിലെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 30ന് പരീക്ഷ അവസാനിക്കും.ഇങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരിഗണിച്ച് മാർച്ച് 17 ന് തുടങ്ങേണ്ട പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ കത്തു നൽകിയിരുന്നു. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ജോലികളും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തുനൽകിയത്. എന്നാൽ, പരീക്ഷ മാറ്റിവയ്ക്കരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി വൈകുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി ലഭിക്കുന്നതും, അഞ്ചു ദിവസം ശേഷിക്കെ, പരീക്ഷ നീട്ടാൻ സർക്കാർ തീരുമാനമെടുക്കുന്നതും.
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ കേരള-കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഐഫോൺ വിവാദം; വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയയ്ക്കാനൊരുങ്ങി കസ്റ്റംസ്
കൊച്ചി: ഐ ഫോൺ വിവാദത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്ക്ക് വീണ്ടും നോട്ടീസ് അയക്കാനൊരുങ്ങി കസ്റ്റംസ്. ഡോളർകടത്ത്, സ്വർണക്കടത്ത് തുടങ്ങിയ വിവാദ കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാവിലെ 11ന് കൊച്ചിലെ കസ്റ്റംസ് ഓഫീസിലെത്താൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരാകാഞ്ഞ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയക്കുന്നത്.ലൈഫ് മിഷന്റെ കരാർ ലഭിക്കുന്നതിനായി സ്വപ്‌ന സുരേഷിന്റെ നിർദ്ദേശ പ്രകാരം ആറ് ഐഫോണുകൾ വാങ്ങി നൽകി എന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിൽ ഒരു ഫോണിൽ വിനോദിനി ബാലകൃഷ്ണന്റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തി. ഇതേത്തുടർന്നാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
കണ്ണൂരിൽ മയക്കുമരുന്നുമായി രണ്ടു വിദ്യാർഥികൾ അറസ്റ്റിൽ
കണ്ണൂർ:കണ്ണൂരിൽ മയക്കുമരുന്നുമായി രണ്ടു വിദ്യാർഥികൾ അറസ്റ്റിൽ.കച്ചേരിക്കടവ് പാലത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂർ – കണ്ണൂർ സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്ത ബാംഗ്ലൂർ ഐടി വിദ്യാർത്ഥികളെ മയക്ക് മരുന്നുമായി പിടികൂടിയത്.കണ്ണൂർ ചിറക്കൽ റെഡ് റോസ് വീട്ടിൽ അഭിഷേക് സത്യൻ, ഇടുക്കി ജില്ലയിൽ അടിമാലി സ്വദേശി സ്വദേശി പാറക്കൽ വീട്ടിൽ അനൂപ് സണ്ണി എന്നിവരെ 15ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ ഷാബു സി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കര്‍ഷക സമരം;മാര്‍ച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ മാര്‍ച്ച് 26 ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് ആസൂത്രണം ചെയ്യുന്നതിനായി ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.മാർച്ച് 28ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.നവംബര്‍ 26 ന് ആരംഭിച്ച ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധം മാര്‍ച്ച് 26ന് നാലുമാസം പൂര്‍ത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകര്‍ ഒരു ട്രാക്ടര്‍ റാലി നടത്തിയിരുന്നു. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന്റെ അടിത്തറ വിശാലമാക്കാനുള്ള കര്‍ഷകരുടെ പദ്ധതിയുടെ ഭാഗമാണ് ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന സംഘടനകളുമായും ഉള്ള സഹകരണം. കര്‍ഷക സമരം 100 ദിവസം പിന്നിടുന്ന മാർച്ച് 15ന് കോർപറേറ്റ് വിരുദ്ധ ദിനമായി ആചരിക്കും. ഭഗത് സിങ് രക്തസാക്ഷി ദിനമായ മാർച്ച് 23ന് ഡൽഹി അതിർത്തികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കള്‍ അണിനിരക്കും.