കോട്ടയം: പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പാണ് രാജി സമര്‍പ്പിച്ചത്.അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനും പുതിയ പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് നടപടി.രാജിവെക്കാന്‍ ഇരുവര്‍ക്കും നിയമോപദേശവും ലഭിച്ചിരുന്നു. കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.അതേസമയം ചിഹ്നത്തിനായി പി സി തോമസ് നല്‍കിയ അപേക്ഷ തെരഞ്ഞെടുപ്പ് കമീഷന്‍ പരിഗണിച്ചില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചത്.
മുഖ്യമന്ത്രിയെ കുടുക്കാന്‍ ഗൂഢാലോചന; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ള മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റമടക്കം ചുമത്തി ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാമെന്ന് നേരത്തെ സര്‍ക്കാരിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയുള്ള എഫ്‌ഐആര്‍ ആണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.പ്രാഥമിക അന്വേഷണത്തില്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി എഫ്‌ഐആറില്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടുകയും ആ നിയമോപദേശം കൂടി പരിശോധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും എഫ്‌ഐആറില്‍ പറയുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.നേരത്തെ ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച് ഒരു പ്രാധമിക അന്വേഷണം നടത്തിയിരുന്നു. സ്വപ്ന സുരേഷ് അടക്കം 18 പേരുടെ മൊഴി ഈ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇഡിക്കെതിരെ രണ്ട് വനിതാ പൊലീസുകാര്‍ നല്‍കിയ മൊഴിയും കേസെടുക്കുന്നതിലേക്ക് നയിച്ചു.
ധർമടത്ത് കോൺഗ്രസ്സിലെ തർക്കത്തിന് അവസാനം;സി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു
കണ്ണൂർ: ധർമടത്ത് കോൺഗ്രസ്സിലെ തർക്കത്തിന് അവസാനമായി.ധര്‍മ്മടത്തെ സ്ഥാനാര്‍ഥി സി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു.ഇന്ന് രാവിലെയാണ് കെ.പി.സി.സി പ്രസിഡന്റ് അദ്ദേഹത്തിന് ചിഹ്നം അനുവദിച്ച് കത്ത് നല്‍കിയത്.കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ആളാണ് രഖുനാഥ്. അദ്ദേഹം ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ ഇത് അംഗീകരിച്ചിരുന്നില്ല.കെ. സുധാകരനെ ആണ് മണ്ഡലത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍ അദ്ദേഹം ഇതില്‍ നിന്ന് പിന്മാറിയപ്പോള്‍ രഘുനാഥനെ പകരക്കാരനായി ജില്ലാ നേതൃത്വം തീരുമാനിച്ചു. എന്നാല്‍ തനിക്ക് രഘുനാഥ് പത്രിക കൊടുത്തകാര്യം അറിയില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പളി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുകയും അദ്ദേഹത്തിന് ചിഹ്നം അനുവദിക്കുകയും ചെയ്തു.വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ധര്‍മടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്.ഇത് പ്രാദേശിക നേതൃത്വം തള്ളിയതിലുള്ള അമര്‍ഷമാണ് നേരത്തെ രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാതിരുന്നത് എന്നാണ് സൂചന.അതേസമയം പാർട്ടി അറിയിച്ചത് അനുസരിച്ചാണ് ധര്‍മടത്ത് നാമനിര്‍ദേശ പത്രിക നല്‍കിയതെന്ന് സി രഘുനാഥ് പറഞ്ഞു. ചിഹ്നം അനുവദിക്കാനായി തന്‍റെ വിശദാംശങ്ങള്‍ കെപിസിസി ശേഖരിച്ചിരുന്നുവെന്നും പാർട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.
പയ്യോളിയിൽ ആറു വയസ്സുകാരന് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു
പയ്യോളി: നഗരസഭയിലെ 20ാം ഡിവിഷനായ നെല്യേരി മാണിക്കോത്ത് ആറു വയസ്സുകാരന് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം കുട്ടിക്ക് പനിയും ഛര്‍ദിയും പിടിപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍, വീട്ടിലെ മറ്റുള്ളവര്‍ക്കോ സമീപവീടുകളിലുള്ളവര്‍ക്കോ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.പ്രദേശത്തെ അൻപതോളം വീടുകളില്‍ അധികൃതര്‍ ജാഗ്രത നിര്‍ദേശവും സമീപത്തെ പ്രിയദര്‍ശിനി ശിശുമന്ദിരത്തില്‍ ബോധവത്കരണ ക്ലാസും നടത്തി. വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ ബൈജു അറിയിച്ചു.
തൃശൂര്‍ കണ്ടശാംകടവില്‍ കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൃശൂർ:തൃശൂര്‍ കണ്ടശാംകടവിൽ ഒരു കുടുംബത്തിലെ 3 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാമ്പുള്ളി സ്വദേശി ഗോപാലൻ(70), ഭാര്യ മല്ലിക(60), മകൻ റിജോയ്(35) എന്നിവരാണ് മരിച്ചത്.കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. റിജോയ് പ്രവാസിയായിരുന്നു.ഗാര്‍ഹിക പീഡനം ആരോപിച്ച് കഴിഞ്ഞ ദിവസം റിജുവിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക;അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം
ബെംഗളൂരു:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം നാളെ മുതല്‍ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ ഇന്നു കൂടി ഇളവ് അനുവദിച്ചു. കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇന്ന് തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇന്ന് ഒരു ദിവസത്തേക്ക് ഇളവ് നല്‍കി.കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ഈ തീരുമാനം കൂടുതല്‍ കര്‍ശനമാക്കാനാണ് ദക്ഷിണ കന്നഡ ഭരണകൂടം ഇപ്പോള്‍ തീരുമാനിച്ചത്.കോവിഡ് വ്യാപനം കേരളത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.തലപ്പാടി ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നേരത്തെ കര്‍ശനമായ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെച്ചത്. ജോലി, പഠനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകള്‍ ദിവസേന കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2119 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂർ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂർ 131, ആലപ്പുഴ 121, കാസർകോട് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 173 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 188, തിരുവനന്തപുരം 132, കൊല്ലം 182, എറണാകുളം 177, കണ്ണൂര്‍ 108, കോട്ടയം 152, പത്തനംതിട്ട 134, മലപ്പുറം 138, തൃശൂര്‍ 123, ആലപ്പുഴ 115, കാസര്‍ഗോഡ് 100, പാലക്കാട് 24, ഇടുക്കി 49, വയനാട് 21 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പത്തനംതിട്ട 3, എറണാകുളം 2, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 114, കൊല്ലം 98, പത്തനംതിട്ട 206, ആലപ്പുഴ 116, കോട്ടയം 105, ഇടുക്കി 72, എറണാകുളം 206, തൃശൂര്‍ 200, പാലക്കാട് 60, മലപ്പുറം 175, കോഴിക്കോട് 315, വയനാട് 75, കണ്ണൂര്‍ 286, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4450 ആയി.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മലയോര മേഖലയില്‍ ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പൊതു നിര്‍ദ്ദേശങ്ങള്‍:
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ജനലും വാതിലും അടച്ചിടുക.
- ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്.
- വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
- വാഹനത്തിനുള്ളില്‍ ആണെങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
- ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
- പട്ടം പറത്തുവാന്‍ പാടില്ല.
- തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
- ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത്കെട്ടരുത്.
- അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തെക്ക് പോകരുത്.
എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. വിഷയത്തിൽ സംസ്ഥാന സർക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നൽകി. നേരത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബെഞ്ചാണ് എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചട്ടം എടുത്തുകളഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് ഈ ചട്ടമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.ഇതിനെതിരേ സുപ്രീകോടതിയിൽ നൽകിയ അപ്പീലിനെ തുടർന്നാണ് സുപ്രീകോടതി സ്റ്റേ വന്നിരിക്കുന്നത്.ഇതോടെ മത്സരിക്കാൻ ആഗ്രഹിക്കുന്ന എയ്ഡഡ് സ്‌കൂൾ അധ്യപകർക്ക് നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്.
പഴയവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്നസ് ഫീസുകള്‍ ഉയർത്തുന്നു;പുതിയ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍
തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍ പരിശോധനാ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു.പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി.ഒക്ടോബര്‍ ഒന്നുമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും.15 വര്‍ഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കാന്‍ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ല്‍നിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്കുകള്‍ക്ക് 10,000 രൂപയും കാറുകള്‍ക്ക് 40,000 രൂപയും നല്‍കണം. രജിസ്ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങള്‍ക്ക് 500 രൂപയും പിഴനല്‍കണം. പഴയ വാഹനങ്ങള്‍ പൊളിച്ച് സ്‌ക്രാപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ട.രജിസ്ട്രേഷന്‍ പുതുക്കുന്നതിനു മുന്നോടിയായി വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്കു ഹാജരാക്കണം. ഇതിനുള്ള ഫീസും ഉയര്‍ത്തി. ഇരുചക്രവാഹനങ്ങള്‍- 400, ഓട്ടോറിക്ഷ-കാറുകള്‍-മീഡിയം ഗുഡ്സ്- 800, ഹെവി- 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകളില്‍ നിരക്ക് വീണ്ടും ഉയരും. യഥാക്രമം 500 മുതല്‍ 1500 വരെ ഈടാക്കും.15 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ത്രീവീലര്‍- 3500, കാര്‍- 7500, മീഡിയം പാസഞ്ചര്‍-ഗുഡ്സ്- 10,000, ഹെവി- 12,500 എന്നിങ്ങനെയാണു നിരക്ക്. ഇതിനുപുറമേ ഫിറ്റ്നസ് സെന്ററിന്റെ ഫീസും നല്‍കണം. സ്വകാര്യ ബസ്സുടമകള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും.അടുത്തിടെ ബസുകളുടെ ആയുസ്സ് 20 വര്‍ഷമായി ഉയര്‍ത്തിയിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള നിരവധി ബസുകള്‍ ഓടുന്നുണ്ട്.ഇവയ്ക്ക് ഓരോവര്‍ഷവും ഫിറ്റ്നസ് പരിശോധന വേണ്ടിവരും. ഫിറ്റ്‌നസ് മുടങ്ങിയാല്‍ ദിവസം 50 രൂപവീതം പിഴ നല്‍കണം. സ്മാര്‍ട്ട് കാര്‍ഡിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് 200 രൂപയും നല്‍കണം.