തിരുവനന്തപുരം:സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബി.എൽ.ഒമാരുടെ പരിശോധനയിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.ഇരട്ടവോട്ട് തടയാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു.പോളിങ്ങിനു വരുന്ന പട്ടികയില്‍ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാന്‍ സമ്മതിക്കുകയുള്ളൂവെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഒരേ പേരും ഒരേ മേല്‍വിലാസവുമുള്ളവര്‍ നിരവധി ഉണ്ടാവുമെന്നും എന്നാല്‍ ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഹൈക്കോടതിയിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. നാല് ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടന്നാണ് രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചത്. എന്നാൽ കമ്മീഷന്റെ അന്വേഷണത്തിൽ, മുപ്പത്തിയെണ്ണായിരം ഇരട്ട വോട്ടുകളാണ് ഉള്ളതെന്ന് മനസ്സിലാക്കിയിട്ടുള്ളത്. അത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാകാമെന്നും കമ്മിഷൻ പറഞ്ഞു.അതേസമയം യഥാര്‍ഥ പരിശോധനയിലേക്ക് കടന്നാല്‍ ഈ കണക്കുകള്‍ കുത്തനെ ഇടിയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മണ്ഡലം മാറി ഇരട്ടവോട്ടുള്ളത് മൂന്ന് പേര്‍ക്ക് മാത്രമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയ 38,586 പേരുടേയും വീട്ടിലേക്ക് ബിഎല്‍ഒമാര്‍ നേരിട്ടെത്തും. വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പോളിങ്ങിനുപയോഗിക്കുന്ന വോട്ടര്‍പട്ടികയില്‍ ഇത് രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഈ വോട്ടര്‍ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോൾ പോളിങ് ഓഫീസര്‍ ഇയാളെ പരിശോധിക്കും. വോട്ടറില്‍ നിന്ന് ഒരു സത്യവാങ്മൂലം വാങ്ങിയതിനു ശേഷം മാത്രമാവും ഇയാളം വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുക. വോട്ടറുടെ ഫോട്ടോ എടുക്കും, ശേഷം കൈയില്‍ മഷി പുരട്ടി അത് ഉണങ്ങിയതിനു ശേഷം മാത്രമാവും പോളിങ് ബൂത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവദിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം
കൊച്ചി: സ്വർണ കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കേസിൽ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. കൊച്ചി എന്‍.ഐ.എ കോടതിയുടേതാണ് നടപടി.രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും, പാസ്പോർട്ട് ഹാജരാക്കാമെന്ന ഉപാധിയോടെയുമാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേരാണ് മാപ്പ് സാക്ഷികളായുള്ളത്. എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ്, ഇ.ഡി കേസുകളും നിലവിലുള്ളതിനാൽ സന്ദീപ് നായർക്ക് പുറത്തിറങ്ങാനാകില്ല.
സ്വർണ്ണക്കടത്ത് കേസ്; എന്‍ഫോഴ്‌സ്‌മെന്റിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപ് നായര്‍
കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപ് നായര്‍. കോടതിക്ക് മാത്രമാണ് പരാതി അയച്ചിട്ടുള്ളതെന്നും സന്ദീപിന്റെ അഭിഭാഷക അറിയിച്ചു. സന്ദീപ് നേരിട്ട് പരാതി നല്‍കാത്ത കേസില്‍ ക്രൈംബ്രാഞ്ചിന് എങ്ങിനെ കേസെടുക്കാന്‍ കഴിയുമെന്നും അഭിഭാഷ ചോദിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഇതോടെ കുരുക്കിലാവുകയാണ്. ഇഡിക്കെതിരെ കേസെടുത്തെന്ന ക്രൈംബ്രാഞ്ചിന്റെ വാദം തെറ്റാണെന്നും അഡ്വ. പി.വി. വിജയം അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സന്ദീപിന് താന്‍ മാത്രമാണ് അഭിഭാഷകയായിട്ടുള്ളത്. എന്‍ഫോഴ്‌സ്‌മെന്റിനെതിരെ താനോ സന്ദീപോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ല. നല്‍കാത്ത പരാതിയില്‍ ക്രൈംബ്രാഞ്ചിന് എങ്ങിനെ കേസെടുക്കാൻ കഴിയും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ കഴിയില്ലെന്നും വിജയം പറഞ്ഞു. കോടതിക്ക് മാത്രമാണ് സന്ദീപ് നായര്‍ നിലവില്‍ പരാതി അയച്ചിട്ടുള്ളത്. അതിന്റെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമില്ല. മാര്‍ച്ച് അഞ്ചിന് എറണാകുളം സിജെഎമ്മിനാണ് പരാതി നല്‍കിയിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ കേസെടുക്കുന്നതെന്നായിരുന്നു ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നത്.
ഇരട്ട ന്യൂനമര്‍ദം രൂപംകൊള്ളുന്നു;കേരളമൊട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യത;തെക്കന്‍ കേരളത്തില്‍ അതിശക്തമായ കാറ്റുണ്ടാകും
തിരുവനന്തപുരം: അറബിക്കടലിനു തെക്കും പടിഞ്ഞാറും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്നും കേരളമൊട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഗവേഷകര്‍ മുന്നറിയിപ്പ് നൽകി.തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറായി കരയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് മാലദ്വീപ് സമൂഹത്തിലേക്കു ദിശ മാറി ദുര്‍ബലമാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിക്കുന്നത്.മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ( കാറ്റിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടും തിരിച്ചുമുള്ള ചലനം) പ്രതിഭാസം കടലില്‍ സജീവമായതാണ് ന്യൂനമര്‍ദങ്ങള്‍ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട് . ഇപ്പോഴുണ്ടാകുന്ന ന്യൂനമര്‍ദം കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കില്ല. മഴയ്ക്കു കാറ്റിനുംശേഷം വീണ്ടും അന്തരീക്ഷ താപനില ഉയരും.
സംസ്ഥാന സര്‍ക്കാരിന്റെ വിഷു-ഈസ്റ്റർ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഈസ്റ്റര്‍-വിഷു കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍ കടകള്‍ വഴി ഇന്ന് മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളില്‍ നിന്നും സൗജന്യകിറ്റ് ലഭിക്കുമെന്ന ഭക്ഷ്യവകുപ്പ് അറിയിച്ചു. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്പെഷ്യല്‍ അരി വിതരണമടക്കം ഇന്ന് ആരംഭിക്കും.അരി വിതരണം നിര്‍ത്തിവെച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഇന്ന് മുതല്‍ വിതരണം തുടങ്ങാന്‍ തീരുമാനിച്ചത്. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അരി വിതരണം തുടരാമെന്ന് ഉത്തരവിട്ട കോടതി ഇതിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. അരി വിതരണം ചെയ്യുന്നതിനായുള്ള തീരുമാനം ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.ഇത് സ്‌പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എന്നുമാണ് സര്‍ക്കാര്‍ വാദം. അരി നല്‍കുന്നത് നേരത്തേ നടന്നുകൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പഞ്ചസാര -ഒരു കിലോഗ്രാം, കടല -500 ഗ്രാം, ചെറുപയര്‍ -500 ഗ്രാം, ഉഴുന്ന് -500 ഗ്രാം, തുവരപ്പരിപ്പ് -250 ഗ്രാം, വെളിച്ചെണ്ണ -അര ലിറ്റര്‍, തേയില -100 ഗ്രാം, മുളകുപൊടി -100 ഗ്രാം, ആട്ട -ഒരു കിലോ,മല്ലിപ്പൊടി -100 ഗ്രാം,മഞ്ഞള്‍പൊടി -100 ഗ്രാം,സോപ്പ് -രണ്ടെണ്ണം, ഉപ്പ് -ഒരു കിലോഗ്രാം, കടുക് / ഉലുവ -100 ഗ്രാം തുടങ്ങിയ 14 വിഭവങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിഎം കിസാന്‍ സമ്മാന്‍ നിധി; സംസ്ഥാനത്ത് മൂവായിരത്തോളം കര്‍ഷകര്‍ക്ക് പണം തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്
തിരുവനന്തപുരം: പിഎം കിസാന്‍ സമ്മാന്‍ നിധി പ്രകാരം സംസ്ഥാനത്ത് മൂവായിരത്തോളം കര്‍ഷകര്‍ക്ക് ലഭിച്ച പണം തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്.വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നല്‍കുന്നത്.2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപ് ആദ്യ ഗഡു 2000 രൂപ കര്‍ഷകരുടെ ബാങ്ക് അകൗണ്ടിലേക്ക് കൈമാറി. തുടര്‍ന്നും രണ്ടും മൂന്നും ഗഡു ചില കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാന്‍ വേണമെന്നതായിരുന്നു പണം ലഭിക്കാന്‍ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച് കരംകെട്ടിയ രസീത്, ആധാര്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പരിശോധിച്ചാണ് കേന്ദ്ര കൃഷി മന്ത്രാലയം കര്‍ഷകരുടെ അകൗണ്ടുകളില്‍ തുക നിക്ഷേപിച്ചത്. അകൗണ്ടുകളിലെത്തിയ തുക കര്‍ഷകന്‍ ചെലവഴിച്ചുകഴിഞ്ഞപ്പോഴാണ് അര്‍ഹതയില്ലെന്ന നോടീസ് ലഭിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1897 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4590 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 133 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കണ്ണൂർ 189, എറണാകുളം 173, കോഴിക്കോട് 171, തിരുവനന്തപുരം 121, മലപ്പുറം 127, കാസർഗോഡ് 83, കൊല്ലം 91, പാലക്കാട് 43, തൃശൂർ 87, കോട്ടയം 80, പത്തനംതിട്ട 51, ഇടുക്കി 49, ആലപ്പുഴ 44, വയനാട് 28 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 4, കാസർഗോഡ് 3, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 98, കൊല്ലം 114, പത്തനംതിട്ട 136, ആലപ്പുഴ 99, കോട്ടയം 173, ഇടുക്കി 30, എറണാകുളം 508, തൃശൂര്‍ 201, പാലക്കാട് 51, മലപ്പുറം 204, കോഴിക്കോട് 41, വയനാട് 29, കണ്ണൂര്‍ 170, കാസര്‍ഗോഡ് 43 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി : ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി 2021 മാര്‍ച്ച് 31 നു അവസാനിക്കും. ഇതിനുള്ളില്‍ പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തിക്കില്ല.കൂടാതെ പിഴയും നല്‍കേണ്ടി വരും. പത്ത് തവണയോളം ഇതുവരെ തീയതി പല ഘട്ടങ്ങളിലായി നീട്ടി നല്‍കിയതിനാല്‍ ഇനിയും സമയം നീട്ടി ലഭിച്ചേക്കില്ല. സമയ പരിധിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകൾ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്‌ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റവുമാണിത്.കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും.
അരി വിതരണം തടഞ്ഞ തിരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: അരി വിതരണം ചെയ്യുന്നത് തടഞ്ഞ തിരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.മുന്‍ഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യല്‍ അരി വിതരണം തടഞ്ഞത്തിനെതിരെയാണ് സര്‍ക്കാര്‍ നീക്കം.പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് അരി വിതരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു.ഇത് സ്‌പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല കിറ്റ് വിതരണം തുടങ്ങിയത്. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് ഏപ്രില്‍ ആദ്യം കിറ്റ് നല്‍കുന്നത്. പ്രതിപക്ഷം ആരോപിക്കും പോലെ സ്കൂള്‍ കുട്ടികള്‍ക്കുളള കിറ്റ് വിതരണം മുടങ്ങിയിട്ടില്ല. മെയ് മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നേരത്തെ കൊടുക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. കൊടുക്കുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷനെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ ഗിവണ്‍ കപ്പൽ നീക്കാനുള്ള ശ്രമം വിജയിച്ചു;ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ ആശങ്ക
കെയ്റോ: രാജ്യാന്തര കപ്പല്‍പ്പാതയായ ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ ‘എവര്‍ ഗിവണ്‍’ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്. വലിയ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് മണ്ണിലമര്‍ന്നുപോയ കപ്പല്‍ വലിച്ചുമാറ്റുകയായിരുന്നു. കപ്പല്‍ ചലിച്ചുതുടങ്ങിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കപ്പലിന്റെ മുന്‍വശം ഇന്നലെ അല്പം ഉയർത്തിയിരുന്നു. ഇതോടെ പ്രൊപ്പല്ലുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. 14 ടഗ് ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനു ഉണ്ടായിരുന്നത്. കപ്പല്‍ മാറ്റാന്‍ കഴിഞ്ഞെങ്കിലും കനാലിലൂടെയുള്ള ഗതാഗതം എപ്പോള്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. പല രാജ്യങ്ങളില്‍ നിന്നുള്ള 450ലധികം കപ്പലുകളാണ് ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ എന്ന കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണ് കനാലില്‍ കുടുങ്ങിയത്. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം. ഇതോടെ കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും മുടങ്ങുകയായിരുന്നു. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.ഡച്ച് കമ്ബനിയായ റോയല്‍ ബോസ്കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുകയും ബോട്ടുകള്‍ ഉപയോഗിച്ച് കപ്പല്‍ വശത്തേക്ക് വലിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ആദ്യമൊന്നും വിജയിച്ചിരുന്നില്ല. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കഴിഞ്ഞ ദിവസങ്ങളില്‍ കപ്പലിനടിയിലെ മണല്‍ നീക്കം ചെയ്യാന്‍ ഡ്രജിങ് നടത്തിയിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക് എത്തിയത്.