ഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. 2021 ജൂൺ 30 വരെയാണ് നീട്ടിയത്. ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി.രണ്ടും ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ പുതിയ തീരുമാനം വന്നത്.1961 ലെ ആദായ നികുതി നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് പുതിയ നടപടി. ഇത് ഒൻപതാം തവണയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി നല്‍കുന്നത്.ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ കാര്‍ഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കി. ആദായ നികുതി നിയമത്തിലെ 139 AA (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള എല്ലാവരും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല.ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു പാൻ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും.ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതു മുതൽക്കുള്ള നിരവധി സേവനങ്ങൾക്ക് അനിവാര്യമാണ് നിലവിൽ പാൻ കാർഡ്. കാർഡ് റദ്ദാവുകയാണെങ്കിൽ വാഹനങ്ങളുടെ വാങ്ങൽ, വില്‍പ്പന, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിമാറ്റ് അക്കൗണ്ട് എന്നിവയടക്കം നിരവധി സാമ്പത്തിക ഇടപാടുകൾക്ക് തടസം നേരിടും.
45 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും
ന്യൂഡൽഹി:രാജ്യത്ത് 45 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും.ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍, നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റി സിഇഒ ഡോ. ആര്‍ എസ് ശര്‍മ, തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച അവസാന തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തി.വാക്സിനേഷന്റെ ഭാഗമായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായും ആശുപത്രികളില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. www.cowin.gov.in എന്ന വെബ് സൈറ്റിലൂടെ വേണം രജിസ്റ്റര്‍ ചെയ്യാന്‍. ആശുപത്രികളില്‍ നേരിട്ടെത്തി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൂടാതെയും വാക്സിന്‍ സ്വീകരിക്കാമെങ്കിലും തിരക്ക് ഒഴിവാക്കാന്‍ രജിസ്ട്രേഷന്‍ ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ച സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യമുണ്ടാകും. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്‌സിനും 3,15,226 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69230 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60നു മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ എന്നിവരില്‍പ്പെട്ട 21,88,287 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു.
സംസ്ഥാനത്തെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സംസ്ഥാനത്തെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.’ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്സൈറ്റിലാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പുറത്ത് വിട്ടത്.ഓരോ മണ്ഡലത്തിലെയും വോട്ടുകൾ പ്രത്യേകമായി സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫോട്ടോ ഉപയോഗിച്ച് വിവിധ മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുടെ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇതുവഴി ഇരട്ടവോട്ട് തടയാനാകുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തിനുണ്ട്.38,000 ഇരട്ടവോട്ടര്‍മാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 4.34 ലക്ഷം ഇരട്ടവോട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാല്‍ പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിട്ടത്.വെബ്‌സൈറ്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. പുതിയ അപ്ഡേഷനൊപ്പം ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിക്കും വരെ ഈ വിവരങ്ങള്‍ ലഭ്യമായിരിക്കും. കള്ളവോട്ടിനുള്ള സാധ്യതകള്‍ തടയണമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
ഇരട്ട വോട്ട് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമര്‍പ്പിച്ച മാര്‍ഗരേഖയ്ക്ക് ഹൈകോടതിയുടെ അംഗീകാരം
കൊച്ചി:ഇരട്ട വോട്ട് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമര്‍പ്പിച്ച മാര്‍ഗരേഖയ്ക്ക് ഹൈകോടതിയുടെ അംഗീകാരം.ഇരട്ടവോട്ട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഇതോടെ തീര്‍പ്പാക്കി.ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം. വോട്ട് രേഖപ്പെടുത്തുന്ന ബൂത്തില്‍ സത്യവാങ്മൂലം നല്‍കണം. മാര്‍ഗനിര്‍ദേശങ്ങല്‍ ലംഘിച്ച് ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു. വോട്ടെടുപ്പ് സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെയും നിയോഗിക്കാം.ചെന്നിത്തലയുടെ ഹര്‍ജിയെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഇരട്ടവോട്ട് തടയാനുള്ള നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരട്ടവോട്ടുള്ളവരെ നേരത്തെ കണ്ടെത്തുക, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചത്. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.സംസ്ഥാനത്താകെ എല്ലാ ബൂത്തുകളിലുമായി 4.16 ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് എല്ലാ മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് അന്വേഷണം നടത്തുകയും പരാതിയുള്ള പട്ടികയിലെ വോട്ടുകൾ സോഫ്റ്റ് വെയര്‍ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു.തുടര്‍ന്നാണ് 38,586 ഇരട്ട വോട്ടുകൾ മാത്രമേയുള്ളൂവെന്ന് കമ്മീഷൻ കണ്ടെത്തിയത്. ഒരു ബൂത്തിൽ തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 കേസുകള്‍ കണ്ടെത്തി. 15,771 എണ്ണം ഒരു അസംബ്ലി മണ്ഡലത്തിനകത്തുള്ള ഇരട്ടവോട്ടുകളും മൂന്ന് എണ്ണം ഒന്നിലധികം മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുമാണെന്നാണ് കണ്ടെത്തിയത്. ഈ വോട്ടർമാരുടെ പേരുകള്‍ ഉള്‍പെടുത്തിയുള്ള പട്ടികയാണ് വോട്ടർ പട്ടികയ്ക്കൊപ്പം പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കുക.ഇരട്ടവോട്ടുള്ളവർ രണ്ടുവോട്ടുചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ്; ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് 4.68 ലക്ഷം രൂപ
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ലൈയിങ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയിൽ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫിസര്‍ അറിയിച്ചു. കൂടാതെ 491 യു.എസ് ഡോളറും 995.93 ഗ്രാം സ്വര്‍ണവും 3.750 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ച്ച് 29 വരെയുള്ള കണക്കാണിത്. പിടിച്ചെടുത്ത സ്വര്‍ണം, മദ്യം എന്നിവ യഥാക്രമം ജി.എസ്.ടി, എക്‌സൈസ് വകുപ്പുകള്‍ക്ക് കൈമാറി.കരയറ്റ, വാരംകടവ് പാലം, അയ്യല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നായി തിങ്കളാഴ്ച മാത്രം 8.13 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും;കേരളത്തില്‍ ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിൻ നല്‍കും
ന്യൂഡൽഹി: രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും. ആകെ 20 കോടി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് തീരുമാനം. കേരളത്തില്‍ ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് വീതം വാക്‌സിൻ നൽകും.ഇതിനായി അധിക കേന്ദ്രങ്ങള്‍ തുറന്നു. 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ സ്പോട് രജിസ്ട്രേഷനിലൂടെ വാക്‌സീന്‍ സ്വീകരിക്കാം.സർക്കാർ-സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷൻ സൗകര്യമുണ്ട്. വാക്‌സീന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിലവിൽ പൂനെ, നാഗ്പൂര്‍, മുംബൈ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ എട്ട് ജില്ലകള്‍ കൊവിഡ് തീവ്രബാധിത മേഖലകളാണ്. ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിയത്.
സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ കേടുവന്ന അരി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു
കോഴിക്കോട്: ഏഴ് മാസത്തോളമായി കെട്ടിക്കിടന്നതിനെ തുടര്‍ന്ന് കേടുവന്ന അരി സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു.ഏതാനും ലോഡ് അരി കൊണ്ടുപോയശേഷമാണ് ആളുകള്‍ വിവരമറിയുന്നത്. ഡിസിസി പ്രസിഡന്റ് യു രാജീവന്‍, കെപിസിസി മെമ്പർ പി രത്‌നവല്ലി എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞശേഷം സിവില്‍ സപ്ലൈസ് അധികൃതരെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. എംഡിഎംഎസ്. പദ്ധതിപ്രകാരമുള്ള അരി ഏഴുമാസമായി സ്‌കൂള്‍കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നില്ല. ദീര്‍ഘകാലം സൂക്ഷിച്ചതിനാലാണ് അരി കേടുവന്നതെന്ന് കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഷിജോ പറഞ്ഞു. കേടുവന്ന അരി കീടബാധ ഒഴിവാക്കി സ്വകാര്യമില്ലില്‍ നിന്ന് പോളിഷ് ചെയ്തശേഷം കുട്ടികള്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ഫെബിന മുഹമ്മദ് അഷ്‌റഫ് സ്ഥലത്തെത്തി കേടുവന്ന അരിയുടെ സാംപിള്‍ ശേഖരിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് അരി തിരിച്ചിറക്കി ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവ നടത്തരുത്. ടെലിവിഷനിലും ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ സെക്ഷന്‍ 126(1) പ്രകാരം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം.
വ്യാജ വോട്ട് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം:വ്യാജ വോട്ട് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.ഇത് സംബന്ധിച്ച് താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ നാളെ പുറത്തു വിടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ കേസ് ഹൈക്കോടതിയില്‍ ആയതിനാല്‍ താന്‍ കൂടുതല്‍ ഒന്നും പറയുന്നുല്ലെന്നും വലിയ ക്രമക്കേടാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.വെബ്സൈറ്റിലും ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. എല്‍ഡിഎഫ് പഞ്ചായത്തുകളില്‍ ജയിച്ചത് കള്ള വോട്ടിലാണെന്നും, ഈ വിജയം ആവര്‍ത്തിക്കാനാണ് ഇടതു മുന്നണിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.വോട്ടര്‍ പട്ടികയില്‍ മണ്ഡലങ്ങളും ബൂത്തുകളും മാറിക്കിടക്കുന്നുണ്ട്. ഇരട്ട വോട്ടുകളില്‍ ഉള്ളതും കണ്ടെത്താന്‍ സാധിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചെന്നിത്തല. ഇതില്‍ ഗൗരവമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് സംസ്ഥാനത്ത് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.ഇരട്ടവോട്ട് തടയാന്‍ സംസ്ഥാനത്ത് കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്ന് വ്യക്തമായെന്നും കോടതി അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ഉത്തരവ് നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1946 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,557 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4606 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 311, എറണാകുളം 273, മലപ്പുറം 232, കണ്ണൂര്‍ 189, തിരുവനന്തപുരം 161, തൃശൂര്‍ 201, കോട്ടയം 174, കൊല്ലം 168, ഇടുക്കി 89, പാലക്കാട് 34, ആലപ്പുഴ 82, കാസര്‍ഗോഡ് 75, വയനാട് 73, പത്തനംതിട്ട 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1946 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 163, കൊല്ലം 127, പത്തനംതിട്ട 146, ആലപ്പുഴ 70, കോട്ടയം 131, ഇടുക്കി 71, എറണാകുളം 309, തൃശൂര്‍ 147, പാലക്കാട് 74, മലപ്പുറം 147, കോഴിക്കോട് 271, വയനാട് 38, കണ്ണൂര്‍ 162, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.