News Desk

സംഘർഷം;കാസര്‍കോട്ട് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

keralanews conflict yuvamorcha worker injured in kasarkod

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ യുവമോര്‍ച്ച പ്രവർ ത്തകന് വെട്ടേറ്റു.യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണു വെട്ടേറ്റത്.ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബി.ജെ.പി. ആരോപിച്ചു.ശ്രീജിത്തിന്റെ ഇരു കാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെ അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്. അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ പാനൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ (21) ആണ് മരിച്ചത്.

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും;ഇത്തവണ പരീക്ഷയെഴുതുന്നത് ഒൻപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

keralanews sslc plus two exams starts tomorrow nine lakh students appearing for exams this time

തിരുവനന്തപുരം:എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും.ഒൻപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. എസ്‌എസ്‌എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും.ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്.ഇ പരീക്ഷകള്‍ 9.40ന് ആരംഭിക്കുക. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26നും വിഎച്ച്‌എസ്‌ഇ ഒൻപതിന് തുടങ്ങി 26നും അവസാനിക്കും. 4,22,226 പേരാണ് 2947 കേന്ദ്രങ്ങളിലായി ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത്.2004 കേന്ദ്രങ്ങളിലായി 4,46,471 പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും.27000ത്തോളം വിദ്യാര്‍ത്ഥികളാണ് വിഎച്ച്‌എസ്‌ഇ പരീക്ഷയെഴുതുന്നത്.

കണ്ണൂർ പാനൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

keralanews muslim league worker killed in kannur panoor

കണ്ണൂർ: പാനൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസിയാണ് പിടിയിലായ ഷിനോസ്.തെരെഞ്ഞെടുപ്പ് ദിവസമായ ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മുഹ്‌സിന്റെ മാതാവിനും അയല്‍പക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ശിവകാശിയിൽ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; ഒരു മരണം

keralanews blast in crackers shop in sivakashi one died

തമിഴ്നാട്:ശിവകാശിയിൽ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം.രണ്ടുപേര്‍ക്ക് പരിക്ക്. ശിവകാശിയിലെ ദുരൈസ്വാമിപുരം എന്ന പ്രദേശത്തെ പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആര്‍ കണ്ണന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ വിരുദനഗര്‍ ജില്ലയിലെ ശിവകാശി കേന്ദ്രീകരിച്ചാണ് നല്ലൊരു ശതമാനം പടക്ക നിര്‍മാണ ശാലകളും പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ പലഭാഗത്തേക്കും ഇവിടെ നിന്നും പടക്കങ്ങള്‍ കയറ്റുമതി ചെയ്യുന്നു. സുരക്ഷിതമല്ലാത്ത ശിവകാശിയിലെ പടക്ക നിര്‍മാണം പലപ്പോഴും അപകടങ്ങള്‍ വരുത്തിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരി 12നുണ്ടായ പൊട്ടിത്തെറിയില്‍ ഇവിടെ 12 പേരാണ് മരിച്ചത്.

കണ്ണൂര്‍ മമ്പറത്ത് സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍

keralanews destroyed the cut out of chief minister pinarayi vijayan in kannur mambaram

കണ്ണൂര്‍:മമ്പറത്ത് സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാപിച്ച കട്ടൗട്ട് ആണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച 24 അടിയുള്ള കട്ടൗട്ടാണ് നശിപ്പിച്ചത്.സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. ദുഷ്ടമനസ്സുകളാണ് ഇത്തരം പ്രവര്‍ത്തിക്ക് പിന്നിലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. പ്രദേശത്ത് ആര്‍എസ്‌എസ് ഗുണ്ടാസംഘമുണ്ട്. അവരാണെങ്കില്‍ ക്വട്ടേഷനില്‍ പങ്കെടുക്കുന്നവരാണ്. എത്രമാത്രം ദുഷ്ടമനസ്സുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസ്സിലാക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ധര്‍മ്മടം. തലശ്ശേരി മണ്ഡലത്തിന്റെയും പഴയ എടക്കാട് മണ്ഡലത്തിന്റെയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 2008 ലാണ് ധര്‍മ്മടം മണ്ഡലം രൂപീകൃതമാവുന്നത്. എടക്കാട്, തലശേരി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ചെമ്പിലോട്, കടമ്പൂർ, പെരളശേരി, ധര്‍മടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളാണ് ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു.

മാ​ഹി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വാ​ഹ​നം ഇടിച്ച്‌ പത്തുവയസ്സുകാരൻ മ​രി​ച്ചു

keralanews ten year old boy dies when election campaign vehicle hits in mahe

കണ്ണൂർ:മാഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം ഇടിച്ച്‌ പത്തുവയസ്സുകാരൻ മരിച്ചു.അയ്യപ്പന്‍ വീട്ടില്‍ വിശാലിന്‍ മകന്‍ ആദിഷ് ആണ്‌ മാഹി കടപ്പുറത്ത് എന്‍ഡിഎ പ്രചാരണ വാഹനത്തിനടിയല്‍പെട്ട് മരിച്ചത്. പ്രചാരണങ്ങള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം ഉണ്ടായത്. പ്രചരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി എന്‍ഡിഎ പ്രചരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു. ശരീരത്തില്‍കൂടെ വാഹനം കയറിയിറങ്ങിയാണ് കുട്ടി മരണപ്പെട്ടത്.

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ തെങ്ങിൻ തടി വെച്ച്​ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

keralanews attempt to derail train in kollam two arrested

കൊല്ലം:റെയിൽവേ ട്രാക്കിൽ തെങ്ങിൻ തടി വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.ഇടവ തൊടിയിൽ ഹൗസിൽ സാജിദ് (27), കാപ്പിൽ ഷൈലജ മൻസിലിൽ ബിജു (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊല്ലം ആർ.പി.എഫ് സ്റ്റേഷനിലേക്ക് തുടർ നടപടികൾക്കായി കൈമാറി.ഞാ‍യറാഴ്ച പുലർച്ച 12.50ഓടെ ഇടവയ്ക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയിൽവേ ട്രാക്കിലാണ് തെങ്ങിൻ തടി വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. ചെന്നൈ – ഗുരുവായൂർ ട്രെയിൻ തടിയിൽ തട്ടിയ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ട്രാക്കിലുണ്ടായിരുന്ന തടിക്കഷണം എടുത്തുമാറ്റിയതിനാൽ വൻ അപകടമൊഴിവായി.

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

keralanews actor and script writer p balachandran passed away

കൊച്ചി: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ(69) അന്തരിച്ചു.സിനിമാ-നാടക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്നു പി ബാലചന്ദ്രൻ. പുലർച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ നടക്കും.നടൻ, എഴുത്തുകാരൻ, തിരകഥാകൃത്ത്, സംവിധായകൻ, നാടക പ്രവർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. 50ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്‌നിദേവൻ , മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം,ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി.1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡുകളും നേടി. മികച്ച നാടക രചനക്കുള്ള 2009 ലെ കേരള സംഗീത അക്കാദമി അവാർഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും നേടിയിരുന്നു. തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തശേഷം സ്‌കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.

കോവിഡ് വ്യാപനം;രാജസ്ഥാനില്‍ ഇന്ന് മുതല്‍ നൈറ്റ് കര്‍ഫ്യൂ; സ്‌കൂളുകള്‍, ജിംനേഷ്യം തുടങ്ങിയവ അടച്ചു

keralanews covid spread night curfew in rajasthan from today schools and gymnasiums were closed

ഭോപ്പാല്‍: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നാലെ രാജസ്ഥാനിലും നിയന്ത്രണങ്ങൾ കർശനമാക്കി.നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം 1 മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി. ഇന്ന് മുതല്‍ ഏപ്രില്‍ 19വരെയാണ് നിയന്ത്രണം.പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് കുമാറാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പരിപാടികള്‍ക്ക് ഒരുമിച്ച്‌ കൂടുന്ന ആളുകളുടെ എണ്ണം 100ആക്കി. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമെ കോളജുകളില്‍ ക്ലാസുകള്‍ ഉള്ളു.മുന്‍കൂര്‍ അനുമതിയോടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള യാത്രക്കാർ  72 മണിക്കൂറിന് മുന്‍പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെയാണ് രാത്രി കര്‍ഫ്യൂ. ഈസമയത്ത് ഭക്ഷണ ഡെലിവറി അനുവദിക്കും. മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നിയമസഭാ തെരെഞ്ഞെടുപ്പ്;കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം

keralanews kerala assembly elections tomorrow silent campaign today

തിരുവനന്തപുരം:തിരുവനന്തപുരം: ഒരു മാസം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദപ്രചാരണം.രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികളെല്ലാം അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഇത്തവണ വീറും വാശിയും ഏറെയാണ്.ഇനിയുള്ള മണിക്കൂറുകള്‍ നിർണായകമാണ്. വോട്ടിങ് സ്ലിപ്പും അഭ്യർഥനയുമായി അവസാനവട്ട സ്ക്വാഡ് പ്രവർത്തനങ്ങളിലുമായിരിക്കും നേതാക്കളും പ്രവർത്തകരും.കൊവിഡ് സാഹചര്യത്തില്‍ കലാശക്കൊട്ടിന് കമ്മിഷന്റെ വിലക്ക് ഉണ്ടായിരുന്നെങ്കിലും റോഡ് ഷോകളും വാഹന പര്യടനങ്ങളും പദയാത്രകളുമായി പ്രചാരണത്തിന്റെ അവസാനമണിക്കൂറുകള്‍ ആവേശകരമായാണ് സമാപിച്ചത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷന്‍മാരും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ 290 പേരും അടങ്ങുന്നതാണ് വോട്ടര്‍ പട്ടിക. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുളളത്. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. വിവിധ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്.കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്‌സ് സ്ലിപ്പ്, സ്റ്റേഷനറി സാമഗ്രികൾ തുടങ്ങി വോട്ടിങ് കേന്ദ്രത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും വിതരണം ചെയ്യും. കോവിഡ് പ്രോട്ടോകോൾ, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സാമഗ്രികളുടെ വിതരണം.എന്നാൽ പലയിടത്തും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഉദ്യോഗസ്ഥരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉളളവര്‍‌ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.