റായ്പൂര്‍: ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാനെ മോചിപ്പിച്ചു.ജവാനെ ഭീകരര്‍ വിട്ടയച്ചതായി പോലീസ് സ്ഥിരീകരിച്ചു.കഴിഞ്ഞ ശനിയാഴ്ച ബസ്തര്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് മന്‍ഹാസിന്‍ ഭീകരരുടെ പിടിയിലാകുന്നത്. ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.ഇതിന്‍റെ ഭാഗമായി മധ്യസ്ഥനെ നിയമിക്കാന്‍ സി.ആര്‍.പി.എഫ് തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2205 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 173 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍കോട് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആണ്.എറണാകുളം 617, കോഴിക്കോട് 439, തിരുവനന്തപുരം 329, തൃശൂര്‍ 384, മലപ്പുറം 343, കണ്ണൂര്‍ 252, കോട്ടയം 290, കൊല്ലം 274, ആലപ്പുഴ 236, കാസര്‍കോട് 211, പാലക്കാട് 81, വയനാട് 166, പത്തനംതിട്ട 125, ഇടുക്കി 111 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 4 വീതം, എറണാകുളം, പാലക്കാട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4728 ആയി.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു.ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിലവില്‍ പിണറായിയിലെ വീട്ടില്‍ വിശ്രമത്തിലാണ് മുഖ്യമന്ത്രി.നേരത്തെ അദ്ദേഹത്തിന്റെ മകൾ വീണയ്ക്ക് കൊവിഡ് പോസിറ്റീവായിരുന്നു ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്.വോട്ടെടുപ്പ് ദിനത്തിലാണ് പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചത്. പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാന്‍ എത്തിയത്. കോവിഡ് സ്ഥിരീകരിച്ച വീണയ്ക്ക് മറ്റു രോഗലക്ഷണങ്ങളില്ല. വീട്ടില്‍ ഐസൊലേഷനില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വോട്ട് പിണറായിയിലെ ആര്‍ സി അമല സ്കൂളിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയും ഭാര്യയും ഇതേ ബൂത്തില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടില്‍ നിന്ന് കാല്‍നടയായി എത്തിയാണ് പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്തിയത്.
കോവിഡ് കേസുകൾ വർധിക്കുന്നു; കേരളത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം:കോവിഡ് കേസുകൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് വരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച അതീവ നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ‘ബാക് ടു ബേസിക്‌സ്’ ക്യാംപെയ്ന്‍ ശക്തിപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം.സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.ജാഗ്രതക്കൊപ്പം പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി
മട്ടന്നൂർ:ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേർ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി.സ്വര്‍ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മൂന്ന് കിലോയോളം സ്വർണ്ണവുമായി ശ്രീകണ്ഠപുരം, കാസര്‍കോട് സ്വദേശികള്‍ പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് ബേക്കല്‍ സ്വദേശി മുഹമ്മദ് അഷറഫ്, ഷാര്‍ജയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം കോട്ടൂര്‍ സ്വദേശി രജീഷ്, കാസര്‍കോട് സ്വദേശി അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മുഹമ്മദ് അഷറഫില്‍ നിന്ന് 920ഗ്രാമും രജീഷ്, അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്ന് ഓരോ കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരുകയാണ്.അസി. കമീഷണര്‍ മധുസൂദനഭട്ട്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, യദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
ലീഗ് പ്രവർത്തകന്റെ കൊലപാതകം;കണ്ണൂരിലെ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു
കണ്ണൂർ:പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് വിളിച്ചു ചേർത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. പൊലിസ് നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗം ബഹിഷ്‌കരിച്ചത്. യോഗത്തിനെത്തിയത് കൊലപാതകികളുടെ നേതാക്കളാണെന്നും യു.ഡി.എഫ് ആരോപിച്ചു. അവരുമായി ചര്‍ച്ചയ്ക്കില്ലെന്നും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മന്‍സൂറിന്റെ കൊലപാതകം നടന്നിട്ട് 40 മണിക്കൂര്‍ കഴിഞ്ഞിട്ടും, കൊലപാതകികളെ കണ്ടെത്താനോ, അവര്‍ക്ക് വേണ്ടി ആയുധസംഭരണം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് സതീശന്‍ പാച്ചേനി വ്യക്തമാക്കി. ഷുഹൈബ് വധത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന പൊലീസ് സംവിധാനം അതേ വഴിക്കാണ് മന്‍സൂറിന്റെ കൊലപാതകക്കേസിലും മുന്നോട്ടുപോകുന്നത്. അങ്ങനെയെങ്കില്‍ അതിശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കുമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പേര് വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന മുഹസിന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതില്‍ ഒറ്റയാളെ പോലും തിരയാനോ, പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ല. ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്ന പൊലീസിനോടും ജില്ലാ ഭരണകൂടത്തോടും സഹകരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റ് തീയിട്ട് നശിപ്പിച്ചു
കോഴിക്കോട്:നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റ് തീയിട്ട് നശിപ്പിച്ചു.ലീഗ് പ്രവർത്തകനായ ഇരിങ്ങണ്ണൂർ സ്വദേശി അബൂബക്കറിന്റെ സൂപ്പർ മാർക്കറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. പുലര്‍ച്ചെയായിരുന്നു ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു അബൂബക്കര്‍. സ്ഥലത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമൊന്നും ഉണ്ടായിട്ടില്ല. ഈ ബൂത്തില്‍ സാധാരണ കള്ളവോട്ട് നടക്കാറുണ്ടായിരുന്നുവെന്നും ഇത്തവണ ബൂത്ത് ഏജന്‍റ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതിനാല്‍ കള്ളവോട്ട് സാധിച്ചില്ല, ഇതിലുള്ള പ്രതികാരമായാണ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ആക്രമിച്ചതെന്നാണ് ലീഗ് പ്രവർത്തകരുടെ ആരോപണം.എന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തി ആ കുറ്റം സിപിഎമ്മിന് മേല്‍ ചുമത്തുകയാണെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം – യുഡിഎഫ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണിത്. ഇത്തവണ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. കള്ള ആരോപണം സിപിഎമ്മിനെതിരെ ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണെന്നാണ് സിപിഎം പറയുന്നത്.
പാനൂർ കൊലപാതകം;പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു
കണ്ണൂർ:പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് വ്യാപക ആക്രമണം. ഇന്നലെ രാത്രി പാനൂര്‍ മേഖലയില്‍ സി.പി.എം ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌ക്കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്.സി.പി.എം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഷെല്‍ട്ടറും ആക്രമിച്ചു. നിരവധി വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ബാവാച്ചി റോഡിലുള്ള പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ഫര്‍ണിച്ചറും രേഖകളും കൂട്ടിയിട്ട് കത്തിച്ചത്. ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു.സിപിഐ എം പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസും തീയിട്ട് നശിപ്പിച്ച ലീഗുകാര്‍ പെരിങ്ങത്തൂര്‍ ടൗണിലെ ചായക്കടയും ദിനേശന്റെ കടയുമടക്കം നിരവധി സ്ഥാപനങ്ങള്‍ ആക്രമിച്ചു.അക്രമ സംഭവങ്ങളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.മന്‍സൂറിന്റെ വിലാപയാത്രയില്‍ പങ്കെടുത്ത പത്ത് ലീഗ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി ചൊക്ലി പൊലീസ് അറിയിച്ചു.
പാനൂർ കൊലപാതകം;അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിന്റെ സഹോദരനെയെന്ന് പ്രതിയുടെ മൊഴി
കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള സി പി എം പ്രവര്‍ത്തകൻ ഷിനോസ് മൊഴി നല്‍കി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും ഷിനോസ് പറഞ്ഞു.അപ്രതീക്ഷിതമായാണ് മുഹ്സിന്റെ സഹോദരന്‍ മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. കസ്റ്റഡിയിലുള്ള ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഘത്തിലുണ്ടായിരുന്ന പത്തോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.അതേസമയം കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കാല്‍മുട്ടില്‍ മാത്രമാണ് ആഴത്തിലുള്ള മുറിവുള്ളതെന്നാണ് പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. കൊല്ലപ്പെട്ടത് ബോംബേറിലാണ്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കാലിന് വെട്ടേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു;മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും
തിരുവനന്തപുരം:കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.പൊതുസ്ഥലങ്ങളിൽ മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും.സംസ്ഥാനത്ത് ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന കാരണം. വിഷുവും പരീക്ഷകൾ ആരംഭിച്ചതും കാരണം വരും ദിവസളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്.ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. നടപടിയെടുക്കാൻ സെക്ടറൽ മസിട്രേറ്റുമാരെയും നിയമിക്കും. ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർ ഒരാഴ്ച്ച ക്വാറന്‍റൈന്‍ കർശനമായി പാലിക്കണം. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. വാക്സിനേഷൻ ഊർജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.