News Desk

ഇരിട്ടിയിൽ ഐസ്‌ക്രീം കപ്പിനുളളില്‍ നിന്ന് ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

keralanews two children were seriously injured when a bomb exploded inside an ice cream cup in iritty

കണ്ണൂർ:ഇരിട്ടിയിൽ ഐസ്‌ക്രീം കപ്പിനുളളില്‍ നിന്ന് ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പടിക്കച്ചാലിലാണ് സംഭവമുണ്ടായത്.സഹോദരങ്ങളായ മുഹമ്മദ് അമീൻ(5),ഒന്നരവയസ്സുകാരൻ മുഹമ്മദ് റദീസ് എന്നിവർക്കാണ് പരിക്കേറ്റത്.ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പില്‍ നിന്നാണ് ബോംബ് പൊട്ടിയത്.ഐസ്‌ക്രീം ബോൾ ലഭിച്ച കുട്ടികൾ വീട്ടിലെത്തി തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അഞ്ച് വയസ്സുള്ള അമീനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നരവയസ്സുകാരൻ റദീസി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൊട്ടിയത് ഐസ്‌ക്രീം ബോംബാണെന്നും പരിശോധന തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരാകാം ബോംബ് തയ്യാറാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍

keralanews private lab owners approached highcourt against the verdict of reducing the rate of r t p c r test

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 1,700 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് ഭേദഗതി വരുത്തി ആര്‍ടിപിസിആറിനു 500 രൂപയാക്കി പുതുക്കി നിശ്ചയിച്ച നടപടിക്കെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 4,500 രൂപ ഈടാക്കാമെന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹരജിയില്‍ പറയുന്നു.നിരക്ക് കുറയ്ക്കുന്നതിലൂടെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകര്‍ക്കുമെന്നും ഹരജിയില്‍ പറയുന്നു. ലാബുകളിലെ പരിശോധനകളുടെ നിരക്കുകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകളുടെ വാദം.നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഐസിഎംആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ ഉത്തരവ് സാമാന്യ നീതിക്കു നിരക്കാത്തതാണെന്നും ഹരജിയില്‍ പറയുന്നു.നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ലാബ് ഉടമകള്‍ പറയുന്നു. ലാബുകള്‍ക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

കൊച്ചി കളമശേരിയില്‍ എസ്.ബി.ഐ എ.ടി.എം കത്തിക്കാന്‍ ശ്രമം; യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

keralanews attempt to set fire to sbi atm in kochi kalamassery visuals of young man out

കൊച്ചി: കളമശേരിയില്‍ കുസാറ്റ് ക്യാംപസിനുള്ളിലെ എസ്.ബി.ഐ എ.ടി.എം കത്തിക്കാന്‍ ശ്രമം. മെഷീനിന് തീയിടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എടിഎം കൗണ്ടറിനകത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരെത്തി പരിശോധിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. അതേസമയം, ആക്രമണത്തില്‍ എ.ടി.എമ്മിലെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും, മെഷീന്‍ കത്തി നശിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.കൗണ്ടറിലെത്തിയ പ്രതി ആദ്യം കാര്‍ഡുപയോഗിച്ച്‌ പണമെടുക്കാന്‍ നോക്കി. നടക്കാതെ വന്നതോടെ കാര്‍ഡ് പോക്കറ്റിലിട്ടു. പിന്നാലെ ബാഗില്‍ ഒരു കുപ്പിയില്‍ നിറയെ കരുതിയിരുന്ന പെട്രോള്‍ സമാനമായ ദ്രാവകം ഒഴിച്ചു മെഷീന്‍ തീയിടുകയായിരുന്നു. കുസാറ്റ് കോമണ്‍ ഫെസിലിറ്റി സെന്ററിലെ ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എ.ടി.എം കൗണ്ടറിലായിരുന്നു യുവാവിന്റെ അക്രമം. മെഷീനില്‍ നിന്ന് തീയും പുകയും വരുന്നത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സംശയിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കത്തിച്ചതാണെന്ന് മനസിലായത്. കളമശേരി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം; സി​പി​എം സം​സ്ഥാ‌​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്

keralanews cabinet formation cpm state secretariat meeting today

തിരുവനന്തപുരം: നിയമസഭ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നടത്തുമെങ്കിലും മന്ത്രിമാരെ ഇന്ന് നിശ്ചയിക്കില്ല. സംസ്ഥാന കമ്മിറ്റിക്കാണ് അതിനുള്ള അധികാരം. ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രി സ്ഥാനങ്ങള്‍ നല്‍കണമെന്നത് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന കമ്മിറ്റി യോഗം എന്ന് ചേരണമെന്നതും ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനിക്കും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ട്.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പി.ബി ആണ്. പിണറായിയുടെ കാര്യത്തില്‍ അത്തരമൊരു തീരുമാനമെന്നത് സാങ്കേതികമായ നടപടി മാത്രമാണ്. പാര്‍ട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, നിയമസഭ കക്ഷി യോഗം എന്നിവ ചേര്‍ന്ന ശേഷമേ സിപിഎം ഔദ്യോഗിക തീരുമാനം പുറത്ത് പറയുകയുള്ളു. അതേസമയം മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് പിണറായി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ശൈലജ, എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, ടി.പി.രാമകൃഷ്ണന്‍, പി.രാജീവ്, എം.എം.മണി എന്നിവര്‍ ആദ്യ സാധ്യതാ പട്ടികയിലുണ്ട്. അതേസമയം ഒരു അംഗം മാത്രമുള്ള പാര്‍ട്ടികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കില്ല. എല്‍ജെഡി, കോണ്‍ഗ്രസ് (എസ്), കേരള കോണ്‍ഗ്രസ് (ബി), ആര്‍എസ്പി (എല്‍), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിങ്ങനെ ആറ് പാര്‍ട്ടികള്‍ക്കാണ് ഒരു എംഎല്‍എ മാത്രമുള്ളത്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം; നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ലോക്‌നാഥ് ബെഹ്‌റ

keralanews strict control in the state from today loknath behra directed the police to strictly enforce the restrictions

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം.അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കും. വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ രീതിലായിരിക്കും ഇന്ന് മുതൽ മെയ് 9 വരെ സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കും.ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമുണ്ടാകില്ല. അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര ചെയ്യാം.മരുന്ന്, പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും.വര്‍ക്ക് ഷോപ്പ്, വാഹന സര്‍വീസ് സെന്റര്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. ഇവിടെയുള്ള ജീവനക്കാര്‍ ഇരട്ട മാസ്‌ക്കും കയ്യുറകളും ധരിക്കണം. റേഷന്‍ കടകളും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട് ലൈറ്റുകളും തുറക്കും.ഹോട്ടലുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. രാത്രി ഒന്‍പത് വരെ പാര്‍സലും ഹോം ഡെലിവെറിയും അനുവദിക്കും. കള്ളുഷാപ്പുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.ബാങ്കുകള്‍ രാവിലെ 10 മുതല്‍ 1 മണി വരെ പൊതുജനങ്ങളുടെ സര്‍വീസുകള്‍ക്കായി പ്രവര്‍ത്തിക്കും. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.ആരാധനാലയങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ സ്ഥലസൗകര്യമുള്ള ഇടമാണെങ്കില്‍ മാത്രം 50 പേര്‍ക്ക് പ്രവേശനം അനുവദിക്കും. എല്ലാതരത്തിലുമുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തി വയ്ക്കണം. ഐടി മേഖലയില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം ഓഫീസിലെത്തണമെന്നും പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നുമാണ് നിര്‍ദേശം. നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ രാവിലെ മുതല്‍ തന്നെ നിരത്തുകളില്‍ പൊലീസ് പരിശോധന ആരംഭിക്കും.

സംസ്ഥാനത്ത് ഇന്ന് 26011 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ശതമാനം 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 26011 covid cases confirmed in the state today 19519 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂർ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂർ 1469, കൊല്ലം 1311, കാസർഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 301 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1524 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3820, എറണാകുളം 3263, മലപ്പുറം 3029, തൃശൂർ 2592, തിരുവനന്തപുരം 2229, ആലപ്പുഴ 1989, പാലക്കാട് 837, കോട്ടയം 1569, കണ്ണൂർ 1300, കൊല്ലം 1295, കാസർഗോഡ് 1096, പത്തനംതിട്ട 383, ഇടുക്കി 395, വയനാട് 309 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.80 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 27, തൃശൂർ 15, കാസർഗോഡ് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം 5, കൊല്ലം 3, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1956, കൊല്ലം 1047, പത്തനംതിട്ട 1015, ആലപ്പുഴ 746, കോട്ടയം 1825, ഇടുക്കി 336, എറണാകുളം 3500, തൃശൂർ 1486, പാലക്കാട് 900, മലപ്പുറം 1912, കോഴിക്കോട് 3382, വയനാട് 151, കണ്ണൂർ 1178, കാസർഗോഡ് 85 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്കഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍

keralanews restrictions similar to lockdown in the state from tomorrow until sunday

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്കഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ ഇങ്ങനെ:

  • സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവക്ക്/ തുടങ്ങിയവര്‍ക്ക് പ്രവര്‍ത്തിക്കാം.
  • ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂനിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇവര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്‌ യാത്രചെയ്യാം.
  • ഐടി മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട ആളുകള്‍ മാത്രമേ ഓഫിസുകളിലെത്താവൂ. പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം.
  • ആശുപത്രി ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍,ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഇറച്ചി മത്സ്യ വിപണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം.
  • വാഹനങ്ങളുടെ അറ്റകുറ്റപണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
  • ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.
  • എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം.
  • രാത്രി ഒൻപത് മണിക്കു മുൻപ് കടകള്‍ അടയ്ക്കണം.
  • ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും.
  • ദീര്‍ഘദൂര ബസുകള്‍, ട്രയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇതില്‍ യാത്ര ചെയ്യുന്നതും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണം.
  • വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.
  • റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
  • അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ജോലിചെയ്യാം.
  • ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. എന്നാല്‍ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച്‌ ഇതില്‍ വ്യത്യാസം വരാം.
  • എല്ലാതരത്തിലുമുള്ള സിനിമ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം.

തിരുവനന്തപുരത്തും പാലക്കാടും കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറി നല്‍കി

keralanews deadbodies of covid patients swapped in thiruvananthapuram and palakkad

തിരുവനന്തപുരം:തിരുവനന്തപുരത്തും പാലക്കാടും കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറി നല്‍കി.തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ആദ്യ സംഭവം. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് മാറി നല്‍കിയതിനെത്തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സംസ്കരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മോര്‍ച്ചറിയിലെ സുരക്ഷാ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രസാദിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പോലീസുമായി എത്തിയ ബന്ധുക്കള്‍ക്ക് മൃതദേഹം കാണാനില്ലെന്ന മറുപടിയാണ്‌ മോര്‍ച്ചറി ജീവനക്കാരില്‍ നിന്നും ലഭിച്ചത്. വിശദമായ അന്വേഷണത്തില്‍ വെള്ളായണി സ്വദേശി പ്രസാദിന്റെ ബന്ധുക്കള്‍ക്ക് മൃതദേഹം മാറി നല്‍കിയതായി കണ്ടെത്തി.സംഭവം വിവാദമായതോടെ മോര്‍ച്ചറിയിലെ സുരക്ഷാ ജീവനക്കാനെ മെഡിക്കല്‍ കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.

പാലക്കാട് കരുണ മെഡിക്കല്‍ കോളജിലാണ് രണ്ടാമത്തെ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി മരിച്ച രണ്ട് കൊവിഡ് രോഗികളുടെ മൃതദേഹമാണ് മാറിയത്. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂര്‍ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കുകയായിരുന്നു.അതേസമയം ആശുപത്രി അധികൃതര്‍ വീഴ്‌ച സമ്മതിച്ചതയാണ് റിപ്പോര്‍ട്ട്. മോര്‍ച്ചറി ജീവനക്കാരന് പറ്റിയ തെറ്റെന്നാണ് ആശുപത്രിയുടെ വിശദീകരണം.സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തളിപ്പറമ്പിൽ ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞു

keralanews bomb attack against the house of d c c general secretary in thaliparamba

കണ്ണൂർ:തളിപ്പറമ്പിൽ ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞു. ഡിസി.സി ജനറല്‍ സെക്രട്ടറിയും തളിപ്പറമ്പ് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ കെ.നബീസാ ബീവിയുടെ തൃച്ഛംബരം ദേശീയപാതയോരത്തെ മൊയ്തീന്‍പള്ളിക്ക് സമീപമുള്ള  വീടിനു നേരേയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച്ച രാത്രി 11.50നായിരുന്നു സംഭവം. ബോംബേറില്‍ മുന്‍വശത്തെ ജനല്‍ചില്ലുകളും കസേരകളും തകര്‍ന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. നഗരസഭാ തെരഞ്ഞെടുപ്പില്‍ കാക്കഞ്ചാല്‍ വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ കള്ളവോട്ടുകള്‍ തടഞ്ഞതിന്റെ പേരില്‍ ഭീഷണി ഉണ്ടായിരുന്നതായി നബീസാ ബീവി പറയുന്നു. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്ന് സംശയിക്കുന്നു.ബോംബിന്റെ അവശിഷ്ടങ്ങളും സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് ലഭിച്ചിട്ടുണ്ട്.ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രതിഷേധിച്ചു.

കണ്ണൂരിലെ നാല് സ്റ്റേഷന്‍ പരിധിയില്‍ മെയ് 4 വരെ ജില്ലാ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews district collector announced a ban till may 4 within the limits of four stations in kannur

കണ്ണൂർ:കണ്ണൂരിലെ നാല് സ്റ്റേഷന്‍ പരിധിയില്‍ മെയ് 4 വരെ ജില്ലാ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊക്ലി, കൊളവല്ലൂര്‍, ന്യൂമാഹി, പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും കൊവിഡ് 19 വ്യാപനം തടയാനുമാണ് സിറ്റി പൊലീസ് കമ്മീഷണറുടെ അഭ്യര്‍ഥന പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഉത്തരവു പ്രകാരം ജാഥകളും ജനങ്ങള്‍ കൂട്ടംകൂടുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.തോക്ക്,ആയുധങ്ങള്‍, അക്രമങ്ങള്‍ക്കുപയോഗിക്കുന്ന മറ്റു വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും വിലക്കി. പൊതുസ്ഥലങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുക, കോലം കത്തിക്കുക, തുടങ്ങിയവയും മൂന്നില്‍ക്കൂടുതല്‍ ആളുകള്‍ നിയമപരമായ കാര്യങ്ങള്‍ക്ക് അല്ലാതെ കൂട്ടംചേരുന്നതും നിരോധിച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നതിനും മൈക്ക് ഉപയോഗിക്കുന്നതിനും പൊലീസ് അനുവാദം നല്‍കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു.