News Desk

സാമ്പത്തിക തട്ടിപ്പ് കേസിൽ സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ അ​റ​സ്റ്റി​ല്‍

keralanews director v a sreekumar menon arrested in financial fraud case

പാലക്കാട്:സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍.ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്.ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെന്നാണ് പരാതി. ഒരു വര്‍ഷം മുന്‍പാണ് ശ്രീകുമാര്‍ മേനോനെതിരെ പരാതി പോലീസിന് ലഭിച്ചത്.കേസ് രജിസ്റ്റര്‍ ചെയ്തതോടെ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിയതോടെയാണ് ശ്രീകുമാര്‍ അറസ്റ്റിലാകുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.മോഹന്‍ലാല്‍ നായകനായ ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. നിരവധി പരസ്യ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

സംസ്ഥാനം നാളെ മുതല്‍ സമ്പൂർണ്ണ അടച്ചുപൂട്ടലിലേയ്ക്ക്;നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴയും ശിക്ഷയും

keralanews state to complete lockdown from tomorrow heavy fines and penalties for violating regulations

തിരുവനന്തപുരം:സംസ്ഥാനം നാളെ മുതല്‍ സമ്പൂർണ്ണ അടച്ചുപൂട്ടലിലേയ്ക്ക്.കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാളെ തുടങ്ങും.മെയ് 16 വരെയാണ് ലോക്ഡൗണ്‍.പച്ചക്കറി,പലചരക്ക്, റേഷന്‍ കടകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. കെഎസ്‌ആര്‍ടിസി, ബസ്, ടാക്സികള്‍ അടക്കം പൊതുഗതാഗതം ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ആശുപത്രി, വാക്സിനേഷന്‍, എയര്‍പോര്‍ട്ട്, റെയില്‍വേസ്റ്റേഷന്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവ്. എന്നാല്‍ ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പത്ത് മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകളും വര്‍ക്ക് ഷോപ്പുകളും തുറക്കാം. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും.വിശ്വാസികള്‍ക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്താം. വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം പങ്കെടുക്കാം. സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിന് മാത്രം. എല്ലാത്തരം ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തണം.വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പൊലീസിനെ കാണിക്കണം. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ സാധിക്കും. മാത്രമല്ല, നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും.മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താന്‍ ഇന്ന് സൗകര്യമുണ്ട്. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസ് ഇന്ന് ലഭ്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം യാത്രകള്‍ അനുവദനീയമല്ല. അതുകൊണ്ട് കേരളത്തില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് തന്നെ അതിനായി പരിശ്രമിക്കണം.എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം.

തുടർച്ചയായി രണ്ടാം ദിവസവും 40,000 കടന്ന് കൊറോണ;ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 42,464 പേർക്ക്;27,152 പേർക്ക് രോഗമുക്തി

keralanews corona croses 40000 in the second day 42464 cases confirmed today 27152 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂർ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂർ 2418, പത്തനംതിട്ട 1341, കാസർഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 265 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6411, കോഴിക്കോട് 5578, മലപ്പുറം 4181, തിരുവനന്തപുരം 3655, തൃശൂർ 3556, ആലപ്പുഴ 3029, പാലക്കാട് 1263, കോട്ടയം 2638, കൊല്ലം 2503, കണ്ണൂർ 2199, പത്തനംതിട്ട 1307, കാസർഗോഡ് 1106, വയനാട് 1025, ഇടുക്കി 945 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.124 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 39, കാസർഗോഡ് 20, തൃശൂർ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2389, കൊല്ലം 2035, പത്തനംതിട്ട 903, ആലപ്പുഴ 1923, കോട്ടയം 3013, ഇടുക്കി 228, എറണാകുളം 2999, തൃശൂർ 1519, പാലക്കാട് 2488, മലപ്പുറം 3205, കോഴിക്കോട് 3996, വയനാട് 182, കണ്ണൂർ 2083, കാസർഗോഡ് 189 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 723 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് 37 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

keralanews 37 train services in the state canceled

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മെമു ഉള്‍പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. മേയ് എട്ടു മുതല്‍ ഒൻപത് ദിവസത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും മെയ് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയത്. മൊത്തം 37 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്‌ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.അതേസമയം ലോക്ക്ഡൗണിന്റെ ഭാഗമായിട്ടല്ല സര്‍വീസ് നിര്‍ത്തിവെച്ചതെന്നാണ് റെയില്‍വേയുടെ വിശദീകരണം. യാത്രക്കാരുടെ കുറവ് കാരണമാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്നാണ് റെയില്‍വേ പറയുന്നത്. സെമി ലോക്ക്ഡൌൺ  മൂലവും കോവിഡ് നിയന്ത്രണങ്ങള്‍ കാരണവും യാത്രക്കാര്‍ തീരെ കുറവാണ്. ഇതുമൂലം സര്‍വീസുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിര്‍ത്തിവെച്ചത്.എന്നാല്‍ മലബാര്‍, ഉള്‍പ്പെടെ യാത്രക്കാര്‍ കൂടുതല്‍ കയറുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു.

കണ്ണൂർ ചാലയിൽ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു;വാതകം ചോരുന്നു;പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

keralanews tanker lorry containing cooking gas overturned in kannur chala gas leaking

കണ്ണൂര്‍ : ചാലയില്‍ പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിന് സമീപം ഉച്ചയോടെയായിരുന്നു സംഭവം. വാതക ചോര്‍ച്ചയുള്ളതിനാല്‍ പ്രദേശത്തു നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.മംഗലാപുരത്തു നിന്നും വാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ടാങ്കറിന്റെ മൂന്നിടങ്ങളില്‍ ചോര്‍ച്ചയുണ്ടെന്നാണ് വിവരം.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്.പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്.

സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ സമ്പൂർണ്ണ ലോക്ക്ഡ‍ൗണ്‍

keralanews complete lockdown in the state from may 8 to 16

തിരുവനന്തപുരം :സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്.ശനിയാഴ്ച മുതൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ നിലവിൽവരും.മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെയ് 16 വരെയായിരിക്കും സംസ്ഥാനം പൂർണമായി അടച്ചിടുക. കഴിഞ്ഞ തവണത്തേതിന് സമാനമായി അവശ്യസേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക. സംസ്ഥാനം പൂർണമായി അടച്ചിടുന്നതോടെ കൊറോണ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.പ്രതിദിന രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ആഴ്ചത്തേക്ക് ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഒൻപത് ദിവസം ലോക് ഡൗൺ ഏർപ്പെടുത്തുന്നത്.സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാൽപ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ചില ജില്ലകളിൽ ഐസിയും കിടക്കകളും വെൻ്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.ലോക് ഡൗണ്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അതേ രീതിയില്‍ തന്നെയാകും തുടരുക. എന്തൊക്കെ കാര്യങ്ങള്‍ക്ക് നിയന്ത്രണമെന്നും എന്തെല്ലാം അനുവദിക്കുമെന്നുമുള്ള കാര്യത്തില്‍ ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നറിയിക്കും.

മേയ് മാസത്തില്‍ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധാരണ റേഷന്‍ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് വെട്ടികുറച്ചു

keralanews food and civil supplies department cuts regular ration quota for white ration card holders in may

തിരുവനന്തപുരം:വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള മെയ് മാസത്തിലെ സാധാരണ റേഷന്‍ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് വെട്ടികുറച്ചു. കഴിഞ്ഞ മാസം കിലോയ്ക്ക് 10.90 രൂപയ്ക്കു 4 കിലോ അരി നല്‍കിയ സ്ഥാനത്ത് ഇത്തവണ 2 കിലോ മാത്രമാണു നല്‍കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്കു 4 രൂപ നിരക്കില്‍ നല്‍കുന്നത് ഈ മാസവും തുടരും.വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസവും 10 കിലോ സ്‌പെഷല്‍ അരി കിലോയ്ക്ക് 15 രൂപയ്ക്കു നല്‍കും. ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് കിലോ വീതം സ്‌പെഷ്യല്‍ അരിയും സാധാരണ റേഷനും ലഭിക്കും. സാധാരണ റേഷന്‍ അരി കിലോക്ക് 10.90 രൂപക്കും സ്‌പെഷ്യല്‍ അരി കിലോക്ക് പതിനഞ്ച് രൂപക്കുമാണ് ഇവര്‍ക്ക് നല്‍കുക. അതേസമയം ആവശ്യത്തിന് സ്‌പെഷ്യല്‍ അരി കടകളില്‍ സ്റ്റോക്ക് ഇല്ലെന്ന പ്രശ്‌നവുമുണ്ട്. മണ്ണെണ്ണ വിതരണം ഈ മാസവും ഉണ്ടാകില്ല. മെയ് മാസത്തെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഭക്ഷ്യവിതരണ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല;ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ്

keralanews schools in the state will not open on june 1 department of education says it will have to go ahead with online classes

തിരുവനന്തപുരം:കൊറോണ രൂക്ഷമായതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇത്തവണയും ജൂണ്‍ ഒന്നിന് തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഓണ്‍ലൈന്‍ ക്ലാസുകള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ എന്നിവയുടെ തിയതിയില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും. നിലവിലത്തെ സ്ഥിതിയില്‍ ട്യൂഷന്‍ സെന്ററുകള്‍ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. വിക്ടേഴ്‌സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടേയും അധ്യാപകരുടേയും അഭിപ്രായം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമായിരിക്കും ഇതില്‍ തീരുമാനമെടുക്കുന്നത്.

കോവിഡ് വ്യാപനം;സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഭാഗിക ലോക്ക്ഡൗണ്‍ ഫലപ്രദമല്ല;സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ ആലോചന

keralanews covid spread partial lockdown in the state is not effective plan to impose complete lockdown

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ  ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ ആലോചന.ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം സമ്പൂർണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കാതെ ആളുകളെ നിയന്ത്രിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. പലരും അനാവശ്യമായിട്ടാണ് പുറത്തിറങ്ങുന്നത്. ആളുകളെ നിയന്ത്രിക്കാനാവില്ലെന്നു പോലീസും പോലീസ് നടപടികള്‍ പരിധി വിടുന്നുവെന്നു ജനങ്ങളും ആരോപിക്കുന്ന സാഹചര്യമാണ് നിലവില്‍. പലയിടത്തും പോലീസ് പരിശോധന പരിധി വിടുന്നതായി പരാതിയുണ്ട്.സാഹചര്യം കണക്കിലെടുത്താവും ലോക്ക്ഡൗണ്‍ തീരുമാനം ഉണ്ടാവുക. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കു‍മെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്‌ഇബി, ജല അതോറിറ്റി കുടിശികകള്‍ പിരിക്കുന്നത് 2 മാസത്തേക്കു നിര്‍ത്തിവയ്ക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. റിക്ക‍വറി നടപടികള്‍ നീട്ടി‍വയ്ക്കാന്‍ ബാങ്കുകളോട് അഭ്യര്‍‍ഥിക്കും. നിര്‍മാണ മേഖലയ്ക്കാവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കണം. അതിഥിത്തൊഴിലാളികളെ ഉള്‍പ്പെടെ ഉപയോഗിച്ച്‌ നിര്‍മാണമേഖല പ്രവര്‍ത്തിപ്പിക്കണം. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ പണപ്പിരിവ് നിര്‍ത്തിവച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം;സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം;നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

keralanews covid spread chief minister pinarayi vijayan has said that the situation in the state is critical and restrictions will be tightened

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായിരിക്കുന്ന സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതുവരെയുള്ള പ്രതിദിന കോവിഡ് ബാധിതരുടെ കണക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗബാധിതരായത് ഇന്നാണ്. 41,953 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളില്‍ ഒഴിവില്ലാത്തതിനാല്‍ കോവിഡ് ചികിത്സക്കായി ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കുമെന്നും, മെഡിക്കല്‍ വിദ്യാര്‍ഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ ഓക്സിജന്‍ ലഭ്യതയില്‍ വലിയ പ്രശ്നങ്ങളില്ലല്ലെന്നും, സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ ആശുപത്രികളില്‍ 61.3 ശതമാനം ഐ.സി.യു കിടക്കകളും ഉപയോഗത്തിലാണെന്നും വെന്‍റിലേറ്ററുകളില്‍ 27.3 ശതമാനം ഉപയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക പിരിവുകള്‍ രണ്ടു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബാങ്കുകളുടെ റിക്കവറി പ്രവര്‍ത്തനങ്ങളും താത്ക്കാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.സാമൂഹ്യമാധ്യമങ്ങള്‍ വഴി കൊവിഡ് അവബോധം വളര്‍ത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റര്‍, സോഷ്യല്‍ മീഡിയാ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എന്നിവ ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൂടുതല്‍ ആളുകള്‍ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നു എന്നാണ് താഴെക്കിടയില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. ആളുകള്‍ കോവിഡ് ഉണ്ട് എന്നത് കൊണ്ട് മാത്രം ആശുപത്രിയില്‍ എത്തണമെന്നില്ല. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരും വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതി. അവര്‍ക്കുള്ള മറ്റ് സംവിധാനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.