News Desk

ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് രൂ​പം​കൊ​ണ്ടു;ഇന്ന് 200 കിലോമീറ്റര്‍ വേഗതയാര്‍ജ്ജിക്കും; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

keralanews cyclone tauktae formed reach a speed of 200 km per hour today red alert in five districts

തിരുവനന്തുപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച്‌ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് അമേരിക്കന്‍ ഉപഗ്രഹ റിപ്പോര്‍ട്ട്. കേരളത്തിനൊപ്പം ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പാലിക്കേണ്ടതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പറിയിച്ചു. നിലവില്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മേയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. തീരപ്രദേശങ്ങളിലെല്ലാം വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാല്‍ നിരവധിപേരെ മാറ്റിപാര്‍പ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കൊച്ചിയുടെ പടിഞ്ഞാറന്‍ തീരം, ചുഴലിക്കാറ്റ് ബാധിക്കാനിടയുണ്ടെന്ന് കരുതുന്ന കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ദുരന്തനിവാരണ സേനയ്ക്കൊപ്പം കരസേനയുടെ അഞ്ച് സംഘത്തെ വടക്കന്‍ ജില്ലകളിലേയ്ക്ക് വിന്യസിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വ്യോമസേനയും രക്ഷാപ്രവര്‍ത്ത നമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചികേന്ദ്രീകരിച്ച് സജ്ജമാണ്.

ന്യൂനമർദം ശക്തിപ്രാപിക്കുന്നു;സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം

keralanews low pressure intensifies high tide expected in the state indian national centre for ocean information services urges coastal residents to be vigilant

തിരുവനന്തപുരം: ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ രാത്രി 11:30 വരെ തീരദേശത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവർ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കണ്ണൂരില്‍ നാളെ റെഡ് അലര്‍ട്ട്; കോവിഡ് വാക്‌സിനേഷന്‍ ഉണ്ടാവില്ല; രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച വാക്‌സിന്‍ നല്‍മെന്നും ജില്ലാ ഭരണകൂടം

keralanews red alert in kannur tomorrow no covid vaccination district administration has said that those who have registered will be vaccinated on monday

കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ നാളെ കോവിഡ് വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാക്സിനായി നാളെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ നാളെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നാളെ നടക്കേണ്ട വാക്സിനേഷന്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.

സംസ്ഥാനത്ത് ലോക് ഡൗൺ മെയ് 23 വരെ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ

keralanews lockdown extended to may 23 in the state triple lockdown in four districts

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ വീണ്ടും നീട്ടി. ഈമാസം 23 വരെയാണ് ലോക് ഡൗൺ നീട്ടിയത്. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്.കൂടൂതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. നിലവിൽ സംസ്ഥാനത്തുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മെയ് മാസം വളരെ നിർണയകമാണ്. മെയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറക്കാൻ കഴിയും. മഴ ശക്തമായാൽ രോഗ വ്യാപനം വർദ്ധിക്കാൻ ഇടയാക്കുമെന്നും പിണറായി പറഞ്ഞു.രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാമെന്നും മുഖ്യമന്ത്രി പറഞ്ഞു.കുടുംബശ്രീ വായ്പകള്‍ക്ക് 6 മാസം മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.അവശ്യ മെഡിക്കല്‍ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചു. കൊവിഡ് പ്രതിരോധ സാധനങ്ങളുടെ വില നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഭക്ഷ്യധാന്യ കിറ്റ് വിതരണം അടുത്ത മാസവും തുടരും. സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41; 31,319 പേര്‍ രോഗമുക്തി നേടി

keralanews 34694 corona cases confirmed in the state today 31319 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ്  കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 258 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2076 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 4346, മലപ്പുറം 3775, എറണാകുളം 3739, തൃശൂര്‍ 3148, കൊല്ലം 2978, പാലക്കാട് 1578, കോഴിക്കോട് 2693, കണ്ണൂര്‍ 2014, ആലപ്പുഴ 2145, കോട്ടയം 1901, ഇടുക്കി 1245, പത്തനംതിട്ട 1163, കാസര്‍ഗോഡ് 1060, വയനാട് 463 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.112 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 20, വയനാട് 13, കാസര്‍ഗോഡ് 12, തിരുവനന്തപുരം 11, എറണാകുളം 8, കൊല്ലം 6, തൃശൂര്‍ 4, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,319 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2802, കൊല്ലം 2634, പത്തനംതിട്ട 117, ആലപ്പുഴ 3054, കോട്ടയം 2174, ഇടുക്കി 836, എറണാകുളം 3341, തൃശൂര്‍ 2679, പാലക്കാട് 2924, മലപ്പുറം 3981, കോഴിക്കോട് 3912, വയനാട് 644, കണ്ണൂര്‍ 1490, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,42,194 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 844 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കേരളത്തിന് കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

keralanews high court asked the center to clarify when the covid vaccine will be given to kerala

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.കേരളത്തിലെ സാഹചര്യം അതീവഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സീന്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു.കേരളത്തിലെ സ്ഥിതി മനസിലാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേരളത്തിന് അനുവദിച്ച വാക്സീന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു.കേരളത്തിന് കിട്ടിയ വാക്സീന്‍ ഡോസുകള്‍ വളരെ കുറവാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ രീതിയില്‍ വാക്‌സീന്‍ നല്‍കിയാല്‍ മുഴുവന്‍ പേര്‍ക്കും വാക്സീന്‍ ലഭ്യമാക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.അതുകൊണ്ട് എപ്പോള്‍ സംസ്ഥാനത്തിന് വേണ്ട വാക്സീന്‍ മുഴുവന്‍ ലഭ്യമാക്കാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി പി പ്രഭാകരൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. കേരളത്തിലെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇന്ന് ഹരജി പരിഗണനക്ക് വന്നപ്പോഴാണ് കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്.വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ആംബുലൻസ് വൈകി;പിക്കപ്‌വാനിൽ ആശുപത്രിയിലെത്തിച്ച കൊറോണ രോഗി മരിച്ചു

keralanews ambulance delayed corona patient who was taken to the hospital in the pickup van died

കാസർകോട്:ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് പിക്കപ് വാനിൽ ആശുപത്രിയിൽ എത്തിച്ച കൊറോണ രോഗി മരിച്ചു.വെള്ളരിക്കുണ്ട് കൂരാംകോട് സ്വദേശി സാബു വട്ടംതടമാണ് മരിച്ചത്.ഇന്നലെയാണ് സംഭവം.കൊറോണ ബാധയെ തുടർന്ന് സാബു വീട്ടിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യയും മകളും കൊറോണ പോസിറ്റീവ് ആണ്. ഉച്ചയോടെ സാബുവിന്റെ ആരോഗ്യനില വഷളായതോടെ കുടുംബം ആബുംലൻസിനായി വിളിച്ചു. ആംബുലന്‍സ് എത്താന്‍ വൈകുമെന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് രോഗിയെ പിക്കപ്പ് വാനില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. രോഗിയുടെ ജീവന്‍ ആംബുലന്‍സ് എത്തുന്നത് വരെ കാത്തുനിന്നാല്‍ അപകടത്തിലാവുമെന്ന് മനസിലായതോടെയാണ് പിക്കപ്പ് വാനില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നടന്‍ രാജന്‍ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണം;ദുരൂഹത ആരോപിച്ച് കുടുംബം

keralanews death of actor rajan p death of devs sons wife family accused of suspicion

തിരുവനന്തപുരം:നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യാ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രിയങ്കയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ അന്വേഷണം നടക്കുകയാണ്.ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുൻപാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ഉണ്ണിയ്ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷഷനില്‍ പരാതി നല്‍കിയിരുന്നു. ഉണ്ണി പ്രിയങ്കയെ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല. സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ പറയുന്നു. തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറയുന്നു.

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു; അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഒൻപത് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

keralanews red alert issued in three districts today withdrawn strong winds and rain expected in nine districts in the next three hours

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലര്‍ട്ടാണ് പിന്‍വലിച്ചത്. ഇന്നത്തെ അലര്‍ട്ടില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളേക്ക് പ്രഖ്യാപിച്ച്‌ റെ‍ഡ് അലര്‍ട്ടില്‍ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഐഎംഡി നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെയാണ് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുക. പതിനാറാം തീയ്യതിയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം. ഇന്ന് വൈകിട്ടോടെ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പാതയില്‍ വ്യക്തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച്‌ ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത.

ന്യൂനമർദം;സംസ്ഥാനത്ത് മഴയും കടലാക്രമണവും രൂക്ഷം;ദുരന്തനിവാരണ സേനയുടെ 9 സംഘങ്ങൾ കേരളത്തിലേക്ക്

keralanews low pressure heavy rain in the state 9 teams of disaster management force arrive in kerala

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴയും കടലാക്രമണവും രൂക്ഷമാകുന്നു.കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം പൊഴിയൂരില്‍ എട്ട് വീടുകളില്‍ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന അൻപതോളം പേരെയും സമീപവാസികളേയും പൊഴിയൂര്‍ എല്‍പി സ്കൂളിലെ ക്യാംപിലേക്ക് മാറ്റി.കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയില്‍ ഭാഗത്ത് പത്ത് വീടുകളില്‍ വെള്ളം കയറി.ചുഴലിക്കാറ്റ് ഇന്ന് പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തിയാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ദുരന്ത നിവാരണസേന എത്തും. കേരളത്തിലേക്ക് മാത്രം 9 സംഘങ്ങളെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുന്നത്. പ്രത്യേക വിമാനത്തില്‍ എന്‍.ഡി.ആര്‍.എഫ് ടീം ഇന്ന് സംസ്ഥാനത്തെത്തും. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ,ഇടുക്കി ജില്ലകളിലേയ്ക്കാണ് സംഘത്തെ അയക്കുക. ഇരുപത് പേരടങ്ങുന്ന സംഘമാണ് ഒരോ ജില്ലയിലേക്കും എത്തുക.