News Desk

കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണ;രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷത്തോളം കേസുകള്‍

keralanews agreement to withdraw cases of non violent nature during covid about one and a half lakh cases have been registered

തിരുവനന്തപുരം: കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.ഒന്നരലക്ഷത്തോളം കേസുകളാണ് കോവിഡ് കാലത്ത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇതില്‍ സാമൂഹിക അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കും.ജനകീയ സ്വഭാവത്തില്‍ പൊതുമുതല്‍ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും.ഏതൊക്കെ കേസുകള്‍ പിന്‍വലിക്കണം എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും.യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, നിയമ സെക്രട്ടറി വി ഹരി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെഎസ്ആർടിസി സമരം;നേരിടാനുറച്ച് മാനേജ്‌മെന്റ്; 751 രൂപയ്‌ക്ക് ഡ്രൈവർമാരെ ഇറക്കും

keralanews ksrtc strike management ready to face strike appoint drivers for 751rupees daily waged

തിരുവനന്തപുരം : ഒക്ടോബർ ഒന്ന് മുതൽ കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഒരുങ്ങി മാനേജ്‌മെന്റ്.സമരത്തെ തുടര്‍ന്ന് തൊഴിലാളികളുടെ അഭാവം നേരിട്ടാല്‍ പകരം സംവിധാനം ഒരുക്കുന്നതിനായി താത്ക്കാലികമായി ‘ബദലി’ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കുതിന് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഇതിന് നിലവില്‍ കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാണ് പട്ടിക തയ്യാറാക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. സമരത്തെ ശക്തമായി നേരിടുമെന്ന് നേരത്തെ കെഎസ്ആര്‍ടി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുകയാണ്.

കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് മർദിച്ച സംഭവം;KSRTC ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

keralanews incident of father beatig infront of daughter court rejects anticipatory bail application of ksrtc employees

തിരുവനന്തപുരം: കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49) വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയമായ പരിശോധിക്കുന്നതിന് പ്രതികളുടെ ശബ്ദ സാമ്പിളുകൾ പരിശോധിക്കണം. ഇതിന് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടത് ആവശ്യമാണെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്. മകളുടെ മുന്നില്‍വെച്ച് പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ;കേരളത്തിൽ 17 ഓഫീസുകൾ

keralanews state government issued order to close popular front offices 17 offices in kerala

തിരുവനന്തപുരം:നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ.കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ നടപടി.നിരോധനം നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്.നടപടികൾ വിശദീകരിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കും. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.കോഴിക്കോട് മീഞ്ചന്തയിലെയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉൾപ്പെടെ 17 ഓഫിസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്. തൊടുപുഴ,തൃശൂര്‍, കാസര്‍കോട്,കരുനാഗപ്പള്ളി, മലപ്പുറം,മാനന്തവാടി, തിരുവനന്തപുരം മണക്കാട്,പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്,ആലപ്പുഴ മണ്ണഞ്ചേരി എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടുന്നത്.ഇതിന്റെ ഭാഗമായി നേതാക്കളുടെയും സംഘടനയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഉത്തരവ് പുറത്തിറങ്ങാത്തതിനാൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകൾ സീൽ ചെയ്യുന്നതടക്കമുളള തുടർ നടപടികൾ ആരംഭിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. അതേസമയം, ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ അവശ്യപ്പെടും. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താർ.അതേസമയം പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ കേരളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലീസിനെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ഇതിന് പുറമെ ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങളുണ്ടായ ആലുവയിൽ കേന്ദ്രസേനയെത്തി.യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

keralanews challenge to national security center bans popular front of india

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നീ സംഘടനകളേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.ഇതോടെ ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. പിഎഫ്ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. നിരോധിത സംഘടനയുടെ പട്ടികയിലേക്ക് പിഎഫ്ഐയെ ഉൾപ്പെടുത്തി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഭീകരപ്രവർത്തനം, ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കൽ, ക്രമസമാധാനം തകർക്കൽ, തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങി കുറ്റങ്ങളാണ് കേന്ദ്രം പിഎഫ്ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപകമായി എൻഐഎ റെയ്ഡ് നടത്തി നേതാക്കൾ അടക്കം അറസ്റ്റിലായതന് ശേഷമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഹര്‍ത്താലിനിടെ ആക്രമണത്തിന് ആഹ്വാനം; പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ

keralanews call for attack during hartal popular front kannur south district president arrested

കണ്ണൂര്‍:ഹര്‍ത്താല്‍ ദിവസം ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി, കക്കാട് ഡിവിഷന്‍ സെക്രട്ടറി അഫ്‌സല്‍ അഴീക്കോട് ഡിവിഷന്‍ ഭാരവാഹി സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്.നിരവധി പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിവസം ഏറ്റവും കൂടുതല്‍ പെട്രോള്‍ ബോംബ് ആക്രമണമടക്കം നടന്നത് കണ്ണൂരിലായിരുന്നു. അതേസമയം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് നടന്ന ആക്രമണത്തിൽ കണ്ണൂർ ജില്ലയിൽ 23 കേസുകളാണ് ഇതു വരെ രജിസ്റ്റർ ചെയ്തത്.കണ്ണൂർ ടൗൺ, ധർമ്മടം, മട്ടന്നൂർ,കൂത്തുപറമ്പ്, കതിരൂർ, കൊളവല്ലൂർ എന്നി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വീതം കേസുകളും കണ്ണപുരം, പാനൂർ, ചക്കരക്കൽ, കണ്ണവം, കണ്ണൂർ സിറ്റി, ചൊക്ലി, വളപട്ടണം, ന്യൂ മാഹി, പിണറായി,മയ്യിൽ, എടക്കാട് എന്നീ സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റർ ചെയ്തു.ഹർത്താൽ ദിനത്തിൽ ജില്ലയിൽ ആസൂത്രിതമായി അക്രമം അഴിച്ചു വിട്ടതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായിരുന്നു. ഇതിന് പിന്നാലെ മൂന്ന് തവണയാണ് പോലീസ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബർ‍ മൂന്നിന് അവധി പ്രഖ്യാപിച്ചു

keralanews leave for educational institutions in the state on october 3

തിരുവനനന്തപുരം: നവരാത്രി പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബർ‍ മൂന്നിന് അവധി പ്രഖ്യാപിച്ചു.പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അവധി ദിവസത്തിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ 4,5 തിയതികളിലും സർക്കാർ അവധിയാണ്.ഒക്ടോബർ രണ്ട് വൈകിട്ട് പൂജ വെച്ചതിനു ശേഷം മൂന്നാംതീയതി ദുർഗാഷ്ടമിക്ക് വിദ്യാലയങ്ങൾക്ക് അവധി നൽകാതിരുന്നതിന് എതിരെ ഹിന്ദു സംഘടനകളും നേതാക്കളും രംഗത്ത് വന്നിരുന്നു.

പുല്ലൂപ്പിക്കടവ് തോണി അപകടം; മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

keralanews pulluppikkadav boat accident body of the third person was also found

കണ്ണൂർ: പുല്ലൂപ്പിക്കടവ് തോണി അപകടത്തിൽ കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ പി സഹദിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വള്ളുവൻകടവ് പരിസരത്ത് കരയോട് ചേർന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ മരിച്ച പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസിന്റെയും അത്താഴക്കുന്ന് സ്വദേശി അസറുദ്ദീനിന്റെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് മീൻ പിടിക്കുന്നതിനായി സുഹൃത്തുക്കളായ ഇവർ പുഴ കടവിൽ എത്തിയത്. രാത്രി വൈകിയും ഇവർ തിരിച്ചെത്താത്തതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.പിന്നാലെ രണ്ട് പേരുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു.കാണാതായ മൂന്നാമത്തെയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു.

ഹർത്താൽ ദിനത്തിലെ അക്രമം;പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്

keralanews violence in hartal day police raided offices of popular front in palakkad and wayanad

പാലക്കാട്:പോപ്പുലര്‍ ഫ്രണ്ടിന്റെ പാലക്കാട്, വയനാട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ്.ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലുമാണ് പരിശോധന. വയനാട്ടില്‍ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പി എപി ചന്ദ്രന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്.പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകള്‍ സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ തെരഞ്ഞാണ് പൊലീസ് തിരച്ചിലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് നടപടി. റെയ്ഡില്‍ ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പോലീസ് റെയ്ഡ്

keralanews police raids on popular front centers in kannur today

കണ്ണൂർ: ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പോലീസ് റെയ്ഡ്. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കെടുത്ത സംഘടനയുടെ പ്രാദേശിക നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായായിരുന്നു പരിശോധന. ഇവർ ചിലർ ഒളിവിൽ പോയതായി പോലീസിന് വ്യക്തമായി. കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.പാലോട്ടുപള്ളി, നടുവനാട് , പത്തൊൻപതാം മൈൽ എന്നിവിടങ്ങളിലെ കടകളിലും വീടുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. ഇന്നലെ കണ്ണൂരിലെ ബി മാർട്ട് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട 4 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് രാവിലെ മട്ടന്നൂരിലെ ഫാത്തിമാസ് എന്ന ഫർണീച്ചർ കടയിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങൾ സമാന സ്വഭാവമുള്ളതായിരുന്നതിനാൽ ഇത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽവെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.