News Desk

കൊച്ചി – കണ്ണൂര്‍ ചരക്ക് കപ്പല്‍ സര്‍വീസ് ഈ മാസം 21 മുതല്‍;ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുമായി ഒരു കപ്പൽ

keralanews kochi kannur cargo ship service from 21st of this month first one ship with two services per week

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് നിന്ന് ബേപ്പൂര്‍ വഴി കണ്ണൂര്‍ അഴിക്കല്‍ തുറമുഖത്തേക്കുള്ള കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കം. ആഴ്ചയില്‍ രണ്ട് സര്‍വീസുമായി ഒരു കപ്പലാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. മുംബൈയിലെ റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനി ഫീഡര്‍ കപ്പലാണ് സര്‍വീസ് നടത്തുക. ദേശീയ ജലപാതയടക്കമുള്ളവ ഇതിനുപയോഗിക്കും. കൊച്ചിയില്‍ നിന്ന് മലബാര്‍ മേഖലയിലേക്ക് ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതോടെ കടത്ത് കൂലിയിനത്തില്‍ വന്‍ നേട്ടവും നിരത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയും. നിലവില്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട് മേഖലയിലേക്ക് റോഡ് മാര്‍ഗം ഒരു കണ്ടെയ്‌നര്‍ നീക്കത്തിന് 22,000-24,000 രൂപ വരെയാണ് കടത്തുകൂലി. കണ്ണൂരിലേക്കിത് 36,000 രൂപ വരെയാകും. ചരക്ക് കപ്പല്‍ വഴിയാണങ്കില്‍ കണ്ടെയ്‌നറൊന്നിന് 16,000 മുതല്‍ 25,000 രൂപ വരെയായി കുറയുമെന്നാണ് ഏജന്റുമാര്‍ പറയുന്നത്. പ്രതിമാസം 4000-4500 കണ്ടെയ്‌നര്‍ വരെ കൊച്ചിയില്‍ നിന്ന് മലബാറിലേയ്ക്ക് നീങ്ങുന്നുണ്ട്. ഇത് കണക്കാക്കിയാല്‍ പ്രതിമാസ കടത്തുക്കൂലി നേട്ടം 35-40 കോടി രൂപ വരെയാകും.ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, സിമന്റ്, ടൈലുകള്‍ തുടങ്ങിയവയാണ് കൂടുതലായി കടത്തുന്നത്. മലബാറില്‍ നിന്ന് പച്ചക്കറികളും, ഊട്ടിയിലെ ഫലങ്ങളുമടക്കമുള്ളവ നീക്കത്തിനും ശ്രമങ്ങള്‍ തുടങ്ങി. കോട്ടയത്ത് നിന്ന് ചരക്ക് കണ്ടെയ്‌നറുകള്‍ ഫീഡര്‍ വഴി കൊച്ചിയിലെത്തിക്കുന്ന സംവിധാനം നിലവിലുണ്ട്. അടുത്തഘട്ടമായി കൊച്ചി – കൊല്ലം – വിഴിഞ്ഞം കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് നീക്കം. ഇതോടെ കൊച്ചിയില്‍ സമുദ്രോത്പന്ന, കയര്‍, കശുവണ്ടിയടക്കമുള്ള കയറ്റുമതി കണ്ടെയ്‌നറുകളുമെത്തും.

മീന്‍കറി ചോദിച്ചിട്ട് നല്‍കിയില്ല; ഹോട്ടലിലെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു

keralanews not given fish curry man destroyed glass table in the hotel died after bleeding

പാലക്കാട്: മീന്‍കറി ചോദിച്ചിട്ട് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഹോട്ടലിലെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. അപ്പോഴേക്കും ഹോട്ടലിലെ ഭക്ഷണം തീര്‍ന്നു തുടങ്ങിയിരുന്നു. പരിചയമുള്ള ഹോട്ടലായതിനാല്‍ ശ്രീജിത്ത് അകത്തുകയറി ബാക്കിയുണ്ടായിരുന്ന മീന്‍കറിയെടുത്തു. എന്നാല്‍ ഇത് ഹോട്ടലിലെ ജീവനക്കാര്‍ക്ക് കഴിക്കാനുള്ളതാണെന്ന് പറഞ്ഞത് തര്‍ക്കത്തിലേക്ക് നയിച്ചു. ഹോട്ടലുടമകള്‍ ശ്രീജിത്തിനെയും സുഹൃത്തക്കളെയും ഹോട്ടലില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത്ത് ചില്ലുമേശ തല്ലിത്തകര്‍ത്തത്.ഞരമ്പ് മുറിഞ്ഞ് ചോരവാര്‍ന്നൊഴുകിയ ശ്രീജിത്തിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മദ്യപിച്ചാണ് ശ്രീജിത്തും സംഘവും ഹോട്ടലിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ഹോട്ടലില്‍ അക്രമംകാട്ടിയ യുവാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹോട്ടല്‍ അടപ്പിക്കുകയും ചെയ്‌തു.

രാജ്യത്ത് നാലാഴ്ചയ്ക്കുള്ളില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്; ബാധിക്കുക കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ്; രോഗം കുട്ടികളെ കൂടുതലായി ബാധിക്കും

keralanews experts warns third wave of covid in the country in four weeks disease more affects children more

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപുതന്നെ രാജ്യത്ത് മൂന്നാം തരംഗവും ആരംഭിക്കുമെന്ന സൂചന നല്‍കി വിദഗ്ദര്‍. പരമാവധി നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം ചെറുപ്രായക്കാരെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പും വിദഗ്ദര്‍ നല്‍കുന്നുണ്ട്.അതുകൊണ്ടുതന്നെ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് വേണ്ടി ഓരോ ആശുപത്രികളിലും ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ കൂടുതല്‍ ബെഡ് ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും അത്തരം വിഭാഗങ്ങളില്ലാത്തയിടങ്ങളില്‍ ഒരു ഡോക്ടറെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും വിദഗ്ദര്‍ പറയുന്നു.അതിനിടെ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്സിന്റെ മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം ആരംഭിക്കാമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം ചെറുപ്രായക്കാരെ കൂടുതല്‍ ബാധിച്ചേക്കാമെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി.കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും മൂന്നാം തരംഗത്തില്‍ ബാധിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. അതേസമയം മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്ത് പ്രതിരോധ വിഭാഗം ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതി വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും

keralanews woman stabbed to death for refusing marriage proposal defendant vineesh will be taken to the house for evidence collection

മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും.ഇതിനൊപ്പം പെണ്‍കുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച്‌ പൊലീസ് തെളിവെടുക്കും.തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. വിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുമ്പോഴാണ് ദൃശ്യ ആക്രമണത്തിന് ഇരയായത്. മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. ദൃശ്യയെ കുത്തുന്നത് തടയുന്നതിനിടെ സഹോദരി ദേവശ്രീക്കും പരിക്കേറ്റിരുന്നു.ദേവശ്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു.പ്രതി യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും രണ്ടാം നിലയിലെ മുറിയിലെത്തി ആക്രമിക്കുകയുമായിരുന്നു. കൈയിലുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊല.  പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ദൃശ്യയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കാരം. അതേസമയം കൊല്ലപ്പെട്ട ദൃശ്യയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ടതും പ്രതി വിനേഷ് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ സി കെ സ്റ്റോര്‍സ് എന്ന കടയില്‍ തലേദിവസം രാത്രി തീപിടുത്തമുണ്ടായിരുന്നു. അച്ഛന്റെ ശ്രദ്ധ തിരിക്കാന്‍ ആയിരുന്നു നീക്കം.

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും; ആദ്യം നിരത്തിലിറങ്ങുന്നത് ഒറ്റയക്ക നമ്പർ വണ്ടികൾ;നിർദേശം പ്രായോഗികമല്ലെന്ന് ബസ്സുടമകൾ

keralanews private buses will run in the state from today buses with odd number will run first bus owners say the proposal is not practical

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും.  ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ സർവ്വീസ് നടത്തുകയുള്ളൂ. ഇതുസംബന്ധിച്ച് മാർഗ നിർദ്ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകളാവും സർവീസ് നടത്തുക.അടുത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവ്വീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങേണ്ടത്.ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിൽ ഉള്ളതെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. നിലവിലെ കൊറോണ സാഹചര്യം കൂടി കണക്കിലെടുത്താണ് ഒന്നിടവിട്ട ദിവസങ്ങൾ വച്ച് ബസുകൾ മാറി മാറി സർവ്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഒറ്റ, ഇരട്ടയക്ക ക്രമീകരണം അനുസരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളിലെ സര്‍വീസ് പ്രായോഗികമാവില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.റ്റയക്ക നമ്പറുകളാണ് കൂടുതല്‍ എന്നതിനാല്‍ ഒരു ദിവസം കൂടുതല്‍ ബസുകളും പിറ്റേന്നു കുറവു ബസുകളും സര്‍വീസ് നടത്തുന്ന സാഹചര്യം ഉണ്ടാവുമെന്ന് ബസ് ഉടമകള്‍ പറയുന്നു.വിശ്വാസത്തിന്റെ പേരില്‍ ഒറ്റയക്ക നമ്പറുകളാണ് ബസ് ഉടമകള്‍ കൂടുതലും തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എംബി സത്യന്‍ പറഞ്ഞു. അതു കൊണ്ടുതന്നെ ഒരു ദിവസം കൂടുതല്‍ ബസുകളും പിറ്റേന്നു കുറവു ബസുകളുമാണ് സര്‍വീസിന് ഉണ്ടാവുക. ഇത് യാത്രക്കാരെ അകറ്റാനാണ് ഉപകരിക്കുകയെന്ന് സത്യന്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസിന് അനുമതിയില്ല. ആഴ്ചയില്‍ രണ്ടു ദിവസത്തേക്കു മാത്രമായി ജോലിക്കാരെ കിട്ടാന്‍ പ്രയാസമാവുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു. ഈ രീതിയില്‍ സര്‍വീസ് നടത്തണോയെന്ന് ബസ് ഉടമകള്‍ ആലോചിച്ചു തീരുമാനിക്കുകയെന്നും ഗോപിനാഥന്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ശതമാനം; 88 മരണം;13,614 പേർക്ക് രോഗമുക്തി

keralanews 12469 covid cases confirmed in the state today 88 deaths 13614 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,700 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1595, കൊല്ലം 1405, എറണാകുളം 1257, മലപ്പുറം 1261, തൃശൂര്‍ 1135, കോഴിക്കോട് 951, പാലക്കാട് 614, ആലപ്പുഴ 947, പത്തനംതിട്ട 576, കണ്ണൂര്‍ 474, കോട്ടയം 437, ഇടുക്കി 396, കാസര്‍ഗോഡ് 410, വയനാട് 242 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 10, കൊല്ലം, തൃശൂര്‍ 6 വീതം, എറണാകുളം, കാസര്‍ഗോഡ് 4 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 13,614 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1486, കൊല്ലം 837, പത്തനംതിട്ട 417, ആലപ്പുഴ 1079, കോട്ടയം 831, ഇടുക്കി 277, എറണാകുളം 1899, തൃശൂര്‍ 1189, പാലക്കാട് 1428, മലപ്പുറം 1568, കോഴിക്കോട് 947, വയനാട് 383, കണ്ണൂര്‍ 700, കാസര്‍ഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്.ടി.പി.ആര്‍. 30ന് മുകളിലുള്ള 18 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

സ്വകാര്യ ബസ് സര്‍വീസിന് നിയന്ത്രണം; ഒറ്റ-ഇരട്ട അക്ക നമ്പർ പ്രകാരം ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തിലിറങ്ങാം

keralanews regulation of private bus service service on alternative days based on single double numbers

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഒറ്റ-ഇരട്ട അക്ക നമ്പർ അനുസരിച്ച്‌ ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം. നാളെ ഒറ്റ അക്ക ബസുകള്‍ സര്‍വീസ് നടത്തണം. വരുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പർ ബസുകള്‍ക്ക് സര്‍വീസ് നടത്താം.വരുന്നാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പർ ബസുകള്‍ക്ക് ഗതാഗതം നടത്താന്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വീസിന് അനുമതിയില്ല.നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സര്‍വീസുകള്‍ കര്‍ശന കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ മാത്രമെ സര്‍വീസ് നടത്താവൂ എന്നാണ് നിര്‍ദേശം.

സി.ബി.എസ്​.ഇ 12 ആം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി; 10, 11, 12ാം ക്ലാസുകളിലെ മാര്‍ക്ക്​ അടിസ്​ഥാനമാക്കും;ഫലം ജൂലൈ 31നകം

keralanews criteria for cbse 12th class evaluation ready results by july 31

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാനദണ്ഡം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡും മാര്‍ക്കും നല്‍കുന്നതിനുള്ള മാനദണ്ഡമാണ് സിബിഎസ്‌ഇ സമര്‍പ്പിച്ചത്. ഫലപ്രഖ്യാപനം ജൂലൈ 31ന് മുൻപ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്‍റെ ആകെത്തുകയെന്ന നിലയിലാകും കണക്കാക്കുക.10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കും 12ാം ക്ലാസിലെ പ്രകടന മികവും അടിസ്ഥാനമാക്കിയാകും ഫലം നിര്‍ണയിക്കുക.12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷക്ക് 40 ശതമാനം വെയിറ്റേജ് നല്‍കും.കൂടാതെ 30 ശതമാനം മാര്‍ക്ക് 11ാം ക്ലാസിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാകും. 30 ശതമാനം മാര്‍ക്ക് 10ാം ക്ലാസിലെ മാര്‍ക്കിന്‍റെയും അടിസ്ഥാനമാക്കിയാകും. അഞ്ച് പ്രധാനവിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി പരിഗണിച്ചായിരിക്കും വെയിറ്റേജ് നല്‍കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ് ഇത്തരത്തില്‍ നിര്‍ണയിക്കുക. പ്രാക്ടിക്കല്‍ പരീക്ഷകളുടേത് സ്കൂളുകള്‍ സമര്‍പ്പിക്കണം. ഉപരിപഠനത്തിന് യോഗ്യത നേടാത്തവരെ റിപീറ്റ് വിഭാഗത്തിലേക്ക് മാറ്റും. ഫലം തൃപ്തികരമല്ലാത്തവര്‍ക്ക് കൊവിഡിന് ശേഷം പരീക്ഷ നടത്തും. മാനദണ്ഡങ്ങള്‍ സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്. ഫലനിര്‍ണയം നിരീക്ഷിക്കാന്‍ ഒരു സമിതിയെ നിരീക്ഷിക്കും. സ്കൂളുകള്‍ മാര്‍ക്ക് കൂട്ടി നല്‍കുന്നത് ഒഴിവാക്കുന്നത് നിരീക്ഷിക്കാനാണ് സമിതി. ഇതേ രീതിയില്‍ മൂല്യനിര്‍ണയം നടത്തി ജൂലൈ 11നകം ഫലം പ്രഖ്യാപിക്കാനാണ് തീരുമാനമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു;പെരിന്തല്‍മണ്ണയില്‍ 21കാരന്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി

keralanews love proposal rejected 21 year old woman stabbed to death in perinthalmanna

മലപ്പുറം:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് പെരിന്തല്‍മണ്ണയില്‍ 21കാരന്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി.എളാട് കൂഴംന്തറ എന്ന സ്ഥലത്തെ ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ ( 13 ) ക്കും കുത്തേറ്റു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കിത്സയിൽ കഴിയുന്ന ദേവശ്രീയുടെ നില ഗുരുതരമാണ്. പ്രതി പൊതുവയിൽ കൊണ്ടപ്പറമ്ബ് വീട്ടിൽ വിനീഷ് വിനോദി ( 21 ) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചു കയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദൃശ്യ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി.കെ. സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പൊലീസിന്റെ സംശയം. പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ ആദ്യം സ്ഥാപനം തീവെച്ച്‌ നശിപ്പിച്ച പ്രതി, വ്യാഴാഴ്ച രാവിലെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ലോക്ഡൗണ്‍ ഇളവുകൾ; യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

keralanews lockdown concessions state police chief loknath behra issues guidelines on documents to be kept by travelers

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവുവന്ന സ്ഥലങ്ങളില്‍നിന്ന് ഭാഗിക ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ടു വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍നിന്നും സമ്പൂർണ്ണ ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് ആവശ്യമാണ്.സമ്പൂർണ്ണ ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍നിന്നു ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെള്ള പേപ്പറില്‍ അപേക്ഷ തയാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍നിന്നു പാസ് ലഭിക്കും. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.