News Desk

രാമനാട്ടുകയിൽ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചത് സ്വര്‍ണകടത്ത് സംഘങ്ങള്‍ക്കിടയിലെ തർക്കമെന്ന് സൂചന;അന്വേഷണം ശക്തിപ്പെടുത്തി പോലീസ്

keralanews dispute between gold smuggling gangs leads to accident that killed five youths in ramanattuka police intensify probe

കോഴിക്കോട്: രാമനാട്ടുകയിൽ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചത് സ്വര്‍ണകടത്ത് സംഘങ്ങള്‍ക്കിടയിലെ തർക്കമെന്ന് സൂചന.സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെര്‍പ്പുളശേരിയില്‍ നിന്നും എത്തിയ കള്ളക്കടത്ത് സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട വാഹനാപകടമാണ് കള്ളക്കടത്ത് കവര്‍ച്ചാ സംഘത്തിലേക്ക് പൊലീസിന് വഴി തുറക്കാന്‍ സാധിച്ചത്.ഇന്നലെ കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച്‌ ദുബായില്‍ നിന്നും കരിപ്പൂരിലെത്തിച്ച 1.11 കോടി വിലവരുന്ന 2.330 ഗ്രാം സ്വര്‍ണം ഷഫീക് എന്ന യുവാവിൽ നിന്നും കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തിരുന്നു. ഈ സ്വര്‍ണ്ണം വാങ്ങാനാണ് അപകടത്തില്‍പ്പെട്ട ചേര്‍പ്പുള സ്വദേശികള്‍ എത്തിയതെന്നാണ് സൂചന.ഇവരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കാന്‍ കണ്ണൂരില്‍ നിന്നുള്ള മറ്റൊരു സംഘവും എത്തിയിരുന്നു. എന്നാല്‍ സ്വര്‍ണം കടത്തികൊണ്ടുവന്ന മുഹമ്മദ് ഷഫീക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ പിടിയിലായത് ഇരു സംഘങ്ങളും അറിഞ്ഞിരുന്നില്ല.പിന്നീട് കരിപ്പൂരേക്കുള്ള യാത്രാമധ്യേ വിവരം അറിഞ്ഞ് ചേര്‍പ്പുള സ്വദേശികളായ യുവാക്കള്‍ തിരികെ പോകുന്നതിനിടെ കണ്ണൂരില്‍ നിന്നും എത്തിയ സംഘവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നുള്ള സംഭവങ്ങള്‍ അപകടത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് വിവരം.

കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവം;ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

keralanews woman found hanging at husbands house arrest of husband kiran recorded soon

കൊല്ലം:കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പൊലീസ് പരിശോധന തുടരുന്നു. വിസ്മയ തൂങ്ങി മരിച്ച വീട്ടില്‍ കൊല്ലം റൂറല്‍ എസ് പി രവിയുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.വിസ്മയ മരിച്ചതിന് ശേഷം കിരണ്‍ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരണ്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പത്തനംതിട്ട നിലമേല്‍ കൈതോട് സ്വദേശിനിയാണ് മരിച്ച വിസ്മയ.സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് പല തവണ ഭര്‍ത്താവ് കിരണ്‍ കുമാര്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.കിരണിന്റെ മര്‍ദനത്തില്‍ ഏറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നു. സഹോദരനും ഭാര്യയുമായി വിസ്മയ നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റിലും മര്‍ദ്ദനത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞദിവസം വിസ്മയ സഹോദരന് അയച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.2020 മെയ് മാസത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനി വിസ്മയയും തമ്മിലുളള വിവാഹം. വിസ്മയയ്ക്ക് സ്ത്രീധനമായി ഒരേക്കര്‍ സ്ഥലവും, 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപ വിലവരുന്ന വാഹനവുമാണ് കുടുംബം നല്‍കിയത്. എന്നാല്‍ വാഹനത്തിന് പകരം പണം മതി എന്നായിരുന്നു കിരണിന്റെ ആവശ്യം. മദ്യപിക്കുന്ന കിരണ്‍ ഇക്കാര്യം പറഞ്ഞു പലതവണ വിസ്മയയെ മര്‍ദ്ദിച്ചിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഭൗതികശരീരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്;പിടിച്ചെടുത്തത് 75 ലക്ഷം രൂപയുടെ സ്വര്‍ണം

keralanews gold worth 75 lakhs seized from kannur airport

മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്.75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കൂത്തുപറമ്പ് മാനന്തേരി സ്വദേശി പി പി ഷംനാസാണ് പിടിയിലായത്.1514 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.ദുബായില്‍ നിന്നാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.അതേസമയം നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും ഇന്നലെ സ്വര്‍ണം പിടികൂടിയിരുന്നു. വിദേശത്ത് നിന്നും കൊണ്ടുവന്ന ഒരു കോടിയോളം വിലവരുന്ന സ്വര്‍ണമാണ് നെടുമ്പാശ്ശേരിയിൽ നിന്നും പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയിലായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണമാണ് പിടികൂടിയത്.

കൊല്ലത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍;കൊലപാതമെന്ന് ബന്ധുക്കൾ

keralanews woman found hanging at husbands house in kollam relatives allege murder

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതാട് സ്വദേശിനി വിസ്മയയെയാണ്(24) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വിസ്മയയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.വിസ്മയ സഹോദരന് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിലും മർദ്ദന വിവരം പറയുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥനാണ് കിരൺ. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ വിസ്മയയുടെ മൃതദേഹം ഭർതൃ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹത കൂട്ടുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. മരണത്തിന് മുൻപ് യുവതിക്ക് ഭര്‍തൃവീട്ടില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. മര്‍ദ്ദനമേറ്റ പാടുകളുടെ ചിത്രങ്ങളും വിസ്മയ സഹോദരനും ബന്ധുക്കള്‍ക്കും അയച്ചു നല്‍കിയിരുന്നു.മാത്രമല്ല അതില്‍ മര്‍ദ്ദന വിവരവും പറയുന്നുണ്ട്.കഴിഞ്ഞ ദിവസം സഹോദരന് അയച്ച വാട്‌സ്ആപ്പ് മെസേജിലാണ് ഭർത്താവ് മർദ്ദിച്ചതായി വിസ്മയ വെളിപ്പെടുത്തിയത്. മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ച് നൽകിയിരുന്നു. വിവാഹത്തിന് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് വിസ്മയ പറഞ്ഞു. തന്നെയും അച്ഛനേയും അസഭ്യം പറഞ്ഞതായും കാറിന്റെ ചില്ല് തകർത്തതായും സന്ദേശത്തിലുണ്ടായിരുന്നു. ഭർത്താവ് മുഖത്ത് ചവിട്ടിയെന്നും വിസ്മയ വെളിപ്പെടുത്തി.ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഭർതൃവീട്ടിലെ പീഡനങ്ങൾ വിശദീകരിച്ചുകൊണ്ട് വിസ്മയ സന്ദേശങ്ങൾ അയച്ചത്. തുടർന്ന് മണിക്കൂറുകൾക്കകം യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ കുറേയേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് വിസ്മയ വീട്ടിലേയ്ക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കിയ ശേഷം ഭർതൃവീട്ടിലേയ്ക്ക് തിരികെ പോകുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മർദ്ദനമേറ്റിരുന്നു എന്നാണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യക്തമാക്കുന്നത്.പന്തളം എന്‍എസ്‌എസ് കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച വിസ്മയ.

രാമനാട്ടുകര അപകടത്തിൽ ദുരൂഹത; ആറ് പേരെ പോലീസ് ചോദ്യം ചെയ്യുന്നു

keralanews mystery in ramanattukara accident police are questioning six people

കോഴിക്കോട്‌: രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത.പോലീസ് ആറ് പേരെ ചോദ്യം ചെയ്യുന്നു. ലോറിയുമായി കൂട്ടിയിടിച്ച്‌ തകര്‍ന്ന കാറിനൊപ്പം മറ്റൊരു കാറിയില്‍ യാത്ര ചെയ്തവരെയാണ് ഫറോക്ക് പോലീസ് സ്‌റ്റേഷനില്‍വെച്ച്‌ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ അപകടത്തില്‍പ്പെട്ടവര്‍ അപകട സ്ഥലത്ത് എത്തിയത് സംബന്ധിച്ചാണ് പോലീസിന് സംശയം.പുലര്‍ച്ചെ 4.45 ഓടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച ബൊലേറോ കാര്‍ സിമെന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നെന്നും തലകീഴായി മറിഞ്ഞ ശേഷമാണ് ലോറിയില്‍ ഇടിച്ചതെന്നും ലോറി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പാലക്കാട് ചെര്‍പ്പുളശ്ശേരി പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്.വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്. വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ വെള്ളം വാങ്ങിക്കുന്നതിനായി പോയതാണെന്നാണ് രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. ഇത് പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തങ്ങളുടെ കൂടെയുള്ള വാഹനം അപകടത്തില്‍പ്പെട്ടത് ആരാണ് ഇവരെ വിളിച്ച്‌ പറഞ്ഞതെന്ന് വ്യക്തമല്ല. അതേ സമയം തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ കിട്ടിയല്ലെന്നും തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ വന്നവരാണ് അപകടം നടന്ന വിവരം തങ്ങളെ അറിയിച്ചതെന്നുമാണ് കൂടെയുണ്ടായിരുന്ന മുബശ്ശിര്‍ എന്നയാള്‍ പോലീസിനെ അറിയിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ കൂടെയുള്ളവര്‍ സഞ്ചരിച്ച ഇന്നോവ കാറും ഫറോക്ക്‌ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മൂന്ന് വണ്ടികളിലായാണ് സംഘം ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് വന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വാഹനങ്ങള്‍ സഞ്ചരിച്ച വഴികളിലെ സി സി ടി വിയടക്കം പരിശോധിക്കാനാണ് പോലീസ് തീരുമാനം. ലോക്ക്ഡൗണ്‍ സമയത്ത് മൂന്ന് വാഹനങ്ങളിലായി 15 പേര്‍ എന്തിന് കരിപ്പൂരിലെത്തിയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍;18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം

keralanews central government's new vaccine policy from today vaccine free for all over 18 years of age

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍.ഇന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ഡിസംബര്‍ മാസത്തോടെ സമ്പൂർണ്ണ വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. 0.25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ ക്വാട്ട നിശ്ചയിക്കുക.കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന് 1,410 രൂപയും സ്പുടിനിക് വാക്‌സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാനാകുക. വാക്‌സിന്‍ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 180 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം.

തിരുവനന്തപുരത്ത് കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

keralanews three from one family found died in thiruvananthapuram

തിരുവനന്തപുരം:നന്തൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മനോജ് കുമാർ(45), ഭാര്യ രഞ്ജു (38), മകൾ അമൃത(16) എന്നിവരാണ് മരിച്ചത്. മുണ്ടക്കയം സ്വദേശികളായ ഇവർ നന്തൻകോട് വാടകയ്ക്ക് താമസിക്കുകയാണ്.ചാലയില്‍ സ്വര്‍ണ പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക സൂചനകള്‍ അനുസരിച്ച്‌ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മനോജിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് കണ്ടെത്തിയതോടെ വിവരം അറിയിക്കാന്‍ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് രഞ്ജുവും അമൃതയും വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടത്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസ്സെടുത്തു; കണ്ണൂരിൽ മദ്രസ അധ്യാപകനെതിരെ കേസ്

keralanews took class violating lockdown standards case against madrasa teacher in kannur

കണ്ണൂർ:സമ്പൂർണ്ണ ലോക്ഡൗൺ നിലനിൽക്കുന്ന ഞായറാഴ്ച മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസ്സെടുത്തതിന് മദ്രസ അധ്യാപകനെതിരെ കേസ്.തളിപ്പറമ്പ് കരിമ്പത്തെ ഹിദായത്തുല്‍ ഇസ്‌ലാം മദ്റസയിലെ അധ്യാപകന്‍ എ.പി. ഇബ്രാഹീമിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.പത്തോളം കുട്ടികള്‍ക്കാണ് മദ്റസയുടെ ഒന്നാംനിലയിലെ ക്ലാസില്‍ അധ്യാപകന്‍ ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച്‌ ക്ലാസെടുത്തത്.പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പഠനം നിര്‍ത്തിച്ച്‌ കുട്ടികളെ പറഞ്ഞുവിടുകയായിരുന്നു. അധ്യാപകനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

കടയ്ക്കാവൂര്‍ പീഡന കേസില്‍ അമ്മ നിരപരാധിയെന്ന് കണ്ടെത്തൽ; പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണസംഘം

keralanews mother is innocent in kadaikkavoor pocso case investigation team said that the statement of the 13 year old was not credible

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ച കേസില്‍ അമ്മ നിരപരാധിയാണെന്ന കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലുള്‍പ്പെട്ട പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.പരാതിപ്പെട്ടത് മുന്‍ ഭര്‍ത്താവാണെന്നും വൈദ്യ പരിശോധനയിലും തെളിവ് കണ്ടെത്താനായില്ല എന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസിന് പിന്നില്‍ കുട്ടിയുടെ പിതാവും രണ്ടാം ഭാര്യയുമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മകന്റെ ആദ്യമൊഴി, ഭര്‍ത്താവിന്റെ പരാതി എന്നിവയില്‍ കഴിഞ്ഞുള്ള തെളിവുകള്‍ കേസിലില്ലെന്നും പരാതി പൂര്‍ണ്ണമായും വ്യാജമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട പല സാഹചര്യങ്ങൾ കാരണം പോലീസിന് ആദ്യം മുതല്‍ ഈ കേസില്‍ സംശയം ഉണ്ടായിരുന്നു. കുട്ടിയെ വിദഗദ്ധരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ കുട്ടി നല്‍കിയിരുന്ന ആദ്യ മൊഴി മാറ്റി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കേസിനെ ന്യായീകരിക്കുന്ന തെളിവുകള്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.

പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്‌തത്. വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ളമൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച്‌ കള്ള പരാതി നല്‍കിയിട്ടില്ല. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്‍റെ വാദം.അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. അതേസമയം, പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുന്നെന്നായിരുന്നു മൂത്ത സഹോദരന്‍ പറഞ്ഞത്.

കെഎആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം;ചർച്ച ഇന്ന്

keralanews salary revision for ksrtc employees discussion today

തിരുവനന്തപുരം: കെഎആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ചര്‍ച്ച ഇന്ന്. കെഎസ്ആര്‍ടിസി നവീകരണത്തിന്റെ പാതയിലാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ആധുനികവല്‍കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്‌കരണ ചര്‍ച്ചയെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 2010ല്‍ ആണ് ഇതിന് മുമ്പ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടന്നത്. 2015ൽ സേവന-വേതന പരിഷ്‌കരണത്തിനുള്ള ശ്രമം ഉണ്ടായെങ്കിലും നീട്ടിവെയ്ക്കുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ ജീവനക്കാരുടെ സംഘടനകളെയെല്ലാം വിളിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ, ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി എംഡിയുമായ ബിജു പ്രഭാകർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, കേരള സ്‌റ്റേറ്റ് റോഡ് ട്രാൻ പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), ട്രാൻസ്‌പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ (ടിഡി എഫ്), കെഎസ്.ടി എംപ്ലോയീസ് സംഘ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.