കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാനാണ് അമലയ്ക്ക് കസ്റ്റംസ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഹാജരാകാൻ ആവശ്യപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു അമലയ്ക്ക് നോട്ടീസ് നൽകിയത്. സ്വർണക്കടത്തിനെക്കുറിച്ച് അമലയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇത് കൂടാതെ അർജുൻ നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അമലയെ ചോദ്യം ചെയ്യുന്നത്. അർജുന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഭാര്യയോട് ചോദിച്ചറിയും. മൊബൈല്‍ ഫോണ്‍ പുഴയില്‍ എറിഞ്ഞു എന്ന അര്‍ജുന്‍റെ മൊഴി കസ്റ്റംസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. മൊബൈല്‍ സുരക്ഷിതമായി എവിടെയോ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ഇതിന്‍റെ വിശദാംശങ്ങളും അറിയാനാണ് അര്‍ജുന്‍റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. കൂടാതെ അര്‍ജുന്‍ ഉള്‍പ്പെട്ട കണ്ണൂരിലെ പൊട്ടിക്കല്‍ സംഘാഗങ്ങളെ കുറിച്ചും ചോദിച്ചറിയും.അര്‍ജുന്‍റെ വീട്ടില്‍ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീട്ടില്‍ കസ്റ്റംസ് തെളിവെടുപ്പിന് എത്തിയത്. ഇവരെക്കുറിച്ചും അമലയോട് ചോദിച്ചറിയും.
കണ്ണൂർ ചാലാട് കുഴിക്കുന്നില്‍ ഒൻപത് വയസ്സുകാരി മരിച്ച സംഭവം;മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാവിന്റെ മൊഴി
കണ്ണൂർ:ചാലാട് കുഴിക്കുന്നില്‍ ഒൻപത് വയസ്സുകാരി അവന്തിക ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകം.മകളെ താൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാവ് മൊഴി നൽകി.പിന്നാലെ പോലീസ് വാഹിദയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാവിലെയാണ് അവന്തികയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അച്ഛൻ രാജേഷ് മകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുണര്‍ന്നതോടെ രാജേഷ് പോലീസിൽ പരാതി നൽകി. ഈ പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. തുടർന്ന് അമ്മയായ വാഹിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വാഹിദ പോലീസിന് മൊഴിയും നൽകി. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവര്‍ക്ക് മാനസികാസ്വാസ്ത്യമുള്ളതായും വിവരമുണ്ട്. നേരത്തെ വിദേശത്തായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്.
കാസർകോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
കാസർകോട്: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കസബ കടപ്പുറത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയ പ്രദേശവാസികളായ ശശിധരന്റെ മകന്‍ സന്ദീപ് (29), അമ്ബാടികടവന്റെ മകന്‍ രതീശന്‍ (33), ഷണ്‍മുഖന്റെ മകന്‍ കാര്‍ത്തിക് (22) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബേക്കൽ കോട്ടയ്ക്ക് സമീപത്തു നിന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.മത്സ്യബന്ധനത്തിനായി പോകുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു ബോട്ട് അപകടത്തിൽപ്പെട്ടത്. ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.നെല്ലിക്കുന്ന് വച്ചാണ് ബോട്ട് കടലിൽ മറിഞ്ഞത്.മറിഞ്ഞ ബോട്ടില്‍ പിടിച്ചു കിടന്നിരുന്ന നാല് പേരെ മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. അഴിമുഖത്തോട് ചേര്‍ന്ന് മണല്‍ത്തിട്ടകള്‍ രൂപമെടുത്തിട്ടുള്ളതിനാല്‍ അപ്രതീക്ഷിതമായുണ്ടായ തിരകളാണ് അപകട കാരണമെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. ഭാഗീകമായി തകര്‍ന്ന നിലയില്‍ തോണി ഇന്നലെ തന്നെ കരയ്ക്കടിഞ്ഞിരുന്നു. കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും മീന്‍പിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും ഫിഷറീസ് വകുപ്പിന്റെ ബോട്ട് തൈക്കടപ്പുത്ത് നിന്നും എത്തിച്ചും കാണാത്തവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25; 11,551 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂർ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂർ 782, ആലപ്പുഴ 683, കാസർഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,263 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1470, കോഴിക്കോട് 1334, തൃശൂർ 1230, പാലക്കാട് 748, കൊല്ലം 1103, എറണാകുളം 1092, തിരുവനന്തപുരം 995, കണ്ണൂർ 693, ആലപ്പുഴ 668, കാസർഗോഡ് 579, കോട്ടയം 539, പത്തനംതിട്ട 291, വയനാട് 269, ഇടുക്കി 252 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.63 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 18, കാസർഗോഡ് 10, തൃശൂർ 7, എറണാകുളം 6, കൊല്ലം, പാലക്കാട് 5 വീതം, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,551 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1254, കൊല്ലം 1289, പത്തനംതിട്ട 413, ആലപ്പുഴ 685, കോട്ടയം 438, ഇടുക്കി 285, എറണാകുളം 1082, തൃശൂർ 1528, പാലക്കാട് 1037, മലപ്പുറം 1295, കോഴിക്കോട് 897, വയനാട് 300, കണ്ണൂർ 538, കാസർഗോഡ് 510 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 6ന് താഴെയുള്ള 143, ടി.പി.ആർ. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആർ. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആർ. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി കൊൽക്കത്തയിലെ പമ്പുടമകൾ
കൊൽക്കത്ത:പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് പമ്പുകളുടെ പ്രവർത്തനം നിർത്തിവെയ്ക്കാനൊരുങ്ങി കൊൽക്കത്തയിലെ പമ്പുടമകൾ.ജൂലായ് 7 ന് 30 മിനിറ്റ് നേരത്തേക്കാണ് പമ്പുകൾ അടച്ചിടുക.നിലവിൽ 100 രൂപയ്ക്കടുത്താണ് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില.വില കുത്തനെ ഉയർന്നത് മൂലം സംസ്ഥാനത്ത് ഇന്ധന വിൽപ്പനയിൽ വൻ ഇടിവുണ്ടായതായി പശ്ചിമ ബംഗാൾ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പ്രസൻജിത് സെൻ പറഞ്ഞു.നഗരത്തിൽ ഏതുനിമിഷവും പെട്രോളിന്റെ വില 100 രൂപയിലെത്തും.കുത്തനെയുള്ള വിലവർദ്ധനവിൽ പ്രതിഷേധിച്ച് എല്ലാ പെട്രോൾ പമ്പുകളിലും ബുധനാഴ്ച രാത്രി 7 നും 7.30 നും ഇടയിൽ വിൽപ്പന നിർത്തിവെയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം പോലെയുള്ള പകർച്ചവ്യാധികൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വാഹനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും പെട്രോൾ വിൽപ്പന 25-30 ശതമാനം കുറഞ്ഞു.വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇന്ധന വിൽപ്പനയിൽ വർദ്ധനവ് ഉണ്ടാകേണ്ടതാണെങ്കിലും വിലവർദ്ധനവ് മൂലം വിൽപ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.സംസ്ഥാനത്ത് ഡീസൽ വിൽപ്പനയിൽ 50 ശതമാനത്തിലധികം കുറവുണ്ടായി.കമ്മീഷൻ വർദ്ധനവ് ആവശ്യപ്പെട്ട് ഇന്ധന റീട്ടെയിലർമാരും ധർണ നടത്താൻ ഒരുങ്ങുന്നുന്നതായും സെൻ പറഞ്ഞു.പെട്രോൾ വില 70 രൂപയിൽ നിന്ന് 99 രൂപയായി ഉയർന്നിട്ടും കമ്മീഷൻ മാറ്റമില്ലാതെ തുടരുകയാണ്.ഇത് ചെലവും ഓവർഹെഡും കുതിച്ചുയരാൻ കാരണമായി.വരുമാനം ഉയരാത്തതിനാൽ ചെറിയ പെട്രോൾ പമ്പുകൾ പ്രവർത്തനം നിർത്താൻ നിർബന്ധിതരായി.ഡാർജിലിംഗ്, മുർഷിദാബാദ്, നാദിയ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ നിരവധി ജില്ലകളിൽ പെട്രോൾ വില ഇതിനകം 100 രൂപ കവിഞ്ഞതായും പ്രസൻജിത് സെൻ പറഞ്ഞു.
കണ്ണൂർ കുഴിക്കുന്നിൽ ഒൻപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം;അമ്മ അറസ്റ്റിൽ
കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒൻപതു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്.ചാലാട് കുഴിക്കുന്നിലെ രാജേഷ് – വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മാതാവ് വാഹിദയെ പൊലീസ് അറസ്റ്റ് ചെയ്തു.അവന്തികയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ അബോധാവസ്ഥയില്‍ അവന്തികയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മകള്‍ മരിച്ചതോടെ ദുരൂഹതയുണ്ടെന്നാരോപിച്ച് രാജേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 12,456 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39; 12,515 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,456 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂർ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസർഗോഡ് 682, കണ്ണൂർ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,677 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 659 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1591, തൃശൂർ 1443, എറണാകുളം 1259, തിരുവനന്തപുരം 1011, പാലക്കാട് 687, കൊല്ലം 1088, കോഴിക്കോട് 1064, ആലപ്പുഴ 728, കാസർഗോഡ് 673, കണ്ണൂർ 603, കോട്ടയം 554, പത്തനംതിട്ട 399, വയനാട് 316, ഇടുക്കി 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.62 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, കാസർഗോഡ് 8, പാലക്കാട്, വയനാട് 7 വീതം, പത്തനംതിട്ട 6, കൊല്ലം 3, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,515 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1471, കൊല്ലം 1140, പത്തനംതിട്ട 479, ആലപ്പുഴ 759, കോട്ടയം 425, ഇടുക്കി 267, എറണാകുളം 1172, തൃശൂർ 1856, പാലക്കാട് 1183, മലപ്പുറം 1535, കോഴിക്കോട് 814, വയനാട് 274, കണ്ണൂർ 502, കാസർഗോഡ് 638 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,567 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ടി.പി.ആർ. 6ന് താഴെയുള്ള 143, ടി.പി.ആർ. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആർ. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആർ. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;കസ്റ്റംസ് സംഘം ഷാഫിയുടെയും കൊടിസുനിയുടെയും വീട്ടിൽ പരിശോധന നടത്തുന്നു
കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ്. കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലാണ് നിലവില്‍ കസ്റ്റംസുള്ളത്. ഇതിന് മുൻപായി ഷാഫിയുടെ പള്ളൂരിലെ വീട്ടിലും പരിശോധന നടത്തിയതായാണ് വിവരം.അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.കടത്ത് സ്വര്‍ണം കവരാന്‍ സഹായിച്ചത് ടിപി കേസ് പ്രതികളെന്നാണ് അര്‍ജുന്‍ ആയങ്കിയുടെ മൊഴി. ലാഭവിഹിതം പകരമായി നല്‍കി. ഒളിവില്‍ പോകാന്‍ സഹായവും കിട്ടി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും അര്‍ജുന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അര്‍ജുനെ കണ്ണൂരില്‍ എത്തിച്ച് അഴീക്കോട്ടെ വീട്ടിലും കാര്‍ ഒളിപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;അർജുൻ ആയങ്കിയുടെ ഭാര്യ അമലയെയും കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണു അമലയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.കൊല്ലം സ്വദേശിനിയാണ് എല്‍.എല്‍.ബി ബിരുദ വിദ്യാര്‍ത്ഥിനിയായ അമല. അഴീക്കല്‍ കപ്പക്കടവില്‍ അര്‍ജുന്‍ പുതുതായി എടുത്ത വീട്ടിലാണ് ഇവര്‍ താമസിച്ചു വരുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. അര്‍ജുന് വരവില്‍ കവിഞ്ഞ് ചിലവുണ്ടായിരുന്നെന്നും വരുമാനമില്ലാതിരുന്നിട്ടും ആര്‍ഭാടജീവിതമായിരുന്നു നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ വീട് ഭാര്യയുടെ അമ്മ സമ്മാനം നല്കിയതാണെന്നായിരുന്നു അര്‍ജുന്‍ മൊഴി നല്‍കിയത്. ഇതും കസ്റ്റംസ് അന്വേഷിക്കും.
നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച് കൊന്ന സംഭവം; രേഷ്മയോട് ‘അനന്ദു’ എന്ന പേരില്‍ ഫേസ്ബുക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളാണെന്ന് പൊലീസ്
കൊല്ലം:നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച് കൊന്ന സംഭവത്തില്‍ രേഷ്മയോട് കാമുകനെന്ന പേരില്‍ ഫേസ്ബുക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളാണെന്ന് പൊലീസ്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് അനന്തു എന്ന പേരിൽ വ്യാജ ഫേസ്ബുക് അകൗണ്ട് ഉണ്ടാക്കി രേഷ്മയെ കബളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ അകൗണ്ടില്‍ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണ് പൊലീസിന് ഇതേകുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും.കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ഇത്തിക്കരയാറ്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭര്‍തൃസഹോദരിയുടെ മകള്‍ ഗ്രീഷ്മയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ പോകുകയാണെന്ന് രേഖപ്പെടുത്തിയ കത്തെഴുതി വച്ചായിരുന്നു പോയത്.കേസില്‍ രേഷ്മയെ അറസ്റ്റ് ചെയ്തതോടെ തങ്ങളും പിടിയിലാകുമെന്ന ഭയമാണ് ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് കരുതുന്നു.ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.