News Desk

ജയ്പൂരില്‍ വാച്ച്‌ ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 മരണം

keralanews 11 died in lightning while taking selfies in watch tower in jaipur

ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ അമേര്‍ കൊട്ടാരത്തിലെ വാച്ച്‌ ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇടിമിന്നലേറ്റപ്പോള്‍ നിരവധിയാളുകള്‍ വാച്ച്‌ ടവറിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. സംഭവം നടക്കുമ്പോൾ 27 പേർ വാച്ച്‌ ടവറിലും കോട്ട മതിലിലുമുണ്ടായിരുന്നതായി റിപോര്‍ട്ടുണ്ട്. കനത്ത മഴയത്ത് നിരവധി പേരാണ് സെല്‍ഫിയെടുക്കാനായി വാച്ച്‌ ടവറില്‍ കയറിയത്. മിന്നലുണ്ടായ ഉടനെ വാച്ച്‌ടവറില്‍ നിന്ന് താഴേക്ക് ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. താഴേക്ക് ചാടിയ ചിലരെ ഇതുവരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതു വകവയ്ക്കാതെയാണ് ആളുകള്‍ സെല്‍ഫിയെടുക്കാനായി വാച്ച്‌ ടവറില്‍ കയറിയത്.വാച്ച്‌ ടവര്‍ ദുരന്തത്തിന് പുറമെ ഇടിമിന്നലേറ്റ് രാജസ്ഥാനിലെ പല ഭാഗങ്ങളില്‍നിന്നായി ഒൻപത് മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മദ്ധ്യപ്രദേശ് എന്നിവി‌ടങ്ങളിലും ഇടിമിന്നല്‍ നിരവധിപേരുടെ ജീവനെടുത്തു. മൂന്നുസംസ്ഥാനങ്ങളിലായി ആകെ 68 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

keralanews chance for heavy rain in kerala orange alert in idukki kannur kasarkode districts

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതേ തുടർന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ആന്ധ്ര – ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദം കാരണം അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാണ്. ഇതിനാല്‍ കേരള തീരത്ത് ആകെ കടലാക്രമണ മുന്നറിയിപ്പുമുണ്ട്. മല്‍സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. ഈ മാസം 15 വരെയാണ് മഴ മുന്നറിയിപ്പുകള്‍. ഇടുക്കി, കണ്ണൂര്‍, കാസ‍‍‍ര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കകോട് ജില്ലകളില്‍ ജൂലൈ 15 നും യെല്ലോ അലര്‍ട്ടാണുള്ളത്.24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ആറ് കിലോ കഞ്ചാവുമായി കണ്ണൂരിൽ മൂന്നംഗസംഘം പിടിയില്‍

keralanews three arrested with 6kg cannabis in kannur

കണ്ണൂർ:ആറ് കിലോ കഞ്ചാവുമായി കണ്ണൂരിൽ മൂന്നംഗസംഘം പിടിയില്‍.കോഴിക്കോട് തിരുവണ്ണൂര്‍ അമേട്ടില്‍ വീട്ടില്‍ ബാലന്‍ മകന്‍ പി. സനൂപ് (31) , ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജില്‍ ഗംഗാധര്‍ മകന്‍ മുന്ന ആചാരി (23), ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജില്‍ ശങ്കര്‍ നിവാസില്‍ ശങ്കര്‍ നാരായണ ആചാരി (27) എന്നിവരാണ് എക്സൈസിന്റെ വലയിലായത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് എക്സൈസ് വ്യക്തമാക്കി. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി. ആനന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ടി. യേശുദാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, എം. കെ. സന്തോഷ്, എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. രജിരാഗ്, കെ. ബിനീഷ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. വി. ഹരിദാസന്‍, എഫ്. പി. പ്രദീപ് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.പ്രതികളെ ചോദ്യം ചെയ്തതില്‍ എക്സൈസിന് അന്തര്‍-സംസ്ഥാന മയക്കുമരുന്നു കടത്തു സംഘത്തെക്കുറിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിടികൂടിയ മൂന്നു പേരെയും ഇന്ന് കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും. തുടര്‍നടപടികള്‍ വടകര എന്‍. സി. പി. എസ്. കോടതിയില്‍ നടക്കും.

സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7; 11,867 പേര്‍ രോഗമുക്തി നേടി

BROCKTON - AUGUST 13: A nurse practitioner administers COVID-19 tests in the parking lot at Brockton High School in Brockton, MA under a tent during the coronavirus pandemic on Aug. 13, 2020. (Photo by David L. Ryan/The Boston Globe via Getty Images)

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1829, തൃശൂര്‍ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂര്‍ 680, കാസര്‍ഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 11, പാലക്കാട് 5, പത്തനംതിട്ട, എറണാകുളം 4, തൃശൂര്‍ 3, കൊല്ലം, ഇടുക്കി 2 വീതം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1015, പത്തനംതിട്ട 443, ആലപ്പുഴ 717, കോട്ടയം 680, ഇടുക്കി 222, എറണാകുളം 1381, തൃശൂര്‍ 1254, പാലക്കാട് 1064, മലപ്പുറം 1307, കോഴിക്കോട് 1192, വയനാട് 249, കണ്ണൂര്‍ 685, കാസര്‍ഗോഡ് 646 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു;വിട വാങ്ങിയത് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച മഹനീയ വ്യക്തിത്വം

keralanews doyen of ayurveda dr p k warrier who was honored by the country with the padma bhushan passed away

കോട്ടക്കല്‍: ആയുര്‍വേദാചാര്യന്‍ പത്മഭൂഷണ്‍ ഡോ. പികെ വാരിയര്‍(100) അന്തരിച്ചു. കോട്ടക്കലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ മാത്രമല്ല, ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടാം തീയ്യതിയാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്.രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുര്‍വേദ ചികിത്സാ സ്ഥാപനമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു.ആയുര്‍വേദത്തിന് ശാസ്ത്രീയ മുഖം നല്‍കിയ പ്രതിഭ എന്ന നിലയിലാണ് ചരിത്രം ഡോ.പി.കെ. വാര്യരെ അടയാളപ്പെടുത്തുന്നത്. സ്മൃതി പര്‍വ്വം എന്ന പി.കെ. വാര്യരുടെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടും പിന്നീട് രാജ്യത്തിന് പുറത്തേക്കും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പ്രവ‍ര്‍ത്തനം വ്യാപിപ്പിച്ചത് ഡോ.പി.കെവാര്യരാണ്. 1999-ല്‍ പത്മശ്രീയും 2009-ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആ വൈദ്യരത്നത്തെ ആദരിച്ചു. ഡിലിറ്റ് ബിരുദം നല്‍കി കോഴിക്കോട് സ‍ര്‍വ്വകലാശാലയും അദ്ദേഹത്തെ അനുമോദിച്ചു.അന്തരിച്ച കോടി തലപ്പണ ശ്രീധരന്‍ നമ്ബൂതിരിയുടേയും വൈദ്യരത്നം പി.എസ്. വാരിയരുടെ സഹോദരി പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായാണ് ജനനം. ഭാര്യ: വിദുഷിയും കവയിത്രിയും സഹൃദയയുമായിരുന്ന കക്കടവത്ത് വാരിയത്ത് മാധവിക്കുട്ടി വാരസ്യാര്‍. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍, സുഭദ്രരാമചന്ദ്രന്‍, പരേതനായ വിജയന്‍ വാര്യര്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍.

എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

keralanews suspension period of m sivasankar extended

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് പുതിയ നടപടി. സിവില്‍ സര്‍വീസ് ചട്ടലംഘനത്തിനാണ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്പെന്‍ഷന്‍ കാലാവധി നീട്ടിയ കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. സസ്പെന്‍ഷന്‍ കാലാവധി ജൂലൈ 16 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫിസില്‍ നിയമിച്ചതിനെ സംബന്ധിച്ച്‌ അറിവുണ്ടായിരുന്നതുമാണ് സസ്‌പെന്‍ഷനിലേക്കു നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. ക്രിമിനല്‍ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിനു സസ്പെന്‍ഡ് ചെയ്യാം എന്നാണ് ചട്ടം. 2023 ജനുവരി മാസംവരെ ശിവശങ്കറിനു സര്‍വീസ് ശേഷിക്കുന്നുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾ ജയിൽ ചട്ടങ്ങൾ ലംഘിച്ചതായി ജയിൽവകുപ്പ്; ജയിലിനകത്ത് ലഹരി ഉപയോഗമെന്നും റിപ്പോർട്ട്

keralanews jail officials say accused in gold smuggling case violated jail rules drug use also reported inside the jail

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ജയിൽ ചട്ടങ്ങൾ ലംഘിച്ചതായി ജയിൽ വകുപ്പിന്റെ റിപ്പോർട്ട്.പ്രതികളായ റമീസും സരിത്തും ജയില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ജയില്‍ വകുപ്പിന്‍റെ പരാതി.ഈ മാസം അഞ്ചിന് രാത്രി റമീസ് സെല്ലിനുള്ളില്‍ സിഗരറ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സി സി ടി വി ദ്യശ്യങ്ങള്‍ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു. കഴിഞ്ഞ അഞ്ചാം തീയതി റമീസ് ലഹരി ഉപയോഗിക്കുന്നുവെന്ന സംശയത്തിൽ സെല്ലിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് സെല്ല് കാണുന്ന തരത്തിൽ സിസി ടി.വി ക്യാമറ വച്ചപ്പോഴാണ് സരിത് ക്യാമറയെ മറച്ചുകൊണ്ട് റമീസിന് ലഹരി ഉപയോഗിക്കാൻ സഹായമൊരു ക്കുന്നതായി മനസ്സിലായതെന്നും പോലീസ് പറയുന്നു.പുറത്ത് നിന്നും യഥേഷ്‌ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്‌തുക്കള്‍ ഉള്‍പ്പടെ റമീസിന് പാഴ്‌സല്‍ എത്തുന്നുണ്ട്. ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇത് കൈമാറുനില്ല.അതുകൊണ്ട് ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ പറയുന്നു. കസ്റ്റംസ് – എന്‍ ഐ എ കോടതിയില്‍ പൂജപ്പുര ജയില്‍ സൂപ്രണ്ട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ഈ മാസം എട്ടിനാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് വിവരം.ജയിൽ ഉദ്യോഗസ്ഥർക്കെതിരേയും സുരക്ഷാ പ്രശ്‌നത്തിനെതിരേയും സരിത് എൻ.ഐ.എ കോടതിയിൽ പരാതി നൽകിയതിന് പിന്നാലെയാണ് ജയിൽ വകുപ്പ് ഇരുവർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. ജയിലിൽ തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും നേതാക്കളുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം നടത്തുന്നതായും സരിത്ത് പരാതി നൽകിയിരുന്നു.അതേസമയം, പ്രതികളെ കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാനുളള നീക്കവും നടക്കുന്നുണ്ട്. സരിത്ത് ഉള്‍പ്പടെ കോഫെപോസ ചുമത്തിയ പ്രതികളെയാണ് മാറ്റുന്നത്.

കോവിഡ് വ്യാപനം;സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ വാരാന്ത്യ ലോക്ക്ഡൗണ്‍

keralanews covid spread complete weekend lockdown today and tomorrow in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ വാരാന്ത്യ ലോക്ക്ഡൗണ്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി.ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല. കെ.എസ്.ആര്‍.ടി.സി പരിമിത സര്‍വീസായിരിക്കും നടത്തുക.കൊവിസ് വ്യാപനം കുറയുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക് ഡൗണ്‍ തുടരുന്നത്. ഇന്നും നാളെയും കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്നും അറിയിച്ചു .

കോപ്പാ അമേരിക്ക; ബ്രസീൽ- അർജ്ജന്റീന സ്വപ്ന ഫൈനൽ ഇന്ന്

keralanews copa america brazil argentina dream final today

ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്‌ബോളിലെ സ്വപ്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടും.നെയ്മറുടെ നേതൃത്വത്തിൽ ബ്രസീലും ഉജ്ജ്വല ഫോമിലുള്ള അർജ്ജന്റീനയ്ക്കായി ലയണൽ മെസ്സിയും ഏറ്റുമുട്ടുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചരിത്രമുറങ്ങുന്ന മാറക്കാനയിലെ പുല്‍മൈതാനിയില്‍ ഞായര്‍ പുലര്‍ച്ചെ 5.30നാണ് മത്സരം. നെയ്മറിനെയും മെസ്സിയേയും നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ പ്രേമികള്‍ തമ്മിലുള്ള മത്സരവും കൂടിയാവും ഇത്. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. കൊളംബിയയെ തോൽപ്പിച്ചാണ് അർജ്ജന്റീന ഫൈനലിലെത്തിയത്. ബ്രസീൽ പെറുവിനെയാണ് സെമിയിൽ തോൽപ്പിച്ചത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വ നായകനായ ബ്രസീല്‍ ടീം. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ പുറത്തെടുക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്. അതേ സമയം ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ മികച്ച പോരാട്ട വീര്യമാണ്. അര്‍ജന്റീന ടീം പുറത്തെടുക്കുന്നത്. ലയണല്‍ മെസ്സിയും ലൗട്ടാരോ മാര്‍ട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോണ്‍സാലസുമെല്ലാം മിന്നും ഫോമിലാണ്.കഴിഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്താനാണ് ബ്രസീല്‍ ഇറങ്ങുന്നതെങ്കില്‍ 1993ന് ശേഷം കാത്തിരിക്കുന്ന കിരീടനേട്ടത്തിന് വിരാമമിടാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപയില്‍ ബ്രസീലിന്റെ 21ാം ഫൈനലാണിത്. അര്‍ജന്റീനയുടേതാവട്ടെ, 29ാം ഫൈനലും. 2016ലാണ് അര്‍ജന്റീന അവസാനമായി ഫൈനലിലെത്തിയത്. അവിടെ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടാനായിരുന്നു വിധി. കോപായിലെ 10ാം കിരീടത്തിലേക്കാണ് ബ്രസീല്‍ കണ്ണുവയ്ക്കുന്നതെങ്കില്‍ 15 തവണ കിരീടം ചൂടി തലപ്പത്തിരിക്കുന്ന ഉറുഗ്വേയ്‌ക്കൊപ്പം റെക്കോര്‍ഡ് കിരീടനേട്ടം പങ്കിടാനാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ഇതുവരെ 14 കിരീടനേട്ടമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്.

ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എം.ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

keralanews deadbody of jawan sreejith martyred in jammu kashmir cremated

കോഴിക്കോട്: ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സുബേദാര്‍ എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ ഏഴ് മണിക്ക് കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിൽ എത്തിച്ച ഭൗതിക ശരീരം ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കൊയിലാണ്ടിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി എ.കെ ശശീന്ദ്രന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് നായ്ബ് സുബേദാര്‍ എം ശ്രീജിത് വീരമൃത്യുവരിച്ചത്. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആക്രമണത്തില്‍ ശ്രീജിത്തും ആന്ധ്രപ്രദേശ് സ്വദേശി എം ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.