കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയടക്കമുള്ള പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ.പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ. സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്.അതേസമയം മുഖ്യപ്രതി അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഷാഫിയുടെ ചോദ്യംചെയ്യലിന് ശേഷമായിരിക്കും കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുക. ഇന്നലെ ഹാജരാകാന്‍ ഷാഫിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ഹാജരാകാമെന്ന് ഷാഫി കസ്ടറ്റംസിനെ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് അവലോകനയോഗം ഇന്ന്;പെരുന്നാള്‍ പ്രമാണിച്ച് കൂടുതൽ ഇളവുകൾ നൽകിയേക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ അവലോകന യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി ഡല്‍ഹിയിലായതിനാല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.പെരുന്നാള്‍ പ്രമാണിച്ച് എല്ലാ ദിവസങ്ങളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. കടകള്‍ക്ക് വൈകുന്നേരം അടയ്ക്കേണ്ട സമയവും നീട്ടിനല്‍കിയേക്കും. ടി പി ആര്‍ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കരുതെന്നും, എത്ര കൊവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങള്‍ എന്നുമാണ് വിദഗ്ദ്ധസമിതി നിര്‍ദേശിച്ചത്. കടകള്‍ തുറക്കുന്നത് ചില ദിവസങ്ങളില്‍ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ദ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു. തുറക്കുന്ന ദിവസങ്ങളില്‍ വലിയ തിരക്കാണ് കടകളില്‍ അനുഭവപ്പെടുന്നത്. ഇന്നലെ മിഠായിത്തെരുവിലടക്കം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ വ്യാപാരികള്‍ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്‌ദ്ധ സമിതി ഉന്നയിച്ചതും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇതിനുശേഷമാകും ഇളവുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.വാരാന്ത്യ ലോക്ക്ഡൗണ്‍ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ തത്ക്കാലം തുടര്‍ന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ ഉണ്ടാവില്ല.വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്‌ദ്ധ സമിതി ഉന്നയിച്ചതും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇതിനുശേഷമാകും ഇളവുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.മേയ് എട്ടിനാണ് സംസ്ഥാനത്ത് രണ്ടാംഘട്ട സമ്പൂർണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. കൊവിഡ് രണ്ടാംതരംഗത്തിലെ ലോക്ക്ഡൗണില്‍ രണ്ട് മാസത്തിനിടെ ഒരിക്കല്‍ പോലും ഇളവ് കിട്ടാത്ത നിരവധി പഞ്ചായത്തുകളുണ്ട്. നിയന്ത്രണം പ്രാദേശിക തലത്തിലേക്ക് മാറിയതോടെ പല പഞ്ചായത്തുകളും അറുപത് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;100 മരണം; 11,447 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസർഗോഡ് 553, കണ്ണൂർ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 32 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7202 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 1085, കോഴിക്കോട് 743, കൊല്ലം 768, മലപ്പുറം 705, തിരുവനന്തപുരം 595, പാലക്കാട് 388, ആലപ്പുഴ 575, എറണാകുളം 564, കാസർഗോഡ് 543, കണ്ണൂർ 447, കോട്ടയം 337, പത്തനംതിട്ട 196, വയനാട് 130, ഇടുക്കി 126 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.34 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 8, എറണാകുളം 6, കാസർഗോഡ് 5, വയനാട് 4, കൊല്ലം 3, പത്തനംതിട്ട, തൃശൂർ, പാലക്കാട് 2 വീതം, തിരുവനന്തപുരം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,447 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 898, കൊല്ലം 1177, പത്തനംതിട്ട 359, ആലപ്പുഴ 669, കോട്ടയം 506, ഇടുക്കി 227, എറണാകുളം 1046, തൃശൂർ 1222, പാലക്കാട് 1023, മലപ്പുറം 1485, കോഴിക്കോട് 1378, വയനാട് 282, കണ്ണൂർ 578, കാസർഗോഡ് 597 എന്നിങ്ങനേയാണ് രോഗമുക്തി നേടിയത്. ടി.പി.ആർ. 5ന് താഴെയുള്ള 86, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആർ. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
കരിപ്പൂർ സ്വർണക്കടത്ത്; മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുൻപിൽ ഹാജരായില്ല.ഹാജരാകാൻ കഴിയില്ലെന്ന് അഭിഭാഷകൻ മുഖാന്തിരം ഷാഫി അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി ഷാഫി അടുത്ത ദിവസം ഹാജരാകുമെന്നാണ് വിവരം.ഷാഫിയുടെ അറിവോടെയാണ് കരിപ്പൂരിൽ നിന്നും സ്വർണം കടത്തിയതെന്ന് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഇയാൾ പിറ്റേന്ന് അഭിഭാഷകനൊപ്പം കസ്റ്റംസ് ഓഫീസിൽ എത്തി. എന്നാൽ ഇവരെ മടക്കി അയച്ച അന്വേഷണ സംഘം ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു.
തിരുവനന്തപുരത്ത് മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു
തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂൾ വിദ്യാര്‍ഥിനി നിവേദിതയാണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത.കുഞ്ഞ് മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് വണ്ടു തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചത്. നുള്ളിപ്പാടി ചെന്നിക്കരയിലെ എ.സത്യേന്ദ്രന്റെ മകന്‍ എസ്.അന്‍വേദാണ് മരിച്ചത്.വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനാകുകയായിരുന്നു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു;5 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂരിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച 5 സാമ്പിളുകൾ കൂടി നെഗറ്റീവായി.
പാലക്കാട് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു;സുഹൃത്തിനെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തി
പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു.ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന പക്രു (24) വാണ് മരിച്ചത്. ഇന്നലെ രാത്രി 10ഓടെയാണ് അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡില്‍ സജീറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാളുടെ സുഹൃത്ത് മഹേഷിനെ വിഷം അകത്തുചെന്ന് അവശനായ നിലയിൽ കണ്ടെത്തി. ഇയാളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഒപ്പം തന്നെ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പോലിസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മഹേഷിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.
ലോക്ക്ഡൗണിന്റെ പേരിൽ കടകൾ അടപ്പിക്കുന്നു;കോഴിക്കോട് വ്യാപാരികളും പോലീസും തമ്മിൽ സംഘർഷം
കോഴിക്കോട്:കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം.എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്രതിഷേധിക്കുന്നത്.വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.ലോക്ക്ഡൗണിന്റെ പേരിൽ കടകൾ അടപ്പിക്കുന്നു.കട അടക്കാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ പോലും പിഴ ഈടാക്കുന്നതായും പ്രതിഷേധക്കാർ ആരോപിച്ചു.പ്രകടനവുമായെത്തി കടകള്‍ തുറക്കാനായിരുന്നു വ്യാപാരികളുടെ ശ്രമം. തുടര്‍ന്നുണ്ടായ നേരിയ സംഘര്‍ഷത്തിനിടെ വ്യാപാരി നേതാക്കളും കടയുടമകളുമടക്കം 30 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധം തുടരുകയാണ്. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ നീക്കം. കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി വ്യാപാരികള്‍ ഒരുദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരികള്‍ക്ക് അനുകൂലമായ നടപടിയുണ്ടായില്ല.കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ടി പി ആര്‍ കൂടുതലുള്ള കോഴിക്കോട് കോര്‍പറേഷന്‍ സി കാറ്റഗറിയിലാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കട തുറക്കാന്‍ അനുമതിയുള്ളത്. പെരുന്നാളിന് ഏതാനും ദിവസം മാത്രമിരിക്കെ ആഴ്ചയില്‍ ഒരു ദിവസം മാത്രം തുറക്കുക എന്നത് അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.ആഴ്ചയില്‍ ഒരു ദിവസം മാത്രം കടകള്‍ തുറന്നാല്‍ ഇത് വലിയ തിരക്കിനിടയാക്കുമെന്നും കൊവിഡ് സാഹചര്യം രൂക്ഷമാക്കുമെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ കടകള്‍ തുറന്നാല്‍ ദിവസേന നൂറ്കണക്കിന് പേര്‍ എത്തുന്ന മിഠായിത്തെരുവില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വ്യാപാരികള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വ്യാപാരികളുമായി ജില്ലാകളക്ടര്‍ ഉടന്‍ സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രശസ്ത സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ മുരളി സിത്താര (65)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് തോപ്പുമുക്ക് അമ്പാടിയിൽ ഇന്നലെ വൈകിട്ട് 3നാണ് മൃതദേഹം കണ്ടത്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വൈകിട്ടോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.1987ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ “ഒരുകോടിസ്വപ്നങ്ങളാൽ’ എന്ന ഗാനമാണ് ആദ്യ സിനിമാഗാനം. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവയ്ക്കടക്കം പാട്ടുകളൊരുക്കി. ഒഎൻവിയുടെ ഏഴുതിരികത്തും നാളങ്ങളിൽ, കെ ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും തുടങ്ങിയവ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്.ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ, ഓലപ്പീലിയിൽ ഊഞ്ഞാലാടും തുടങ്ങിയവ മുരളി സിതാരയുടെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.അസ്വാഭാവിക മരണത്തിൽ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. ഭാര്യ: ശോഭനകുമാരി. മക്കൾ : മിഥുൻ (കീബോർഡ് ആർടിസ്റ്റ്), വിപിൻ.
സ്വർണക്കടത്ത് കേസ്; മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.ടിപി വധക്കേസ് പ്രതിയാണ് മുഹമ്മദ് ഷാഫി. കസ്റ്റംസ് നോട്ടീസില്ലാതെ കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ ഓഫീസിൽ അഭിഭാഷകനൊപ്പമെത്തിയ ഷാഫിയെ കസ്റ്റംസ് മടക്കിയയച്ചിരുന്നു. ഷാഫിക്കൊപ്പം അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമല, പ്രതികൾ ഉപയോഗിച്ച മൊബൈൽ സിം കാർഡുകളുടെ ഉടമ സക്കീന എന്നിവരോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കരിപ്പൂർ സ്വർണക്കടത്തിലെ മുഖ്യകണ്ണി അർജ്ജുൻ ആയങ്കിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയിലേക്ക് അന്വേഷണമെത്തിയത്. കഴിഞ്ഞ ബുധനാഴ്ചകൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ഷാഫിക്ക് നോട്ടീസ് അയച്ചിരുന്നു.എന്നാൽ ശാരീരിക അസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി അഭിഭാഷകനെത്തി മറ്റൊരു ദിവസം ഹാജരാകാമെന്നറിയിക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം അഭിഭാഷകനൊപ്പമെത്തിയ മുഹമ്മദ് ഷാഫിയെ ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ച് കസ്റ്റംസ് തിരിച്ചയച്ചു.