News Desk

സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന നടത്തും

keralanews covid mass testing in the state today and tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഇന്ന് 1.25 ലക്ഷം പേരേയും നാളെ 2.5 ലക്ഷം പേരേയും പരിശോധിക്കും.തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുകയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കൊവിഡ് വേഗത്തില്‍ കണ്ടെത്തി പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യം.കൊറോണ മുക്തരായവരെ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാംപിളുകൾ നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈൽ ലാബിലേക്കും അയയ്ക്കും. കൂടാതെ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. പോസിറ്റീവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യാനും സർക്കാർ തീരുമാനമുണ്ട്.കഴിഞ്ഞ ദിവസം 15,637 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. 128 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 14,938 ആയി.

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു;രോഗികളുടെ എണ്ണം 28 ആയി ഉയർന്നു

keralanews zika virus confirmed in five persons in the state number of patients risen to 28

തിരുവനന്തപുരം:സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചത്.ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക വൈറസ് ബാധിച്ചത്.ഇതില്‍ 4 പേരുടെ സാമ്പിളുകൾ 2 സ്വകാര്യ ആശുപത്രികളില്‍ നിന്നും അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. അതേസമയം സംസ്ഥാനത്ത് 16 പേരുടെ പരിശോധനാഫലം നെഗറ്റീവായതും ആശ്വസമേകുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 15,637 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 128 മരണം; 12,974 പേർക്ക് രോഗമുക്തി

keralanews 15637 covid cases confirmed in the state today 128 deaths 12974 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 15,637 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂർ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂർ 912, കോട്ടയം 804, കാസർഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14717 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1968, കോഴിക്കോട് 1984, എറണാകുളം 1839, തൃശൂർ 1694, കൊല്ലം 1149, തിരുവനന്തപുരം 1050, പാലക്കാട് 654, ആലപ്പുഴ 911, കണ്ണൂർ 799, കോട്ടയം 763, കാസർഗോഡ് 726, പത്തനംതിട്ട 437, വയനാട് 428, ഇടുക്കി 315 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 12, കാസർഗോഡ് 9, തൃശൂർ, മലപ്പുറം, പാലക്കാട് 6 വീതം, പത്തനംതിട്ട, കോട്ടയം 5 വീതം, കൊല്ലം, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, എറണാകുളം 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,974 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 837, കൊല്ലം 1937, പത്തനംതിട്ട 311, ആലപ്പുഴ 825, കോട്ടയം 836, ഇടുക്കി 315, എറണാകുളം 904, തൃശൂർ 1353, പാലക്കാട് 1087, മലപ്പുറം 1624, കോഴിക്കോട് 1080, വയനാട് 292, കണ്ണൂർ 980, കാസർഗോഡ് 593 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി; കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി

keralanews cm calls on traders for talks traders withdrew from the decision to open shops

കോഴിക്കോട്: വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി എകോപന സമിതി പിന്മാറി.വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദിൻ ആണ് ഇക്കാര്യം അറിയിച്ചത്.  മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് കടകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ചെതെന്ന് ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവന്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച ചര്‍ച്ചക്ക് ക്ഷണിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. ചര്‍ച്ചക്ക് ശേഷമാകും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക.മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിവന്ന സമരപരിപാടികളും താൽക്കാലികമായി നിർത്തിവെച്ചതായി നസറുദ്ദീൻ പറഞ്ഞു. കടകൾ തുറക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു ഉച്ചവരെ വ്യാപാരികൾ. ഇതിനിടെ കോഴിക്കോട് ജില്ലാ കളക്ടർ ഇവരുമായി ചർച്ച നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.ബാറുകളും ബിവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കാൻ അനുമതി നൽകിയിട്ടും കടകൾക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം രംഗത്ത് എത്തിയത്.മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

തിരുവനന്തപുരം നഗരസഭയിൽ സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

keralanews zika virus cluster found in thiruvananthapuram corporation health minister issues alert

തിരുവനന്തപുരം:നഗരസഭയിലെ ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സിക വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.അമിത ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഡിഎംഒ ഓഫിസില്‍ സിക കണ്‍ട്രോള്‍ റൂം തുറക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.ആനയറ കിംസ് ആശുപത്രിയ്ക്ക് ചുറ്റളവിലെ 9 ഓളം നഗരസഭാ വാര്‍ഡുകളാണ് സിക ബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്. അവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൊതുക് നിര്‍മാര്‍ജനത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കും.സിക സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍, ഡിഎംഒ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.അതേസമയം സിക സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘംജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി. സിക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കുമെന്ന് ഡിഎംഒ ഡോ. കെ എസ് ഷിനു പറഞ്ഞു. സിക പ്രതിരോധ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കൊണ്ടു പോകുന്നുവെന്ന് ഉറപ്പ് വരുന്നത് വരെ കേന്ദ്ര സംഘം കേരളത്തില്‍ തുടരും.

ഇരിട്ടിയില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

keralanews many injured in bus accident in iritty

കണ്ണൂർ: ഇരിട്ടിയില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്.ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ രണ്ട് ബസുകള്‍ മത്സര ഓട്ടം നടത്തുകയായിരുന്നു.ഇരിട്ടി – പായം റോഡില്‍ ജബ്ബാര്‍ കടവ് പാലത്തിന് സമീപം ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപ്പാച്ചി എന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. മത്സര ഓട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ്സിലുണ്ടായിരുന്നവരും ദൃക്‌സാക്ഷികളും പറഞ്ഞു. പായം, ആറളം സ്വദേശികള്‍ക്കാണ് അപകചത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബസുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.

മൊഴികളിൽ വൈരുധ്യം;അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്

keralanews contradiction in statements customs notice again to arjun ayankis wife

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കി കസ്റ്റംസ്.അമലയുടെ മൊഴിയില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് അമലയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആദ്യ ചോദ്യം ചെയ്യലില്‍ അര്‍ജ്ജുനെ സംരക്ഷിക്കുന്ന നിലപാടാണ് അമല സ്വീകരിച്ചതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. പല ചോദ്യങ്ങള്‍ക്കും അമല മറുപടി പറഞ്ഞിട്ടില്ല. രണ്ടാമതും ചോദ്യം ചെയ്യുന്നതിലൂടെ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്.ആദ്യതവണ കസ്റ്റംസില്‍ ഹാജരായ അമലയെ ഉദ്യോഗസ്ഥര്‍ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അര്‍ജുന്‍ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച്‌ തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നല്‍കിയിരുന്നത്.പറയത്തക്ക ജോലിയൊന്നുമില്ലായിരുന്ന അര്‍ജുന്‍ ആയങ്കി വലിയ ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാര്യയുടെ അമ്മ നല്‍കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അര്‍ജുന്റെ ഭാര്യയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. എന്നാൽ അര്‍ജുന്‍ പറയുന്നതുപോലെ വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ഒന്നും തന്റെ വീട്ടുകാരുടെ പക്കല്‍ നിന്നും അര്‍ജുന് ഉണ്ടായിരുന്നില്ല എന്നും അമലയുടെ മൊഴികളിലുണ്ട്.

കോഴിക്കോട് കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയം;കടകൾ തുറക്കുമെന്ന തീരുമാനത്തിലുറച്ച് വ്യാപാരികൾ;ശക്തമായ നടപടിയുണ്ടാകുമെന്ന് കളക്ടർ

keralanews talk with kozhikkode collector failed traders decide to open shops collector says strong action will be taken

കോഴിക്കോട്:കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നൽകണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. തങ്ങള്‍ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ചയ്ക്കും ഇളവിനും തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലാണ് നാളെ കടകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചർച്ചയിലെ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാരികൾ പറഞ്ഞു. പെരുന്നാള്‍ ദിനം വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവന്‍ പറഞ്ഞു.അതേസമയം ലോക്ഡൗൺ ലംഘിച്ച് നാളെ കടകൾ തുറന്നാൽ നടപടിയുണ്ടാവുമെന്ന് കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയും വ്യക്തമാക്കി.സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പകരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ.നരസിംഹ ഗാരി തേജ് ലോഹിത് റെഡ്ഡിയാണ് പങ്കെടുത്തത്.എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. ഏകോപന സമിതിയുടെ വെല്ലുവിളി സമരം രാഷ്ട്രീയ പ്രേരിതമെന്നും ബിജു ആരോപിച്ചു.

എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.47 ശതമാനം ജയം;കൂടുതല്‍ പേര്‍ ജയിച്ചത് കണ്ണൂരില്‍; കുറവ് വയനാട്ടിലും

keralanews sslc result announced 99.47 percentage passed most won in kannur less in wayanad

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയശതമാനം.കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്‌എസ്‌എല്‍സി വിജയ ശതമാനം 99 കടക്കുന്നത്.1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുന്‍ വര്‍ഷം 41906 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. ഇത്തവണ കോവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്‌സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ടി.എച്ച്‌.എസ്.എല്‍.സി., ടി.എച്ച്‌.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി.(ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്‌.എസ്.എല്‍.സി. എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും.എസ്.എസ്.എല്‍.സി. (എച്ച്‌.ഐ.) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ.) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ.എച്ച്‌.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala ലും ലഭിക്കും.

കോഴിക്കോട് അക്രമിസംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; ശരീരത്തില്‍ നിരവധി പരിക്കുകൾ

keralanews youth kidanpped at gunpoint released found several injuries in the body

കോഴിക്കോട്:അക്രമിസംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. പ്രവാസിയായ അഷ്‌റഫിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുന്ദമംഗലത്തു നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്, ഒരു കാല്‍ ഒടിഞ്ഞ നിലയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. മാവൂരിലെ തടി മില്ലിലാണ് അക്രമിസംഘം ഇയാളെ പാര്‍പ്പിച്ചിരുന്നത്.ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്‌റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതേക്കുറിച്ച്‌ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്.അതിരാവിലെയായതിനാല്‍ അയല്‍ക്കാരൊന്നും വിവരം അറിഞ്ഞില്ല. പിന്നീട് അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അഷ്‌റഫിനെതിരെ കൊച്ചി വഴി സ്വര്‍ണം കടത്തിയതിന് നേരത്തെ കേസുണ്ട്. റിയാദില്‍ നിന്ന് മെയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തിലെ ക്യാരിയറായ അഷ്‌റഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.കൊടുവള്ളി സ്വദേശിയായ നൗഷാദ് എന്നയാള്‍ സ്വര്‍ണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ സിദ്ദീഖും പറയുന്നു. സംഘം നേരത്തേയും അഷ്‌റഫിനെ തേടി എത്തിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണം തന്റെ പക്കല്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്നാണ് അഷ്‌റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം വടകര ഡിവെഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.