കണ്ണൂര്‍: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ നിന്നും രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് അതിരാവിലെയാണ് സംഭവം.ഏഴാം ബ്ലോക്കിലെ ഷിജോ പുലിക്കിരിയും കുടുംബവുമാണ് താനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ഷിജോയുടെ ഷെഡ് കാട്ടാന പൊളിച്ചു. രാവിലെ ആന ഷെഡ് പൊളിക്കുന്നത് ഷിജോയും ഭാര്യയും കാണുന്നുണ്ടായിരുന്നു. ഈ സമയം ഇവരുടെ രണ്ട് കുട്ടികള്‍ ഉറക്കത്തിലായിരുന്നതിനാല്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ഷിജോയും ഭാര്യയും ഒച്ച വച്ച് കുട്ടികളെയും വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയവും ഷെഡ് കുത്തിമറിക്കാന്‍ ആന ശ്രമിക്കുകയായിരുന്നു.ഷിജോയുടെയും കുടുംബത്തിന്റെയും ഒച്ച കേട്ട് ആന തിരിഞ്ഞ് പോയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. പുനരധിവാസ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ അടിയന്തിര നടപടി വേണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സി.പി.എം നേതാക്കളായ കെ.കെ. ജനാര്‍ദ്ദനന്‍ , കെ.ബി. ഉത്തമന്‍ എന്നിവര്‍ ആവശ്യപ്പെട്ടു ഷിജോക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവില്ല;ശനിയും ഞായറും വാരാന്ത്യ ലോക്ഡൌൺ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഇല്ല. വാരാന്ത്യ ലോക്ഡൗൺ തുടരാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ബക്രീദുമായി ബന്ധപ്പെട്ട് നൽകിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകൾ അവസാനിക്കുന്നതോടെ നേരത്തെ ഉണ്ടായിരുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും. കേരളത്തില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് നല്‍കിയ ഇളവുകള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ മൈക്രോ കണ്ടെയിന്‍മെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കര്‍ക്കശമാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇത് കൂടാതെ വെള്ളിയാഴ്ച റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്താനും ആരോഗ്യ വകുപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനമോ അതിന് മുകളിലോ ഉള്ള ഇടങ്ങളിലാണ് കൂടുതല്‍ പരിശോധന.
രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഐസിഎംആര്‍ അനുമതി;ആദ്യ ഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കാൻ നിര്‍ദേശം
ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) അനുമതി.മുതിര്‍ന്നവരേക്കാള്‍ മികച്ച രീതിയില്‍ കുട്ടികള്‍ക്ക് വൈറസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അനുമതി. മുതിര്‍ന്നവരില്‍ ഉള്ളതുപോലെ തന്നെയാണ് കുട്ടികളിലെയും ആന്റിബോഡികള്‍ എന്നിരിക്കെ തന്നെ അവര്‍ ഇതില്‍ കൂടുതല്‍ മികവ് കാണിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.ആദ്യ ഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കാനാണ് നിര്‍ദേശം.പ്രദേശത്തെ കോവിഡ് സാഹചര്യങ്ങള്‍കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കണം നടപടികളുമായി മുന്നോട്ട് പോകേണ്ടതെന്നും പ്രത്യേകം നിര്‍ദേശിക്കുന്നു. അധ്യാപക-അനധ്യാപക ജീവനക്കാരെല്ലാം വാക്സിന്‍ സ്വീകരിച്ചിരിക്കണം. ബസ് ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണം. ഇന്ത്യയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈവറി സ്‌ക്കൂളുകള്‍ തന്നെയാകാമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നാലാമത്തെ ദേശീയ സെറോ സര്‍വേയുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, 6-17 വയസ് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ ആന്റിബോഡികളുടെ സാന്നിധ്യം കാണിക്കുന്നു. 6-9 വയസ് പ്രായമുള്ളവരില്‍ 57.2 ശതമാനമാണ് സെറോ-പോസിറ്റിവിറ്റി. സ്ഥിതിഗതികള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാകുമെന്ന് എടുത്തുകാട്ടിക്കൊണ്ട്, സ്കൂളുകള്‍ ആരംഭിക്കാനുള്ള തീരുമാനം അവരുടെ പോസിറ്റീവ് നിരക്ക്, വാക്സിനേഷന്‍ നില, പൊതുജനാരോഗ്യ സാഹചര്യം എന്നിവ അനുസരിച്ച് ജില്ലാതലത്തില്‍ എടുക്കേണ്ടത്.
ഫോൺ വിളി വിവാദം;രാജിവെക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കുണ്ടറ പീഡനക്കേസുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ പ്രതിരോധത്തിലായതിന് പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശശീന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല ക്ലിഫ് ഹൗസില്‍ എത്തിയത്. വിവാദത്തില്‍ വിശദീകരണം നല്‍കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം ഉയര്‍ന്നത്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു.പരാതി പിന്‍വലിക്കാനല്ല ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.അതിനിടയില്‍ ലൈംഗിക പീഡന കേസില്‍ എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലിസ് കേസെടുത്തു. പരാതി ലഭിച്ച് 22 ദിവസത്തിന് ശേഷമാണ് പൊലിസിന്റെ നടപടി. മന്ത്രി എ കെ ശശീന്ദ്രന്‍ വിഷത്തില്‍ ഇടപെട്ടത് വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
എൻ.സി.പി നേതാവിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കൊല്ലം: കുണ്ടറയിൽ എൻ.സി.പി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം പത്മാകരൻ തന്റെ കൈയ്യിൽ കയറിപിടിച്ചെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നുമാണ് യുവതി നൽകിയ പരാതി. എൻ.സി.പി പ്രാദേശിക നേതാവിന്റെ മകളായ യുവതിയുടെ പരാതി പിൻവലിക്കാൻ നിർബന്ധിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയാൻ ഇടയായത്.അതേസമയം പീഡന കേസില്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി വ്യക്തമാക്കി.സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.പത്മാകരന് എതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു. സമൂഹ മാധ്യമത്തില്‍ കൂടി അപമാനിക്കാന്‍ തുനിഞ്ഞതോടെയാണ് നേരത്തെ നേരിട്ട പീഡന ശ്രമത്തിലും പരാതി കൊടുക്കാന്‍ തയ്യാറായത്. മന്ത്രി എ കെ ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റാണ്. ഉചിതമായ നടപടി മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകുമെന്ന് കരുതുന്നതായും പെണ്‍കുട്ടി പറഞ്ഞു.
പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു;മരിച്ചത് 11 വയസുകാരന്‍
ന്യൂഡൽഹി: പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ് എച്ച് 5 എന്‍ 1 വൈറസ് എങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണ്. പക്ഷിപ്പനി മരണത്തെ തുടര്‍ന്ന് കേന്ദ്രം കര്‍ശന ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്ലുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍ 1. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. ചത്ത പക്ഷികള്‍, രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്‌ഠം എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്.
സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് ചികിത്സാസഹായം തേടിയ ആറു മാസം പ്രായമുള്ള ഇമ്രാൻ മരണത്തിനു കീഴടങ്ങി
കോഴിക്കോട്: സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് ചികിത്സാസഹായം തേടിയ ആറു മാസം പ്രായമുള്ള ഇമ്രാൻ മരണത്തിനു കീഴടങ്ങി. 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് മടക്കം.ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.ഇമ്രാന്റെ ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. ഇതിനിടെയാണ് ദുഃഖവാര്‍ത്ത എത്തിയത്. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു ഇമ്രാന്‍. വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടേയും മകനാണ് ആറ്മാസം പ്രായമുള്ള ഇമ്രാന്‍.പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇതിനിടെയാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണ് രോഗമെന്ന് തിരിച്ചറിഞ്ഞത്.18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എംഎല്‍എ. മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. 16 കോടി കിട്ടുകയും ചെയ്തു. ഇതിനിടെയാണ് ഇമ്രാന്റെ മടക്കം.
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ തുടരും. ബക്രിദ് ബന്ധപ്പെട്ട് നല്‍കിയ ഇളവുകള്‍ ഇന്ന് അവസാനിക്കും.ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടൈന്‍മെന്‍റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;104 മരണം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91; 12,052 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,855 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2673, തൃശൂര്‍ 1908, എറണാകുളം 1837, കോഴിക്കോട് 1671, കൊല്ലം 1549, പാലക്കാട് 747, കോട്ടയം 1037, തിരുവനന്തപുരം 976, ആലപ്പുഴ 895, കണ്ണൂര്‍ 780, കാസര്‍ഗോഡ് 616, പത്തനംതിട്ട 495, വയനാട് 437, ഇടുക്കി 234 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്‍, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 451, കൊല്ലം 726, പത്തനംതിട്ട 343, ആലപ്പുഴ 604, കോട്ടയം 525, ഇടുക്കി 278, എറണാകുളം 1091, തൃശൂര്‍ 1479, പാലക്കാട് 1046, മലപ്പുറം 2453, കോഴിക്കോട് 1493, വയനാട് 299, കണ്ണൂര്‍ 761, കാസര്‍ഗോഡ് 503 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
അശ്ലീല ചിത്ര നിർമ്മാണം; ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ
മുംബൈ: അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത സംഭവത്തിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ.മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റേതാണ് നടപടി.അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് കുന്ദ്ര ആപ്പുകൾ വഴി വിതരണം ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതായി മുംബൈ പോലീസ് കമ്മീഷണർ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയിലാണ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കുന്ദ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.രാജ് കുന്ദ്രയ്‌ക്ക് പുറമേ 11 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 34, 292, 293 എന്നീ വകുപ്പുകൾ പ്രകാരവും ഐടി നിയമപ്രകാരവുമാണ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.