News Desk

കടല്‍ക്ഷോഭത്തില്‍പ്പെട്ട് ഫൈബര്‍ ബോട്ട് തകര്‍ന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

keralanews fishermen rescued after fiberglass boat capsized in sea storm

കണ്ണൂര്‍: കടല്‍ക്ഷോഭത്തില്‍ ഫൈബര്‍ ബോട്ട് തകര്‍ന്ന് കടലിൽ വീണ മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ദീന്‍ (31), കൊല്ലം സ്വദേശികളായ പ്രഭാകരന്‍ (58), കുഞ്ഞാലി (57) എന്നിവരാണ്‌ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടത്‌. ഗോപാലപ്പേട്ട തിരുവാണിക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഇന്നലെ പകലായിരുന്നു അപകടം. വടകര ചോമ്പാൽ ഹാര്‍ബറില്‍ ഹാര്‍ബറില്‍നിന്ന്‌ ‘പമ്മൂസ്‌’ തോണിയില്‍ ശനിയാഴ്‌ച പകല്‍ 2.30ന്‌ മീന്‍പിടിക്കാന്‍ പോയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. മടങ്ങിവരുമ്പോൾ എന്‍ജിന്‍ തകരാറിലായി ആഴക്കടലില്‍ കുടുങ്ങുകയായിരുന്നു. ഗോപാലപ്പേട്ടയിലെ പ്രജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്‌മി’ തോണിയില്‍ കെട്ടിവലിച്ചാണ്‌ തീരത്തിനടുത്ത്‌ എത്തിച്ചത്‌.ഇതിന്‌ പിന്നാലെയാണ്‌ കൂറ്റന്‍ തിരമാലയില്‍ തോണി തകര്‍ന്നത്‌.തീരദേശ പൊലീസ്‌ എത്തുമ്പോഴേക്കും കടല്‍ക്കോളില്‍പെട്ട്‌ മരണമുഖത്തായിരുന്നു തൊഴിലാളികള്‍. ഗോപാലപ്പേട്ടയിലെ പതിനഞ്ചോളം തൊഴിലാളികളും രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. കൂറ്റന്‍ കമ്പ ഉപയോഗിച്ചാണ്‌ തൊഴിലാളികളെ കരക്കെത്തിച്ചത്‌. ഇവര്‍ക്ക്‌ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി.

പാലക്കാട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; ഏഴ് കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം

keralanews theft in co operative bank in palakkad 7kg gold lost

പാലക്കാട്:പാലക്കാട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.പാലക്കാട്-വാളയാര്‍ ദേശീയപാതയ്ക്കു സമീപം മരുതറോഡില്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് മോഷണം നടന്നത്. ഏഴ് കിലോഗ്രാം സ്വര്‍ണവും 18,000 രൂപയും ലോക്കറില്‍ നിന്നു നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ബാങ്കിന്റെ ഗ്ലാസും ലോക്കറും തകര്‍ത്ത നിലയിലാണ്.ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ സ്‌ട്രോംഗ് റൂമിന്റെ അഴികള്‍ മുറിച്ച്‌ മാറ്റുകയായിരുന്നു. ബാങ്കിലെ സിസിടിവി ക്യാമറയുടെ വയറുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. പുലര്‍ച്ചെയാണു മോഷണമെന്നു സംശയിക്കുന്നു. കോണ്‍ഗ്രസ് ഭരണസമിതിക്കു കീഴിലാണ് സൊസൈറ്റി.രാവിലെ സൊസൈറ്റി തുറക്കാനെത്തിയവരാണു മോഷണ വിവരം അറിയുന്നത്.ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണായതിനാല്‍ ബാങ്ക് തുറന്നിരുന്നില്ല. അതിനാല്‍ വെള‌ളിയാഴ്‌ചയ്‌ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ ബാങ്ക് തുറന്നപ്പോഴാണ് അധികൃതര്‍ വലിയ കവര്‍ച്ചയുടെ വിവരം അറിയുന്നത്. പോലിസ് പരിശോധന നടത്തുന്നു.

തിരുവനന്തപുരത്ത് ക്രിമിനൽ കേസ് പ്രതിയെ ബൈക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷം തട്ടിക്കൊണ്ടുപോയി

keralanews accused in criminal case abducted in thiruvananthapuram

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം തട്ടി കൊണ്ടുപോയി. നെയ്യാർ ഡാം സ്വദേശി ഷാജിയെയാണ് തട്ടികൊണ്ടുപോയത്. തിരുവനന്തപുരം മാറന്നല്ലൂരിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തിയ ശേഷം സംഘം ഷാജിയെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാജി ഓടിച്ചിരുന്ന ആക്ടീവ സ്‌കൂട്ടർ പിന്തുടർന്ന് വന്നവർ ആദ്യം വാഹനം ഇടിച്ചിട്ടു. നിലത്തുവീണ ഷാജിയെ മർദ്ദിച്ച ശേഷമാണ് കാറിൽ കയറ്റികൊണ്ടുപോയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനമോടിച്ചിരുന്നത് ഷാജിയാണെന്ന് കണ്ടെത്തിയത്.ഷാജി നിരവധിക്കേസിലെ പ്രതിയും പണം പലിശക്ക് കൊടുക്കുന്നയാളുമാണെന്ന് പോലീസ് പറയുന്നു. വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

കാ​റി​ന്​ പി​ന്നി​ല്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു;യുവാവ് അറസ്റ്റിൽ

keralanews dog tied to car dragged down road youth arrested

കോട്ടയം: കാറിന് പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു.കാര്‍ ഓടിച്ചിരുന്ന ളാക്കാട്ടൂര്‍ സ്വദേശി ജെഹു തോമസ് ആണ് അറസ്റ്റിലായത്. കോട്ടയം അയർക്കുന്നത്താണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ആദ്യം വിസമ്മതിച്ചെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തിരച്ചില്‍ ശക്തമാക്കുകയും ജെഹു തോമസിനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഇന്നലെ പുലര്‍ച്ചെ 6.30 നാണ് അയര്‍ക്കുന്നം-ളാക്കാട്ടൂര്‍ റോഡില്‍ അമിതവേഗതയിലെത്തിയ കാറിന് പിന്നില്‍ നായയെ കെട്ടിയിട്ടത് കണ്ടെത്തിയത്. സംഭവത്തിന് സാക്ഷിയായ നാട്ടുകാര്‍ പൊതു പ്രവര്‍ത്തകരെ സമീപിച്ചു. അയര്‍ക്കുന്നം സ്വദേശിയായ ഐസക്കിന്റെ വീട്ടില്‍ നിന്നാണ് വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.അതേസമയം കാറിന് പിന്നില്‍ നായയെ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് മൊഴി നല്‍കിയത്. നായയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരില്‍ ആരോ കാറിന് പിന്നില്‍ നായയെ കെട്ടിയിടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. വാക്സിനേഷനു വേണ്ടി പോകുന്നതിനിടയില്‍ രാവിലെ പണമെടുക്കാന്‍ താന്‍ എ.ടി.എമ്മില്‍ പോവുകയായിരുന്നു. എന്നാല്‍, നായയെ വാഹനത്തിന് പിന്നില്‍ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ല എന്നും എ.ടി.എമ്മിന് മുന്നില്‍വെച്ച്‌ നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും യുവാവ് വിശദീകരിച്ചു.

വാക്‌സിനെടുക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കണ്ണൂർ കളക്ടർ ടി.വി സുഭാഷിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

keralanews protest against kannur collector t v subhashs order requiring corona negative certificate for vaccination

കണ്ണൂർ:വാക്‌സിനെടുക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കണ്ണൂർ കളക്ടർ ടി.വി സുഭാഷിന്റെ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.വാക്‌സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണമെന്നാണ് കളക്ടറുടെ ഉത്തരവ്. എന്നാൽ സൗജന്യമായി കിട്ടേണ്ട വാക്‌സിനെടുക്കാൻ പരിശോധനയ്‌ക്കായി പണം ചെലവാക്കേണ്ട അവസ്ഥയാണ് കളക്ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നത്.തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും വാക്‌സിൻ നൽകുകയെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് വാക്‌സിനായി സ്ലോട്ടുകൾ ലഭിക്കുന്നത്. ഇതിനിടെ ആർടിപിസിആർ പരിശോധനയ്‌ക്ക് പോയാൽ 24 മണിക്കൂറെടുക്കും ഫലം ലഭിക്കാൻ. ഇതോടെ സ്ലോട്ട് നഷ്ടമാവുമെന്നും ജനങ്ങൾ പറയുന്നു.രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവർ 15 ദിവസം കൂടുമ്പോൾ കൊറോണ ആന്റിജൻ ടെസ്റ്റ് നടത്തണം. തൊഴിലിടങ്ങളിൽ രണ്ട് ഡോസ് വാക്‌സിൻ അല്ലെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബസ് ഓട്ടോ ടാക്‌സി തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. എന്നാൽ സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്ത്രീയമായ നീക്കം വിപരീതഫലം ഉണ്ടാക്കുമെന്ന് ഡോക്ടർമാരുടെ സംഘടന കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.

കൊച്ചിയിൽ ഐ.എന്‍.എല്‍ യോഗത്തില്‍ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

keralanews conflict between two groups in inl meeting in kochi

കൊച്ചി: കൊച്ചിയിൽ ഐ.എന്‍.എല്‍ യോഗത്തില്‍ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി.യോഗം നടന്ന ഹോട്ടലിന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കങ്ങളെ ചൊല്ലിയാണ് സംഘര്‍ഷം. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടതും പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ കലാശിച്ചതും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരുന്നത്. രണ്ട് സംസ്ഥാന സെക്രട്ടറി‍യേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. കാസിം ഇരിക്കൂറിനെ പൊലീസ് അകമ്പടിയിലാണ് ഹാളില്‍ നിന്ന് മാറ്റിയത്.കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തിന്‍റ മിനുട്ട്സില്‍ രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് കാസിം ഇരിക്കൂര്‍ എഴുതിവെച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പ്രസംഗത്തിനിടെ സെക്രട്ടറിയേറ്റ് അംഗമായ ഒ.പി.ഐ കോയയോട് താങ്കള്‍ ഏത് പാര്‍ട്ടിയുടെ പ്രതിനിധിയാണെന്ന് ചോദിച്ച്‌ ആക്ഷേപിച്ചെന്നും സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ വഹാബ് പറഞ്ഞു.ഇത് നേതാക്കള്‍ ചോദ്യം ചെയ്തതോടെ പ്രശ്നങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഉടന്‍ യോഗം പിരിച്ചുവിട്ടതായി അറിയിച്ചെങ്കിലും പ്രശ്നങ്ങള്‍ കൈയാങ്കളിയിലേക്ക് നീങ്ങി. യോഗം നടന്ന ഹോട്ടലിന് പുറത്തുണ്ടായിരുന്ന പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് തമ്മിലടിച്ചു. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. യോഗത്തില്‍ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഹോട്ടലില്‍ കുടുങ്ങി.പിന്നീട് പോലീസെത്തിയാണ് അദ്ദേഹത്തെ അവിടെനിന്നും മാറ്റിയത്.അതെ സമയം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച്‌ ഐ.എന്‍.എല്‍ യോഗം നടക്കുന്ന ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രല്‍ പൊലീസ് നല്‍കിയ നോട്ടീസ് അവഗണിച്ചാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊച്ചിയില്‍ നടക്കുന്നത്. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊവിഡ് വ്യാപനം രൂക്ഷം;സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

keralanews covid spread restrictions intensifies in the state

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുക.കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി.സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കി.അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. കൃത്യമായ രേഖകള്‍ കാണിച്ച്‌ വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ വച്ച്‌ പൊലീസ് പരിശോധന നടത്തും. രോഗവ്യാപനം തീവ്രമായ മേഖലകളില്‍ മൈക്രോ കണ്ടെയ്ന്‍‍മെന്‍റ് സോണ്‍ രൂപീകരിച്ച്‌ ഒരു വഴിയിലൂടെ മാത്രമാകും യാത്ര അനുവദിക്കുക. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടും.സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍ തുടരും.രണ്ടാംതരംഗം അവസാനിക്കും മുന്‍പേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതില്‍ ആരോഗ്യവിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്‌സിന്‍ എത്താത്തതും വലിയ വെല്ലുവിളിയാണ്.

സംസ്ഥാനത്ത് ഇന്ന് 18,531 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91; 15,507 പേർ രോഗമുക്തി നേടി

keralanews 18531 covid cases confirmed in the state today 15507 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 18,531 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂർ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂർ 990, ആലപ്പുഴ 986, കോട്ടയം 760, കാസർഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 113 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,538 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 806 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2707, തൃശൂർ 2472, കോഴിക്കോട് 2233, എറണാകുളം 1956, പാലക്കാട് 1097, കൊല്ലം 1454, തിരുവനന്തപുരം 1032, കണ്ണൂർ 884, ആലപ്പുഴ 984, കോട്ടയം 737, കാസർഗോഡ് 652, വയനാട് 518, പത്തനംതിട്ട 472, ഇടുക്കി 340 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.74 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ, പാലക്കാട്, കണ്ണൂർ 13 വീതം, കാസർഗോഡ് 9, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, കോഴിക്കോട് 2 വീതം, തിരുവനന്തപുരം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,507 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 856, കൊല്ലം 1413, പത്തനംതിട്ട 502, ആലപ്പുഴ 1914, കോട്ടയം 684, ഇടുക്കി 235, എറണാകുളം 1419, തൃശൂർ 1970, പാലക്കാട് 1026, മലപ്പുറം 2401, കോഴിക്കോട് 1348, വയനാട് 387, കണ്ണൂർ 718, കാസർഗോഡ് 634 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,38,124 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,99,469 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,24,351 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

തൃക്കാക്കരയിൽ തെരുവുനായ്ക്കളെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവം;ഒരാൾ അറസ്റ്റിൽ, നഗരസഭയുടെ അറിവോടെയെന്ന് മൊഴി

keralanews incident of stray dogs beaten to death and buried in thrikkakara with the knowledge of the corporation one arrested

കൊച്ചി: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.നായകളെ കൊന്ന ശേഷം കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ സൈജനാണ് അറസ്റ്റിലായത്. തൃക്കാക്കര നഗരസഭാ അധികൃതരുടെ അറിവോടെയാണ് നായ്‌ക്കളെ കൊന്നതെന്ന് സൈജൻ മൊഴി നൽകി.നായകളെ പുറത്തെടുത്ത് പരിശോധന നടത്തുകയാണ്. നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിനോട് ചേർന്നാണ് നായ്‌ക്കളെ കുഴിച്ചിട്ടിരുന്നത്. 30ഓളം നായകളുടെ ജഡം കണ്ടെത്തി.തൃക്കാക്കരയിലെ ഈച്ചമുക്ക് പ്രദേശത്ത് വ്യാഴാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.കെഎൽ 40 രജിസ്‌ട്രേഷൻ വാഹനത്തിലെത്തിയ തമിഴ്നാട് സ്വദേശികളായ മൂന്നംഗ സംഘം കമ്പികൊണ്ട് നായയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വളരെ പ്രാകൃതമായി കുരുക്കിട്ട് പിടികൂടുന്ന നായകൾക്ക് ഉഗ്രവിഷമാണ് ഇവർ കുത്തിവെച്ചത്. സൂചി കുത്തിവെച്ച് ഊരിയെടുക്കും മുൻപ് നായ കുഴഞ്ഞുവീണ് ചാവും.നായയുടെ പിറകെ ഇവര്‍ വടിയുമായി പോകുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നായയെ വലിച്ചുകൊണ്ടുപോയി ഇടുന്ന ദൃശ്യങ്ങളും കാണാം. ഇതുകണ്ട് മറ്റ് തെരുവ് നായ്ക്കള്‍ ഓടി അകലുന്നുമുണ്ട്. പിന്നീടുള്ള ദൃശ്യങ്ങളില്‍ പിക്കപ് വാന്‍ വരുന്നതും അതിലേക്ക് നായയെ വലിച്ചെറിയുകയുമാണ് ചെയ്തത്. കൊലപ്പെടുത്തിയ നായകളെ തൃക്കാക്കര നഗരസഭയോട് ചേർന്നുള്ള പുരയിടത്തിൽ കുഴിച്ചിട്ടതായി ഇവർ സമ്മതിച്ചിരുന്നു.എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് തൃക്കാക്കര നഗരസഭയുടെ വാദം. അതേസമയം സംഭവത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തിൽ നഗരസഭയ്‌ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി നൽകിയ മുന്നറിയിപ്പ്.

ശക്തമായ മഴ; മൂന്നാറില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷം;രാത്രികാല യാത്രകള്‍ക്ക് നിരോധനം

keralanews heavy rain landslide in munnar night journey banned

ഇടുക്കി:ശക്തമായ മഴയെ തുടർന്ന് മൂന്നാറില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷം.പല പ്രദേശങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട മേഖലയില്‍ മണ്ണ് മാറ്റി തുടങ്ങിയിട്ടുണ്ട്.മൂന്നാറിലെ പൊലീസ് ക്യാന്റീനിന് സമീപം റോഡിലേക്ക് വീണ മണ്ണ് നീക്കുകയാണ്. നിലവില്‍ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു കഴിഞ്ഞു.കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഞായറാഴ്ച വരെ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നടപടി. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി മൂന്നാറില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.