കണ്ണൂര്‍: താണ ധനലക്ഷ്മി ഹോസ്പിറ്റലിനു മുന്നില്‍ രാവിലെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ടു കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. തളിപ്പറമ്പ് ഏഴാംമൈലില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ടെറാനോ കാര്‍ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപത്തെ ജങ്ഷനില്‍ വച്ച് മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാറുകള്‍ നിര്‍ത്തിയിട്ട മറ്റൊരു ഓട്ടോയിലും ഇടിച്ചു.അപകടത്തില്‍പ്പെട്ട കാര്‍ തലകീഴായി റോഡരികിലെ കടയുടെ സമീപത്തേക്ക് മറിഞ്ഞു. ഓടിയെത്തിയ നാട്ടുകാരും പിന്നീട് വിവരമറിഞ്ഞെത്തിയ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതായി പോലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന തളിപ്പറമ്പ് ഏഴാംമൈല്‍ സ്വദേശികളായ ഇബ്രാഹിം കുട്ടി, നഫീസ, മുഹമ്മദ് അലി എന്നിവരെയും മറ്റ് രണ്ടുപേരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാന്‍ സമയമെടുക്കുമെന്ന് ഐസിഎംആര്‍; മൂന്നാം തരംഗം രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാന്‍ സമയമെടുക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. മൂന്നാം തരംഗം കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷമായേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.രോഗവ്യാപന സാഹചര്യം പരിശോധിക്കാന്‍ ആറംഗ കേന്ദ്രസംഘം കേരളത്തിലെത്തും. കേന്ദ്ര ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 43,509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 50.69 ശതമാനം കേസുകളും കേരളത്തില്‍ നിന്നാണ്. രാജ്യത്തെ നാല് ലക്ഷം സജീവ കേസുകളില്‍ ഒന്നര ലക്ഷവും കേരളത്തിലാണ്.അതേസമയം വാക്‌സിന്‍ വഴിയോ രോഗം വന്നതുമൂലമോ കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് കണ്ടെത്തല്‍. നാലാമത് ദേശീയ സിറോ സര്‍വേയിലെ കണ്ടെത്തലുകളനുസരിച്ച് സംസ്ഥാനത്ത് 44.4 ശതമാനം പേര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ പ്രതിരോധശേഷി ലഭിച്ചിട്ടുള്ളത്. ജൂണ്‍ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐസിഎംആര്‍ നാലാമത് ദേശീയ സിറോ സര്‍വേ നടത്തിയത്.
കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ നൽകി കേന്ദ്രം;9,72,590 ഡോസ് വാക്സിൻ കൂടി സംസ്ഥാനത്ത് എത്തി
തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ നൽകി കേന്ദ്രം.9,72,590 ഡോസ് വാക്സിൻ കൂടി സംസ്ഥാനത്ത് എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പ്രസ്താവനയിലൂടെ അറിയിച്ചു.8,97,870 ഡോസ് കൊവിഷീൽഡ് വാക്സിനും 74,720 ഡോസ് കൊവാക്സിനുമാണ് ലഭ്യമായത്. മൂന്ന് ദിവസത്തെ വാക്സിന്‍ പ്രതിസന്ധിക്കാണ് ഇതോടെ താത്കാലിക പരിഹാരമായത്.നാളെ മുതല്‍ വാക്സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.എറണാകുളത്ത് 5 ലക്ഷം കൊവീഷീൽഡ് വാക്സിൻ ഇന്നലെ സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കൊവിഷീൽഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കൊവീഷിൽഡ് വാക്സിനും എത്തിയിരുന്നു.തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കൊവീഷീൽഡ് വാക്സിൻ രാത്രിയോടെ എത്തി.വൈകിയാണ് വാക്സിൻ ലഭിച്ചത്. ലഭ്യമായ വാക്സിൻ എത്രയും വേഗം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248 പേർക്ക് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേർക്ക് ഒന്നാം ഡോസും 16.28 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി.
സംസ്ഥാനത്ത് ഇന്ന് 22,056 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.20; 17,761 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂർ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂർ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസർഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 120 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3679, തൃശൂർ 2989, കോഴിക്കോട് 2367, എറണാകുളം 2296, പാലക്കാട് 1196, കൊല്ലം 1451, ആലപ്പുഴ 1446, കണ്ണൂർ 1086, തിരുവനന്തപുരം 991, കോട്ടയം 1017, കാസർഗോഡ് 875, വയനാട് 676, പത്തനംതിട്ട 527, ഇടുക്കി 364 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.100 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 18, പാലക്കാട്, കാസർഗോഡ് 14 വീതം, പത്തനംതിട്ട 10, കോട്ടയം 8, കൊല്ലം, തൃശൂർ 7 വീതം, തിരുവനന്തപുരം, എറണാകുളം 5 വീതം, ആലപ്പുഴ, വയനാട് 4 വീതം, കോഴിക്കോട് 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1226, കൊല്ലം 2484, പത്തനംതിട്ട 488, ആലപ്പുഴ 624, കോട്ടയം 821, ഇടുക്കി 355, എറണാകുളം 1993, തൃശൂർ 2034, പാലക്കാട് 1080, മലപ്പുറം 2557, കോഴിക്കോട് 2091, വയനാട് 441, കണ്ണൂർ 1025, കാസർഗോഡ് 542 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ലഖ്‌നൗ:നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്.ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.ഹരിയാണയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയി. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ബസ്സില്‍ നിന്നിറങ്ങി റോഡരികില്‍ കിടന്നുറങ്ങുകയായിരുന്നു.ഈ വഴി അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസ്സിന് പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങി.പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു.മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സ ഭരണകൂടം ഏറ്റെടുത്ത് നടത്തുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്നു തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റെമീസിന്റെ മരണത്തിൽ ദുരൂഹതയെന്ന് പ്രതിപക്ഷം; നിയമസഭയില്‍ അടിയന്തര പ്രമേയം
തിരുവനന്തപുരം: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക സാക്ഷിയാണ് റമീസ്. കേസില്‍ തെളിവില്ലാതാക്കി അട്ടിമറിക്കാനാണ് റമീസിനെ കൊന്നത്. എല്ലാ രഹസ്യങ്ങളും അറിയുന്ന ചിലര്‍ സഭയിലുണ്ടെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി.സ്വര്‍ണക്കടത്ത് തടയാന്‍ കേന്ദ്രത്തിനാണ് സമ്പൂർണ്ണ അധികാരമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.ആറ് ദിവസം മുന്‍പാണ് കണ്ണൂർ മൂന്നുനിരത്ത് സ്വദേശിയായ റമീസ് മരണപ്പെടുന്നത്. ഓടിക്കൊണ്ടിരുന്ന കാറില്‍ റമീസ് ഓടിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരിച്ചത്.സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കൊപ്പം റമീസിനും ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയും കൊച്ചി കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാവശ്യപ്പെട്ട് റമീസിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഇരുപരീക്ഷകളുടെയും മൂല്യനിർണയവും ടാബുലേഷനും പൂർത്തിയാക്കി പരീക്ഷാ ബോർഡ് യോഗം കഴിഞ്ഞതിന് പിന്നാലെയാണ് ഫലപ്രഖ്യാപനം.കൊറോണയും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയർ സെക്കൻഡറി കോഴ്സുകളുടെ ഫലം പൂർത്തിയാക്കിയത്. മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണ എന്നാണ് സൂചന.തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളിൽ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കി.
നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി;മന്ത്രി ശിവൻകുട്ടി അടക്കം മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി.സർക്കാർ നടപടി തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിമസഭാ അംഗങ്ങൾക്കുള്ള പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിലുള്ള പ്രവർത്തനത്തിന് മാത്രമാണ്. കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. പബ്ലിക്ക് പ്രോസിക്യൂട്ടർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള അവകാശമല്ല നിയമസഭാ പരിരക്ഷയെന്ന് വിധി പ്രസ്താവത്തില്‍ അടിവരയിട്ടു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്്. കേസിന്റെ വാദം കേട്ട വേളയില്‍ ജഡ്ജിമാരുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളായ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്‍, കെ. അജിത് എന്നീ പ്രതികള്‍ വിചരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നിയമസഭയ്ക്ക് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന് അപ്പീലില്‍ കേരളം വ്യക്തമാക്കിയിരുന്നു.2015 മാര്‍ച്ച് 13-നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടക്കുന്നത്. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. കയ്യാങ്കളി നടത്തിയ എംഎല്‍എ.മാര്‍ക്കെതിരേ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്.
കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
ഇടുക്കി:കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിനുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 9.30 യോടെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്.പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മല്‍സ്യബന്ധനത്തിനായി കുളമാവ് ഡാമില്‍ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിജു (38), സഹോദരന്‍ കെ കെ ബിനു (36) എന്നിവരെ കാണാതാവുന്നത്.ബിജുവിന്റെ മൃതദേഹം തിങ്കളാഴ്ച ഡാമില്‍നിന്ന് കിട്ടിയിരുന്നു. സഹോദരന്‍ ബിനുവിനായി തിരച്ചില്‍ നടത്തിവരവെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെടുത്തത്.പുലര്‍ച്ചെ മീന്‍വല അഴിക്കാന്‍ പോയ ഇരുവരും വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്‌നി രക്ഷാസേനകളുടെ 11 അംഗ ഡൈവിങ് വിദഗ്ധരും ഉള്‍പ്പെടുന്ന സ്‌കൂബാ ടീമും ദുരന്തനിവാരണ സേനയുടെ രണ്ട് ടീമുമാണ് തിരച്ചില്‍ നടത്തിയത്.
നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി ഇന്ന്.മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വിധി പറയുക. കേസിൽ വാദം കേൾക്കവെ സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ രൂക്ഷമായി വിമർശിച്ച കോടതി നിയമനിർമ്മാണ സഭയിൽ സഭ അംഗങ്ങൾ തന്നെ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ എന്ത് പൊതുതാത്പര്യമാണ് സർക്കാരിന് മുൻപിലുള്ളതെന്നും ചോദിച്ചിരുന്നു.വി. ശിവന്‍കുട്ടി അടക്കമുള്ള സി.പി.എം എം.എല്‍.എമാര്‍ നടത്തിയ അക്രമം അസ്വീകാര്യമാണെന്നും അവര്‍ പൊതുസ്വത്ത് നശിപ്പിച്ചത് പൊറുക്കാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.2015ല്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.