കാസർകോഡ്:ബദിയടുക്കയിൽ എക്‌സൈസ് കേസില്‍ അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ആശുപത്രിയില്‍ മരിച്ചു.ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരന്‍ (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതോടെയാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റാണ് മരണം. ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത ആളാണ് കസ്റ്റഡിയില്‍ മരിച്ചതെന്ന് കരുണാകരന്റെ സഹോദരന്‍ ശ്രീനിവാസ പറഞ്ഞു. എന്നാല്‍, കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് അധികതൃതര്‍ വിശദീകരിക്കുന്നത്. ജയിലില്‍ അപസ്മാരമുണ്ടായപ്പോഴാണ് ആശുപത്രിയിലാക്കിയതെന്നും എക്‌സൈസ് പറയുന്നു. കര്‍ണാടകയില്‍നിന്ന് മദ്യം കടത്തിയെന്ന കേസില്‍ ജൂലൈ 19 നായിരുന്നു കരുണാകരനെ എക്‌സൈസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന പ്രതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ ഇയാളുടെ പേശികള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കിഡ്‌നി തകരാറും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ദിവസങ്ങളോളം ജീവന്‍ നിലനിര്‍ത്തിയത്. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പോലിസ് അസ്വാഭാവിക മരണത്തിന് സ്വമേധയ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി:സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഫലം കണക്കാക്കിയിരിക്കുന്നത്.20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്.ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും ഫലം അറിയാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു. മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിട്ടുള്ളത്. ഇന്റേണല്‍ അസസ്‌മെന്റ്, വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് മൂല്യനിര്‍ണയം നടത്തിയത്.
‘കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രി’;പിണറായി വിജയനെതിരെ വയനാട്ടില്‍ മാവോയിസ്റ്റ് ലഘുലേഖ
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാവോയിസ്റ്റ് ലഖു ലേഖ വിതരണം ചെയ്ത് സായുധ സംഘം.വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു. സംഭവത്തില്‍ തൊണ്ടര്‍നാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാത്രി പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരും അടങ്ങിയ നാലംഗ സായുധ സംഘമെത്തിയത്.സംഘം കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. ശേഷം ലഘുലേഖകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പരിസരത്തെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ശേഷമാണ് കാട്ടിലേക്ക് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം മരണത്തിന്റെ വ്യാപാരിയാണെന്നും ഇവർ വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നു. സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ എഴുതപ്പെട്ടിട്ടുള്ളത്.
തലപ്പാടി അതിര്‍ത്തിയില്‍ കേരളത്തിന്റെ കോവിഡ് പരിശോധന കേന്ദ്രം ഇന്ന് മുതല്‍
കാസർകോഡ്:തലപ്പാടി അതിര്‍ത്തിയില്‍ കേരളത്തിന്റെ കോവിഡ് പരിശോധന കേന്ദ്രം ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഒരുക്കുക. കര്‍ണാടകയുടെ കോവിഡ് പരിശോധന കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി.കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ്.വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ ഇന്ന് മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. കര്‍ണാടകയിലേയ്ക്കുള്ള KSRTC യാത്രക്കാര്‍ക്ക് RTPCR പരിശോധന നിര്‍ബന്ധമാക്കി. ഓഗസ്റ്റ് 1 മുതലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. കാസര്‍ഗോഡ്- മംഗലാപുരം, കാസര്‍ഗോഡ് – സുള്ള്യ, കാസര്‍ഗോഡ് – പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു. കര്‍ണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്‌ആര്‍ടിസി തീരുമാനം.
ലോക്ക്ഡൌൺ ഇളവുകൾ;മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ ഇളവുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവിലെ രോഗവ്യാപന നിരക്ക് യോഗത്തിൽ ചർച്ചയാവും. ഇന്നലെ സംസ്ഥാനത്തെ കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. രാജ്യത്തെ പ്രതിദിന രോഗികളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. അതേസമയം വ്യാപാരികളുടെ അടക്കം പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ യോഗത്തിന് ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. നിലവിൽ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് ഇളവുകൾ കൂടുതലായി അനുവദിച്ചിട്ടുള്ളത്.കൂടുതൽ സ്ഥലങ്ങളിലേക്ക് ഇളവുകൾ വ്യാപിപ്പിക്കേണ്ടതിനെക്കുറിച്ച് യോഗം ചർച്ചചെയ്യും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെൻമെൻറ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കാനും ശുപാർശയുണ്ടാകും.
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 118 മരണം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93; 15,923 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,955 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 604 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2327, മലപ്പുറം 1885, കോഴിക്കോട് 1734, പാലക്കാട് 1162, എറണാകുളം 1150, കൊല്ലം 945, കണ്ണൂര്‍ 729, കാസര്‍ഗോഡ് 690, കോട്ടയം 628, തിരുവനന്തപുരം 590, ആലപ്പുഴ 636, പത്തനംതിട്ട 292, വയനാട് 262, ഇടുക്കി 191 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പാലക്കാട് 19, എറണാകുളം, കാസര്‍ഗോഡ് 8 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് 3 വീതം, ആലപ്പുഴ 2, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,923 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 931, കൊല്ലം 1317, പത്തനംതിട്ട 445, ആലപ്പുഴ 1006, കോട്ടയം 884, ഇടുക്കി 354, എറണാകുളം 1521, തൃശൂര്‍ 2313, പാലക്കാട് 1309, മലപ്പുറം 2653, കോഴിക്കോട് 1592, വയനാട് 237, കണ്ണൂര്‍ 682, കാസര്‍ഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,65,322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്‌ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്‌ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
കോവിഡ് വ്യാപനം;കേരള അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കി കര്‍ണാടകയും തമിഴ്‌നാടും
കാസര്‍കോട്: കോവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കേരള അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കി കര്‍ണാടകയും തമിഴ്‌നാടും. കാസര്‍കോട്ടെ തലപ്പാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.അവിടെ വെച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി യാത്രക്കാരില്‍ നിന്നും സാംപിള്‍ ശേഖരിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. തലപ്പാടിയില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസിലാണ് സഞ്ചരിക്കാനാകുക.തമിഴ്‌നാട് വാളയാര്‍ അതിര്‍ത്തിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാളയാര്‍ അതിര്‍ത്തി കടത്തിവിടുന്നത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ രേഖകളുമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നുണ്ട്.ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സാംപിള്‍ നല്‍കിയും അതിര്‍ത്തി കടക്കാം. ഇന്ന് ചെക് പോസ്റ്റില്‍ പ്രത്യേക കോവിഡ് പരിശോധന കേന്ദ്രം സ്ഥാപിക്കും. കോയമ്പത്തൂർ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തും.
കണ്ണൂരിൽ മയക്കു മരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍;മൂന്ന് ഗ്രാം എഡിഎമ്മും എഴുപതു ഗ്രാം കഞ്ചാവും കാറില്‍ നിന്നും കണ്ടെടുത്തു
കണ്ണൂർ: കണ്ണൂരിൽ മയക്കു മരുന്നുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. പള്ളിയത്ത് മുരിക്കുംചേരിക്കണ്ടി അബ്ദുല്‍ റഹ്മാന്‍, ഇരിക്കൂര്‍ സ്വദേശി കെ.ആര്‍ സാജിദ് മാണിയൂര്‍ സ്വദേശി ബി.കെ മുഹമ്മദ് ഫാസില്‍ എന്നിവരാണ് ലഹരി വസ്തുക്കളുമായി പിടിയിലായത്.ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും മൂന്ന് ഗ്രാം എ ഡി.എമ്മും എഴുപതു ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.മാണിയൂര്‍ പള്ളിയത്ത് വച്ചാണ് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം പിന്‍തുടര്‍ന്ന് പിടികൂടുന്നത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍ എം.വി അഷ്‌റഫ് ,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.വി ഷൈജു, കെ.വിനീഷ് എന്നിവരും പങ്കെടുത്തു.
കൊറോണ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ;വാരാന്ത്യ ലോക്ക് ഡൗണും പഞ്ചായത്തുകൾ കേന്ദ്രികരിച്ചുള്ള അടച്ചിടലും ഒഴിവാക്കിയേക്കും
തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ.വാരാന്ത്യ ലോക്ക് ഡൗണും പഞ്ചായത്തുകൾ കേന്ദ്രികരിച്ചുള്ള അടച്ചിടലും ഒഴിവാക്കാനാണ് ആലോചന.കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം എടുക്കുക.തുടർച്ചയായി അടച്ചിട്ടിട്ടും കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണമോ ടി പി ആറോ കുറയുന്നില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ രീതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. വാരാന്ത്യ ലോക്ക് ഡൗൺ, ഇടവിട്ടുള്ള കട തുറക്കൽ എന്നിവ ഒഴിവാക്കി പൂർണ്ണ സമയവും കടകൾ തുറക്കാൻ അനുമതി നൽകും. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള അടച്ചിടൽ ഒഴിവാക്കി രോഗം റിപ്പോർട്ട് ചെയ്യുന്ന വാർഡുകളിൽ മാത്രം ലോക്ക് ഡൗൺ ഏർപ്പെടുത്തും.വ്യാപകമായി നടത്തുന്ന പരിശോധനകൾക്കൊപ്പം രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയുള്ള പരിശോധന വീണ്ടും കൊണ്ടുവരും. ചൊവ്വാഴ്ച ചേരുന്ന യോഗത്തിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിശോധിക്കും.
പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് സെക്രട്ടെറിയറ്റിനു മുൻപിൽ സമരം നടത്തുന്ന വനിതാ ഉദ്യോഗാര്‍ത്ഥികള്‍
തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭ്യമായ എല്ലാ ഒഴിവും നികത്തണം എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.ആഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ പട്ടികയും മൂന്ന് വര്‍ഷം പിന്നിട്ടവയാണെന്നും ഇത് നീട്ടുന്നതിന് പരിമിതി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിന് അസാധാരണ സാഹചര്യം വേണം. ഒന്നുകില്‍ നിയമന നിരോധനം വേണം. അല്ലെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കണം. ഇവ രണ്ടും ഇപ്പോള്‍ ഇല്ല. മാറ്റിവച്ച പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും രോഗ തീവ്രത കുറഞ്ഞാല്‍ നടത്തും. ഇക്കാര്യങ്ങളൊന്നും സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് ശക്തമാക്കി. ഇവര്‍ മുടി മുറിച്ചാണ് പ്രതിഷേധിച്ചത്.വനിത പോലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് പ്രതിഷേധിച്ചത്. നോര്‍ത്ത് ഗേറ്റ് വരെ പ്രതിഷേധ മാര്‍ച്ച് നടത്തി തിരികെയെത്തി. ഇവരുടേത് അടക്കമുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാളെ കഴിയുകയാണ്. 2085 പേര്‍ ഉള്‍പ്പെട്ട ഈ പട്ടികയില്‍ 500ല്‍ ഏറെ പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കാനായത്.സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണെന്നും പി എസ് സിയെ കരുവന്നൂര്‍ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്നും അതിനെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്നും ഷാഫി പറമ്പിൽ എംഎല്‍എ അഭിപ്രായപ്പെട്ടു.