News Desk

ചാലയിൽ വീണ്ടും ടാങ്കർ ലോറി അപകടം;ദുരന്തം ഒഴിവായി

keralanews tanker lorry accident in chala again

കണ്ണൂർ: ചാലയിൽ വീണ്ടും ടാങ്കർ ലോറി അപകടം.ചാല അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്.ഇന്ധനം ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് അപകടം നടന്നത്.

സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

keralanews three months tax of private buses waived says finance minister k n balagopal

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഓട്ടോറിക്ഷ, ടാക്‌സി കാറുകളുടെ നികുതിയില്‍ ഇളവ് നൽകുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വ്യവസായികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട്‌ ലക്ഷം രൂപ വരെ പലിശരഹിത വായ്‌പാപദ്ധതി മോട്ടോര്‍ വാഹന മേഖലയില്‍കൂടി നടപ്പാക്കുന്നത് ആലോചിക്കുമെന്നും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. മോട്ടാര്‍ വാഹന മേഖലയ്‌ക്ക് വലിയ ബുദ്ധിമുട്ടാണ് കൊവിഡുണ്ടാക്കിയിട്ടുള്ളത്. സ്വകാര്യടൂറിസ്റ്റ് ബസുകള്‍ നാല്പതിനായിരത്തോളമുണ്ടെന്നാണ് കണക്ക്. ഇപ്പോഴത് 14,000 ആയി ചുരുങ്ങി. അതില്‍ തന്നെ 12,000 എണ്ണം മാത്രമേ ടാക്‌സ് നല്‍കി സര്‍വീസ് നടത്തുന്നുള്ളൂ. പതിനായിരത്തോളം ബസുകള്‍ തങ്ങളുടെ സര്‍വീസ് നിറുത്താനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. ആ സാഹചര്യം പരിഗണിച്ചാണ് മൂന്ന് മാസത്തെ നികുതി ഒഴിവാക്കിക്കൊടുക്കുന്നത്. ഓട്ടോ, ടാക്‌സി എന്നിവയുടെ അവസ്ഥയും ഭിന്നമല്ല. അവര്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയ്ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യത്യസ്ത വാക്‌സിനുകൾ ഇടകലർത്തേണ്ടതില്ല; കൊവിഷീല്‍ഡിന്റെ മൂന്നാം ഡോസ് എടുക്കുന്നത് കൂടുതല്‍ ഫലപ്രദമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട്

keralanews different vaccines should not be mixed the serum institute also found that taking the third dose of covishield was more effective

ന്യൂഡല്‍ഹി: വാക്സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും ഒരേ നി‌ര്‍മാതാക്കളുടേത് തന്നെ രണ്ട് ഡോസ് വാക്‌സിനുകൾ എടുക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും കൊവിഷീല്‍ഡ് വാക്സിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി സിറസ് പൂനവാല.ഈയടുത്ത് നടന്ന ഐ സി എം ആറിന്റെ പഠനത്തില്‍ കൊവിഷീല്‍ഡും കൊവാക്സിനും ഇടകലര്‍ത്തി ഉപയോഗിച്ചവരില്‍ പ്രതിരോധശേഷി വര്‍ദ്ധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.എന്നാല്‍ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ പഠനത്തെ നിരാകരിച്ചു. രണ്ട് ഡോസ് ഇടകലര്‍ത്തി ഉപയോഗിക്കുന്നവരില്‍ വാക്സിന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം പഴിചാരുകയല്ലാതെ ഗുണകരമായി ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകമാന്യ തിലക് അവാര്‍ഡ് സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പൂനവാല.ഇന്ത്യയില്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ കലര്‍ത്തിനല്‍കുന്നതു സംബന്ധിച്ച്‌ പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അംഗീകരിച്ചതിന് പിന്നാലെയാണ് സിറസ് പൂനാവാലയുടെ പ്രസ്താവന.300 ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തും. വാക്സിനേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്സിന്‍ ഡോസുകള്‍ നല്‍കാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍; സംസ്ഥാനത്ത് മൂന്നുദിന വാക്‌സിനേഷന്‍ ദൗത്യത്തിന് ഇന്ന് തുടക്കം

keralanews vaccine for all over 60 years of age the three day vaccination mission in the state begins today

തിരുവനന്തപുരം: 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് മൂന്നുദിന വാക്‌സിനേഷന്‍ ദൗത്യത്തിന് ഇന്ന് തുടക്കം. 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം.ഗ്രാമീണ മേഖലകളിലും പിന്നോക്ക മേഖലകളിലും ഊന്നൽ നൽകി എല്ലാവരിലും വാക്‌സിനേഷൻ എത്തിക്കാൻ താഴേത്തട്ടിൽ കർശന നിർദ്ദേശമുണ്ട്.കണ്ടെയ്ൻമെന്റ് സോണുകളിലെ എല്ലാവരേയും പരിശോധിച്ച ശേഷം കൊറോണ നെഗറ്റീവ് ആയ മുഴുവൻ പേർക്കും വാക്‌സിൻ നൽകും. അതാത് ജില്ലകളിലെ കളക്ടർമാർക്കാണ് ഇതിന്റെ ചുമതല. സ്‌പോട്ട് രജിസ്‌ട്രേഷനോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് ഇത് നടപ്പാക്കണം. ദിവസം അഞ്ച് ലക്ഷം വാക്‌സിൻ വിതരണം ചെയ്യാനാണ് നീക്കം.ഓഗസ്റ്റ് 31 നകം സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ സമ്പൂർണ്ണ ആദ്യ ഡോസ് വാക്സിനേഷനെന്നതാണ് ദൗത്യം.

ഭർത്താവിന്റെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി; കണ്ണൂർ സ്വദേശിനിയായ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

keralanews quotation to kill husbands friend kannur native bank employee arrested

കണ്ണൂർ: ഭർത്താവിന്റെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ കണ്ണൂർ സ്വദേശിനിയായ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ.പയ്യന്നൂർ സ്വദേശി എൻ.വി സീമയെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മുൻകൂർ ജാമ്യ ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് പോലീസ് സീമയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ സീമ ഒളിവിലായിരുന്നു.പരിയാരത്തെ കോൺട്രാക്ടർ സുരേഷ് ബാബുവിനെ വധിക്കാനാണ് ഇവർ ക്വട്ടേഷൻ നൽകിയത്.സുരേഷ് ബാബുവിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിന് നിരന്തരം മദ്യം നൽകി തനിക്കെതിരാക്കി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് സുരേഷ് ബാബു ആണെന്നായിരുന്നു സീമയുടെ ആരോപണം. മൂന്ന് ലക്ഷം രൂപയ്‌ക്കാണ് അയൽവാസിയായ സുരേഷ് ബാബുവിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ സീമ ക്വട്ടേഷൻ നൽകിയത്. ഏപ്രിലിലാണ് സുരേഷ് ബാബുവിനെ നാലംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. കേസിലെ പ്രതികളെ എല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ക്വട്ടേഷൻ വിവരം പുറത്തുവരുന്നത്.

ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം;പോലീസ്‍ ഹര്‍ജി നല്‍കും

keralanews e buljet brothers bail to be canceled police to file petition

കണ്ണൂര്‍ : ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ്. ജില്ലാ സെഷന്‍സ് കോടതിയില്‍ ഇക്കാര്യമാവശ്യപ്പെട്ട് പോലീസ് ഹര്‍ജി നല്‍കും.പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ബി പി ശശീന്ദ്രന്‍ മുഖേനയാണ് ഹര്‍ജി നല്‍കുക. കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ലിബിനും എബിനും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെതിരെയാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ലിബിനെയും എബിനെയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇവര്‍ മുൻപ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെ ചോദിച്ചറിയുന്നതിനായിരുന്നു ഇത്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ലക്ഷക്കണക്കിന് യൂട്യൂബ് ഫോളോവേഴ്‌സുള്ള ഇവര്‍ ഇതുവഴി നിയമവിരുദ്ധ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. കൂടാതെ തോക്കും, കഞ്ചാവ് ചെടിയും ഉയര്‍ത്തി പിടിച്ച്‌ ഇവര്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പലതും യാത്രക്കിടയില്‍ കേരളത്തിന് പുറത്ത് ചിത്രീകരിച്ചതെന്നാണ് ഇവരുടെ മൊഴി.ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും, ക്യാമറയും ഫൊറന്‍സിക് പരിശോധനക്കയച്ചു. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

മാക്കൂട്ടം അതിര്‍ത്തിയില്‍ കര്‍ണാടക വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും;അനുമതി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം

keralanews karnataka continues weekend lockdown in makkoottam boarder

കണ്ണൂർ:മാക്കൂട്ടം അതിര്‍ത്തിയില്‍ കര്‍ണാടക വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും.ആയതിനാൽ  പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ചികിത്സ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര യാത്രകള്‍ക്ക് മാത്രമായിരിക്കും അതിര്‍ത്തി കടക്കാന്‍ അനുവാദം. തലശ്ശേരി സബ് കലക്ടര്‍ കുടക് ജില്ലാ അധികൃതരുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിര്‍ത്തിയിലെ വരാന്ത്യ ലോക്ക്ഡൗണ്‍ തുടരും.

കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

keralanews two engineering students killed when car and bike hits in kolam chenkotta national highway

കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു.കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ്. കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച്‌ ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ കാറും ബുള്ളറ്റും കൂട്ടി ഇടിക്കുകയായിരുന്നു.ഗോവിന്ദ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുന്നിക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാര്‍ഡുകള്‍ 634; ഏഴു ദിവസംകൊണ്ട് മൂന്നിരട്ടി; കൂടുതല്‍ മലപ്പുറത്ത്; ഇടുക്കിയില്‍ പൂജ്യം

keralanews triple lockdown in 634 wards in the state more in malappuram zero in idukki

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാര്‍ഡുകളുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്നിരട്ടി വർധന. ട്രിപ്പിൾ ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പുതുക്കിയതോടെയാണ് ഇത്. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാർഡുകളുടെ എണ്ണം 266 ൽ നിന്നും 634 ആയാണ് വർദ്ധിച്ചിരിക്കുന്നത്.ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്‍റെ അടിസ്ഥാനത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. പുതുക്കിയ നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു.കഴിഞ്ഞ ആഴ്ചയിലേത് പോലെ ഇത്തവണയും ഏറ്റവുമധികം ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 171 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. പാലക്കാട് 102 വാര്‍ഡുകളിലും കോഴിക്കോട് 89 വാര്‍ഡുകളിലുമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. അതേസമയം ഇടുക്കി ജില്ലയില്‍ ഒരു വാര്‍ഡില്‍ പോലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല.തൃശൂരില്‍ 85 വാര്‍ഡുകളിലും എറണാകുളത്ത് 51 വാര്‍ഡുകളിലും വയനാട്ടില്‍ 47 വാര്‍ഡുകളിലും കര്‍ശന നിയന്ത്രണമുണ്ട്. കോട്ടയം- 26, കാസര്‍കോട്- 24, ആലപ്പുഴ- 13, കൊല്ലം- ഏഴ്, കണ്ണൂര്‍- ഏഴ്, പത്തനംതിട്ട-ആറ്, തിരുവനന്തപുരം- ആറ് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണുള്ള വാര്‍ഡുകളുടെ എണ്ണം. 100 മീറ്റര്‍ പരിധിയില്‍ അഞ്ചിലേറെ പേര്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ഏർപ്പെടുത്തും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഇവിടെ പ്രാബല്യത്തില്‍ വരും. കോവിഡ്‌ പ്രതിരോധത്തിന്‌ വീടും ഓഫീസും ഉള്‍പ്പെടെ മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കാനുള്ള മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പുതുക്കിയത്. തെരുവ്, മാര്‍ക്കറ്റ്, ഹാര്‍ബര്‍, മത്സ്യബന്ധന ഗ്രാമം, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, എംഎസ്‌എംഇ യൂണിറ്റ്, ഓഫീസ്, ഐടി കമ്പനി, ഫ്ലാറ്റ്, വെയര്‍ഹൗസ്, വര്‍ക്‌ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവയെല്ലാം മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണ്‍ നിര്‍വചനത്തില്‍ വരും.മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ ഒരാഴ്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.സോണുകളില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.കണ്ടെയ്‌ന്‍മെന്റ്‌ സോണുകളില്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാര്‍ തുടര്‍ച്ചയായി പട്രോളിങ്‌ നടത്തും. കോവിഡ്‌ 19 ജാഗ്രതാ പോര്‍ട്ടലില്‍ ഓരോ ആഴ്ചയിലെയും കണ്ടെയ്‌ന്‍മെന്റ്‌ സോണുകളുടെ പട്ടിക ലഭ്യമാക്കും.

മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ റാഷി’ൽ കുടുങ്ങിയത് 1660 പേർ; 143 പേരുടെ ലൈസന്‍സ് റദ്ദാക്കി

keralanews 1660 people trapped in operation rash of department of motor vehicles the licenses of 143 people canceled

തിരുവനന്തപുരം: അപകടഭീഷണി ഉയർത്തി ബൈക്കില്‍ അഭ്യാസം നടത്തുന്നവരെ പിടികൂടാൻ മോട്ടോര്‍ വാഹനവകുപ്പിന്റെ തയ്യാറാക്കിയ ഓപ്പറേഷന്‍ റാഷില്‍ ഇതുവരെ കുടുങ്ങിയത് 1660 പേര്‍. 143 പേരുടെ ലൈസൻസ് റദ്ദ് ചെയ്തു. ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങൾ കണ്ടെത്തിയത് ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നാണെന്ന് പരിശോധനയ്‌ക്കു നേതൃത്വം നല്‍കിയ അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.ബൈക്കിൽ പല തരത്തിൽ അഭ്യാസങ്ങൾ നടത്തി കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രക്കാർക്കും ഭീഷണി ഉയർത്തി ചീറിപ്പാഞ്ഞ് പോയവരാണ് ഓപ്പറേഷൻ റാഷിൽ കുടുങ്ങിയത് . പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13405 കേസുകളാണ്. ഇതില്‍ 1660 എണ്ണമാണ് അപകടകരമായ തരത്തില്‍ വാഹനമോടിച്ചതിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്.ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കി. ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്. ചങ്ങനാശേരിയില്‍ ബൈക്ക് റേസിങ്ങിന് ഇരയായി മൂന്ന് പേർ മരിച്ചതിനു പിന്നാലെയായിരുന്നു ഗതാഗതവകുപ്പ് ഓപ്പറേഷന്‍ റാഷ് എന്ന പേരിൽ പരിശോധന തുടങ്ങിയത്.