തൃശൂർ:പറന്നുവന്ന മയിൽ നവദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചു.പുന്നയൂര്‍ക്കുളം പീടികപ്പറമ്പിൽ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണയ്ക്ക്(26) ഗുരുതരമായി പരിക്കേറ്റു. അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടം സംഭവിച്ചത്.ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിയുകയായിരുന്നു. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്‍റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. മയില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ട പ്രമോസിന്റെ ബൈക്ക് മറിയുന്നതിന് മുൻപ് മറ്റൊരു ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. ഇതേത്തുടര്‍ന്ന് ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ
മാനന്തവാടി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും.ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി നഗരത്തിൽ പുതുതായി നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും.ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട് ജില്ലാ കളക്ടറുമായി ചൊവ്വാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ കർഷകരെ അഭിസംബോധന ചെയ്യും. ഇതിന് പുറമേ മലപ്പുറം വണ്ടൂരിലെ ഗാന്ധി ഭവൻ സ്‌നേഹാരാമം വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ചഭക്ഷണം കഴിക്കും.വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ബുധനാഴ്ച ഡൽഹിയിലേക്ക് തിരിച്ചു പോകും.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമർപ്പിക്കേണ്ട തീയതി നീട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമർപ്പിക്കേണ്ട തീയതി നീട്ടി.ഓഗസ്റ്റ് 24 മുതല്‍ ആയിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. നേരത്തെ ഓഗസ്റ്റ് 16 മുതലാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് മാറ്റുകയായിരുന്നു.സംവരണവുമായി ബന്ധപ്പെട്ട കോടതി വിധികളുടെ പശ്ചാത്തലത്തില്‍ പ്രൊസ്പെക്ടസില്‍ മാറ്റം വരുത്തിയാണ് ഇത്തവണ അപേക്ഷ സ്വീകരിക്കുന്നത്. ഇതിലെ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് തിയതിയിലും മാറ്റം വരുത്തിയത്.മുന്നാക്ക സംവരണ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് നാളെ പ്രസിദ്ധീകരിക്കും.മാറ്റം വരുത്തിയ സോഫ്റ്റ്‌വെയര്‍ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് പ്രവേശന നടപടികള്‍ 24ലേക്കു മാറ്റിയത്. ഓരോ ജില്ലയിലെയും പ്ലസ് വണ്‍ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ സീറ്റുകളുടെ കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളു. വിദ്യാര്‍ഥികളില്ലാത്ത ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ കുട്ടികള്‍ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതടക്കം സര്‍കാരിന്റെ പരിഗണനയിലുണ്ട്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് 10 ശതമാനം സംവരണം കഴിഞ്ഞ വര്‍ഷത്തേതുപോലെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംവരണം സുപ്രീംകോടതി വിധിക്ക് വിരുദ്ധമാകില്ലെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതാണ്ട് 20,000 സീറ്റുകള്‍ ഈ വിഭാഗക്കാര്‍ക്ക് ലഭിക്കും.
18 തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കി; സമ്പൂർണ വാക്‌സിനേഷൻ ജില്ലയെന്ന നേട്ടം സ്വന്തമാക്കി വയനാട്
വയനാട്: 18 തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കി സമ്പൂർണ വാക്‌സിനേഷൻ ജില്ലയെന്ന നേട്ടം സ്വന്തമാക്കി വയനാട്.ജില്ലയിൽ 18 വയസിനു മുകളിലുള്ള അർഹരായ മുഴുവൻ പേർക്കും ഐസിഎംആർ മാർഗനിർദ്ദേശപ്രകാരം ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 6,15,729 പേരാണ് വയനാട്ടിൽ വാക്‌സിൻ സ്വീകരിച്ചത്. 2,13,277 പേർക്ക് രണ്ടാം ഡോസും നൽകി.കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്റ്റർ അദീല അബ്ദുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.ഏറ്റവുമധികം ആദിവാസികളുള്ള പുൽപ്പള്ളി, നൂൽപ്പുഴ, വൈത്തിരി പഞ്ചായത്തുകളിൽ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. ഓരോ തദ്ദേശസ്ഥാപനങ്ങളും തയ്യാറാക്കിയ വാക്‌സിനേഷൻ പദ്ധതി അനുസരിച്ചാണ് ആളുകൾക്ക് വാക്‌സിനേഷൻ നൽകുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ച വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടർ, 3 നഴ്‌സുമാർ, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെയും നിയോഗിച്ചിരുന്നു. ഗോത്ര ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകളും പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി. 13 മൊബൈൽ ടീമുകളെയാണ് ഇതിനായി സജ്ജീകരിച്ചത്. സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവർക്ക് പൂർണമായും വാക്‌സിനേഷൻ നടത്തിയ ജില്ലകളെന്ന ബഹുമതി നേരത്തെ വയനാടും കാസർഗോഡും പങ്കിട്ടിരുന്നു.
സംസ്ഥാനത്തെ കൊറോണ വ്യാപനം; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ.മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം യോഗത്തിൽ ചർച്ച ആയേക്കും.മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തുന്നത്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്.തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജും കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശിക്കും. ഓണമടുത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കരുതൽ വർധിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്. വരുന്ന രണ്ടാഴ്ച സംസ്ഥാനത്തിന് നിർണ്ണായകമാണ്. അതിനാൽത്തന്നെ ജാഗ്രത തുടരണം.
കൊട്ടാരക്കരയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം; അപകടത്തിനിടയാക്കിയ കാര്‍ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലം: കൊട്ടാരക്കരയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികൾ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാര്‍ഡ്രൈവര്‍ അറസ്റ്റില്‍.വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ തലവൂര്‍ മഞ്ഞക്കാല സ്‌കൂളിന് സമീപം ലാല്‍കുമാറിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.അപകടത്തില്‍ പരിക്കേറ്റ ലാല്‍കുമാര്‍ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുന്നികോട് എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന റോയി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. ഇവര്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചെങ്ങമനാടിനും ചേത്തടിക്കും മധ്യേ ഇക്കഴിഞ്ഞ 12 നാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുണ്ടറ കേരളപുരം സ്വദേശി ഗോവിന്ദ്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി ചൈതന്യ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സി ഇ ടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ച് ബൈക്കുകളിൽ തെന്മലയില്‍ വിനോദയാത്ര പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.
വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ച സംഭവം; അഞ്ചുപേർ അറസ്റ്റിൽ
ചങ്ങനാശ്ശേരി : വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ.ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ ഫോൺ നമ്പരാണ് വ്യക്തി വിരോധം തീർക്കാൻ ആരോ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്.ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും ശല്യം തുടര്‍ന്നതോടെ വീട്ടമ്മ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി.കൊച്ചി റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയുടെ മേല്‍നോട്ടത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, ചങ്ങനാശേരി ഡിവൈ.എസ്.പി.ആര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് വീട്ടമ്മയുടെ പരാതിയില്‍ പറയുന്ന മൊബൈല്‍ ഫോണുകളുടെ ഉടമസ്ഥരെ വിളിച്ചു വരുത്തി.ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ 44 പേർ ജെസിയെ വിളിച്ചതായി കണ്ടെത്തി. ഇതിൽ 24 ഫോൺ നമ്പറുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ 20 പേരെയാണ് ഇന്നലെ പോലീസ് വിളിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് എത്തിയത്. ഇതില്‍ നമ്പർ മോശമായി പ്രചരിപ്പിച്ച അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.നമ്പർ ആദ്യം പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിച്ചു. കൂടുതല്‍ അറസ്റ്റുകള്‍ വൈകാതെ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവർക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവർ സംഭവം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത് ഇന്ന് 19,451 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97; 19,104 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,451 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂർ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂർ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസർഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 93 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,410 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 853 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2953, തൃശൂർ 2459, കോഴിക്കോട് 2404, എറണാകുളം 2200, പാലക്കാട് 1280, കൊല്ലം 1229, ആലപ്പുഴ 1134, കണ്ണൂർ 896, തിരുവനന്തപുരം 874, കോട്ടയം 853, വയനാട് 581, പത്തനംതിട്ട 571, കാസർഗോഡ് 513, ഇടുക്കി 463 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 95 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 33, പാലക്കാട് 15, വയനാട് 9, തൃശൂർ 8, മലപ്പുറം 5, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കാസർഗോഡ് 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,104 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 662, പത്തനംതിട്ട 405, ആലപ്പുഴ 1275, കോട്ടയം 753, ഇടുക്കി 330, എറണാകുളം 2037, തൃശൂർ 2551, പാലക്കാട് 1608, മലപ്പുറം 2950, കോഴിക്കോട് 2417, വയനാട് 772, കണ്ണൂർ 1322, കാസർഗോഡ് 848 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
ലൈംഗിക തൊഴിലാളി എന്ന പേരില്‍ ഫോണ്‍ നമ്പർ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വീട്ടമ്മയ്ക്ക് തുണയായി പൊലീസിന്റെ ഇടപെടല്‍;നമ്പർ പ്രചരിപ്പിച്ചവര്‍ കുടുങ്ങും
കോട്ടയം: ലൈംഗിക തൊഴിലാളി എന്ന പേരില്‍ ഫോണ്‍ നമ്പർ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വീട്ടമ്മയ്ക്ക് തുണയായി ഒടുവില്‍ പൊലീസിന്റെ ഇടപെടല്‍. കുടുബം നോക്കാന്‍ തയ്യല്‍ ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയുടെ മൊബൈല്‍ നമ്പറാണ് ചില സാമൂഹിക വിരുദ്ധര്‍ ശൗചാലയങ്ങളിലും മറ്റും എഴുത്തുവെച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. പൊലീസില്‍ പലവട്ടം പരാതി നല്‍കിയെങ്കിലും ചെറിയ നടപടി പോലുമില്ലാതെ വന്നതോടെ എന്തു ചെയ്യുമെന്ന ആശങ്കയില്‍ ആയിരുന്നു ഇവര്‍.സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിനു പിന്നാലെ ചങ്ങനാശേരി പൊലീസ് കേസെടുക്കുകയായിരുന്നു. വീട്ടമ്മയുടെ ഫോണിലേക്കു വിളിച്ചു ശല്യപ്പെടുത്തിയവരുടെ നമ്പറുകളും ശേഖരിക്കും.സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. ഒരുദിവസം അൻപതിലധികം കോളുകള്‍ ഫോണില്‍ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരു നമ്പറിൽ നിന്നുതന്നെ മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. മക്കളാണ് ഫോണെടുക്കുന്നതെങ്കില്‍ അവരോടും ഇതേ രീതിയിലാണ് സംസാരം. ഇവരുടെ എല്ലാം വിവരങ്ങള്‍ ശേഖരിച്ച്, കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
സ്ത്രീയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് മർദനം;മലപ്പുറത്ത് അധ്യാപകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
മലപ്പുറം:സ്ത്രീയുമായി വാട്സാപ്പ് ചാറ്റ് ചെയ്തെന്നാരോപിച്ച് ഒരുസംഘമാളുകൾ ചേർന്ന് മർദിച്ച അധ്യാപകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അധ്യാപകനും സിനിമാ കലാ സംവിധായകനും ചിത്രകാരനുമായ സുരേഷ് ചാലിയത്തിനെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട് ദിവസം മുന്‍പ് ഒരു സംഘം ആളുകള്‍ സുരേഷിനെ വീട് കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു സ്ത്രീയോട് വാട്സ്‌ആപ്പില്‍ സുരേഷ് ചാറ്റ് ചെയ്തു എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.അമ്മയുടെയും മക്കളുടെയും മുന്നില്‍ വെച്ചായിരുന്നു മർദനം.വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലായിരുന്നു സുരേഷെന്ന് വീട്ടുകാർ പറഞ്ഞു.സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് വേങ്ങര പൊലീസ് അറിയിച്ചു.ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു സുരേഷ് ചാലിയത്ത്.സിനിമാ സാംസ്കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്ന അദ്ദേഹം മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവര്‍ത്തകനായിരുന്നു.