ബെംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിർബന്ധമാക്കി കര്‍ണാടക സർക്കാർ.വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ കര്‍ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതി ശുപാര്‍ശ. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ കര്‍ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നും ശുപാര്‍ശയിലുണ്ട്.
ഉക്രൈന്‍ വിമാനം റാഞ്ചിയെന്ന വാർത്ത വ്യാജം; വിമാനം ഇറാനിൽ ഇറക്കിയത് ഇറക്കിയത് ഇന്ധനം നിറയ്ക്കാന്‍
ഉക്രൈന്‍ : ആയുധധാരികളായ അജ്ഞാത സംഘം അഫ്ഗാനില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഉക്രെയ്ന്‍ വിമാനം റാഞ്ചിയെന്നും ഇറാനിലിറക്കിയെന്നും ഇന്നലെ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി ഇറാനും ഉക്രെയ്‌നും.ഉക്രൈന്‍ സര്‍ക്കാരുമായി അസ്വാരസ്യമുള്ള റഷ്യയില്‍ നിന്നുള്ള ടാസ് എന്ന ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കാബൂളില്‍ വെച്ച് ഉക്രൈന്‍ വിമാനം തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും വിദേശ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഉക്രൈന്‍ വിദേശ കാര്യ മന്ത്രാലയ പ്രതിനിധി പ്രതികരിച്ചു. ഇറാന്‍ ഏവിയേഷന്‍ അതോറിറ്റിയും വാര്‍ത്തകള്‍ നിഷേധിച്ചു. ഇറാനിലെ മഷ്ഹദ് നഗരത്തില്‍ ഇന്ധനം നിറച്ച വിമാനം ഉക്രൈനിലേക്ക് പറന്നെന്നാണ് ഇറാന്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചത്.അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇതിന് പിന്നാലെ നടത്തിയ മൂന്ന് ഒഴിപ്പിക്കല്‍ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞയതായായിരുന്നു റിപ്പോര്‍ട്ട്.
കോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഇല്ല; ഞായറാഴ്ചകളിൽ ലോക്ഡൗൺ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഞായറാഴ്ചകളിലെ ലോക്ക്ഡൗണില്‍ മാറ്റമില്ല. കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ തന്നെ പ്രവര്‍ത്തിക്കാം. ഡബ്ല്യുഐപിആര്‍ മാനദണ്ഡത്തിലും മാറ്റമില്ല. അടുത്ത ഞായറാഴ്ച മുതല്‍ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയിരിക്കും. ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ കർശന പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വാക്‌സിനേഷൻ വർദ്ധിപ്പിക്കുക, പരിശോധന വർദ്ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ അവലോകന യോഗത്തിൽ ചർച്ച ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 24,296 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ശതമാനം; 19,349 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,296 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂർ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂർ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസർഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,775 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3099, തൃശൂർ 3029, കോഴിക്കോട് 2826, മലപ്പുറം 2678, പാലക്കാട് 1321, കൊല്ലം 1754, കോട്ടയം 1359, തിരുവനന്തപുരം 1346, കണ്ണൂർ 1297, ആലപ്പുഴ 1088, പത്തനംതിട്ട 1013, വയനാട് 866, ഇടുക്കി 598, കാസർഗോഡ് 501 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.90 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 16, പാലക്കാട് 14, കാസർഗോഡ് 12, കൊല്ലം, പത്തനംതിട്ട, വയനാട് 7 വീതം, ഇടുക്കി, എറണാകുളം, തൃശൂർ 5 വീതം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 3 വീതം, മലപ്പുറം 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,349 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1087, കൊല്ലം 1483, പത്തനംതിട്ട 642, ആലപ്പുഴ 1224, കോട്ടയം 1099, ഇടുക്കി 473, എറണാകുളം 1170, തൃശൂർ 2476, പാലക്കാട് 1773, മലപ്പുറം 3025, കോഴിക്കോട് 2426, വയനാട് 663, കണ്ണൂർ 1187, കാസർഗോഡ് 621 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനായി എത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോർട്ട്; പറന്നുയര്‍ന്ന വിമാനം തട്ടിയെടുത്തെ ശേഷം ഇറാനില്‍ ഇറക്കിയതായും സൂചന
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരുമായി പറന്നുയര്‍ന്ന വിമാനമാണ് തട്ടിയെടുത്തത്. ഈ വിമാനം ഇറാനില്‍ ഇറങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വിമാന റാഞ്ചല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തട്ടിയെടുത്തത് ആരാണ് എന്ന് വ്യക്തമായിട്ടില്ല. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിമാന റാഞ്ചല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്.വിമാനം ഇറാനിലേക്ക് പറന്നുവെന്നാണ് ഉക്രൈൻ വിദേശകാര്യമന്ത്രി യെവ്‌ഗെനി യെനിൻ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ഞായറാഴ്ച തങ്ങളുടെ വിമാനം അജ്ഞാതർ റാഞ്ചിയതായി ബോദ്ധ്യപ്പെട്ടിരിക്കുന്നു. കാബൂളിലേക്ക് പൗരന്മാരെ കൊണ്ടുവരാൻ ചെന്ന വിമാനമാണ് തട്ടിയെടുത്തത്. ജീവനക്കാർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആയുധ ധാരികളായ സംഘമാണ് വിമാനം റാഞ്ചിയതെന്നും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഉക്രൈൻ മന്ത്രി യെനിൻ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അജ്ഞാത പനിയെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാത പനിയെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു. ഒരു വയസ്സും രണ്ടു വയസ്സും ആറ് വയസ്സും ഒന്‍പത് വയസ്സുമുള്ള കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മരിക്കുകയായിരുന്നു. മഥുരയില്‍ കഴിഞ്ഞാഴ്ചയാണ് നിരവധിപ്പേര്‍ക്ക് കൂട്ടത്തോടെ അജ്ഞാത രോഗം പിടിപെട്ടത്. മഥുര, ആഗ്ര അടക്കം വിവിധ ആശുപത്രികളില്‍ 80 ഓളം പേരാണ് ചികിത്സയിലിരിക്കുന്നത്.കൂട്ടത്തോടെ രോഗം ബാധിച്ച സ്ഥലത്ത് ഡോക്ടർമാരുടെ സംഘമെത്തി രോഗികളുടെ സാമ്പിളുകൾ ശേഖരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മലേറിയ, കോവിഡ്, ഡെങ്കിപ്പനി എന്നി രോഗങ്ങളാണോ ബാധിച്ചത് എന്ന് തിരിച്ചറിയുന്നതിനാണ് സാമ്പിൾ ശേഖരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മരണകാരണം വ്യക്തമല്ല. ഡെങ്കിപ്പനിയാകാനാണ് സാധ്യത കൂടുതല്‍. രക്തത്തില്‍ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞത് ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
സംസ്ഥാനത്ത് സെപ്തംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിൻ നൽകും; കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനം
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വാക്സിനേഷന്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സെപ്തംബര്‍ അവസാനത്തോടെ നല്‍കിയിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഇതിനു വേണ്ടി ഓരോ ജില്ലകളിലും വ്യക്തമായ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്തും. അവധി ദിവസങ്ങളില്‍ വാക്സിനേഷന്‍ അളവ് കുറവായിരുന്നുവെന്നും വരും ദിവസങ്ങളില്‍ ഇത് ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ദിവസവും ചുരുങ്ങിയത് രണ്ട് ലക്ഷം പരിശോധനകളെങ്കിലും നടത്താനാണ് തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമ്പർക്ക പട്ടിക തയാറാക്കുന്നത് കര്‍ശനമാക്കാനും പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. രോഗ ലക്ഷണങ്ങളുള്ളവരും സമ്പർക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശമുയര്‍ന്നു.നിലവില്‍ സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജന്റെ കരുതല്‍ ശേഖരമുണ്ടെന്നും ആവശ്യമായി വന്നാല്‍ കര്‍ണാടകയെ ആശ്രയിക്കാവുന്നതാണെന്നും യോഗം വിലയിരുത്തി. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കുഞ്ഞുങ്ങള്‍ക്കായുള്ള ഐ സി യു സംവിധാനങ്ങളും പൂര്‍ണതോതില്‍ സജ്ജമാക്കിവരികയാണെന്നും അറിയിച്ചു.ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍, ആര്‍.സി.എച്ച്. ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
25 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേരുമായി കാബൂളില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ വിമാനം ഡെല്‍ഹിയിലെത്തി
ന്യൂഡൽഹി:കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനത്തിൽ ഇന്നലെ താജിക്കിസ്താനിലെത്തിയവര്‍ ഇന്ന് എയര്‍ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ സിസ്റ്റര്‍ തെരേസ അടക്കം 25 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 78 പേരാണ് വിമാനത്തിലുള്ളത്. സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പെടെ വിമാനത്താവളത്തിലെത്തി. തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരികന്‍ വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് താജിക്കിസ്ഥാനില്‍ എത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം ഈ മാസം 17നാണ് കേന്ദ്രസര്‍കാര്‍ തുടങ്ങിയത്.താലിബാന്‍ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്ബോഴും അഫ്ഗാനില്‍നിന്ന് ആയിരങ്ങള്‍ പലായനം തുടരുകയാണ്. രാജ്യം വിടാന്‍ നൂറുകണക്കിന് ആളുകള്‍ കാത്തിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ 7 പേര്‍ മരിച്ചതായാണ് ബ്രിടീഷ് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്. കാബൂള്‍ വിമാനത്താവളത്തിന് സമീപം 20 പേര്‍ മരിച്ചതായി നാറ്റോയും പറയുന്നു. അതേസമയം, അഫ്ഗാനിസ്താനില്‍ നിന്ന് സൈനിക പിന്‍മാറ്റം നേരത്തെ ഉറപ്പുനല്‍കിയതു പ്രകാരം ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് യു എസിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് താലിബാന്‍. ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ വക്താവ് മുന്നറിയിപ്പു നല്‍കി.
കണ്ണൂർ ചക്കരക്കല്ലിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ ചക്കരക്കല്ലിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. പനയത്താംപറമ്പ് സ്വദേശി പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്. കൊല ചെയ്യപ്പെട്ട ചക്കരക്കൽ സ്വദേശി ഇ.പ്രജീഷിനെ കൊലപാത സംഘത്തിനടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത് പ്രശാന്ത് ആണ്.ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ മരം മോഷ്ടിച്ച കേസിലെ സാക്ഷിയായിരുന്നു പ്രജീഷ്. കേസിലെ പ്രതികൾ തന്നെ ഇയാളെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ രണ്ട് തവണ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്.കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.തനിക്കെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ടി പി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും സഹായത്താല്‍ അര്‍ജുന്‍ ആയങ്കി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.എന്നാൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതിൽ പ്രതിയ്‌ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.