മൈസൂരു: മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല.പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത് .ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍ വെച്ച് എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷമാണ് അഞ്ചുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് . ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ചാമുണ്ഡി ഹില്‍സിലേയ്ക്കുള്ള വിജനമായ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇരുവരും . ഒറ്റയ്ക്കാണെന്ന് കണ്ട് അഞ്ചംഗ സംഘം ബൈക്കുകളില്‍ ഇവരെ പിന്തുടര്‍ന്നെത്തുകയായിരുന്നു. ആദ്യം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതികള്‍ പിന്നീട് ആണ്‍കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം പ്രതികള്‍ മുങ്ങി . ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാന റോഡിലേക്ക് എത്താനായത്. അവശതയില്‍ കണ്ട വിദ്യാര്‍ത്ഥികളെ ചില യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലനഹള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രത്യേകസംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി .
മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട വിവാദം;മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മടത്തെ സസ്പെന്‍ഡ് ചെയ്ത് 24 ന്യൂസ്
കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തിനെതിരെ നടപടി സ്വീകരിച്ച് 24 ന്യൂസ്.ദീപക്കിനെ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. 24 ന്യൂസ് ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ് ആയി പ്രവർത്തിച്ചുവരികയായിരുന്നു ദീപക് ധർമടം.കേസിൽ ദീപക്കിന്‍റെ പങ്ക് വെളിപ്പെടുത്തിയുള്ള വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍ അന്വേഷണ റിപ്പോര്‍ട്ടും പ്രതികളുമായുള്ള ദീപക്കിന്‍റെ അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണ രേഖകളും ബുധനാഴ്ച്ച പുറത്തുവന്നിരുന്നു.കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗം വനപാലകന്‍ ആയിരുന്ന എന്‍.ടി. സാജനും പ്രതികളും തമ്മില്‍ 86 തവണ സംസാരിച്ചതായും ഇതില്‍ തന്നെ മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മടം 107 തവണ പ്രതികളെ വിളിച്ചതായും വനം വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവാദ ഉത്തരവിന്റെ മറവിൽ മുട്ടിലിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം. കെ സമീറിനെ കള്ളക്കേസിൽ കുടുക്കാനാണ് ദീപക് ഇടപെട്ടത്. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുമായും, സാജനുമായും ചേർന്ന് ഇതിനായി ദീപക് ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരം മുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ സാജനും ആന്‍റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടവും ഒരു സംഘമായി പ്രവര്‍ത്തിച്ചുവെന്നും ഗൂഢാലോചന നടന്നുവെന്നും വനംവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. വയനാട് മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിലെ മരംമുറിച്ചതിന്‍റെ പേരില്‍ കേസെടുത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കുടുക്കുകയായിരുന്നു. സമീര്‍ ചുമതലയേല്‍ക്കും മുൻപുള്ള മരംമുറിയിലാണ് എന്‍.ടി സാജന്‍ സമീറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫെബ്രുവരി 15ന് സാജനും ആന്‍റോ അഗസ്റ്റിനും തമ്മില്‍ 12 തവണ ഫോണില്‍ സംസാരിച്ചു. മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ നല്‍കിയ വിവരമനസുരിച്ച് സമീറിനെതിരെ കള്ളകേസ് എടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക 30% വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ.കേന്ദ്ര ധനകാര്യ വകപ്പ് മന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിൽ ഇഎഎസ്ഇ 4.0 ലോഞ്ച് ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.ഇതോടെ പെൻഷൻ തുക 9384 രൂപയിൽ നിന്ന് 30000-35000 രൂപവരെ ആയി ഉയരും. ഈ മാസം മുതൽ ബാങ്ക് ജീവനക്കാരുടെ ശമ്പളവും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷൻ തുകയിലെ ഈ വർദ്ധനവ്.പെൻഷൻ വർദ്ധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതവും വർദ്ധിപ്പിക്കും. കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തെതുടർന്നാണീ വർദ്ധനവ്. ഇതോടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർദ്ധിക്കും.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആഴ്ചകള്‍ കൂടി തുടരും; പ്രതിദിന രോഗികളുടെ എണ്ണം നാല്പത്തിനായിരത്തിന് മുകളിലെത്തുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആഴ്ചകള്‍ കൂടി തുടരുമെന്ന് മുന്നറിയിപ്പ്. ഓണത്തിനോട് അനുബന്ധിച്ച് നല്‍കിയ ഇളവുകളാണ് നിലവിലുള്ള കോവിഡ് വ്യാപനത്തിന് കാരണം. പ്രതിദിന രോഗികളുടെ എണ്ണം നാല്പത്തിനായിരത്തിന് മുകളിലെത്തുമെന്നും വിദഗ്ധര്‍ പറയുന്നു. നിലവില്‍ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതാണ്. ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഉയരുമെന്ന് അറിയാമായിരുന്നുവെന്ന് ഐ.എം.എയുടെ സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ.സുല്‍ഫി നൂഹ് പറഞ്ഞു.എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറവാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആരോഗ്യമേഖല സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായിരുന്നു. അതേ രീതിയില്‍ തന്നെയാണ് ഇത്തവണയും കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യവിദഗ്ധന്‍ ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം 30,000ത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും നിലവില്‍ കേരളത്തിലാണ്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് 31,445 പേർക്ക് രോഗം സ്ഥിരീകരിച്ചു ;ടിപിആർ 19.03 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 31,445 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എറണാകുളം 4048, തൃശൂർ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂർ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസർഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,608 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1576 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3987, തൃശൂർ 3846, കോഴിക്കോട് 3615, മലപ്പുറം 3401, പാലക്കാട് 1396, കൊല്ലം 2469, കോട്ടയം 1951, കണ്ണൂർ 1825, ആലപ്പുഴ 1847, തിരുവനന്തപുരം 1591, ഇടുക്കി 1155, പത്തനംതിട്ട 987, വയനാട് 940, കാസർഗോഡ് 598 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.123 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 33, വയനാട് 15, തൃശൂർ 13, കാസർഗോഡ് 11, പത്തനംതിട്ട, പാലക്കാട് 10 വീതം, കൊല്ലം 8, ആലപ്പുഴ 7, കോഴിക്കോട് 6, എറണാകുളം 4, കോട്ടയം, ഇടുക്കി 2 വീതം, തിരുവനന്തപുരം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,271 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1272, കൊല്ലം 2582, പത്തനംതിട്ട 258, ആലപ്പുഴ 1094, കോട്ടയം 850, ഇടുക്കി 492, എറണാകുളം 1872, തൃശൂർ 2517, പാലക്കാട് 1881, മലപ്പുറം 2929, കോഴിക്കോട് 2426, വയനാട് 647, കണ്ണൂർ 1032, കാസർഗോഡ് 419 എന്നിങ്ങനേയാണ് രോഗമുക്തിയായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,860 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,44,278 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,582 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സെപ്റ്റംബര്‍ അഞ്ചിന് മുൻപ് അധ്യാപകർക്കുള്ള വാക്‌സിനേഷന്‍ പൂർത്തീകരിക്കണം; രണ്ടു കോടി അധിക ഡോസ് നല്‍കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സ്‌കൂളുകള്‍ തുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടി. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിനു മുൻപായി എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം. ഇതിനായി പ്രതിമാസം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുന്ന പതിവു ഡോസിനു പുറമേ, അധ്യാപക ദിനത്തിനു മുന്നോടിയായി രണ്ടു കോടി വാക്‌സിന്‍ ഡോസുകള്‍ അധികമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.സ്‌കൂള്‍ അധ്യാപകര്‍ക്കു മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അതത് പ്രദേശത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ സ്‌കൂളുകള്‍ കഴിഞ്ഞദിവസം തുറന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വൈകാതെ തുറക്കുമെന്നാണ് പ്രഖ്യാപനം. പകുതിയിലധികം അധ്യാപകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടില്ല എന്ന വസ്തുത സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരുടെ സുരക്ഷ മുന്‍നിര്‍ത്തി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി കോടതി തള്ളി
തലശ്ശേരി: ആര്‍ടി ഓഫിസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി തള്ളി. തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്.സഹോദരൻമാരായ ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു ഹർജിയിൽ പോലീസിന്റെ വാദങ്ങൾ. എന്നാൽ ഇതൊന്നും കോടതി അംഗീകരിച്ചില്ല.കണ്ണൂർ ആർ. ടി ഓഫീസിൽ അതിക്രമം കാണിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്. കേസിൽ ഒരുദിവസം ജയിലിൽ കഴിഞ്ഞ സഹോദരൻമാർക്ക് പിറ്റേദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്.ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പോലീസ് ആവശ്യമുന്നയിച്ചു.ഈമാസം 9 -ാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം. രൂപമാറ്റം വരുത്തിയ ഇവരുടെ ‘നെപ്പോളിയൻ’ എന്ന ടെംമ്പോ ട്രാവലർ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇതിനെ തുടർന്ന് കണ്ണൂർ ആർ. ടി. ഓഫീസിലെത്തിയ ലിബിനും എബിനും അതിക്രമം കാണിച്ചെന്നാണ് കേസ്.ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇവർ തൽസമയം കാണിക്കുകയും ചെയ്തു. വാർത്ത അറിഞ്ഞതോടെ ഇവരുടെ ആരാധകരും ആർ. ടി. ഓഫീസിൽ തടിച്ചുകൂടി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
വാക്‌സിനേഷന് പിന്നാലെ അസ്വസ്ഥത; കാസര്‍കോട് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാസര്‍കോട്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് വാവടുക്കം സ്വദേശിനി രഞ്ജിതയാണ് മരിച്ചത്. ഈ മാസം മൂന്നാം തിയതിയാണ് യുവതി കൊവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ നിന്നാണ് വാക്‌സിൻ എടുത്തത്. പിന്നാലെ പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇരുപത്തിയൊന്നുകാരിയായ രഞ്ജിത എംഎസ്ഡബ്‌ള്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.
പിണറായിയിൽ സൊസെറ്റിയില്‍ വായ്പക്ക് അപേക്ഷയുമായെത്തിയ യുവതിക്ക് അശ്‌ളീല സന്ദേശമയച്ച സംഭവം;സിപിഎം പ്രാദേശിക നേതാവിനെ പുറത്താക്കി
പിണറായി:പിണറായി സഹകരണ സൊസൈറ്റിയില്‍ കാര്‍ഷികവായ്പയ്ക്ക് അപേക്ഷയുമായെത്തിയ യുവതിക്ക് ഫോണിൽ അശ്ളീല സന്ദേശമയച്ച സംഭവത്തിൽ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.പിണറായി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറി നിഖില്‍ കുമാര്‍ നാരങ്ങോളിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സിപിഎം ധര്‍മടം നോര്‍ത്ത് ലോക്കലിലെ അണ്ടലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായ നിഖില്‍ കുമാറിനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.വായ്പ അപേക്ഷ നല്‍കിയതിനു പിന്നാലെ നിഖില്‍ കുമാര്‍ അര്‍ധരാത്രി യുവതിയെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും വാട്സ് ആപ്പില്‍ മെസേജ് അയക്കുകയും ചെയ്യുകയായിരുന്നു ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെയുംകൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടിയെടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുമായ പി.ബാലന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.ഇതോടെയാണ് സഹകരണ സ്ഥാപനത്തില്‍ നിന്നും നിഖിലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത്. യുവതിയുടെ പരാതിയിലാണ് സൊസൈറ്റി നടപടിയെടുത്തതെന്ന് സൊസൈറ്റി പ്രസിഡന്റ് പി. ബാലന്‍ പറഞ്ഞു. പരാതിക്കാരിയായ യുവതിയും സിപിഎം അംഗമാണ്.
സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങൾക്കും ഇളവുകൾക്കും മാറ്റമില്ല; ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഒരാള്‍ കോവിഡ് പോസിറ്റീവായാൽ ഒപ്പം പങ്കെടുത്ത എല്ലാവര്‍ക്കും പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുടരും. അതേസമയം ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഒരാള്‍ കോവിഡ് പോസിറ്റീവാണെന്നു വന്നാല്‍ ഒപ്പം പങ്കെടുത്ത എല്ലാവര്‍ക്കും പരിശോധന നടത്തും.മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗങ്ങളിലേതാണ് തീരുമാനം.ഞായര്‍ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.