എറണാകുളം:കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 3 മരണം.തൊടുപുഴ സ്വദേശികളായ ആദിത്യന്‍ (23), വിഷ്ണു (24), അരുണ്‍ ബാബു (24) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും കാര്‍ യാത്രികരാണ്.കോലഞ്ചേരിക്കു സമീപം തൃക്കളത്തൂരില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ടു പേരെ കൊലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രി പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവിൽ വരും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസേവനങ്ങൾ മാത്രമാണ് അനുവദിക്കുക. സംസ്ഥാനത്ത് കൊറോണ വ്യാപന തോത് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്ന് സംസ്ഥാനത്ത് ഉണ്ടാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുവേണം കടകളുടെ പ്രവർത്തനമെന്നും സർക്കാർ നിർദ്ദേശമുണ്ട്. സ്വാതന്ത്ര്യദിനം , ഓണം എന്നിവ പ്രമാണിച്ച് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതിന് ശേഷം കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ഇതേ തുടർന്നാണ് ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ആരംഭിക്കും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്.ദീര്‍ഘദൂര യാത്രക്കാര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ട്രിപ്പിള്‍ ലോക്ഡൗണും ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ കര്‍ശനമാക്കുക.
സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 18.67%; 153 മരണം; 21,468 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ക്കോട് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3943, എറണാകുളം 3750, കോഴിക്കോട് 3252, മലപ്പുറം 3119, കൊല്ലം 2733, പാലക്കാട് 1691 തിരുവനന്തപുരം 2289, ആലപ്പുഴ 1900, കോട്ടയം 1599, കണ്ണൂര്‍ 1549, പത്തനംതിട്ട 1205, വയനാട് 1203, ഇടുക്കി 1146, കാസര്‍ക്കോട് 512 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 18, കൊല്ലം 10, കോഴിക്കോട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ക്കോട് 5 വീതം, ആലപ്പുഴ 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1571, കൊല്ലം 2416, പത്തനംതിട്ട 805, ആലപ്പുഴ 1244, കോട്ടയം 476, ഇടുക്കി 741, എറണാകുളം 1819, തൃശൂര്‍ 2521, പാലക്കാട് 2235, മലപ്പുറം 3002, കോഴിക്കോട് 2301, വയനാട് 649, കണ്ണൂര്‍ 1138, കാസര്‍ക്കോട് 550 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,51,666 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത് മുതൽ രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലം കടയ്ക്കലിൽ പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം;അമ്മയുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്തു
കൊല്ലം: പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍ നാസറാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്.മുഖത്തും, വയറ്റിലും ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാന്‍ പോയെന്നാരോപിച്ചായിരുന്നു പിതാവിന്റെ മര്‍ദനം.കുഞ്ഞിനെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.പറഞ്ഞാല്‍ കേട്ടിട്ടില്ലെങ്കില്‍ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു പിതാവിന്റെ മര്‍ദ്ദനം. ഞാനാണ് ഇവനെ ഉണ്ടാക്കിയതെന്നും തടയാന്‍ ശ്രമിച്ച കുട്ടിയുടെ ഉമ്മാമ്മയോട് പിതാവ് പറയുന്നു.ഇക്കാ ഇത് കണ്ടോ എന്ന് പറഞ്ഞ് കുഞ്ഞ് വാവിട്ട് കരയുന്നത് വീഡിയോയില്‍ കാണാം. അതിനിടെ പകര്‍ത്തിയ വീഡിയോ നീ പൊലീസിനെ കൊണ്ട് പോയി കാണിക്കെന്ന് ഇയാള്‍ പറയുകയും ചെയ്യുന്നു.മര്‍ദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കല്‍ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.നാസറുദ്ദീനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു.മര്‍ദനത്തിന്റെ വിഡിയോ ചിത്രീകരിക്കുകയാണെന്നും, ദൃശ്യങ്ങള്‍ പൊലീസില്‍ ഹാജരാക്കുമെന്നും അടുത്തുള്ള ഒരാള്‍ പറഞ്ഞതോടെയാണ് ഇയാൾ മര്‍ദനം നിര്‍ത്തിയത്.
മൈസൂരൂ കൂട്ടബലാൽസംഗ കേസ്;തിരുപ്പൂർ സ്വദേശികളായ അഞ്ചു പ്രതികൾ അറസ്റ്റിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും
മൈസൂരൂ: ചാമുണ്ഡിഹിൽസിന് സമീപത്ത് വെച്ച് എം.ബി.എ വിദ്യാർത്ഥിനിയെ കൂട്ടബലാത്സഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.കര്‍ണാടക ഡി.ജി. പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്. മൈസൂരിൽ കെട്ടിട നിർമ്മാണ ജോലിക്കെത്തിയവരാണിവർ. കൃത്യത്തിനുശേഷം നാടുവിട്ട പ്രതികളെ തിരുപ്പൂരിൽ നിന്നും ഇന്ന് പുലർച്ചെയാണ് പിടികൂടിയതെന്ന് ഡി. ജി. പി പറഞ്ഞു. അതേസമയം പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയിക്കുന്നതിനാലാണ് പിടിയിലായവരുടെ വിവരങ്ങൾ പുറത്ത് വിടാത്തത്. ചൊവ്വാഴ്ച രാത്രിയാണ് മൈസൂരു ചാമുണ്ഡിഹില്‍സിന് സമീപത്തെ വിജനമായസ്ഥലത്തുവെച്ച് എം.ബി.എ. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിച്ചശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ, കേസിലെ പ്രതികളെ തേടി കേരളത്തിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചതായി ചില പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേന്ദ്രങ്ങള്‍ ഇത്തരം സൂചനകള്‍ നല്‍കിയത്. പ്രതികള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെയും തമിഴ്നാട്ടില്‍നിന്ന് പിടികൂടിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.
മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലുപേർക്ക് പത്ത് ലക്ഷം രൂപ വീതം സമ്മാനം നൽകി ആദരിച്ച് ദുബായ് ഭരണാധികാരി
ദുബായ്: മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലു പേരെ ആദരിച്ച് ദുബായ് ഭരണാധികാരി. പത്ത് ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് സമ്മാനമായി നല്‍കിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇവരെ ആദരിച്ചത്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗള്‍ഭിണിപ്പൂച്ചയെ താഴേക്ക് ചാടിച്ചാണ് ഇവര്‍ രക്ഷകരായത്.ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി കട ഉടമയുമായ അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന്‍ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവര്‍ക്കാണു പാരിതോഷികം. ഭരണാധികാരിയുടെ ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ നേരിട്ട് തുക സമ്മാനിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. ദുബായിലെ ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ പൂച്ച കുടുങ്ങുകയായിരുന്നു.ഇതു ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്ത് തൊട്ടടുത്ത് താമസിക്കുന്ന നാസറിനെ അറിയിക്കുകയായിരുന്നു. നാസര്‍ എത്തി തോര്‍ത്ത് ഇരു കൈകളിലും നിവര്‍ത്തിപ്പിടിച്ച് പൂച്ചയ്ക്ക് ചാടാന്‍ വഴിയൊരുക്കിയെങ്കിലും അത് ചാടിയില്ല. വഴിയാത്രക്കാരായ മൊറോക്കന്‍ സ്വദേശിയും പാക്കിസ്ഥാന്‍കാരനും ഒപ്പം കൂടി.വലിയൊരു പുതപ്പ് കൊണ്ടുവന്ന് മൂന്നുപേരും നിവര്‍ത്തിപ്പിടിച്ചതോടെ പൂച്ച അതിലേക്ക് ചാടുകയായിരുന്നു.വടകര സ്വദേശി മുഹമ്മദ് റാഷിദ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്.ഇവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സഹിതം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ദുബായ് പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക’ എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു.
മൈസൂർ കൂട്ടബലാത്സംഗ കേസ്;മലയാളി വിദ്യാർത്ഥികൾ പ്രതികളെന്ന് സൂചന; അന്വേഷണം കേരളത്തിലേക്കും
ബെഗളൂരു:മൈസൂർ കൂട്ടബലാൽസംഗ കേസിൽ മലയാളി വിദ്യാർത്ഥികൾക്കും പങ്കെന്ന് സൂചന.സംഭവ ശേഷം കാണാതായ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. ഇവർ പിറ്റേദിവസത്തെ പരീക്ഷയെഴുതിട്ടില്ലെന്നാണ് വിവരം. ഒരു തമിഴ്‌നാട് സ്വദേശിയും കേസിൽ ഉൾപ്പെട്ടതായി പോലീസിന് സംശയമുണ്ട്. ഇവര്‍ നാല് പേരും പെണ്‍കുട്ടി പഠിക്കുന്ന അതേ കോളജിലെ വിദ്യാര്‍ത്ഥികളാണ്.കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രക്കൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് കേസന്വേഷണത്തിൽ നിർണായകമായ വെളിപ്പെടുത്തൽ ഐജി നടത്തിയത്. പ്രതികൾ നാട്ടുകാരായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പ്രദേശവാസികളെ ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് പങ്കില്ലെന്ന സൂചനകൾ പോലീസിന് ലഭിച്ചു. പിന്നീട് സ്ഥലത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. പ്രദേശത്ത് സംഭവസമയത്ത് ആക്ടീവായിരുന്ന സിം കാർഡുകൾ കേന്ദ്രീകരിച്ച അന്വേഷണം പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരിലേക്ക് നയിച്ചു. ഇതിൽ നിന്നാണ് മൂന്ന് മലയാളി വിദ്യാർത്ഥികളിലേക്കും തമിഴ്‌നാട് സ്വദേശിയിലേക്കും പോലീസെത്തിയത്. ഇവർ മൈസൂർ സർവകലാശാലയിലെ വിദ്യാർത്ഥികളാണ്. കോളജിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവശേഷം ഇവരെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതും സംശയത്തിനിടയാക്കി.ഇവര്‍ കേരളത്തില്‍ ഒളിവില്‍ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിരുന്നു.ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം ബി എ വിദ്യാര്‍ഥിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഓടെയാണ് പെൺകുട്ടിയും സുഹൃത്തും ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
വിദ്യാർത്ഥികളുടെ ആവശ്യംതള്ളി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി; നീറ്റ് പരീക്ഷകള്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തും
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 12നാണ് നിലവിലെ പരീക്ഷാ തീയതി. ദീര്‍ഘനാളായിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇതോടെ തള്ളിക്കളഞ്ഞത്.നീറ്റ് പരീക്ഷ നടക്കുന്ന അതേ ആഴ്ചയില്‍ തന്നെയാണ് സി.ബി.എസ്.ഇയുടെ ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നടക്കുന്നത്. അതുകൊണ്ട് തന്നെ നീറ്റ് മാറ്റണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. സെപ്റ്റംബര്‍ ആറാം തീയതി സി.ബി.എസ്.ഇ ബയോളജി, ഒന്‍പതാം തീയതി ഫിസിക്സ് എന്നീ വിഷയങ്ങളുടെ ഇംപ്രൂവ്മെന്‍റ് പരീക്ഷകളാണ് നടക്കുന്നത്.എന്നാല്‍ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് നീറ്റ് പരീക്ഷ തടസമാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ വിനീത് ജോഷി പരീക്ഷ മാറ്റില്ലെന്ന് അറിയിച്ചത്. നീറ്റ് പരീക്ഷാ ശ്രമങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് തീയതി ഇപ്പോള്‍ മാറ്റിയാല്‍ അത് പരീക്ഷ രണ്ട് മാസത്തോളം വൈകുന്നതിന് ഇടയാക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
മരം മോഷണം പോലീസിനെ അറിയിച്ചുവെന്ന സംശയത്തിൽ യുവാവിനെ കൊന്നു കനാലില്‍ തള്ളിയ കേസ്; പ്രധാന പ്രതി കീഴടങ്ങി
കണ്ണൂർ: മരം മോഷണം പോലീസിനെ അറിയിച്ചുവെന്ന സംശയത്തിൽ യുവാവിനെ കൊന്നു കനാലില്‍ തള്ളിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി.ചക്കരക്കല്‍ മിടാവിലോട് സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ ആണ് പൊലീസ് സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെ കീഴടങ്ങിയത്.ചക്കരക്കല്‍ സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്.ഓഗസ്റ്റ് 19ന് വൈകിട്ടു കാണാതായ പ്രജീഷിന്റെ മൃതദേഹം 22ന് ആണു കനാലില്‍ കണ്ടെത്തിയത്.മൗവഞ്ചേരി സ്വദേശി റഫീഖ് വീടു നിര്‍മാണത്തിനു വേണ്ടി സൂക്ഷിച്ച 4 ലക്ഷം രൂപ വില വരുന്ന മരം ഉരുപ്പടികള്‍ മോഷ്ടിച്ച കേസില്‍ പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചു എന്ന സംശയത്തിലാണ് മോഷണ സംഘത്തിലെ പ്രതി അബ്ദുല്‍ ഷുക്കൂറും സുഹൃത്ത് പനയത്താംപറമ്ബ് സ്വദേശി പ്രശാന്തനും ചേര്‍ന്നു പ്രജീഷിനെ കൊലപ്പെടുത്തിയത്. പ്രശാന്തന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
സംസ്ഥാനത്ത് ഇന്ന് 32,801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ശതമാനം;18,573 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 32,801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂർ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂർ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസർഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 144 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3926, തൃശൂർ 3935, എറണാകുളം 3539, കോഴിക്കോട് 3327, കൊല്ലം 2822, പാലക്കാട് 1848, തിരുവനന്തപുരം 2150, ആലപ്പുഴ 2151, കണ്ണൂർ 1905, കോട്ടയം 1797, പത്തനംതിട്ട 1255, ഇടുക്കി 1105, വയനാട് 944, കാസർഗോഡ് 577 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.116 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 25, പത്തനംതിട്ട 18, പാലക്കാട്, കാസർഗോഡ് 13 വീതം, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം, തൃശൂർ 6 വീതം, കൊല്ലം, ആലപ്പുഴ 5 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂർ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂർ 1191, കാസർഗോഡ് 448 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.