കൊല്ലം: കൊല്ലത്ത് പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കലർന്നു. ഓയൂർ വെളിയം മാവിള ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പമ്പിൽ നിന്നാണ് വാഹനങ്ങളിൽ വെള്ളം അമിതമായി കലർന്ന പെട്രോൾ അടിച്ച് നൽകിയത്. ഇതിനെതിരെ പരാതികളും പ്രതിഷേധവും ശക്തമായതോടെ പമ്പ് പോലീസ് അടപ്പിച്ചു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈ പമ്പിൽ നിന്നും പെട്രോൾ അടിച്ച് പോയ നിരവധി വാഹനങ്ങളാണ് യാത്രയ്‌ക്കിടയിൽ നിന്നുപോയത്. തുടർന്ന് വർക്ക് ഷോപ്പുകളിലെത്തി പരിശോധിച്ചപ്പോഴാണ് പെട്രോൾ ടാങ്കിൽ വെള്ളം കണ്ടെത്തിയത്. എന്നാൽ എവിടെ നിന്നാണ് വാഹനത്തിന്റെ ടാങ്കിനുള്ളിൽ വെള്ളം കയറിയതെന്ന് മനസിലായിരുന്നില്ല. ഒരു പോലീസ് ഉദ്യോഗസ്ഥനും ഈ പമ്പിൽ നിന്ന് ബൈക്കിൽ പെട്രോൾ അടിച്ചിരുന്നു. ഒരു കിലോമീറ്റർ പിന്നിടുന്നതിന് മുൻപ് തന്നെ വാഹനം നിന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോളിനേക്കാൾ കൂടുതൽ വെള്ളമാണ് പമ്പിൽ നിന്ന് അടിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ പൂയപ്പള്ളി സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥരെത്തി പമ്പ് അടപ്പിക്കുകയായിരുന്നു.
പിഎഫും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും;ലിങ്ക് ചെയ്യാത്ത ഇപിഎഫ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ സാധിക്കില്ല
തിരുവനന്തപുരം:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടും(ഇ പി എഫ്) ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും.സെപ്റ്റംബര്‍ ഒന്നുമുതല്‍ ആധാര്‍ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാര്‍ക്ക് പി.എഫ്. നിക്ഷേപം പിന്‍വലിക്കാനും സാധിക്കില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനികൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) നിര്‍ദേശം നല്‍കിയിട്ടുണ്ട്.നേരത്തെ, മേയ് 30 വരെയായിരുന്നു ഇ.പി.എഫും ആധാറും ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീടിത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. പി.എഫ്. ആനുകൂല്യങ്ങള്‍ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇ.പി.എഫ്.ഒ. അറിയിക്കുന്നത്. ഇ.പി.എഫ്.ഒ.യുടെ മെംബര്‍ സേവ പോര്‍ട്ടല്‍ വഴിയോ ഇ-കെ.വൈ.സി. പോര്‍ട്ടല്‍ വഴിയോ ആധാറും യു.എ.എന്നും ബന്ധിപ്പിക്കാം.
ലിങ്ക് ചെയ്യേണ്ട വിധം:
1. വെബ് സൈറ്റ് (epfindia.gov.in/eKYC/) സന്ദര്‍ശിക്കുക.
2. ലിങ്ക് യു.എ.എന്‍. ആധാര്‍ ഓപ്ഷന്‍ ക്ലിക് ചെയ്യുക.
3. യു.എ.എന്‍. നല്‍കി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക.
4. ശേഷം ആധാര്‍ വിവരങ്ങള്‍ നല്‍കി ആധാര്‍ വെരിഫിക്കേഷന്‍ മോഡ് (മൊബൈല്‍ ഒ.ടി.പി. അല്ലെങ്കില്‍ ഇ-മെയില്‍) സെലക്‌ട് ചെയ്യുക.
5. വീണ്ടും ഒരു ഒ.ടി.പി. ആധാര്‍ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂര്‍ത്തിയാക്കാം.
ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച് ഏഴുമരണം;അപകടകാരണം അമിതവേഗത
കര്‍ണാടക: ബംഗളൂരുവില്‍ കാര്‍ കെട്ടിടത്തിലിടിച്ച് ഏഴുമരണം. അമിത വേഗതയാണ് അപകട കാരണമെന്നാണ് വിവരം.ചൊവ്വാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു അപകടം. ബംഗളൂരുവിന്‍റെ തെക്കുകിഴക്കന്‍ ഭാഗമായ കോരമംഗല പ്രദേശത്താണ് സംഭവം. അമിത വേഗതയിലെത്തിയ ഓഡി കാര്‍ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരിച്ചത്.മരിച്ചവരില്‍ മൂന്ന് പെൺകുട്ടികളും ഉള്‍പ്പെടും. 20 വയസ് പ്രായമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നവരെല്ലാം. മരിച്ചവരില്‍ ഹൊസൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനും ഉള്‍പ്പെടും. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച യുവതി മരിച്ചു.വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കൊല്ലപ്പെട്ടത്. അരുണ്‍ എന്നയാളാണ് ഇവരെ അക്രമിച്ചത്. 17 തവണ സൂര്യക്ക് കുത്തേറ്റു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നരക്കായിരുന്നു സംഭവം. വീടിന്റെ അടുക്കള വാതിലിലൂടെ അതിക്രമിച്ച് കയറി അരുണ്‍ സൂര്യ ഗായത്രിയെ കുത്തുകയായിരുന്നു.കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താന്‍ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വയറിലും കഴുത്തിലുമാണ് സൂര്യഗായത്രിക്ക് സാരമായ മുറിവ് പറ്റിയത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി. സൂര്യഗായത്രിയുമായി അരുണിന് മുന്‍പരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.
സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74; 22,563 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസർഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,436 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3164, എറണാകുളം 2268, കോഴിക്കോട് 1869, പാലക്കാട് 1082, തിരുവനന്തപുരം 1596, കൊല്ലം 1610, മലപ്പുറം 1458, ആലപ്പുഴ 1445, കണ്ണൂർ 1111, കോട്ടയം 950, പത്തനംതിട്ട 624, ഇടുക്കി 497, വയനാട് 414, കാസർഗോഡ് 348 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 63 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 14, കൊല്ലം 9, തൃശൂർ, പാലക്കാട് 7 വീതം, വയനാട്, കാസർഗോഡ് 5 വീതം, പത്തനംതിട്ട, ആലപ്പുഴ 4 വീതം, എറണാകുളം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,563 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1409, കൊല്ലം 2595, പത്തനംതിട്ട 775, ആലപ്പുഴ 1246, കോട്ടയം 1601, ഇടുക്കി 559, എറണാകുളം 2477, തൃശൂർ 2662, പാലക്കാട് 2392, മലപ്പുറം 2757, കോഴിക്കോട് 2404, വയനാട് 680, കണ്ണൂർ 615, കാസർഗോഡ് 391 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,96,317 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.
കണ്ണൂർ മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്
കണ്ണൂർ: മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു.മട്ടന്നൂര്‍ കളറോഡ് പത്തൊമ്ബതാംമൈല്‍ മലബാര്‍ സ്‌കൂളിനു സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കാറില്‍ സഞ്ചരിച്ച കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി തോമസ്‌കുട്ടി(28) ആണ് മരിച്ചത്.പരിക്കേറ്റ കാര്‍ യാത്രികരായ ഫാദര്‍ റോയി മാത്യു വടക്കേല്‍ (53), ഷാജി (40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി (45), സിസ്റ്റര്‍ ട്രീസ (56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പിന്‍റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു; പ്രാഥമിക അംഗത്വം രാജിവെച്ചു
പാലക്കാട്: പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിടുന്നതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് തീരുമാനം പ്രഖ്യാപിച്ചത്.കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.രാജി അനിവാര്യമാണെന്ന് സ്വയം തോന്നിയതിനാലാണ് കോൺഗ്രസ് വിട്ടതെന്നും മറ്റ് പാർട്ടിയിലേക്ക് ഉടനില്ലെന്നും ഗോപിനാഥ് അറിയിച്ചു.കോൺഗ്രസ് തന്റെ ജീവനാഡിയാണ്. പ്രസ്ഥാനത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. നാൽപത്തിമൂന്ന് വർഷത്തോളം പാലക്കാടിനെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി സംരക്ഷിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് തന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളരാൻ സാധിച്ചില്ലെന്ന് ഗോപിനാഥ് പറഞ്ഞു. മുന്‍ ആലത്തൂര്‍ എം.എല്‍.എയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മുന്‍ ഡി.സി.സി അധ്യക്ഷന്‍ കൂടിയായിരുന്ന ഗോപിനാഥ്, നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോപിനാഥ് പ്രതികരിച്ചത്. അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാന്‍ ആരുടേയും എച്ചില്‍ നക്കാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഗോപിനാഥ് പറഞ്ഞു.നിരവധി സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടും വീണ്ടും എന്തിനാണ് ഡിസിസി പ്രസിഡന്റ് ആകുവാന്‍ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനില്‍ അക്കരെ ചോദിച്ചിരുന്നു. പാർട്ടി അംഗത്വം രാജിവെച്ച ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തുകയും ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്‍ മഹത്തായ പാരമ്ബര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനകരമായ കാര്യമാണെന്നും ഗോപിനാഥ് പറഞ്ഞു.
ഡിസിസി പുനഃസംഘടനാ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ്സിൽ വ്യാപക പ്രതിഷേധം;ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വിമർശനവുമായി രംഗത്ത്
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനാ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ്സിൽ വ്യാപക പ്രതിഷേധം;ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വിമർശനവുമായി രംഗത്തെത്തി.വേണ്ടത്ര ചർച്ചകളോ കൂടിയാലോചനകളോ കൂടാതെയാണ് സംസ്ഥാന നേതൃത്വം ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കിയതെന്നാണ് ഇവരുടെ ആരോപണം.പട്ടിക പരസ്യപ്പെടുത്തിയും കടുത്ത വിമർശനം ഉന്നയിച്ചും ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയെങ്കിലും തൊട്ടുപിന്നാലെ മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമെത്തി.ഇതോടെ പാർട്ടി സമീപകാലത്തില്ലാത്തവിധം പ്രതിസന്ധിയിലായി.ഇതോടെ എഗ്രൂപ് നേതാവ് ഉമ്മൻ ചാണ്ടിയും ഐ വിഭാഗം നേതാവ് രമേശ് ചെന്നിത്തലും ഒരു വശത്തും കെ സുധാകരനും വി ഡി സതീശനും മറുവശത്തുമായി പോരുകനത്തു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രെട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് സംസ്ഥാന നേതൃത്വം മുതിർന്ന നേതാക്കളെ വെട്ടിയൊതുക്കാൻ ശ്രമിക്കുന്നതെന്ന ആരോപണവും എ, ഐ ഗ്രൂപ്പുകാർ ഉന്നയിച്ചു. ഡി.സി.സി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നാണ് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെന്നാണ് സുധാകരന്‍ പറയുന്നത്.ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം. എന്നാൽ രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അന്ന് വി ഡി സതീശനും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്ന് അടുത്തവൃത്തങ്ങളും പറയുന്നു. ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ കാണിച്ചത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുന്നു.
കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികളുമായി ഇന്ന് ചെന്നൈയില്‍ തെളിവെടുപ്പ് നടത്തും
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിലെ പ്രതികളുമായി പോലീസ് ഇന്ന് ചെന്നൈയില്‍ തെളിവെടുപ്പ് നടത്തും.ലഹരിമരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്നാണെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കേസില്‍ അറസ്റ്റിലായ ത്വയ്ബയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയില്‍ നിന്ന് എംഡിഎംഎ എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 19 നാണ് കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. എക്‌സൈസ്-കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ അഞ്ചംഗ സംഘം പിടിയിലായി. രണ്ടുതവണയായി നടത്തിയ റെയ്ഡില്‍ പ്രതികളുടെ കാറിലും താമസസ്ഥലത്ത് നിന്നും ഒരു കിലോയിലേറെ എംഡിഎംഎ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് ചെന്നൈയില്‍ നിന്ന് എത്തിക്കുന്നതാണെന്നും ഇതിനായി മൂന്ന് തവണ പോയി വന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.അതിനിടെ രണ്ട് തവണയായി മയക്കുമരുന്ന് കണ്ടെത്തിയ സംഭവം രണ്ട് വ്യത്യസ്ത കേസുകളായി പരിഗണിച്ചത് വിവാദമായിരുന്നു. കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമാണ് ഒരേ കേസ് രണ്ടാക്കി മുറിച്ചതെന്ന വാദം ഉയർന്നതോടെ കേസ് പ്രത്യേകം അന്വേഷിക്കാൻ എക്‌സൈസ് ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു
തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം.സമയം ആവശ്യസർവ്വീസുകൾ, ആശുപത്രി യാത്ര,(കൂട്ടിരിപ്പിന് ഉൾപ്പടെ), അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള യാത്ര, ദീർഘദൂര യാത്ര കഴിഞ്ഞുള്ള മടക്കം. ചരക്കുനീക്കം എന്നിവയ്‌ക്ക് മാത്രമാണ് ഇളവുള്ളത്.മറ്റുള്ളവർ അടുത്ത പോലീസ് സ്‌റ്റേഷനിൽ നിന്നും യാത്രാനുമതി വാങ്ങണം.പ്രതിവാര രോഗവ്യാപനതോത് ഏഴിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.