News Desk

ഇടുക്കി ഏലത്തോട്ടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവന്ന വാഹനം പിടികൂടി;18 വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ കണ്ടെത്തി

keralanews vehicle carrying minors to work in idukki cardamom plantation seized found three girls under 18 years

ഇടുക്കി: ഇടുക്കിയിൽ ഏലത്തോട്ടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവന്ന വാഹനം പിടികൂടി. വാഹനത്തിൽ നിന്നും 18 വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. കുമളി ടൗണിൽ നടന്ന പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ ഭരണകൂടവും ശിശു ക്ഷേമ സമിതിയും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ഏലത്തോട്ടത്തിൽ കീടനാശിനി തളിക്കുന്നതടക്കമുള്ള ജോലികൾ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് കുമളി, കമ്പമട്ടം ചെക്‌പോസ്റ്റുകളിൽ പരിശോധന നടത്തിയത്. വാഹനത്തിൽ കുട്ടികൾക്കൊപ്പമുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.അതേസമയം കുട്ടികളെ വീട്ടില്‍ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 12 വാഹന ഉടമകള്‍ക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്.

നിരപരാധിയായ യുവാവിന് പോക്‌സോ കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കേണ്ടിവന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

keralanews innocent young man caught in pocso case and jailed human rights commission has ordered an inquiry

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് ജിയിലില്‍ കിടക്കേണ്ടിവന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 35 ദിവസമാണ് യുവാവ് തിരൂര്‍ സബ്ജയിലില്‍ കഴിഞ്ഞത്. ഡിഎന്‍എ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.സ്‌കൂളില്‍ നിന്നും മടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്.പെൺകുട്ടിയുടെ പരാതിയിൽ കല്‍പ്പകഞ്ചേരി പൊലീസായിരുന്നു യുവാവിനെതിരെ കേസെടുത്തത്. എന്നാല്‍ യുവാവിന്റെ ആവശ്യപ്രകാരം ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ നെഗറ്റീവായി. ഇതിനെതുടര്‍ന്ന് കോടതി യുവാവിനെ ജയില്‍മോചിതനാക്കുകയായരുന്നു.കൊടിയ മാനസിക പീഡനം ആണ് ഈ ദിവസങ്ങളില്‍ ഉണ്ടായത് എന്ന് യുവാവ് പറയുന്നു. സ്‌ക്കൂളില്‍ നിന്ന് കണ്ട് പരിചയം മാത്രം ഉള്ള തനിക്കെതിരെ എന്തുകൊണ്ടാണ് പീഡന കുറ്റം ആരോപിച്ചതെന്ന് അറിയില്ല എന്നും യുവാവ് പറഞ്ഞു.എനിക്ക് 18 വയസെ ആയിട്ടുള്ളൂ. ഇതിനിടയ്ക്ക് മൂന്ന് ജയിലുകളില്‍ കയറിയിറങ്ങി. ഒരു ദിവസം പോലും കണ്ണടക്കാന്‍ ആയിട്ടില്ല.ഒരു തെറ്റും ചെയ്യാത്ത ഒരാളെ ആണ് ഇങ്ങനെ ചെയ്തത്.ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുക ആണ്. ഞാന്‍ ആ പെണ്‍കുട്ടിയെ സ്‌കൂളില്‍ വച്ച്‌ കണ്ടിട്ടുണ്ട്. പ്രണയമോ അടുപ്പമോ ഇല്ല. ഇനി ഇപ്പൊ എന്തും ഉണ്ടാക്കി പറയാം. പോലീസുകാരില്‍ ഒരു കോണ്‍സ്റ്റബിള്‍ എപ്പോഴും തെറി പറയുമായിരുന്നു. വണ്ടിയില്‍ കയറിയാല്‍ റേഡിയോ ഓണ്‍ ചെയ്ത പോലെ ആണ് തെറി പറഞ്ഞിരുന്നത്. എന്റെ പ്രായം പോലും അവര്‍ നോക്കിയിരുന്നില്ല. എന്നെ എപ്പോഴും വിലങ്ങ് ഇട്ടാണ് എല്ലായിടത്തും കൊണ്ടുപോയിരുന്നത്. തെളിവെടുപ്പിന് കൊണ്ടു പോയപ്പോള്‍ എന്നെ അടിച്ചിരുന്നു. എനിക്ക് കേള്‍ക്കാന്‍ വരെ ബുദ്ധിമുട്ട് ഉണ്ടായെന്നും യുവാവ് പറഞ്ഞു.

രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കൂടി ഇന്ന് സ്കൂളുകള്‍ തുറക്കും

keralanews schools will open today in 5 more states across the country

ന്യൂഡല്‍ഹി: രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കൂടി ഇന്ന് സ്കൂളുകള്‍ തുറക്കും. കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ ഡല്‍ഹി,രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ഥികളുമായി ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുക.കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്കൂള്‍ അധ്യയനം ആരംഭിക്കുന്നത്. അധ്യാപകരും സ്കൂള്‍ ജീവനക്കാരും 2 ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഡല്‍ഹിയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് . 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ ഈ മാസം 8 നും ആരംഭിക്കും. തമിഴ് നാട്ടില്‍ ഒരു ക്ലാസില്‍ ഒരേ സമയം പരമാവധി 20 വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കൂ. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.രാജസ്ഥാനില്‍ 50% വിദ്യാര്‍ഥികളുമായി ആഴ്ചയില്‍ 6 ദിവസം ക്ലാസുകള്‍ നടത്താനാണ് തീരുമാനം. യുപി,പഞ്ചാബ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചല്‍, മിസോറാം എന്നിവിടങ്ങളില്‍ നേരത്തെ തന്നെ വിദ്യാലയങ്ങള്‍ തുറന്നിരുന്നു.കുട്ടികളെ ലക്ഷ്യമിടുന്ന മൂന്നാം തരംഗത്തെക്കുറിച്ച്‌ ആശങ്കയുണ്ടെങ്കിലും, കുട്ടികളില്‍ സ്വയം രൂപപ്പെടുന്ന പ്രതിരോധശേഷി അവരെ വൈറസില്‍ നിന്ന് സംരക്ഷിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു.മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മുതല്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍, കോവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെയാണ് തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ഈ സമയത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാതിരുന്നാല്‍ അത് അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ ബാധിക്കുമെന്ന് ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാക്കനാട് മയക്കുമരുന്ന്​ കേസ്; ഇടനിലക്കാരായി നിന്നത് മലയാളികൾ; അന്വേഷണം ഗോവയിലേക്ക്

keralanews kakkanad drug case malayalees acted as intermediaries inquiry to goa

കൊച്ചി: കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഏജന്റുമാരിലേക്കും വിതരണക്കാരിലേക്കും നീളുന്നു. ചെന്നൈയിൽ നടന്ന ലഹരി ഇടപാടിൽ ഇടനിലക്കാരായി നിന്നത് മലയാളികളാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഗോവയിലേക്ക് മുങ്ങിയതായാണ് സൂചന.കഴിഞ്ഞ രണ്ട് ദിവസം പ്രതികളുമായി ചെന്നൈയിലും പോണ്ടിച്ചേരിയിലും നടത്തിയ തെളിവെടുപ്പിൽ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ എക്‌സൈസിന് ലഭിച്ചു. ഗോവയിലേക്ക് കടന്നവരും മയക്കുമരുന്ന് വിൽപ്പനക്കാരേയും ഉടൻ പിടികൂടാനാകുമെന്നാണ് വിവരം. അതേസമയം കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്ന് കഴിഞ്ഞ ദിവസമാണ് 1.86 കിലോ ഗ്രാം തൂക്കം വരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിലായത്. പ്രതികളിൽ നിന്നും കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കാക്കനാട്ടെ ഫോറെൻസിക് ലാബിൽ പരിശോധനയ്‌ക്ക് അയക്കും.

സംസ്ഥാനത്തെ കൊറോണ പ്രതിരോധം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദഗ്ധരുമായി ചര്‍ച്ച ഇന്ന്;മന്ത്രിസഭാ യോഗവും ഇന്ന് ചേരും

keralanews corona resistance in the state discussions with experts led by the chief minister today cabinet meeting will also convene today

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യവും പ്രതിരോധ നടപടിയും വിശകലനം ചെയ്യാൻ സർക്കാർ വിളിച്ച വിദഗ്ദ്ധരുടെ യോഗം ഇന്ന്. സംസ്ഥാന മെഡിക്കൽ ബോർഡിന് പുറമെ രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകളും യോഗത്തിൽ പങ്കെടുക്കും. സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്തനിവാരണ വിദഗ്ധർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക.യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായിട്ടും സംസ്ഥാനത്ത് കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ വരുംദിവസങ്ങളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം എന്നതായിരിക്കും പ്രധാന ചര്‍ച്ച.നിലവിലെ നിയന്ത്രണ രീതികള്‍ അപര്യാപ്തമാണെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നാല്‍ സര്‍ക്കാര്‍ പുതിയ മാറ്റങ്ങളിലേക്ക് കടന്നേക്കും. നിലവില്‍ വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ടിപിസി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗവും ഇന്ന് നടക്കും. ഓണക്കാലമായതിനാൽ കഴിഞ്ഞ ആഴ്‌ച്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല.

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;115 മരണം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ശതമാനം; 20,687 പേര്‍ രോഗമുക്തി നേടി

keralanews 30203 covid cases confirmed in the state today 115 death 20687 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,419 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1521 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3425, എറണാകുളം 3466, കൊല്ലം 3179, കോഴിക്കോട് 3030, തൃശൂര്‍ 2788, പാലക്കാട് 1628, തിരുവനന്തപുരം 1878, കോട്ടയം 1812, കണ്ണൂര്‍ 1846, ആലപ്പുഴ 1786, പത്തനംതിട്ട 1229, വയനാട് 1022, ഇടുക്കി 874, കാസര്‍ഗോഡ് 456 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 17, പാലക്കാട് 15, ഇടുക്കി 12, കാസര്‍ഗോഡ് 10, കൊല്ലം, എറണാകുളം 8 വീതം, തിരുവനന്തപുരം, പത്തനംതിട്ട 7, തൃശൂര്‍ 6, കോഴിക്കോട് 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 20,687 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1194, കൊല്ലം 1765, പത്തനംതിട്ട 743, ആലപ്പുഴ 1049, കോട്ടയം 1428, ഇടുക്കി 422, എറണാകുളം 2020, തൃശൂര്‍ 2602, പാലക്കാട് 2417, മലപ്പുറം 2532, കോഴിക്കോട് 2709, വയനാട് 526, കണ്ണൂര്‍ 875, കാസര്‍ഗോഡ് 405 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 81 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 215 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

 

കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി;ശബ്ദസന്ദേശം പുറത്ത്

keralanews woman commits suicide in kannur due to domestic violence voice message released

കണ്ണൂർ: കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി.പയ്യന്നൂര്‍ കോറോം ക്ഷീരസംഘത്തിലെ ഡ്രൈവര്‍ വെള്ളൂര്‍ ചേനോത്തെ കിഴക്കേപുരയില്‍ വിജേഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനീഷ (26)യെയാണ് ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് സുനീഷ, സഹോദരന് അയച്ച ശബ്ദരേഖ പുറത്തുവന്നു.തിങ്കളാഴ്ച വൈകീട്ട് നാലോടെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വര്‍ഷം മുൻപാണ് വിജേഷും സുനീഷയും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. ഭര്‍ത്താവ് വിജീഷില്‍നിന്ന് നിരന്തരം മര്‍ദ്ദനം നേരിട്ടെന്ന് വ്യക്തമാവുന്ന ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നു. തന്നെ കൂട്ടികൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാവില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിലുണ്ട്. ഗാര്‍ഹിക പീഡനം സംബന്ധിച്ച്‌ സുനീഷ ഒരാഴ്ച മുൻപ് പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് കേസെടുക്കാതെ ഇരുകുടുംബക്കാരെയും വിളിച്ച്‌ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നും 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വ​ര്‍​ണം പിടികൂടി; കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി പിടിയിൽ

keralanews gold worth 60lakh rupees seized from kannur airport kasarkode native under custody

മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കാസർകോഡ് സ്വദേശി മുഹമ്മദ് കമറുദ്ദീന്‍ എന്നയാൾ പിടിയിലായി. ഇയാളില്‍ നിന്ന് 1,255 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.പുലര്‍ച്ചെ രണ്ടിന് ഷാര്‍ജയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം;മൂന്നു മാസം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി‍

keralanews arjun ayanki granted conditional bail in karipur gold smuggling case high court stays entry to kannur district for three months

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കീഴ്‌ക്കോടതികള്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും കേസിന്റെ ഇപ്പോഴത്തെ നില പരിഗണിച്ചാണ് ഹൈക്കോടതി ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മൂന്നു മാസം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സംസ്ഥാന വിട്ടു പോകരുത്, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. വിവിധ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിക്ക് പങ്കുണ്ടെന്നുമാണ് കസ്റ്റംസ് വാദം.കേസിലെ സുപ്രധാന വിവരങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട് അതിനാല്‍ തനിക്ക് ജാമ്യം അനുവദിച്ചു തരണമെന്നും അര്‍ജുന്റെ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്നതിനായി നെറ്റ് വര്‍ക്ക് ദുര്‍ബലമായ കേന്ദ്രങ്ങളില്‍ സൗജന്യ വൈ ഫൈ കണക്‌ഷനുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

keralanews kannur district panchayat with free wifi connection in network weak centers to improve online learning facilities

കണ്ണൂർ: ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നെറ്റ് വര്‍ക്ക് ദുര്‍ബലമായ കേന്ദ്രങ്ങളില്‍ സൗജന്യ വൈ ഫൈ കണക്‌ഷനുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നതിനായി കുട്ടികൾ ഫോണുമായി മരത്തിലും ഏറുമാടങ്ങളിലും കയറുന്ന അവസ്ഥയെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈലുമായി മരത്തില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ പന്നിയോട് കോളനിയിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി അനന്തുബാബു വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും ആ മേഖലയിലടക്കം വൈ ഫൈ നെറ്റ് വര്‍ക്ക് ലഭ്യമാവും.മൊബൈല്‍ റേഞ്ചിനായി ഏറുമാടത്തിലും മരത്തിലും കയറുന്ന കണ്ണവം ചെന്നപ്പൊയില്‍ ആദിവാസി കോളനികളിലെ കുട്ടികളുടെ ദുരിതം മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.കേരള വിഷനുമായി സഹകരിച്ച്‌ ഒരു വര്‍ഷത്തേക്ക് ഈ മേഖലയില്‍ സൗജന്യമായാണ് വൈഫൈ കണക്‌ഷന്‍ നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. 30 ലക്ഷം രൂപ ചെലവഴിക്കും. നെറ്റ്‌വര്‍ക്ക്‌ കണക്‌ഷനുള്ള കൂടുതല്‍ സ്വകാര്യ കമ്പനികളെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലമാക്കും. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കും.20 ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കണക്‌ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. ചാനല്‍ പാര്‍ട്‌ണര്‍മാരുടെയും പ്രാദേശിക കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെയും സഹായത്തോടെ ഫൈബര്‍ കണക്‌ഷനുകളാണ്‌ ബി.എസ്‌.എന്‍.എല്‍ നല്‍കുന്നത്‌.ആലക്കോട്‌ തൂവേങ്ങാട്‌ കോളനി, പയ്യാവൂര്‍ വഞ്ചിയം കോളനി, മാടക്കൊല്ലി, ആടാംപാറത്തട്ട്‌, കോളാട്‌ പെരുവ കോളനി എന്നിവിടങ്ങളിലെ വീടുകളില്‍ കണക്‌ഷന്‍ ഉടന്‍ കിട്ടും. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ പെരുവ കോളനിയില്‍ 150 എഫ്‌.ടി.ടി.എച്ച്‌ കണക്‌ഷന്‍ നല്‍കിക്കഴിഞ്ഞു. കണ്ണപുരം, നടുവില്‍ പഞ്ചായത്തുകളിലും ഫൈബര്‍ കണക്‌ഷനായി.