തൃശൂർ: ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം.കാർ യാത്രികരാണ് മരിച്ചത്.തൃശൂർ എറവിലുള്ള സ്കൂളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കാഞ്ഞാണിയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.മരിച്ചവർ എല്ലാം എൽത്തുരുത്ത് സ്വദേശികളാണ്. വിന്‍സന്റ്, ഭാര്യ മേരി, തോമസ്, ജോര്‍ജി എന്നിവരാണ് മരിച്ചത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്നും വരികയായിരുന്ന ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു. നാട്ടുകാരെത്തി കാർ പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക കിരീടം ചൂടി അർജന്റീന
ഖത്തർ:ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഫുട്ബോൾ ലോക കിരീടം ചൂടി അർജന്റീന.ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് (4-2) അർജന്റീന കിരീടം നേടിയത്. രണ്ട് ഗോൾ നേടിയ ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയുമാണ് മുഴുവൻ സമയത്ത് അർജന്റീനയുടെ സ്കോറർമാർ. കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ മൂന്ന് ഗോളുകളും നേടിയത്.പെനാൽറ്റി ഷൂട്ടൌട്ടിൽ 4-2ന് ഫ്രാൻസിനെ മറികടക്കുമ്പോൾ, 36 വർഷത്തിനുശേഷമാണ് അർജന്‍റീന ഫിഫ ലോകകപ്പിൽ മുത്തമിടുന്നത്. മുമ്പ് 1978ലും 1986ലുമാണ് അർജന്‍റീന ലോകകപ്പ് നേടിയത്. 1978ൽ മരിയോ കെംപസിലൂടെയും 1986ൽ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ൽ ലയണൽ മെസിയിലൂടെ അർജന്‍റീന തിരിച്ചുപിടിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. തുടക്കം മുതൽ കളിയിൽ മേധാവിത്വം പുലർത്തിയാണ് അർജന്‍റീന രണ്ടു ഗോൾ ലീഡ് നേടിയത്.ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്‍റീനയെ കാത്തിരുന്നത് ഫ്രാൻസിന്‍റെ ഗംഭീര തിരിച്ചുവരവാണ്. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി. ഇരട്ട പ്രഹരമേൽപ്പിച്ചാണ് എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചത്.
ഫുട്ബോൾ ലോകത്തിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഇതിഹാസ താരം ലയണൽ മെസിയിലൂടെയായിരുന്നു അർജന്റീന മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ മെസി നേടിയ ആദ്യ ഗോളിന് മുന്നിട്ട് നിന്ന അർജന്റീന എയ്ഞ്ചൽ ഡി മരിയയിലൂടെ ഫൈനലിലെ രണ്ടാം ഗോൾ നേടി.ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു മെസി ഫൈനലിലെ ആദ്യ ഗോൾ കണ്ടെത്തിയത്.മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ഡി മരിയയുടെ രാജകീയമായ തിരിച്ചു വരവ് അടയാളപ്പെടുത്തിയ ഗോൾ പിറന്നത്. മെസിയായിരുന്നു രണ്ടാം ഗോളിന്റെയും അമരക്കാരൻ. മെസിയിൽ നിന്നും പന്ത് സ്വീകരിച്ച മക് അലിസ്റ്റർ അവസരം ഒട്ടും പാഴാക്കാതെ അത് ഡി മരിയക്ക് നൽകി. അവസരം മുതലെടുത്ത ഡി മരിയ അത് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.പനി ബാധിച്ച സൂപ്പർ താരം ജിറൂഡിനെയും ഡെംബെലെയും ഫ്രാൻസ് നാൽപ്പത്തി മൂന്നാം മിനിറ്റിൽ പിൻവലിച്ചത് ആരാധകരെ നിരാശയിലാക്കി. രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ട് ഫ്രാൻസ് ആക്രമണം കടുപ്പിച്ചു. അർജന്റീന ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികച്ചു നിന്നപ്പോൾ, അപ്രതീക്ഷിതമായ മടങ്ങി വരവായിരുന്നു എംബാപ്പെ എന്ന യാഗാശ്വത്തിലൂടെ ഫ്രാൻസ് നടത്തിയത്.എഴുപത്തിയൊൻപതാം മിനിറ്റിൽ കൊലോമുവാനിയെ ബോക്സിൽ തള്ളി വീഴ്‌ത്തിയ ഒട്ടമെൻഡിക്കെതിരെ റഫറി പെനാൽറ്റി വിധിച്ചു. എൺപതാം മിനിറ്റിൽ കിക്കെടുത്ത എംബാപ്പെ ലക്ഷ്യം കണ്ടു. ഗോളിന്റെ ഞെട്ടലിൽ പകച്ച അർജന്റീനയുടെ പതർച്ച മുതലെടുത്ത് എൺപത്തിയൊന്നാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന്റെ രണ്ടാം ഗോൾ കണ്ടെത്തി.
മത്സരം പുരോഗമിക്കവേ ഇരു ടീമുകളും മികച്ച അവസരങ്ങളുണ്ടാക്കി മുന്നോട്ട് പോയി. ആദ്യ പകുതിയിൽ ഉറങ്ങിയ ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചു വന്നതോടെ അർജന്റീനയും ഉണർന്നു. ഒടുവിൽ ആഗ്രഹിച്ച പോലെ അർജന്റീനയുടെ ഗോൾ പിറന്നു.എന്നാൽ വിട്ടുകൊടുക്കാൻ ഫ്രാൻസും എംബാപ്പെയും തയ്യാറായില്ല. അധിക സമയത്തിന്റെ അവസാന നിമിഷം പെനാൽറ്റിയിലൂടെ ഗോൾ നേടി എംബാപ്പെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ട് പോയി.പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത മെസ്സി കൃത്യമായി വലയിലെത്തിച്ചു. മറുഭാഗത്ത് എംബാപ്പെയും ലക്ഷ്യം കണ്ടതോടെ മത്സരം മുറുകി. എന്നാൽ ഇവിടെയാണ് എമിലിയാനോ മാർട്ടിനസ് എന്ന താരത്തിന്റെ സാന്നിധ്യം അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. തുടർച്ചയായി രണ്ട് കിക്കുകൾ തടുത്ത എമിലിയാനോ ടീമിനെ അക്ഷരാർത്ഥത്തിൽ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടർന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അർജന്‍റീനയ്ക്ക് മേധാവിത്വം നൽകി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തിൽ അർജന്‍റീന വിജയമുറപ്പിക്കുകയായിരുന്നു. നാലമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല. അർജന്‍റീന ലോകത്തിന്‍റെ നെറുകയിലേക്ക് നടന്നുകയറി.
ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു;ഒരാളുടെ നില ഗുരുതരം;ആറ് പേർ കസ്റ്റഡിയിൽ
കണ്ണൂർ : കണ്ണൂരിൽ ലോകകപ്പ് ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പള്ളിയാമൂലയിൽ ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ അനുരാഗിന്റെ നില ഗുരുതരമാണ്.പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപ്രതികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.അർജന്റീന-ഫ്രാൻസ് മത്സരത്തിന് പിന്നാലെ ആരാധകർ തമ്മിൽ നടന്ന വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കും നയിച്ചത്. ഉടൻ തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് വച്ച് സംഘർഷം നടന്നിരുന്നു. എന്നാൽ അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.
സംസ്ഥാനത്ത് മദ്യവില കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടി.10 മുതല്‍ 20 രൂപ വരെയാണ് ഇന്നു മുതൽ കൂടിയത്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപന നികുതിയിൽ 4% വർധന വരുത്തുന്നതിനുള്ള നിയമഭേദഗബില്ലിൽ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നു. ബിയറിനും വൈനിനും രണ്ട് ശതമാനം വിൽപന നികുതി ഈടാക്കും. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലിൽ ആണ് ഗവർണർ ഒപ്പിട്ടത്. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വച്ചപ്പോൾ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വിൽപന നികുതി കൂട്ടുന്നത്. പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.വിൽപന നികുതി വർധിപ്പിക്കുമ്പോള്‍ ഒമ്പത് ബ്രാൻഡുകൾക്ക് വില വർധിക്കുമെന്നായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചിരുന്നത്. മദ്യനികുതി വർധിപ്പിക്കാനുള്ള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ മദ്യക്കമ്പനികള്‍ക്ക് വേണ്ടിയാണ് വില വർധിപ്പിക്കുന്നെന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ല് എതിർത്തിരുന്നു.
കോട്ടയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു;16 പേര്‍ക്ക് പരിക്ക്
കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു.16 പേര്‍ക്ക് പരിക്കേറ്റു.മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേക്ക് പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ സ്കൂൾ സമയം മാറ്റുന്നതിൽ സർക്കാര്‍ തീരുമാനമെടുത്തിട്ടില്ല; മിക്സഡ് ബെഞ്ചും ആലോചനയില്‍ ഇല്ല; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ സമയം മാറ്റുന്നതിൽ സർക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും മന്ത്രി പറഞ്ഞു. യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു ആശയം മാത്രമാണ് സർക്കാർ മുന്നോട്ടുവെച്ചത്, ഇക്കാര്യത്തിൽ വിശ്വാസി സമൂഹത്തിന് ആശങ്കവേണ്ടെന്നും നിയമസഭയിൽ എൻ.ഷംസുദ്ദീന്‍റെ സബ്മിഷന് മന്ത്രി മറുപടി നൽകി.മിക്‌സഡ് ബെഞ്ചുകള്‍, ജെന്‍ഡര്‍ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലിം സംഘടനകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തിരക്കിട്ട് പരിഷ്‌കരണം വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കണം സംബന്ധിച്ച പഠിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയത്. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശ്യം സർക്കാരിനില്ല. ബഹുസ്വരതയെയും വൈവിധ്യങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയ പല സ്കൂളുകളിലും രാവിലെ 8ന് ക്ലാസ് നടക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പല സ്വകാര്യ സ്കൂളുകളിലും രാവിലെ 8 മണിയ്ക്കാണ് ക്ലാസ് തുടങ്ങുന്നത്.മിക്സഡ് ബെഞ്ചുകളും മിക്സഡ് ഹോസ്റ്റലുകളും എന്ന നിർദേശം ഒരിടത്തും നൽകിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ലിംഗപരമായ സവിശേഷത എന്നിവ മൂലം ഒരു കുട്ടിയും മാറ്റിനിർത്തപ്പെടരുത്. സ്ത്രീകള്‍ക്ക് നൽകി വരുന്ന പരിഗണനയും സംരക്ഷണവും ജെന്‍ഡർ ന്യൂട്രല്‍ ആശയങ്ങൾ വഴി നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം;ജില്ലയിൽ ഇതാദ്യം
കോഴിക്കോട്: ജില്ലയില്‍ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. വടകരയില്‍ താമസിക്കുന്ന പത്താം ക്ലാസ്സുകാരിക്കാണ് രോഗബാധ.ജില്ലയിൽ ആദ്യമായാണ് ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ആഗ്ര സ്വദേശിനിയാണ് കുട്ടി. കുട്ടിയുടെ കുടുംബം രണ്ട് വര്‍ഷമായി വടകരയിലാണ് താമസം. കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യ വകുപ്പിലെ സംഘം വടകരയിലെത്തി. നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശ വര്‍ക്കര്‍മാരും ചേര്‍ന്ന് പ്രദേശത്ത് സര്‍വ്വെ തുടങ്ങി.
തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ്. 1871 ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഈ പേരു വന്നത്. ഇന്ത്യയിലാദ്യമായി 1956ല്‍ ആണ് ഈ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്. ക്യൂലെക്‌സ് കൊതുകു വഴിയാണ് വൈറസ് പകരുന്നത്. പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകള്‍ക്ക് വൈറസിനെ ലഭിക്കുന്നത്. കടുത്ത പനി, വിറയല്‍, ക്ഷീണം, തലവേദന, ഓക്കാനം, ഛര്‍ദി, ഓര്‍മക്കുറവ്, മാനസിക വിഭ്രാന്തി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ രോഗം മൂര്‍ച്ഛിച്ചാല്‍ മരണവും സംഭവിക്കാം. മനുഷ്യനില്‍ നി
സർക്കാർ ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നുവെന്ന് വിവരം;പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ റെയ്ഡ്
കണ്ണൂർ: ജില്ലയിലെ പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് റെയ്ഡ്. പയ്യന്നൂരിലും ഇരിട്ടിയിലുമാണ് റെയ്ഡ് നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.അന്വേഷണത്തിൽ നാല് ഉദ്യോഗസ്ഥർ ഇത്തരത്തിൽ കോച്ചിംഗ് സെന്ററുകളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ചു. ഓഫീസുകളിൽ നിന്ന് ലീവ് എടുത്താണ് ഉദ്യോഗസ്ഥർ കോച്ചിംഗ് സെന്ററുകളിലെത്തിയിരുന്നത്. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.
മാൻഡോസ് ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നു;തമിഴ്‌നാട്ടിൽ 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തിലുൾപ്പെടെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് മാൻദൗസ് ചുഴലിക്കാറ്റ്. ശനിയാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടും. കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലുൾപ്പെടെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതിതീവ്ര ചുഴലിക്കാറ്റായ മാൻദൗസ് വരും മണിക്കൂറിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറും. തുടർന്ന് അർദ്ധ രാത്രി തമിഴ്‌നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്‌ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ പുലർച്ചെയോടെ കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലെ ജനങ്ങൾക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.തമിഴ്നാട്ടില്‍ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, രണ്ട് കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് സെന്ററുകളും തുറന്നിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.കോഴിക്കോട്, കണ്ണൂര്‍ വിമാനങ്ങളടക്കെം പതിനാറ് സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം വിലയിരുത്താൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാർക്കുകളും കളിസ്ഥലങ്ങളും തുറക്കരുതെന്നും ബീച്ച് സന്ദർശനം ഒഴിവാക്കണമെന്നും വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യരുതെന്നും ചെന്നൈ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയില്‍ കണ്ടെയ്നർ ലോറിയില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ഇടുക്കി: കണ്ടെയ്നർ ലോറിയിൽ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം.പശ്ചിമബംഗാൾ സ്വദേശികളായ പ്രദീപ്, സുദൻ എന്നിവരാണ് മരിച്ചത്. നെടുങ്കണ്ടം മൈലാടുംപാറ ആട്ടുപാറയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. പാളികളായി അടുക്കിവെച്ചിരുന്ന ഗ്രാനൈറ്റ് ഇരുവരുടെയും മേല്‍ മറിഞ്ഞു വീഴുകയായിരുന്നു.ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്ക് തോട്ടം പണിയുമായി ബന്ധപ്പെട്ടാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. തൊഴിലാളികള്‍ കണ്ടെയ്‌നറില്‍ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗ്രാനൈറ്റിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമിച്ചെങ്കിലും വിഫലമായി. ഒരു ഗ്രാനൈറ്റ് പാളിക്ക് 250 കിലോഗ്രാമിലധികം ഭാരമുണ്ട്.ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഗ്രാനൈറ്റ് ഓരോ പാളികളായി എടുത്തുമാറ്റി ഇവരെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒന്നരമണിക്കൂറോളം സമയമെടുത്താണ് ഗ്രാനൈറ്റ് പാളികൾ നീക്കാൻ കഴിഞ്ഞത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.