തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനും, ഇളവുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊറോണ അവലോകന യോഗം ചേരും. അവലോകന യോഗത്തിന് ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനാണ് സാധ്യത.കൊറോണ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. അതേസമയം ടിപിആർ 12 ശതമാനത്തിന് താഴെ എത്തിയ ശേഷം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാൻ ആണ് സാധ്യത. ഹോട്ടലുകളിൽ അനുമതി നൽകിയാൽ കൂടുതൽ ആളുകൾ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടാകും. ഇത് വീണ്ടും രോഗ വ്യാപനത്തിന് വഴി വെക്കും എന്ന ആശങ്കയും സർക്കാരിന് ഉണ്ട്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾ തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.സംസ്ഥാന മന്ത്രിസഭാ യോഗവും ഇന്ന് ചേരും. കൊറോണ സാഹചര്യങ്ങൾ ചർച്ച ചെയ്യും. ഭക്ഷ്യ കിറ്റ് നൽകുന്നത് തുടരണോ എന്നതിലും തീരുമാനമെടുത്തേക്കും എന്നാണ് വിവരം.
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12, മരണം 129;25,654 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1421, കൊല്ലം 2098, പത്തനംതിട്ട 1304, ആലപ്പുഴ 1998, കോട്ടയം 1558, ഇടുക്കി 953, എറണാകുളം 3401, തൃശൂര്‍ 2843, പാലക്കാട് 1768, മലപ്പുറം 2713, കോഴിക്കോട് 3342, വയനാട് 960, കണ്ണൂര്‍ 864, കാസര്‍ഗോഡ് 431 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ശനിയാഴ്ചകളിൽ വീണ്ടും പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ശനിയാഴ്ചകളിൽ വീണ്ടും പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇപ്പോള്‍ വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനിച്ചത്.വരുന്ന ശനിയാഴ്ച മുതല്‍ ഉത്തരവ് ബാധകമായിരിക്കും. മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ചകളില്‍ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.
കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു;’പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാനില്ല, ഇനിയുള്ള രാഷ്ട്രീയ പ്രവർത്തനം സി.പി.ഐ.എം നോടൊപ്പമെന്നും’ പ്രഖ്യാപനം
തിരുവനന്തപുരം : കോൺഗ്രസ് നേതാവ് കെ.പി അനിൽ കുമാർ പാർട്ടിവിട്ടു. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കും, കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും രാജിക്കത്ത് കൈമാറിയതായി അനിൽ കുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇനിയുള്ള രാഷ്ട്രിയ പ്രവർത്തനം സി പി ഐ എം നോടൊപ്പം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും അനില്‍ കുമാര്‍ വിശദീകരിച്ചു.ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെ പി സി സി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് 4 പ്രസിഡൻ്റുമാർക്കൊപ്പം ജന.സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു.പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല.പുതിയ കെപിസിസി നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ നീതിയാണ് ഈ പാര്‍ട്ടിയില്‍. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി എടുത്തോ. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്.പാര്‍ട്ടിയ്ക്ക് അകത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ വിയര്‍പ്പും രക്തവും സംഭാവന ചെയ്ത പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. സോണിയ ഗാന്ധിക്കും കെ സുധാകരനും രാജിക്കത്ത് നല്‍കി.മാദ്ധ്യമ ചർച്ചയിൽ നടത്തിയ പ്രതികരണത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ഉടൻ മറുപടി നൽകി. എന്നാൽ 11 ദിവസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും അനിൽ കുമാർ വിമർശിച്ചു.കെ.സുധാകരനെ രൂക്ഷമായ ഭാഷയിലാണ് അനിൽ കുമാർ വിമർശിച്ചത്. സുധാകരൻ കെപിസിസി അദ്ധ്യക്ഷനായത് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത പോലെയാണെന്നായിരുന്നു അനിൽ കുമാറിന്റെ പ്രതികരണം.അതേസമയം അനിൽ കുമാറിനെ പുറത്താക്കിയതായി സുധാകരൻ അറിയിച്ചു. കടുത്ത അച്ചടക്ക ലംഘനമാണ് അനിൽ കുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
കൊച്ചി കപ്പൽശാലയ്‌ക്ക് നേരെ വീണ്ടും ഭീഷണി; ഇന്ധന ടാങ്കുകൾ ആക്രമിക്കുമെന്ന് ഇ മെയിൽ സന്ദേശം
എറണാകുളം : കൊച്ചി കപ്പൽ ശാലയ്‌ക്ക് നേരെ വീണ്ടും ആക്രമണ ഭീഷണി.കപ്പൽ ശാലയിലെ ഇന്ധന ടാങ്കുകൾ തകർക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ ഉള്ളത്. ഇ മെയിൽ കിട്ടിയ ഉടനെ കപ്പൽ ശാല അധികൃതർ സിഐഎസ്എഫിനെ വിവരം അറിയിച്ചു.കഴിഞ്ഞ രണ്ട് ആഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് കപ്പൽ ശാലയ്‌ക്ക് നേരെ ഭീഷണിയുണ്ടാകുന്നത്. നേരത്തെ കപ്പൽ ശാലയും ഐഎൻഎസ് വിക്രാന്തും തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഏജൻസികളുടെ അന്വേഷണം തുടരുന്നതിനെടെയാണ് വീണ്ടും ഇ മെയിൽ ലഭിച്ചിരിക്കുന്നത്.
മംഗളൂരുവിൽ ഒരാള്‍ക്ക് നിപ ലക്ഷണങ്ങള്‍;സാമ്പിൾ പൂനെയിലെ ലാബിൽ പരിശോധനയ്ക്കയച്ചു
മംഗളൂരു:മംഗളൂരുവിൽ ഒരാള്‍ക്ക് നിപ ലക്ഷണം കണ്ടെത്തി.പരിശോധനകള്‍ക്കായി ഇയാളുടെ സ്രവം പൂനെയിലെ ലാബിലേക്ക് അയച്ചു. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗലക്ഷണം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പുനെ എന്‍ ഐ വി യിലേക്ക് അയച്ചു. കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍ സമ്പർക്കം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഗോവയിലേക്കും യാത്ര ചെയ്തിരുന്നുവെന്നും കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യവകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് എംബിബിഎസ് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് എംബിബിഎസ് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു.തൃശൂർ ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് ലഭിച്ചത്.കഴിഞ്ഞ ദിവസമാണ് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മെഡിസിൻ വിദ്യാർത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23), ചേലക്കര സ്വദേശി മാത്യു എബ്രഹാം (23) എന്നിവരെ കാണാതായത്. പി കെ ദാസ് കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണിവർ. മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഗൗതം കൃഷ്ണയും മാത്യു എബ്രഹാമും ഉള്‍പ്പെടെ ഏഴുപേരാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒഴുക്കിൽപ്പെട്ട മാത്യുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗൗതം അപകടത്തിൽപ്പെട്ടത്.പോലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്ന് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്.ചെറുതുരുത്തി പാലത്തിന് സമീപം നേവിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് തൃശ്ശൂര്‍ സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് രാവിലെ ആറുമണിയോടെ വീണ്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
തലശേരി മേലൂരില്‍ ബിജെപി- സിപിഎം സംഘർഷം; പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂർ: തലശേരി മേലൂരില്‍ ബിജെപി- സിപിഎം സംഘർഷം.ബിജെപി പ്രവർത്തകന് വെട്ടേറ്റു. തലശ്ശേരി മേലൂരിലെ ധനരാജിനാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അക്രമം. വെട്ടേറ്റ് ധനരാജിന്റെ കൈപ്പത്തി അറ്റ് പോവാറായ നിലയിലാണ്.മേലൂരിലെ സിപിഎം പ്രവര്‍ത്തകരായ മഹേഷ്, മനീഷ് എന്നി സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.സംഘര്‍ഷ ബാധിത പ്രദേശത്ത് ധര്‍മ്മടം പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്.എന്നാല്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. മേലുരിലെ സിപിഎം പ്രവര്‍ത്തകന്‍ മനീഷിനും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ തലശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സെപ്റ്റംബർ ഒന്നായിരുന്നു അവസാന തിയ്യതി. സമീപകാലത്തായി രണ്ട് തവണയാണ് പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടിയത്.സമയപരിധിക്ക് മുമ്പായി ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടിലേക്ക് വരുന്ന തൊഴിൽ ദാതാവിന്റെ വിഹിതം ലഭ്യമാകില്ല. കൂടാതെ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും പ്രയാസങ്ങൾ ഉണ്ടായേക്കാം. ഇപിഎഫ്ഒയുടെ പോർട്ടലിൽ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. ആധാർ ഒരുതവണ കൊടുത്തിട്ടുണ്ടെങ്കിൽ യുഐഡിഎയുടെ ഡേറ്റ ഉപയോഗിച്ച് ആധാർ നമ്പർ ഉറപ്പുവരുത്താനുള്ള സംവിധാനവുമുണ്ട്.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിലെന്ന് പഠനം;കുട്ടികളെ കാര്യമായി ബാധിക്കില്ല;അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിലെന്ന് പഠനം.എന്നാൽ മൂന്നാം തംരംഗവും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു.രാജ്യത്തെ 27,000 കുട്ടികളില്‍ പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ഡോ. ജഗത് റാം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടത്തിയ സിറോ സര്‍വേയില്‍ 50 മുതല്‍ 75 ശതമാനം വരെ കുട്ടികളില്‍ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. രണ്ടാംതരംഗത്തില്‍ കോവിഡ് കുട്ടികളെയും ബാധിച്ചിരുന്നു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഒന്നു മുതല്‍ 10 വയസുവരെയുള്ള കുട്ടികളില്‍ രോഗികളുടെ ശതമാനം വര്‍ധിച്ചു. മാര്‍ച്ചിലെ 2.8 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റായപ്പോള്‍ ഇത് 7.04 ശതമാനമായാണ് വര്‍ധിച്ചത്. നൂറ് രോഗികളില്‍ 7 പേര്‍ കുട്ടികളാകുന്ന സാഹചര്യത്തിലേക്ക് കുട്ടികള്‍ എത്തിയിരിക്കുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല കൃത്യമായ ജാഗ്രത പാലിച്ചാല്‍ മതിയെന്ന നിര്‍ദേശം ഉന്നതാധികാര സമതി മുന്നോട്ടുവയ്ക്കുന്നു. അതേസമയം മുന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജിഐഎംഇആര്‍ ഡയറക്ടര്‍ പറഞ്ഞു. ജനങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.