ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ 360 കോടി രൂപയുടെ സമ്മാനപദ്ധതി. ന്യൂഡൽഹി:ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സമ്മാന പദ്ധതിയുമായി ജനങ്ങൾക്ക്മുന്നിൽ. ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന, വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാരി യോജന എന്നീ പദ്ധതികളാണ് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിജിറ്റൽ ഇടപാട് ചെയ്യുവർക്ക് കേന്ദ്ര സർക്കാരിന്റെ പുതിയ സമ്മാന പദ്ധതി
ക്രിസ്മസ് മുതൽ നൂറ് ദിവസത്തേക്കാണ് സമ്മാന പദ്ധതി. 15,000 വിജയികൾക്ക് 1000 രൂപാ വീതം സമ്മാനം. ഡിസംബർ 25 മുതൽ 2017 ഏപ്രിൽ വരെയാണ് ഇതിന്റെ കാലാവധി. കൂടാതെ ആഴ്ചതോറും 7,000 നറുക്കെടുപ്പുകൾ. ഉപഭോക്താക്കൾക്കു പരമാവധി ഒരു ലക്ഷം രൂപ സമ്മാനം. വ്യാപാരികൾക്കു പരമാവധി 50,000 രൂപ വരെയും സമ്മാനം.
ഏപ്രിൽ 14ന് ഉപഭോക്താക്കൾക്കായി മെഗാ നറുക്കെടുപ്പ് നടത്തും. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 25 ലക്ഷം രൂപ.
5,000 രൂപയ്ക്കു മുകളിലും 50 രൂപയ്ക്കു താഴെയുമുള്ള പണമിടപാടുകളെയും ബിസിനസ് ടു ബിസിനസ് (ബിടുബി) ട്രാൻസാക്‌ഷനും ഈ സമ്മാനത്തിനു പരിഗണിക്കില്ല.
റൂപെ, യുഎസ്എസ്ഡി, യുപിഐ, എഇപിഎസ് ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകൾ മാത്രമേ സമ്മാനത്തിനായി പരിഗണിക്കുകയുള്ളൂ. മാത്രമല്ല, ക്രെഡിറ്റ് കാർഡുകൾ, ഇ – വാലറ്റ് തുടങ്ങിയവയിലൂടെ നടത്തുന്ന പണമിടപാടുകളും ഈ സമ്മാന പദ്ധതിയിൽ പരിഗണിക്കില്ല.