ന്യൂഡൽഹി:ഇന്ത്യൻ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഇന്ന് വിരമിക്കും. ബിസിസിഐ അധ്യക്ഷനെയും സെക്രട്ടറിയേയും മാറ്റി പുതിയ ഭരണ സമിതിക്ക് വഴി ഒരുക്കിയത് ഠാക്കൂറായിരുന്നു.
മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടുപിടിക്കരുതെന്നും, മതം, വര്‍ഗം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടുപിടിക്കുന്നത് അഴിമതിയാണെന്നും വിധി പറഞ്ഞത് ഠാക്കൂറിന്റെ ബഞ്ചായിരുന്നു.
സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍ നിയമിതനാകും. ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ കഴിഞ്ഞാല്‍ മുതിര്‍ന്ന ജഡ്ജി ഖെഹാറാണ്. താന്‍ വിരമിക്കുമ്പോള്‍ ജസ്റ്റിസ് ഖെഹാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഠാക്കൂര്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തെഴുതിയിരുന്നു.
ജനുവരി നാലിനാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുക. നാല്‍പ്പത്തിനാലാമത്തെ ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. സിഖ് സമുദായത്തില്‍നിന്ന് ഇതാദ്യമായിട്ടാണ് ഒരു ജഡ്ജി സുപ്രീംകോടതിയില്‍ അത്യുന്നത പദവിയിലെത്തുന്നത്. അറുപത്തിനാലുകാരനായ ജസ്റ്റിസ് ഖെഹാറിന് ഓഗസ്റ്റ് 27 വരെ ഏഴുമാസമേ ആ പദവിയിലിരിക്കാന്‍പറ്റൂ.