നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാനയോഗം
കുടുംബവഴക്കിനിടെ പിതാവ് മകനെ കുത്തിക്കൊന്നു
കോട്ടയം: മകന്റെ അമിത മദ്യപാനം മൂലം പൊറുതി മുട്ടിയ പിതാവ് കുടുംബ വഴക്കിനിടെ മകനെ കുത്തിക്കൊന്നു. കുറവിലങ്ങാട് കാണില്‍ക്കുളം കോളനിക്കു സമീപം ഇഞ്ചിക്കുടിലില്‍ ദീപുവാണ് (37) പിതാവിന്റെ കുത്തേറ്റ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. സംഭവത്തില്‍ പിതാവ് ദേവനെ (67) പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനായ ദീപു മദ്യത്തിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ചെത്തുന്ന ദീപു സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
അവിവാഹിതനായ ദീപുവിന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹപ്രായം കഴിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹം ഇതുവരെ നടന്നില്ല. ദീപുവിന്റെ അമിത മദ്യപാനമാണ് പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ കഴിയാത്തതെന്ന് പിതാവ് ബന്ധുക്കളോട് പറയാറുണ്ട്. കഴിഞ്ഞദിവസവും മദ്യപിച്ചെത്തിയ മകനും പിതാവും തമ്മില്‍ ഇതേചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്.
പനീര്‍സെല്‍വം സെക്രട്ടേറിയറ്റിലെത്തി
ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം സെക്രട്ടേറിയറ്റിലെത്തി. പനീര്‍സെല്‍വം എത്തുന്നതിനാല്‍ ശശികലയെ പിന്തുണയ്ക്കുന്ന വിഭാഗം പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പോലീസ് സെക്രട്ടേറിയറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്റെ വീട്ടില്‍ സെല്‍വം പ്രാര്‍ത്ഥന നടത്തി.
ഗവര്‍ണറുടെ നിര്‍ണായക തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെ തമിഴ്‌നാട്ടില്‍ ശക്തി തെളിയിക്കാനാണ് ഇരുപക്ഷത്തിന്റെയും ശ്രമം. പോയസ് ഗാര്‍ഡനിലും ഒ. പനീര്‍സെല്‍വത്തിന്റെ വീടിനുമുന്നിലും പ്രകടനങ്ങള്‍ നടക്കുകയാണ്. ഭരണസ്തംഭനമെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനാണ് പനീര്‍സെല്‍വത്തിന്റെ നീക്കം.
പനീര്‍സെല്‍വം എത്തുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഡി.ജി.പിയും പോലീസ് കമ്മിഷണറും ഐ.എ.എസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ട്.
ഷാരൂഖ് ഖാനെ പ്രകീർത്തിച്ച് ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും അദ്ദേഹത്തിൻറെ ചിത്രം ‘മൈ നെയിം ഈസ് ഖാൻ’ നേയും പ്രശംസിച്ച് ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ. ട്വിറ്ററിലാണ് പൗലോ കൊയ്‌ലോ ഷാരൂഖിനെ കുറിച്ചുള്ള അഭിപ്രായം പങ്ക് വെച്ചത്.
താൻ ആകെ കണ്ടിട്ടുള്ള ഒരേ ഒരു ഷാരൂഖ് സിനിമ ‘മൈ നെയിം ഈസ് ഖാൻ’ ആണെന്നും 2010 ൽ ഇറങ്ങിയ സിനിമ ഈ വർഷമാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ ഷാരൂഖിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ഹോളിവുഡിലെ പക്ഷപാതം ഇല്ലായിരുന്നെങ്കിൽ ഷാരൂഖിന് ഓസ്കാർ അവാർഡ് ലഭിച്ചേനെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബാഫ്റ്റ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ലണ്ടൻ : ബ്രിട്ടീഷ് അക്കാഡമി ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡ് (ബാഫ്റ്റ) പ്രഖ്യാപിച്ചു. ഡേമിയന്‍ ഷസെല്‍ ഒരുക്കിയ ലാ ലാ ലാന്‍ഡ് ആണ് മികച്ച ചിത്രം. ഇതേ ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസി അഫ്‌ളെക്കാണു മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.
അഞ്ചു പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡ് നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നടന്‍ ദേവ് പട്ടേലും നേടി. ലയണ്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ദേവ് പട്ടേലിനു പുരസ്‌കാരം ലഭിച്ചത്.
മയ്യില്‍ ടൗണില്‍ ഉച്ഛവരെ ഹര്‍ത്താല്‍
മയ്യില്‍: ടൗണിലെ വ്യാപാരിയായ കെ.കെ ശശിധരന്റെ നിര്യാണത്തെത്തുടര്‍ന്ന് ടൗണില്‍ ഇന്ന് ഉച്ഛവരെ ഹര്‍ത്താല്‍. മയ്യില്‍ ടൗണിലെ ധന്യ മെഡിക്കല്‍സിലെ ജീവനക്കാരനായിരുന്നു ശശിധരന്‍. ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തില്‍ നടക്കും. ഭാര്യ: സി.കെ.ഗീത (നാറാത്ത്) മക്കള്‍: ധന്യ, വിബിന്‍ (ഗള്‍ഫ്) മരുമകന്‍ : ജയരാജന്‍ (ചേടിച്ചേരി) സഹോദരങ്ങള്‍: രത്‌നവല്ലി , രാമചന്ദ്രന്‍.
വിമാനത്താവളം: റോഡുപണിയിൽ ക്രമക്കേടാരോപിച്ച് 16 ന് മാർച്ച്
മട്ടന്നൂർ: വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് നിർമിക്കുന്നതിൽ ക്രമക്കേടുണ്ടെന്ന പരാതിയുമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 ന് കിയാൽ ഓഫീസിലേക്ക് മാർച്ച് നടത്തും, വിമാനത്താവളത്തിന്റെ പ്രധാനകവാടത്തിനു മുന്നിൽ ഉയർന്ന പ്രദേശമായതിനാൽ കുന്നിടിച്ച് താഴ്ത്തി റോഡ് നിർമിക്കാനാണ് പദ്ധതി തയാറാക്കിയിരുന്നതെന്നും സമീപത്തെ സ്വകാര്യ വ്യക്തിയുടെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി നിർമാണത്തിൽ കൃത്രിമം കാട്ടുന്നുവെന്നുമാണ് പരാതി. വിമാനത്താവളത്തിനായി ഒട്ടേറെ പെരുത്ത സ്വത്തും കിടപ്പാടവും നഷ്ടപ്പെടുത്തണ്ടി വന്നിരിക്കെ ഒരു വ്യക്തിയുടെ താല്പര്യത്തിനു വഴങ്ങി വാൻ പദ്ധതിയെ അട്ടിമറിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പാറ പൊട്ടിക്കാൻ സ്ഫോടനം നടത്തിയപ്പോൾ കേടുപറ്റിയ വീടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലും അധികൃതർ പക്ഷഭേദം കാട്ടിയതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് കിയാൽ ഓഫീസിനു മുന്നിൽ 16 നും 10 നും മാർച്ചും ധർണയും നടത്തുക.
വ്യാപാരികളെ ലക്ഷ്യമിട്ട് മോഷണം
മയ്യില്‍: മയ്യില്‍ ടൗണില്‍ അസമയത്ത് കാണപ്പെട്ട നാലുപേര്‍ മോഷണ സംഘത്തിലെ കണ്ണികളാണെന്ന് സംശയം വ്യാപകമാകുന്നു. വിവിധയിടങ്ങളില്‍ ഇത്തരം സംഘങ്ങളെ പലരും കണ്ടതോടെയാണ് ഇവര്‍ മോഷണത്തിനെത്തിയവരാണെന്ന സംശയം വ്യാപകമായത്. അസമയത്ത് കടകളിലും മറ്റും ഇവരെ കണ്ടതാണ് സംശയത്തിന് ആക്കംകൂട്ടുന്നത്. ഇതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശത്തെ വ്യാപാരികളും മറ്റും.
ഇന്ന് പുലര്‍ച്ചെയും കഴിഞ്ഞ ദിവസങ്ങളിലും ഇതേ സംഘത്തെ തന്നെ കണ്ടെന്നാണ് പലരും പറയുന്നത്. ഇന്ന് പുലര്‍ച്ചെ എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്നു കുടുംബമാണ് നാലുപേരെ സംശയാസ്പദമായ രീതിയില്‍ മയ്യില്‍ ടൗണിലെ ഒരു കടയക്ക് സമീപം കണ്ടത്. സംശയം തോന്നി കാര്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ വേളം റോഡിലേക്ക് ഓടിപ്പോയി. ഈ സമയത്ത് സ്‌കൂളിന് സമീപം നമ്പര്‍ ഇല്ലാതെ ഒരു ജീപ്പ് കണ്ടതായും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയവരും ഈ ജീപ്പ് കണ്ടിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. ഇതുകാരണം ആശങ്കയിലായിരിക്കുകയാണ് മയ്യില്‍ ബസ് സ്‌ററാന്‍ഡ്, പാവന്നൂര്‍-മെട്ട, കണ്ടക്കൈ റോഡ് ഭാഗങ്ങളിലെ കച്ചവടക്കാര്‍. പലരും മോഷണം ഭയന്ന് സെന്റര്‍ ലോക്ക് ഘടിപ്പിച്ചിട്ടുണ്ട്. ചിലര്‍ കടകള്‍ക്കു മുമ്പില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പരാതി വ്യാപകമായ മയ്യില്‍ പോലീസ് രാത്രികാല നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
പാവപ്പെട്ടവർക്ക് ഇനി എയിംസിലും രക്ഷയില്ല
ന്യൂഡല്‍ഹി: സാധാരണക്കാരന് ഇരുട്ടടിയായി കേന്ദ്ര നിയമം, ചികിത്സാ നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തി വരുന്ന ശ്രമങ്ങൾക്ക് സർക്കാർ അനുമതി നൽകി . കേന്ദ്രാനുമതി ലഭിച്ചതോടെ എയിംസ് ചികിത്സാ നിരക്കുകൾ കൂട്ടി തുടങ്ങിയതായി ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു
ബജറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കേന്ദ്രം ചികിത്സാ നിരക്കുകള്‍ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പുതിയ തീരുമാനത്തിനെതിരെ എയിംസിലെ ഫാക്കല്‍റ്റി അംഗങ്ങളിൽ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പാവപ്പെട്ടവരെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളില്‍ നിന്ന് അകറ്റുന്ന നടപടിയാണിതെന്നാണ് അവർ പറയുന്നത്.
അതേസമയം 1996 ലാണ് അവസാനമായി എയിംസ് അധികൃതർ ചികിത്സാ നിരക്കുകൾ വർധിപ്പിച്ചത്. എന്നാൽ 2005 മുതല്‍ ചികിത്സാ നിരക്കുകള്‍ ഉയര്‍ത്താന്‍ എയിംസ് ശ്രമം നടത്തിയിരുന്നെങ്കിലും തീരുമാനവുമായിരുന്നില്ല. 2010 ൽ വീണ്ടും ചികിത്സാ നിരക്കുകൾ വർധിപ്പിക്കണമെന്ന് കാണിച്ച് സർക്കാരിന് നോട്ടീസ് സമർപ്പിച്ചിരുന്നെങ്കിലും വൻ പ്രതിഷേധത്തെ തുടർന്ന് അനുമതി നിഷേധിക്കുകയായിരുന്നു.