News Desk

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും

keralanews covid review meeting in the state today more exemptions may be granted

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള അവലോകന യോഗം ശനിയാഴ്ച നടക്കും. വൈകുന്നേരം 3.30-നാണ് യോഗം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ പരിഗണിക്കും.ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു താഴെയുള്ള തദ്ദേശ വാര്‍ഡുകളില്‍ ഹോട്ടലുകള്‍ക്ക് ഇളവുകള്‍ അനുവദിച്ചേക്കും.പ്രാരംഭഘട്ടത്തിൽ 50 ശതമാനം ആളുകളുമായി പ്രവർത്തിക്കാനാകും അനുവാദം ഉണ്ടാകുക. ഹോട്ടൽ ഉടമകൾ ഇളവുകൾ ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ സിനിമ തിയറ്ററുകൾ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. ഈ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ല. കടകളുടെ പ്രവര്‍ത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്. മറ്റിടങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരും.ഇളവുകൾ അനുവദിക്കുമ്പോഴും രോഗ സ്ഥിരീകരണ നിരക്ക് ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് വലിയ ആശങ്കയാണ്. കഴിഞ്ഞ ദിവസവും രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ ആയിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഇപ്പോഴും കേരളത്തിലാണ് ഉള്ളത്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍; 18 വയസ്സ് തികഞ്ഞ മുഴുവന്‍ പേര്‍ക്കും ഒന്നാം കോവിഡ് വാക്‌സിന്‍ നല്‍കിയതായി മേയര്‍ ടി.ഒ.മോഹനന്‍

keralanews kannur becomes first corporation in the state to provide vaccine to all mayor said vaccine give to all above the age of 18 in the corporation

കണ്ണൂർ: സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍. കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരില്‍ 18 വയസ്സ് തികഞ്ഞ മുഴുവനാളുകള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയതായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കിടപ്പു രോഗികള്‍ക്കും വാക്‌സിന്‍ നിഷേധിക്കുന്നവരുമായ ഒരു ചെറിയ വിഭാഗം മാത്രമേ ഇനി പ്രതിരോധ മാര്‍ഗം സ്വീകരിക്കാതെ കോര്‍പ്പറേഷന്‍ പരിധിയില്‍ ബാക്കിയുള്ളൂ. ഇവരും ഉടന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുമെന്ന് പ്രതിക്ഷിക്കുന്നതായി മേയര്‍ പറഞ്ഞു. ഇതിനോടൊപ്പം 52 ശതമാനം പേര്‍ കോര്‍പറേഷന്‍ പരിധിയില്‍ രണ്ടാം വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ വാക്‌സിന്‍ നല്‍കേണ്ട 157265 പേരില്‍ കോവിഡ് ബാധിച്ചു 90 ദിവസം തികയാത്തവരും, വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവരും ഒഴികെയുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി.കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാര്‍ക്ക് പുറമേ കോര്‍പ്പറേഷന്‍ പരിധിയില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളികള്‍,ഓട്ടോഡ്രൈവര്‍മാര്‍,മോട്ടോര്‍ തൊഴിലാളികള്‍,ചുമട്ട് തൊഴിലാളികള്‍, ബാര്‍ബര്‍- ബ്യൂട്ടീഷന്മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ തുടങ്ങി നിരവധി പേര്‍ക്ക് ഈ കാലയളവില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവര്‍ക്കായി ഒരു അവസരം കൂടി നല്‍കുന്നതിനു വേണ്ടി ജൂബിലി ഹാളിലും വിവിധ പി എച്ച്‌ സി കളിലും വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്.ഇക്കാര്യം വിവിധ പത്ര- ദൃശ്യ- ഓണ്‍ലൈന്‍ -സമൂഹ മാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണിയിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മേയർ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരെ മുഴുവന്‍ കോവിഡ് പ്രതിരോധത്തിന് സജ്ജമാക്കുക എന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്.അത് അംഗീകരിച്ച്‌ കൊണ്ട് ആവശ്യമായ വാക്‌സിന്‍ അനുവദിക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടവും, ജില്ലാ ആരോഗ്യവകുപ്പും തയ്യാറായതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.കോവിഡെന്ന മഹാമാരിയെ നേരിടുന്നതിന് ജനങ്ങളെ പ്രതിരോധ സജ്ജരാക്കുന്നതിനും ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന ങ്ങളുമായി കോര്‍പ്പറേഷന്‍ ഇനിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീം കോടതി; തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി

keralanews supreme court give permission to conduct plus one exam in the state date will announce soon

ന്യൂഡൽഹി: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീം കോടതി. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വേണം പരീക്ഷകൾ നടത്താനെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ഏഴ് ലക്ഷം പേർ ഓഫ് ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റിന് പുറമെ സാങ്കേതിക സർവ്വകലാശാല ഓഫ്‌ലൈനായി നടത്തിയ പരീക്ഷ ഒരു ലക്ഷം പേർ എഴുതിയിരുന്നുവെന്ന സർക്കാരിന്റെ സത്യവാങ്മൂലത്തിലെ കണക്കുകളും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.അതേസമയം പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണ്. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച്‌ പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് പുതുക്കിയ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും. പൂർണമായും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുതന്നെ പരീക്ഷകൾ നടത്തും. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാര്‍ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

കാസര്‍കോട് ചെങ്കളയില്‍ പനി ബാധിച്ച്‌ മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റിവ്

keralanews nipah test result of child died of fever in kasarkode chengala is negative

കാസര്‍കോട്: ചെങ്കളയില്‍ പനി ബാധിച്ച്‌ മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റിവ്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ട്രുനാറ്റ് പരിശോധനയിലും പൂണെയിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലുമാണ് ഫലം നെഗറ്റീവായത്. ആശങ്ക വേണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിലാണ് അഞ്ച് വയസുകാരി പനി ബാധിച്ച്‌ മരിച്ചത്. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. തലച്ചോറില്‍ പെട്ടന്നുണ്ടായ പനിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. മരണത്തെ തുടര്‍ന്ന് ചെങ്കള പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

keralanews supreme court today hear petition filed by kerala government seeking permission to conduct the plus one exam directly

ന്യൂഡൽഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുള്ളതിനാൽ പരീക്ഷ ഓൺലൈനിൽ നടത്താൻ കഴിയില്ലെത്ത് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. വീട്ടിലിരുന്ന് കുട്ടികൾ എഴുതിയ മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ കൊറോണ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.കേരളത്തിലെ കൊറോണ വ്യാപനം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പരീക്ഷ നടത്തുന്നത് തടഞ്ഞത്.രോഗവ്യാപനം രൂക്ഷമായ തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിനെ അന്ന് വിമർശിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ്.

സംസ്ഥാനത്തെ കൊറോണ ഇളവുകൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നാളെ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യം പരിഗണനയിൽ

keralanews corona concessions in the state cm led review meeting tomorrow consider dining in hotels

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നാളെ ചേരും.ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം പ്രധാനമായും ചർച്ച ചെയ്യും.ആദ്യഘട്ടത്തിൽ പകുതി സീറ്റുകളിൽ മാത്രം സൗകര്യമൊരുക്കാനാണ് സാധ്യത. പ്രതിദിന രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷയിൽ അവലോകനയോഗം ചേരുന്നത്. ചൊവ്വ, ശനി ദിവസങ്ങളിലായിരുന്നു യോഗങ്ങൾ ചേർന്നിരുന്നതെങ്കിൽ കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ തിരക്കുകൾ കാരണം യോഗം ചേർന്നിരുന്നില്ല. അതിനാൽ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ വിലയിരുത്തിയാവും ഇളവുകൾ പ്രഖ്യാപിക്കുക.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൊവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കെടുപ്പ്, വാക്‌സിന്‍ വിതരണം എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രോഗം ബാധിക്കുന്നവര്‍ വൈകി മാത്രം ചികിത്സ തേടുന്ന പ്രവണത കണ്ട് വരികയാണ്. ഇത് മരണത്തിന് പോലും കാരണമാകുന്നതിനാല്‍ വാര്‍ഡ് കമ്മിറ്റികള്‍ ഗൃഹസന്ദര്‍ശനം വര്‍ദ്ധിപ്പിക്കുന്ന കാര്യവും തീരുമാനിക്കും. പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് പറയുമ്പോഴും അത് കൃത്യമായി നടക്കുന്നില്ല. ഈ കാര്യങ്ങളും ചർച്ചയായേക്കും

സംസ്ഥാനത്ത് ഇന്ന് 22,182 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 178 മരണം; 26,563 പേർക്ക് രോഗമുക്തി

keralanews 22182 covid cases confirmed in the state today 18 deaths 26563 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,182 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂർ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസർകോട് 280 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,122 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 866 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 26,563 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2446, കൊല്ലം 2159, പത്തനംതിട്ട 981, ആലപ്പുഴ 1425, കോട്ടയം 1831, ഇടുക്കി 987, എറണാകുളം 3362, തൃശൂർ 2992, പാലക്കാട് 1913, മലപ്പുറം 2878, കോഴിക്കോട് 2930, വയനാട് 835, കണ്ണൂർ 1506, കാസർഗോഡ് 318 എന്നിങ്ങനേയാണ് രോഗമുക്തിയായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

കണ്ണൂര്‍ സര്‍വകലാശാല വിവാദ പി ജി സിലബസ് ഒഴിവാക്കി

keralanews kannur university omits controversial pg syllabus

കണ്ണൂർ : ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവർക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് കണ്ണൂർ സർവകലാശാല പിന്മാറി. പുസ്തകങ്ങൾ പി.ജി സിലബസിൽ നിന്ന് ഒഴിവാക്കുമെന്ന് വൈസ്ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് തീരുമാനം.എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിൻവലിക്കില്ലെന്ന നിലപാടാണ് വൈസ് ചാൻസിലർ ഇപ്പോൾ മാറ്റിയത്. അതേസമയം സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ പഠിപ്പിക്കുമെന്ന് വി.സി കൂട്ടിചേര്‍ത്തു. സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെന്നും വി.സി അറിയിച്ചു.കൂടാതെ നിര്‍ദേശങ്ങള്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറിയെന്നും അന്തിമ തീരുമാനം അക്കാദമിക് കൗണ്‍സിലെടുക്കുമെന്നും പറഞ്ഞ അദ്ദേഹം ഈ മാസം 29 ന് അക്കാദമിക് കൗണ്‍സിലര്‍ യോഗം ചേരുമെന്ന് അറിയിച്ചു.എം.എസ് ഗോൾവാർക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് പിജി മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയത്.

പനി ബാധിച്ച് 5 വയസുള്ള കുട്ടി മരിച്ചു;നിപ്പ സംശയത്തെ തുടർന്ന് സ്രവം പരിശോധനക്ക് അയച്ചു

Nipah virus.(photo:Pixabay.com)

കാസർകോട്: പനി ബാധിച്ച് മരിച്ച അഞ്ചു വയസ്സുകാരിക്ക് നിപബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്‌ക്ക് അയച്ചു. കാസർകോട് ചെങ്കള പഞ്ചായത്ത് പരിധിയിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവമാണ് പരിശോധനക്കായി അയച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.കുട്ടിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവാണ്. നിപ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർ നിരീക്ഷണം ശക്തമാക്കി. പരിശോധനാഫലം ലഭ്യമാകുന്നത് വരെ ആളുകൾ കൂടിയുള്ള എല്ലാ പരിപാടികളും നിർത്തി വെയ്ക്കുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു.മേഖലയിലെ കൊറോണ വാക്‌സിനേഷൻ ക്യാമ്പുകൾ മാറ്റിവച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.ഇന്നലെ വൈകിട്ടാണ് പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെയാണ് കുട്ടി മരിച്ചത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുതുക്കി;ഏഴുദിവസം കഴിഞ്ഞാല്‍ പരിശോധന;നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം

keralanews covid guidelines for government employees in the state revised test after seven days if negative join duty

തിരുവനന്തപുരം:സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുതുക്കി.കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.നിലവില്‍ കോവിഡ് ബാധിച്ചവരെ പത്താം ദിവസമാണ് നെഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാന്‍ പരിശോധനയും ഒഴിവാക്കിയിരുന്നു. മാത്രവുമല്ല നെഗറ്റീവായശേഷം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധനയും ഉണ്ട്.ഇതിലാണ് മാറ്റം വരുത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് ഭേദമായവരാണെങ്കില്‍ രോഗികളുമായി സമ്പർക്കത്തിൽ വന്നാലും ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.ഇവര്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചും രോഗലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫീസില്‍ ഹാജരാകുകയും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് കാഷ്വല്‍ ലീവ് ആയി കണക്കാക്കും. തദ്ദേശ വകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ സാക്ഷ്യപത്രം ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.