ബംഗളൂരു: ഇന്ത്യക്ക് ലോകത്തിന്റ മുന്നിൽ ഇനി തലയെടുപ്പോടെ നിൽക്കാം. ചരിത്രം ഇന്ത്യക്ക് മുന്നിൽ വഴിമാറുന്നത് കാണാൻ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരുന്നാൽ മതിയാകും. 2017 ഫെബ്രുവരി 15 ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്കാണ്. ഇന്ത്യയുടെ ബഹിരാകേശ വിക്ഷേപണ നിലയമായ ഐ എസ് ആർ ഒ വമ്പൻ ദൗത്യത്തിനാണ് ചുക്കാൻ പിടിക്കാൻ പോകുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഫെബ്രുവരി 15ന് രാവിലെ 9 ന് ഒരു റോക്കറ്റിൽ നിന്ന് 104 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിക്കാൻ പോകുന്നത്. പല മുൻ നിര ബഹിരാകാശ ഏജൻസികളും ഏറ്റെടുക്കാൻ മടിച്ച ഈ ദൗത്യം ഏറ്റെടുക്കാൻ ഇന്ത്യ സധൈര്യം മുന്നോട്ട് വരികയായിരുന്നു.
ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു റോക്കറ്റിനുള്ളിൽ 104 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്കയക്കുന്നത്. വളരെ കുറഞ്ഞ സമയ വ്യത്യാസത്തിലായിരിക്കും ഓരോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലേക്ക് വിന്യസിക്കപ്പെടുക. എല്ലാം നല്ല പോലെ നടക്കുകയാന്നെങ്കിൽ ഫെബ്രുവരി 15 ലോകത്തിന്റെ മുന്നിൽ ഇന്ത്യക്ക് സ്വന്തം കഴിവ് കാണിക്കാൻ കഴിയുന്ന ദിവസമായേക്കും ഒപ്പം ചരിത്രത്തിൽ ഇന്ത്യയുടെ പേര് മറ്റു മുൻ നിര രാജ്യങ്ങളേക്കാൾ മുകളിൽ രേഖപ്പെടുത്താനും ഈ ദിവസം സഹായകമാകും.
ബഹിരാക്ഷ വിപണിയിൽ ഏറ്റവും ചിലവ് കുറഞ്ഞ സേവനങ്ങൾക്ക് പേര് കേട്ട ഐ എസ് ആർ ഒ യുടെ ഈ ദൗത്യം വിജയിക്കുമോ എന്ന കാര്യത്തിൽ ഒരു പക്ഷെ ഇന്ത്യയേക്കാൾ ഉറ്റു നോക്കുന്നത് മറ്റുള്ള വൻകിട രാജ്യങ്ങളാണ്. വളരെ അസൂയയോടെ ഇന്ത്യയുടെ ശ്രമത്തെ നോക്കിക്കാണുന്ന അവർക്ക് മുന്നിൽ ഇന്ത്യ തലയെടുപ്പോടെ നിവർന്ന് നിൽക്കുന്ന ദിവസമാകും ഫെബ്രുവരി 15 എന്ന് വിദഗ്ദ്ധർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.