തൃശൂര്‍: പൂരങ്ങളെ ഇല്ലാതാക്കാനുള്ള നയത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഫെസ്റ്റിവല്‍ കോഡിനേറ്റിംഗ് കമ്മറ്റി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
നടി കേസില്‍ നിന്നും പിന്‍മാറില്ല
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിന്ന് നടി പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉറ്റ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റ്. നടിയുടെ മാതാവിന്റെ സഹോദരീ പുത്രനാണ് ഫേസ്ബുക്കിലൂടെ കാര്യം വ്യക്തമാക്കിയത്. പിന്മാറാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ മുന്നോട്ട് വരില്ലായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. സാമൂഹമാധ്യമങ്ങളും ചില മാധ്യമങ്ങളും നിറംപിടിപ്പിച്ച കഥകളാണ് എഴുതുന്നത്. നടിയോ മാതാവോ സിനിമാരംഗത്തുള്ളവരുടെ പേരുപറഞ്ഞു എന്ന വാര്‍ത്തകളും ശരിയല്ല. തെറ്റായ വാര്‍ത്തകള്‍ നല്‍കാതിരിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും പോസ്റ്റ് സൂചിപ്പിക്കുന്നു.
പള്‍സര്‍ സുനി; ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവെച്ചു. നിരപരാധിയായ തങ്ങളെ അനാവശ്യമായി കേസില്‍പെടുത്തിയതാണെന്നും സംഭവത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുനി അടക്കമുള്ള പ്രതികള്‍ ഹരജി നല്‍കിയിരുന്നത്. സര്‍ക്കാര്‍ നിലപാടറിയാനാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്
നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രമുഖ നടനെ ചോദ്യം ചെയ്തു
ആലുവ: പ്രമുഖ മലയാളി നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മലയാളത്തിലെ പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തു. ആലുവയിലുള്ള വീട്ടിലെത്തിയാണ് മഫ്തിയിലെത്തിയ പോലീസ് സംഘം നടനെ ചോദ്യം ചെയ്തത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു ഈ നടന്‍. ഇതൊക്കെ ഒരാള്‍ക്കുവേണ്ടിയുള്ള ക്വട്ടേഷനാണെന്ന് ഉപദ്രവിക്കുന്നതിനിടെ പള്‍സര്‍ സുനി പറഞ്ഞതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു.എന്നാല്‍, പള്‍സര്‍ സുനിയെ പിടികിട്ടാതെ കൂടുതല്‍ അന്വേഷണവുമായി പോലീസിന് മുന്നോട്ടുപോകാനുമാകില്ല. സ്‌റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിദേശത്തെത്തിയ നടി ഒരു ഹോട്ടലില്‍ വെച്ച് താന്‍ കാണാനിടയായതും കേള്‍ക്കാനിടയായതുമായ കാര്യങ്ങള്‍ മറ്റൊരു നടിയോട് വെളിപ്പെടുത്തിയതാണ് നടനെ പ്രകോപിപ്പിച്ചതെന്നും തട്ടിക്കൊണ്ടുപോകലിന് ഇരയായ നടിക്ക് പിന്നീട് ഈ നടന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും പ്രചരിച്ചിരുന്നു.സുനിയെ പിടികിട്ടി ചോദ്യം ചെയ്തശേഷം അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
അന്വേഷണം പൾസർ സുനിയുടെ കാമുകിമാരിലേക്ക്
വരൾച്ച നേരിടാൻ വാർഡ് തലത്തിൽ കർമ്മ പദ്ധതി
കണ്ണൂർ: വരൾച്ച നേരിടുന്നതിന് വാർഡ് തലത്തിൽ കര്മപദ്ധതിക്ക് രൂപം നല്കാൻ പദ്ധതി. ജില്ലാ പ്രസിഡന്റ് കെ വി സുമേഷാണ് ജില്ലാ ആസൂത്രണ കമ്മീറ്റി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. ഇതിനായി വായന ശാലകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായം തേടും. കിയോസ്കുകൾ വഴിയുള്ള ജലവിതരണം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ ലഭ്യമായ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചു കുടി വെള്ള ലഭ്യത ഉറപ്പു വരുത്താൻ ജന പ്രതിനിധികൾ മുന്കൈ എടുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
ജല ഉപയോഗം പരമാവധി കുറച്ചു ജലക്ഷാമത്തിന്റെ രൂക്ഷത കുറയ്ക്കാൻ പൊതുജനങ്ങൾക്ക് ശക്തമായ ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനമായി. ഇതിനായി 23 , 28 തീയതികളിൽ ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനം നൽകും
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രതിഷേധം
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്ക് വിദ്യാര്‍ഥികളില്‍ നിന്ന് രേഖകളില്ലാതെ പണം പിരിച്ച സംഭവത്തിൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിന്റെ പേര് പറഞ്ഞാണ് പണം പിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളില്‍ നിന്ന് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയതായും രക്ഷിതാക്കള്‍ പറയുന്നു.
നിര്‍ബന്ധിതമായി വിദ്യാര്‍ത്ഥികളില്‍ നിന്നും 25,000 ഓളം രൂപ പിരിച്ചെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പണപ്പിരിവിന്റെ കാര്യം പ്രിന്‍സിപ്പല്‍ തുറന്നു സമ്മതിച്ചിരുന്നു.
തെയ്യംകലാകാരന് പരിക്ക്
തളിപ്പറമ്പ്: തളിപ്പറമ്പ് തളിയിൽ തെയ്യം കെട്ടിയാടുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തെയ്യം കലാകാരന് പരിക്ക്. തളിപറമ്പ് തളിയില്‍ സ്വദേശി സുമേഷിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സുമേഷിനെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴീക്കോട് മീന്‍കുന്ന് നുച്ചിരിയന്‍ കാവില്‍ ബപ്പിരിയന്‍ തെയ്യം കെട്ടിയാടുന്നതിനിടെയാണ് അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. തെങ്ങില്‍ കയറുന്ന തെയ്യമാണ് ബപ്പിരിയന്‍ തെയ്യം. തെയ്യം കെട്ടിയാടുന്നതിനിടെ തെങ്ങില്‍ കയറുമ്പോള്‍ സുമേഷ് കാല്‍തെന്നി വീഴുകയായിരുന്നു.
പള്‍സര്‍ സുനിയും സംഘവും കണ്ണൂരിലുണ്ടെന്ന് സൂചന
കൊച്ചി : മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി ഡ്രൈവര്‍ പള്‍സര്‍ സുനിയും സംഘവും കണ്ണൂരിലുണ്ടെന്ന് സൂചന.അതേസമയം സംഭവത്തില്‍ ഒരാള്‍ക്കൂടി പിടിയിലായി. അമ്പലപ്പുഴ സ്വദേശി അന്‍വറാണ് പിടിയിലായത്. പള്‍സര്‍ സുനിയ രക്ഷപെടാന്‍ ശ്രമിച്ച കേസിലാണ് പോലീസ് അന്‍വറിനെ പിടികൂടിയത്.
ആലപ്പുഴ പോലീസില്‍ നിന്നും തലനാരിഴയ്ക്കാണ് സുനി രക്ഷപ്പെട്ടത്. ആലപ്പുഴ അമ്പലപ്പുഴയില്‍ നിന്നാണ് പോലീസിനെ വെട്ടിച്ച് സുനി കൂട്ടാളികള്‍ക്കൊപ്പം രക്ഷപ്പെട്ടത്. നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കിയിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ റേഞ്ച് പരിധിയില്‍ അന്വേഷണം നടത്തി വരികയാണ്.
ബക്കളത്ത് വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്
ബക്കളം : ഓട്ടോ ടാക്‌സിയില്‍ ലോറിയിടിച്ച് നാല് പേര്‍ക്ക് ഗുരുതര പരിക്ക്. ഓട്ടോയിലുണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ കുറ്റിക്കോലിനു സമീപം ബക്കളത്ത് ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയില്‍ അമിതവേഗതയില്‍ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു.