News Desk

ഭക്ഷ്യവിഷബാധ; തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ അംഗനവാടിയില്‍ നിന്ന്​ ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികള്‍ ആശു​പത്രിയില്‍

keralanews food poisoning 17 children hospitalized after having lunch at anganwadi in gudalur tamilnadu

ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ അംഗനവാടിയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് സംഭവം. പൂതങ്ങാട്ടി ഗ്രാമത്തിലെ അംഗനവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിക്കുകയും ബോധക്ഷയം ഉണ്ടാകുകയായിരുന്നു.ഉടന്‍ തന്നെ കുട്ടികളെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയുണ്ടായിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയതെന്നും മാതാപിതാക്കള്‍ ആരോപിച്ചു.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി.

പ്ലസ് വൺ പരീക്ഷ;വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

keralanews plus one exam uniforms not mandatory for students

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.വിദ്യാർത്ഥികൾക്ക് യൂണിഫോമുകൾ നിർബന്ധമാക്കേണ്ടതില്ലെന്ന് അറിയിച്ചുകൊണ്ടുള്ള നിർദ്ദേശം സ്‌കൂളുകൾക്ക് നൽകും. പരീക്ഷയുടെ ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി.കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ സ്‌കൂളിനകത്തേക്ക് പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർത്ഥികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും പരീക്ഷ എഴുതുന്നതിനായി പ്രത്യേകം ക്ലാസ് മുറികൾ ഒരുക്കും. കൊറോണ രോഗികളായ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പിപിഇ കിറ്റുകൾ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ക്ലാസ് മുറികളിൽ പേന, കാൽക്കുലേറ്റർ എന്നിവ കൈമാറാൻ പാടുള്ളതല്ല.

സെപ്റ്റംബര്‍ 27 ന് ഭാരത് ബന്ദ്; കേരളത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഹര്‍ത്താല്‍ നടത്തും

keralanews bharat bandh on september 27 in kerala the joint trade union committee will hold a hartal

തിരുവനന്തപുരം:സെപ്തംബർ 27 ന് നടത്തുന്ന ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാകും ഹര്‍ത്താല്‍. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിന്‍റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ആയിരിക്കും ഇത്. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച്‌ ഹര്‍ത്താല്‍ വിളംബരം ചെയ്യും.

എറണാകുളത്തെ ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും ചാടിപ്പോയ പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി

keralanews two of the girls escaped from champakkara mahila mandir in ernakulam have been found

കൊച്ചി: എറണാകുളത്തെ ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും ചാടിപ്പോയ മൂന്ന് പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി.കോഴിക്കോട് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും മെഡിക്കൽ കോളജ് വനിതാ സെല്ലിലേക്ക് മാറ്റി. സംഭവത്തിൽ ഒരാളെ കൂടി കണ്ടെത്താനുണ്ട്.ഇന്നലെ പുലർച്ചെ 3.15ഓടെയായിരുന്നു എറണാകുളത്തെ ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് പേർ ചാടിപ്പോയത്. മന്ദിരത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നും സാരി കെട്ടി താഴേക്ക് ഇറങ്ങിയാണ് ഇവർ പുറത്തിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.കൊച്ചിയിലെ നിർമാണ ശാലയിൽ ജോലിക്ക് നിൽക്കവെയാണ് ഇവരെ മഹിളാ മന്ദിരത്തിൽ എത്തിച്ചത്. ഒരാൾ കൊൽക്കത്ത സ്വദേശിനിയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് പ്രൈമറി ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍

keralanews school managements not agree with the opening of primary classes in the state in the first phase

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൈമറി ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ചെറിയ കുട്ടികളെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ക്ലാസ്സുകളിൽ ഇരുത്തുക എന്നത് എളുപ്പമാകില്ല.10, 12, ക്ലാസുകള്‍ എങ്ങനെ പോകുന്നു എന്ന് വിലയിരുത്തിയ ശേഷം മാത്രമേ മറ്റ് ക്ലാസുകളിലെ ഓഫ് ലൈന്‍ പഠനം സംബന്ധിച്ച്‌ തീരുമാനമെടുക്കാനാവൂ. ഓരോ സ്‌കൂളിന്റെയും പരിമിതികളും സാദ്ധ്യതകളും പരിഗണിച്ച്‌ ക്ലാസുകള്‍ തുടങ്ങുന്ന രീതി തീരുമാനിക്കാന്‍ അനുവദിക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം.അതേസമയം സ്‌കൂളുകള്‍ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ- വിദ്യാഭ്യാസ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരും. ഇരു വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തില്‍ സംസ്ഥാന തലത്തിലെ പൊതുമാനദണ്ഡത്തിന് രൂപം നല്‍കും. മാസ്‌ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ് ക്രമീകരണം തുടങ്ങിയ കാര്യങ്ങളിലും തീരുമാനമെടുക്കും.

സംസ്ഥാനത്ത് ഇന്ന് 15,692 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 92 മരണം;22,223 പേർക്ക് രോഗമുക്തി

keralanews 15692 corona cases confirmed in the state today 92 deaths 22223 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,692 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂർ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസർഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂർ 2369, പാലക്കാട് 1590, മലപ്പുറം 2423, കോഴിക്കോട് 2316, വയനാട് 942, കണ്ണൂർ 1079, കാസർഗോഡ് 281 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

വിദ്യാലയങ്ങൾ തുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി

keralanews supreme court has asked the state governments to decide on the opening of schools

ന്യൂഡല്‍ഹി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ തുറക്കുന്നതിനായി നിര്‍ദേശം നല്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.തീരുമാനങ്ങളെടുക്കുമ്പോൾ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എല്ലാ കുട്ടികളും സ്‌കൂളില്‍ പോകണമെന്ന് കോടതിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും സുപ്രിംകോടതി ചോദിച്ചു.നിലവില്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. മൂന്നാം തരംഗമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതെ എങ്ങനെ സ്‌കൂളിലേക്ക് കുട്ടികളെ വിടാനാകുമെന്നും കോടതി ആരാഞ്ഞു.

ഡല്‍ഹി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് സ്കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കൊറോണ കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌-ഏപ്രില്‍ മുതല്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാര്‍ത്ഥികളില്‍ മാനസികമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുനതായും 12 വയസ്സുള്ള അമര്‍ പ്രേം പ്രകാശ് കോടതിയില്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെങ്കിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ പരിസരം കിളച്ച് പരിശോധന;മൊബൈൽ ഫോണുകളും മഴുവും ഡമ്പല്ലും കണ്ടെത്തി

keralanews raid in kannur central jail mobile phones axe and dumbbells seized

കണ്ണൂർ :കണ്ണൂർ സെൻട്രൽ ജയിലിൽ പരിസരം കിളച്ച് പരിശോധന നടത്തി.ജയില്‍ ഡിജിപിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയില്‍ മൊബൈൽ ഫോണുകളും മഴുവും ഡമ്പല്ലും കണ്ടെത്തി.തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകളില്‍ ആദ്യം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ മുതലാണ് ജയില്‍ വളപ്പ് കിളച്ച് പരിശോധന തുടങ്ങിയത്. ജില്ലാ ജയിലിലെയും, സ്‌പെഷ്യല്‍ സബ് ജയിലിലെയും സെന്‍ട്രല്‍ ജയിലിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.സിം കാര്‍ഡില്ലാത്ത രണ്ട് മൊബൈല്‍ ഫോണ്‍, നാല് പവര്‍ ബാങ്ക്, അഞ്ച് ചാര്‍ജറുകള്‍, രണ്ട് കത്തി, മഴു, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പല്‍ എന്നിവയാണ് ആദ്യ ദിവസം കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളാണ് കിട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. കേരളത്തിലെ ജയിലുകളില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് എല്ലാ ജയിലുകളിലും കര്‍ശന പരിശോധനക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച്ച മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധന തുടങ്ങിയത്.

കണ്ണൂരില്‍ വീണ്ടും കഞ്ചാവ് പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

keralanews cannabis seized again in kannur migrant workers arretsed

കണ്ണൂർ: കണ്ണൂരില്‍ വീണ്ടും കഞ്ചാവ് പിടികൂടി.മഞ്ചപ്പാലത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന രണ്ട് പേരില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക സ്വദേശി സജീദ് മുഹമ്മദ് (24) അസം സ്വദേശി ഇക്രാമുല്‍ ഹക്ക് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 2.05 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സി ആനന്ദകുമാര്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച്‌ സൈക്കിളില്‍ യാത്ര ചെയ്ത് കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വന്‍ ലാഭത്തില്‍ വിറ്റഴിച്ചുവരികയായിരുന്നു ഇവർ.ആഴ്ചകളോളം നിരീക്ഷിച്ചാണ് ഇവരെ വലയിലാക്കിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ടി യേശുദാസന്‍, പ്രിവന്റീവ് ഓഫിസര്‍ ജോര്‍ജ് ഫര്‍ണാണ്ടസ്, പി കെ ദിനേശന്‍ (ഗ്രേഡ്), എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ വി ഹരിദാസന്‍, പി നിഖില്‍ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

വിജയിയെ തേടിയുള്ള കാത്തിരിപ്പില്‍ കേരളം; തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭാ​ഗ്യശാലി ആരാണെന്ന് കണ്ടെത്താനായിട്ടില്ല

keralanews hours after thiruvonam bumper draw lucky winner is yet to be identified

തിരുവനന്തപുരം:കഴിഞ്ഞ ദിവസം നടന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നടുക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ ഭാഗ്യശാലിയെ തിരഞ്ഞ് കേരളം.മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വില്‍പ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.ഭാഗ്യനമ്പർ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആ ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താനായിട്ടില്ല.മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ടിക്കറ്റിന് ആറാം സമ്മാനവും ഒരു സമാശ്വാസ സമ്മാനവും ലഭിച്ചിരുന്നു. വിമുക്ത ഭടന്‍ ആയ വിജയന്‍ പിള്ളയ്ക്ക് ആണ് മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്.ഇവരെല്ലാം വന്ന് പണം വാങ്ങിയെങ്കിലും പന്ത്രണ്ട് കോടിയുടെ ഭാഗ്യവാന്‍ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ഏജന്‍സി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാര്‍ഹന് ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാല്‍ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജന്‍സി കമ്മീഷനായി സമ്മാനത്തുകയില്‍നിന്നു കുറയും.ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കഴിച്ച് ബാക്കി 7 കോടിയോളം രൂപയാകും സമ്മാനാര്‍ഹനു ലഭിക്കുന്നത്.