പാരീസ് : ഫ്രാന്‍സിലെ പാരീസ്-ഒര്‍ലി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊന്നു. മരിച്ചയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തു.
പട്ടാപ്പകൽ കുപ്പി വയറ്റിൽ കുത്തി ഇറക്കി
തളിപ്പറമ്പ് : അന്യസംസ്ഥാന തൊഴിലാളി പട്ടാപ്പകൽ ബിയർ കുപ്പി പൊട്ടിച്ചു സ്വന്തം വയറ്റിൽ കുത്തി ഇറക്കി. ബംഗാൾ സ്വദേശി രോഹിത് (30) ആണ് ഇപ്രകാരം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിക്കാൻ വേണ്ടിയാണ് താൻ വയറ്റിൽ കുപ്പി കുത്തി ഇറക്കിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
പുലിയെ കണ്ടെത്താന്‍ ക്യാമറ വെക്കാനൊരുങ്ങുന്നു
അഴീക്കോട്: പുലിയെ കണ്ടെത്താൻ വായിപ്പറമ്പ്, ചാല്‍ പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിക്കാന്‍ ആലോചന. പുലിയെ പിടിക്കാനായി വനപാലകര്‍ കൂട് സ്ഥാപിച്ചിരുന്നു. കൂട്ടിനുള്ളില്‍ ഇരയായി ഒരു നായയെ കെട്ടിയെങ്കിലും എസ്.പി.സി.എ.യ്ക്ക് ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അതിനെ അഴിച്ചുവിട്ടിരുന്നു. പകരം ബീഫ് വെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഇതുവരെ വനപാലകര്‍ നടപ്പാക്കിയില്ല. ഇതിന് ഡി.എഫ്.ഒ. സുനില്‍ പാംഡി പ്രദേശം സന്ദർശിച്ച ശേഷം ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കും. സന്ധ്യയാകുന്നതോടെ വായിപ്പറമ്പ് ചാല്‍ റോഡും പരിസരവും വിജനമാവുകയാണ്. അധികൃതർ ഉണർന്നു പ്രവർത്തിച്ചാലേ ഇതിനൊരു തീരുമാനമാവുകയുള്ളു.
ജില്ലയിലെ ഏഴ് ചില്ലറ മദ്യവില്പനശാലകള്‍ 31-ന് അടച്ചുപൂട്ടേണ്ടിവരും
തലശ്ശേരി: സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ ടൗണ്‍, കാല്‍ടെക്‌സ്, പുതിയതെരു, പിലാത്തറ, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ ബിവറേജസ് മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ദേശീയ, സംസ്ഥാനപാതയോരങ്ങളില്‍ 500 മീറ്ററിനുള്ളിലായി പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍ മാര്‍ച്ച് 31-നുള്ളില്‍ മാറ്റിസ്ഥാപിക്കണമെന്ന് സുപ്രീംകോടതി കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതിനെതിരെ പലയിടത്തും പ്രതിഷേധങ്ങള്‍ നടക്കുകയാണ്.
ചില്ലറവില്പനശാലകള്‍ അടച്ചുപൂട്ടുന്നത് ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഒഴുക്കിന് കാരണമാകുമെന്ന് ബിവറേജസ് എംപ്ലോയീസ് സംഘ് (ബി.എം.എസ്.) ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍നഷ്ടപ്പെടുന്ന സാഹചര്യവും ഇതുവഴി ഉണ്ടാകും. ഈ കാര്യത്തിൽ എത്രയും പെട്ടെന്ന് സർക്കാർ ഒരു തീരുമാനം എടുക്കണമെന്നാണ് ആവശ്യം.
ആഗ്രയില്‍ രണ്ടിടത്ത് സ്‌ഫോടനം
ആഗ്ര: താജ്മഹലിന് സുരക്ഷാ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിന് തൊട്ടു പിന്നാലെ ആഗ്രയില്‍ ഇരട്ട സ്‌ഫോടനം. കന്റോണ്‍മെന്റ് റെയില്‍വെ സ്‌റ്റേഷന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ആളപായമൊന്നുമില്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. മാലിന്യ കുമ്പാരത്തിനിടയിലും തൊട്ടടുത്ത ഒരു വീട്ടിലുമാണ് സ്ഫോടനങ്ങൾ നടന്നത്. റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്ന് ഭീഷണി കത്ത് കണ്ടെത്തി.പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.
തൃശൂര്‍ ബസ് സ്റ്റാൻഡിൽ വെച്ച് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിൽ ഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്ക് പരിക്കേറ്റു.വീട്ടിലേയ്ക്ക് പോകാനായി ബസ് കാത്തു നിൽക്കുകയായിരുന്നു ഇവർ. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ ചൂരല്‍വടിയെടുത്ത് തങ്ങളെ അടിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ ആദ്യം ചികിത്സ നിഷേധിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. പിന്നീട് ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവിലാണ് ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയേക്കും
ലഖ്‌നൗ: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ലഖ്‌നൗവില്‍ നടക്കും. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. നാളെയാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഭൂമിഹാര്‍ സമുദായത്തില്‍പ്പെട്ട മനോജ് സിന്‍ഹ മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഈ സമുദായത്തില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കുക വഴി ജാതിമത പരിഗണനകള്‍ക്ക് അതീതനായ ഒരു മുഖ്യമന്ത്രി എന്ന പ്രതീതി സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം.
ഇനി ലോകത്തെവിടെനിന്നും വോട്ടു ചെയ്യാം
തിരുവനന്തപുരം: വോട്ടിങ് സ്ഥലത്ത് എത്തിച്ചേരാൻ പറ്റാത്തവർക്ക് രാജ്യത്തെവിടെനിന്നു വേണമെങ്കിലും വോട്ടു ചെയ്യാനുള്ള സംവിധാനവുമായി (സി-ഡാക്) . സെൻറർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (EVM) എന്നാണ് ഈ സംവിധാനത്തിന്റെ പേര്. നാട്ടില്‍ ഇല്ലെങ്കിലും രാജ്യത്തിനു അകത്തുതന്നെ, താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോളിങ് ബൂത്തില്‍ പോയി വോട്ടുചെയ്യാനുള്ള സംവിധാനമാണിത്. സംസ്ഥാനം, ജില്ല, മണ്ഡലം എന്നിങ്ങനെയുള്ള തിരിച്ചറിയൽ വിവരങ്ങള്‍ നല്‍കിയാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് വോട്ടറുടെ സകലവിവരങ്ങളും ഓണ്‍ലൈനില്‍ കാണാം.വോട്ടര്‍ തന്നെ വെരിഫൈ ചെയ്തു നല്‍കുന്ന സ്ലിപ്പും ഇതിന്റെ കൂടെ ഉണ്ടാവും. ഇങ്ങനെയും വോട്ടെണ്ണല്‍ നടക്കുമെന്നതിനാല്‍ തട്ടിപ്പിനുള്ള സാധ്യത കുറവാണ്.
യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു
ചെന്നൈ : യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും മരിച്ചു. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് അമിത വേഗത്തിൽ വന്ന വാഹനം മരത്തിലിടിച്ച് കത്തി അമരുകയായിരുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. പതിനാലാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്തുണ്ട് അശ്വിന്‍.
റബർ വില കുത്തനെ ഇടിയുന്നു
കണ്ണൂർ : റബർ വില കുത്തനെ ഇടിയുന്നത് മലയോരത്തെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കിലോയ്ക്ക് 160 നു മുകളിൽ ഉണ്ടായിരുന്ന റബർ വില ഇപ്പോൾ 145ൽ എത്തിയിരിക്കുകയാണ്. നോട്ട് പ്രതിസന്ധി മറികടക്കുന്നതിന് റബർ വില ഉയർത്തുന്നത് മലയോരത്തിനു താങ്ങായിരുന്നു. വേനൽ കടുത്തതോടെ റബർ ഉൽപ്പാദനവും കുറഞ്ഞു. ഇതിനൊപ്പം വിലയിടിവും വന്നതോടെ കർഷകർക്ക് തിരിച്ചടിയായി. ഇപ്പോൾ വില താഴ്ന്നുകൊണ്ടിരിക്കുകയാണെങ്കിലും വില ഉയരുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾക്കും കർഷകർക്കും ഉള്ളത്.