കണ്ണൂർ: കെ.എസ്.ഇ.ബി സ്വകാര്യവല്‍ക്കരണത്തിനെതിരെ കണ്ണൂരില്‍ മസ്ദൂര്‍ സംഘം കലക്ടറേറ്റ് ധര്‍ണ നടത്തി.കെ.എസ്‌ഇ.ബി യെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കു ക, വൈദ്യുതി അപകടങ്ങള്‍ സംഭവിക്കുമ്ബോള്‍ ജീവനക്കാര്‍ക്കെതിരെ അന്യയമായി കേസെടുക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുൻപോട്ട് വെച്ചത്.ബി എം എസ് ന്റെ നേതൃത്വത്തിലായിരുന്നു ധർണ്ണ. സംസ്ഥാന സെക്രട്ടറി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബൈജു ,വേണുഗോപാല്‍ എം, സുരേഷ് കുമാര്‍ കെ,രാധാകൃഷ്ണന്‍ എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴ വിവാദം; കെ സുരേന്ദ്രന്റേയും പ്രസീത അഴീക്കോടിന്റേയും ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്
വയനാട്: ബത്തേരി കോഴ വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും പ്രസീത അഴീക്കോടിന്റേയും ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്.ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.പോലീസ് നല്‍കിയ അപേക്ഷയില്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് പരിശോധിക്കാനാണ് അനുമതി നല്‍കിയത്.ഇരുവരും ഒക്ടോബര്‍ 11 ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്ബിളുകള്‍ നല്‍കണമെന്നാണ് ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി സീറ്റില്‍ മല്‍സരിക്കാനായി ബിജെപി സി കെ ജാനുവിന് 35 ലക്ഷം രൂപ ബിജെപി കോഴയായി നല്‍കിയെന്നാണ് പ്രസീത ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായും ബിജെപി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ഗേണേഷുമായുമുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖ പ്രസീത പുറത്തുവിട്ടിരുന്നു.
സംസ്ഥാനത്ത് നവംബർ 1 ന് തന്നെ സ്‌കൂളുകൾ തുറക്കും; ക്ലാസുകൾ ബയോബബിൾ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. എന്നാല്‍ കുട്ടികളെ നിര്‍ബന്ധിച്ച് സ്‌കൂളുകളില്‍ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.ശേഷം മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമേ സ്‌കൂള്‍ തുറക്കലില്‍ വ്യക്തമായ ധാരണയുണ്ടാകൂ.സ്‌കൂളുകള്‍ ഉച്ചവരെ മാത്രം മതിയെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ട്. ഉച്ചയ്ക്ക് ശേഷം പതിവ് പോലെ ഓണ്‍ലൈന്‍ ക്ലാസും തുടരും. എന്നാല്‍ ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടാല്‍ കുട്ടികള്‍ എങ്ങനെ ഉടന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തുമെന്ന ആശയക്കുഴപ്പവും ഉണ്ട്. മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസും അടുത്ത ദിവസങ്ങളില്‍ മറ്റ് കുട്ടികള്‍ക്ക് എന്നതും ചര്‍ച്ചകളിലുണ്ട്. ഇതിനൊപ്പം ഷിഫ്റ്റും പരിഗണിക്കും. എല്ലാ സാധ്യതയും പരിശോധിച്ചാകും സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുക.രോഗവ്യാപനം ഇല്ലാതാക്കാൻ കുട്ടികൾക്ക് ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. ആശങ്കയ്‌ക്ക് ഇടം നൽകാതെ കുട്ടികളെ സുരക്ഷിതരായി സ്‌കൂളുകളിൽ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ബയോബബിളില്‍ എങ്ങനെയാകും കുട്ടികളെ നിലനിര്‍ത്തുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരിക്കുന്നില്ല. ഐപിഎല്ലിലും മറ്റും ബയോ ബബിള്‍ ഉണ്ട്. അതായത് ഒരു പരിപാടിക്ക് പങ്കെടുക്കുന്നവരെ മറ്റൊരിടത്തും നിര്‍ത്താതെ ദീര്‍ഘകാലം സംരക്ഷിക്കുന്നതാണ് ബയോബബിള്‍. എന്നാല്‍ കേരളത്തിലെ സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ വീട്ടില്‍ പോകും. അതുകൊണ്ട് തന്നെ ക്രിക്കറ്റിലും മറ്റും നടപ്പിലാക്കുന്ന ബയോബബിള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കാൻ സാധിക്കുമോ എണ്ണത്തിലും ആശങ്കയുണ്ട്.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എല്ലാം ബാധകമാകുന്ന പൊതുമാര്‍ഗരേഖ ആയിരിക്കും തയ്യാറാക്കുക. വലിയ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവരാനാണ് സാധ്യത. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതും കൗണ്‍സിലിങ് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. സ്‌കൂള്‍ അടിസ്ഥാനത്തില്‍ ആരോഗ്യ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. അതിനിടെ സ്‌കൂള്‍ വാഹനത്തില്‍ ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമേ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവര്‍മാരടക്കമുള്ള വാഹനത്തിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരാകണം. ഇവരുടെ താപനില ദിവസവും പരിശോധിക്കണം. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വീസ് ആരംഭിക്കും.വിദ്യാര്‍ത്ഥികളെ എത്തിക്കാനായി മറ്റ് കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്കും ഈ നിര്‍ദ്ദേശം ബാധകമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു.ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാര്‍ഥികളും പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയാണ് ടൈം ടേബിളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്നും, കൂട്ടംകൂടുന്നില്ലെന്നും അധ്യാപകര്‍ ഉറപ്പാക്കും. ഒരു ബഞ്ചില്‍ രണ്ട് പേര്‍ എന്ന നിലയിലാണ് ക്രമീകരണം. ബെഞ്ച്, ഡെസ്ക് എന്നിവ സാനിറ്റൈസ് ചെയ്തതായി സ്കൂള്‍ അധികൃതരും വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 19,682 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;152 മരണം; 20,510 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,682 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂർ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസർഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,510 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1455, കൊല്ലം 1353, പത്തനംതിട്ട 1202, ആലപ്പുഴ 1293, കോട്ടയം 1667, ഇടുക്കി 1238, എറണാകുളം 2814, തൃശൂർ 2455, പാലക്കാട് 1467, മലപ്പുറം 1591, കോഴിക്കോട് 2050, വയനാട് 594, കണ്ണൂർ 1142, കാസർഗോഡ് 189 എന്നിങ്ങനേയാണ് രോഗമുക്തിയായത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട;പിടിച്ചെടുത്തത് 32 കോടിയുടെ ഹെറോയിന്‍; ആഫ്രിക്കന്‍ യുവതി കസ്റ്റഡിയിൽ
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട.32 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി ആഫ്രിക്കന്‍ യുവതി പിടിയിലായി.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇന്നലെ കരിപ്പൂരില്‍ നടന്നത്. മീബിയ സ്വദേശിനിയായ സോക്കോ ബിഷാല(41) ജൊഹന്നാസ്ബര്‍ഗില്‍ നിന്നാണ് മയക്കുമരുന്നുമായി കേരളത്തില്‍ എത്തിയത്. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ പുലര്‍ച്ചെ 2.15 ന് ഇവര്‍ കരിപ്പൂരിലെത്തി. അഞ്ച് കിലോഗ്രാം ഹെറോയിന്‍ ഇവരുടെ ട്രോളി ബാഗിനടിയില്‍ ഒട്ടിച്ചു വെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ പ്രൊഫഷണല്‍ മയക്കുമരുന്ന് കാരിയര്‍ ആണെന്നും ഹെറോയിന്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ ആളെത്തുമെന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും ഡിആര്‍ഐ അറിയിച്ചു.ബിഷാലയോട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി അന്വേഷണത്തോട് സഹകരിക്കുന്നില്ല. ആരാണ് ഇവര്‍ക്ക് വേണ്ടി മയക്കുമരുന്ന് വാങ്ങാന്‍ വിമാനത്താവളത്തില്‍ കാത്ത് നിന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് എന്നും സൂചനകളുണ്ട്. സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന്. ആരാണ് വിമാനത്താവളത്തില്‍ ഇവരില്‍ നിന്നും മയക്കുമരുന്ന് വാങ്ങാനായി എത്താനിരുന്നത് എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.അതേസമയം ഗുജറാത്ത് അടക്കമുള്ള രാജ്യത്ത് മറ്റിടങ്ങളില്‍ നടന്ന ലഹരി വേട്ടകളുമായി ഇതിന് ബന്ധമില്ലെന്നും മയക്കുമരുന്ന് സംഘത്തിന്റെ അഫ്ഗാന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിആര്‍ഐ അന്വേഷണ സംഘം അറിയിക്കുന്നത്. കോഴിക്കോട് ഡിആര്‍ഐ ടീം സോക്കോ ബിഷാലയെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി. കോടതി ജയിലിലേക്ക് മാറ്റി.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും 21,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം; പിന്നില്‍ താലിബാനെന്ന് സംശയം
ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും കഴിഞ്ഞ ദിവസം 21,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നില്‍ താലിബാന് പങ്കുള്ളതായി സംശയം. ഇക്കാര്യം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ നാല് അഫ്ഗാന്‍ പൗരന്മാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റിലായിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരില്‍ മൂന്ന് ഇന്ത്യക്കാരും ഒരു ഉസ്ബക്കിസ്ഥാന്‍ പൗരനുമുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് വന്‍തോതില്‍ ലഹരിമരുന്ന് ശേഖരം ഇന്ത്യയിലേക്കു കടത്തിയത് എന്നതാണ് സംശയം ബലപ്പെടുത്തുന്നത്. താലിബാന്‍ ബന്ധം സംശയിക്കുന്നതിനാല്‍ കേസ് ഏറ്റെടുക്കുന്നതു ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പരിഗണനയിലുണ്ട്. ഹെറോയിന്‍ വില്‍പനയില്‍ നിന്നു ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യവും പരിശോധിക്കും. രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ആഴ്ച ഗുജറാത്ത് ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നടന്നത്.രണ്ട് കണ്ടെയ്‌നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് പിടിച്ചത്. പതിവ് പരിശോധനയിലാണ് കണ്ടെയ്‌നറുകളില്‍ ലഹരി മരുന്നാണെന്ന് കണ്ടെത്തിയത്. ഇറക്കുമതിക്ക് വിജയവാഡയിലെ വിലാസം വച്ച ശേഷം മുന്ദ്ര തുറമുഖത്ത് എത്തിക്കുന്ന കണ്ടെയ്‌നറുകള്‍ അവിടെ നിന്ന് നേരിട്ട് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയാണെന്നാണ് സൂചന. ജൂണ്‍ 21ന് ഇതേ സംഘം സമാനരീതിയില്‍ കണ്ടെയ്‌നറില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നു. ടാല്‍ക്കം പൗഡര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിജയവാഡയിലേക്ക് ഇറക്കുമതി ചെയ്ത ലോഡ് ഡല്‍ഹിയിലേക്കാണ് പോയതെന്നാണ് വിവരം. ഇപ്പോള്‍ പിടിച്ച ലോഡും ഡല്‍ഹിക്ക് അയയ്ക്കാനാണു പദ്ധതിയിട്ടിരുന്നതത്രെ.കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്ത വിജയവാഡയിലെ ആഷി ട്രേഡിങ് കമ്ബനിയുടെ ഉടമസ്ഥരായ സുധാകര്‍, ഭാര്യ വൈശാലി എന്നിവരെ ചെന്നൈയില്‍നിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത ഹെറോയിന് രാജ്യാന്തര വിപണിയില്‍ കിലോഗ്രാമിന് 7 കോടി രൂപ വരെ വിലയുണ്ട്. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയും അന്വേഷണം ആരംഭിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി സിബിഐ
ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലുമായി സിബിഐ.പരീക്ഷക്ക് ആള്‍മാറാട്ടം നടത്തുന്നതിനായി വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.കെ എഡ്യുക്കേഷന്‍ കരിയര്‍ ഗൈഡന്‍സ് സെന്‍ററും ഡയറക്ടര്‍ പരിമള്‍ കോത്പാലിവാറും കേസില്‍ പ്രതിയാണെന്നാണ് സൂചന. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ വിദ്യാര്‍ഥികളില്‍ നിന്ന് കോഴ വാങ്ങിയത്. വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷത്തിന്‍റെ ചെക്കും എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളും നേരത്തെ തന്നെ സ്ഥാപനം വാങ്ങിയിരുന്നു.പിന്നീട് വിദ്യാര്‍ഥികളുടെ നീറ്റ് പരീക്ഷയുടെ യൂസര്‍ നെയിമും പാസ്വേര്‍ഡും ശേഖരിച്ച് ഇതില്‍ കൃത്രിമം നടത്തി. തുടര്‍ന്ന് തട്ടിപ്പ് നടത്താന്‍ കഴിയുന്ന പരീക്ഷ സെന്‍റര്‍ ഇവര്‍ക്ക് തരപ്പെടുത്തി കൊടുത്തു. ആള്‍മാറാട്ടം നടത്തുന്നതിന് സൗകര്യപ്രദമായ രീതിയില്‍ വിദ്യാര്‍ഥികളുടെ ഫോട്ടോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തി. പിന്നീട് പരീക്ഷഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി മറ്റൊരാളാണ് പരീക്ഷക്കെത്തുക. ഇത്തരത്തില്‍ എത്തുന്നയാള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡും നല്‍കും.അഞ്ച് വിദ്യാര്‍ഥികള്‍ക്കായി ആര്‍.കെ എഡ്യുക്കേഷന്‍ ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്താന്‍ ആളുകളെ തയാറാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയതോടെ തട്ടിപ്പില്‍ നിന്നും പിന്മാറിയെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ സി.ബി.ഐ അറസ്റ്റുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
പാലക്കാട് സ്വകാര്യ ബസുകളില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ പിടികൂടി;ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍
പാലക്കാട്: പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ പിടികൂടി.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ബസുകളില്‍ കന്നാസുകളില്‍ രഹസ്യമായി സൂക്ഷിച്ച ഡീസല്‍, സര്‍വീസിന് ശേഷം രാത്രിയില്‍ നിറയ്ക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് സ്വകാര്യ ബസുകളും, അതിലെ ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.നിലവിലെ ഡീസല്‍ വിലയുടെ പകുതി വിലയ്ക്ക് ഇത്തരം ഡീസലുകള്‍ ലഭിക്കും.വാഹനങ്ങള്‍ക്ക് ചെറിയ അപകടമുണ്ടായാല്‍ പോലും ഇത് വന്‍ അഗ്നിബാധയ്ക്കിടയാക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് ത്യശൂരില്‍ നിന്നും വാഹനത്തില്‍ കടത്തുകയായിരുന്ന വ്യാജ ഡീസല്‍ ശേഖരം പിടികൂടിയിരുന്നു.ഡീസല്‍ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ സ്‌കൂൾ തുറക്കൽ;ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകളിൽ നേരിട്ടുളള അദ്ധ്യയനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും.സ്‌കൂൾ തുറക്കുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ അടങ്ങിയ കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തുകയാണ് ലക്ഷ്യം.കോളേജുകളിലേക്കും സ്‌കൂളുകളിലേക്കുമുളള യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അദ്ധ്യാപകരക്ഷകർതൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകള്‍. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.