കോഴിക്കോട്: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.തമിഴ്‌നാട് സ്വദേശി കാർത്തിക്ക്(22) ആണ് മരിച്ചത്. കോഴിക്കോട് പൊറ്റമലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.തകർന്ന് വീണ സ്ലാബിന് അടിയിൽ കാർത്തിക്ക് കുടുങ്ങുകയായിരുന്നു. പരിക്കേറ്റ നാല് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് പോലീസ് എത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ തങ്കരാജ്, കണ്ണസ്വാമി, ജീവ, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേര്‍ കോഴിക്കോട് മെഡിക്കൽ കോളജിലും, ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;120 മരണം;14,242 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂർ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂർ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസർഗോഡ് 283 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,248 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 692 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,242 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2488, കൊല്ലം 141, പത്തനംതിട്ട 218, ആലപ്പുഴ 1145, കോട്ടയം 1605, ഇടുക്കി 651, എറണാകുളം 567, തൃശൂർ 2496, പാലക്കാട് 711, മലപ്പുറം 1397, കോഴിക്കോട് 1118, വയനാട് 331, കണ്ണൂർ 1019, കാസർഗോഡ് 355 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
വൈകുന്നേരം ആറ് മുതല്‍ 10 മണിവരെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സ്വയം കുറയ്ക്കണമെന്ന് കെഎസ്‌ഇബി
തിരുവനന്തപുരം : ലോഡ്‌ഷെഡ്ഡിങ്ങും, പവര്‍ക്കെട്ടും ഇല്ലാതിരിക്കാന്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി . പുറത്തു നിന്നുള്ള വൈദ്യുതിയില്‍ ഇന്ന് മാത്രം 200 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.രാത്രികാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗമുള്ളത്. വൈകിട്ട് ആറ് മുതല്‍ പത്ത് മണി വരെയാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ളത്. ഈ നാല് മണിക്കൂര്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശം ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്.സംസ്ഥാനത്തിന്റെ പുറത്തുള്ള ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള 200 മെഗാവാട്ടിലാണ് കുറവ്. കല്‍ക്കരി ക്ഷാമം മൂലം ഇവിടെ ഉത്പ്പാദനത്തില്‍ കുറവ് വന്നതാണ് കാരണം. ഇതേ തുടര്‍ന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ അടക്കമുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.
അഡ്വ. പി സതീദേവി സംസ്ഥാന വനിതാകമ്മീഷൻ അദ്ധ്യക്ഷയാകും;ഒക്ടോബര്‍ 1ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: അഡ്വ. പി സതീദേവി സംസ്ഥാന വനിതാകമ്മീഷൻ അദ്ധ്യക്ഷയായി ഒക്ടോബര്‍ 1ന് ചുമതലയേല്‍ക്കും.എംസി ജോസഫൈൻ രാജിവെച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. പാര്‍ടി സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രടറിയുമാണ്. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു.സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് എം സി ജോസഫൈനെ നീക്കിയത്. കാലാവധി എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജിവെച്ചത്.
കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവെച്ചു
തിരുവനന്തപുരം : കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന് കൈമാറിയതായി അദ്ദേഹം അറിയിച്ചു. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. മുതിർന്ന നേതാക്കളുമായി ചർച്ച നടത്താതെ നേതൃത്വം തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് മുൻ കെപിസിസി അദ്ധ്യക്ഷൻ കൂടിയായ വിഎം സുധീരൻ രാജിവെച്ചത്.രാഷ്ട്രീയ കാര്യസമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും സുധീരന്‍ പരാതി ഉയര്‍ത്തുന്നു.കോണ്‍ഗ്രസിന്‍റ സാധാരണ പ്രവര്‍ത്തനകനായി തുടരുമെന്ന് വി.എം.സുധീരന്‍ പറഞ്ഞു.അതേസമയം, പ്രശ്‌നങ്ങള്‍ കെപിസിസി പ്രസിഡന്റ് പരിഹരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റെ പി ടി തോമസ് പറഞ്ഞു. സുധീരനെ വീട്ടിലെത്തി കെ സുധാകരന്‍ കണ്ടിരുന്നുവെന്നും പി ടി തോമസ് പ്രതികരിച്ചു.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്.ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ഇന്ന് ചർച്ച ചെയ്യും.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി സംബന്ധിച്ച് കഴിഞ്ഞ യോഗങ്ങളിലും ചർച്ച ചെയ്തിരുന്നു. എന്നാൽ കൊറോണ കേസുകളിലെ എണ്ണവും ടിപിആറും കണക്കിലെടുത്ത് ഹോട്ടലുകളിൽ പാഴ്‌സലുകൾ മാത്രം നൽകിയാൽ മതിയെന്ന തീരുമാനത്തിൽ സർക്കാർ എത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്‌കൂളുകൾ വരെ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകിയേക്കും. അങ്ങിനെയെങ്കിൽ ഭക്ഷണം കഴിക്കാനുള്ള ടേബിളുകൾ നിശ്ചിത അകലം പാലിച്ച് ക്രമീകരിച്ചും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാകും ഹോട്ടലുകളുടെ പ്രവർത്തനം.ബാറുടമകളും സമാനകാര്യം ഉന്നയിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തിലും ചര്‍ച്ച ഉണ്ടായേക്കും. ബസുകളിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതിയും ഇന്നത്തെ യോഗത്തിൽ സർക്കാർ നൽകിയേക്കാമെന്നാണ് സൂചന.
കമ്പിവേലി നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ വായ്പ ലഭിച്ചില്ല;സംരംഭം തുടങ്ങാൻ പണിത ഷെഡിൽ യുവാവ് ജീവനൊടുക്കി
കണ്ണൂർ:കമ്പിവേലി നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ വായ്പ ലഭിക്കില്ലെന്നറിഞ്ഞ് യുവാവ് ജീവനൊടുക്കി.കേളകം സ്വദേശി അഭിനന്ദ് നാഥ് (24) ആണ് സംരംഭം തുടങ്ങുന്നതിനായി വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡില്‍ തൂങ്ങിമരിച്ചത്.ഇന്നലെ രാവിലെ അഞ്ച് മണിയോടെയാണ് അഭിനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കമ്പിവേലി നിര്‍മാണ യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. കേളകത്തെ ദേശസാത്‌കൃത ബാങ്കിനെ വായ്പയ്ക്കായി സമീപിച്ചപ്പോള്‍ നല്‍കാമെന്നറിയിച്ചിരുന്നതിനാല്‍ അഭിനന്ദ് പ്രതീക്ഷയിലായിരുന്നു.എന്നാല്‍ വായ്പ ലഭിക്കാതായതോടെ പ്രതീക്ഷകള്‍ നശിച്ചതായി വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിനന്ദ് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു. പൂതവേലില്‍ ജഗന്നാഥന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: വൃന്ദ. ഫെബ്രുവരിയിലായിരുന്നു അഭിനന്ദിന്റെ വിവാഹം.
കണ്ണൂര്‍ എരുവേശ്ശിയില്‍ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു;ജീവനൊടുക്കിയ സതീശന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ്
കണ്ണൂര്‍: എരുവേശ്ശിയില്‍ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു.ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്ബത് മണിക്കാണ് എരുവേശ്ശി മുയിപ്ര മലയോര ഗ്രാമത്തെ നടുക്കിയ സംഭവം ഉണ്ടായത്. സതീശന്‍ വാക്കത്തി കൊണ്ട് ഭാര്യ അഞ്ചുവിനെയും ഒന്‍പതുമാസം പ്രായമായ മകന്‍ ധ്യാന്‍ ദേവിനെയും പലതവണ വെട്ടുകയായിരുന്നു.പിന്നീട് അതേ കത്തി കൊണ്ട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. വീട് പുറത്ത് നിന്ന് പൂട്ടി തന്‍റെ അമ്മയെ ഒരു മുറിക്കകത്താക്കിയാണ് സതീശന്‍ കുഞ്ഞിനെയും ഭാര്യയെയും ആക്രമിച്ചത്. മുറിയിൽ നിന്നും നിലവിളി കേട്ടതിനെ തുടർന്ന് സതീഷിന്റെ സഹോദരനും നാട്ടുകാരും ഓടിയെത്തി വാതിൽ തല്ലിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്. സതീഷ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനേയും അഞ്ജുവിനേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അഞ്ജു അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. വിദേശത്ത് ഷെഫായി ജോലി ചെയ്യുകയായിരുന്ന സതീഷ് നാല് വർഷം മുൻപാണ് നാട്ടിലെത്തിയത്. അതേസമയം സതീഷിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി കുടുംബം വ്യക്തമാക്കി.സതീഷിനെ ഇന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കായി കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകമെന്ന് ബന്ധുക്കൾ പറയുന്നു.
ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍, യൂണിഫോം നിര്‍ബന്ധമാക്കില്ല; ഉച്ചഭക്ഷണത്തിനു പകരം അലവന്‍സ് നല്‍കും; സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ്ഗരേഖയായി
തിരുവനന്തപുരം : സംസ്ഥാനത്ത് നവംബര്‍ മുതല്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ്ഗരേഖയായി. ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന വിധത്തിലായിരിക്കും ക്ലാസ്സുകള്‍ ക്രമീകരിക്കുക. ക്ലാസ്സിനെ രണ്ടായി തിരിച്ച് രാവിലെ, ഉച്ചയ്ക്ക് എന്നിങ്ങനെ ആയിരിക്കും ക്ലാസ്സുകള്‍ നടത്തുകയെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാകില്ല, പകരം അലവന്‍സ് നല്‍കും. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. ശശീര ഊഷ്മാവ്, ഓക്‌സിജന്‍ എന്നിവ പരിശോധിക്കാന്‍ സ്‌കൂളുകളില്‍ സംവിധാനം ഒരുക്കും.ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്. അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നാം തിയതി തുറക്കുക. അതിന് മുൻപ് സ്‌കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂള്‍ തുറക്കും മുൻപ് സ്‌കൂള്‍തല പിടിഎ യോഗം ചേരും.അതേസമയം കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം സ്‌കൂളുകള്‍ തുറക്കാനെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും എല്ലാം വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കണം.ഒരു ബാച്ച് കുട്ടികള്‍ ക്ലാസുകളില്‍ ഹാജരായി പഠനം നടത്തുമ്പോൾ അതേ ക്ലാസ് മറ്റൊരു ബാച്ചിന് ഓണ്‍ലൈനായും അറ്റന്‍ഡ് ചെയ്യാം. ഷിഫ്റ്റ് സമ്ബ്രദായത്തില്‍ ഇത്തരം ക്രമീകരണം സാധ്യമാണെന്നും ഐഎംഎയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പടുന്നു; സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത
തിരുവനന്തപുരം: വെള്ളിയാഴ്ച വൈകീട്ടോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ തിങ്കളാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിലും, മദ്ധ്യകേരളത്തിലുമാണ് ശക്തമായ മഴ ലഭിക്കുക. മുന്നറിയിപ്പിനെ തുടർന്ന് ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും, ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തി. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിൽ മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ തീരമേഖലയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.