അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു
അടിമാലി: അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എല്‍ഐസി ഓഫീസിലെ താല്‍ക്കാലിക സുരക്ഷാജീവനക്കാരനാണ് ഓഫീസിനു തീയിട്ടത്. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രകോപിതനായ ഇയാള്‍ ഇന്നുച്ചയോടെ ഓഫീസില്‍ പെട്രോളുമായെത്തി തീയിടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വിലയിരുത്തുന്നു.
ഹര്‍ത്താലുകള്‍ നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹര്‍ത്താലുകള്‍ പ്രധിഷേധമെന്ന മൗലിക അവകാശമാണെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതി. ഹര്‍ത്താലും പണിമുടക്കും നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പര്യഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ തീരുമാനം. അഭിഭാഷകനായ ഷാജി കെ കോടംകണ്ടത്താണ് ഹരജി സമര്‍പ്പിച്ചത്.
ട്രംപിന്റെ ഉപദേഷ്ടാവായി മകള്‍ സ്ഥാനമേല്‍ക്കും
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായി മകള്‍ ഇവാങ്ക ട്രംപ് സ്ഥാനമേല്‍ക്കും. ശമ്പളമില്ലാതെയാണ് ഇവാങ്ക പദവിയില്‍ തുടരുകയെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ട്രംപിന്റെ മൂത്ത മകളായ ഇവാങ്ക (35) പിതാവ് പ്രസിഡന്റായി സ്ഥാനമേറ്റതുമുതല്‍ വൈറ്റ്ഹൗസിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
നാളെ വൈദ്യുതി മുടങ്ങും
ശ്രീകണ്ഠപുരം: ചെമ്പേരി, നിടിയേങ്ങ, പയ്യാവൂര്‍, ഇരിക്കൂര്‍, മലപ്പട്ടം, വളക്കൈ, ചേപ്പറമ്പ്, ശ്രീകണ്ഠപുരം, കൂട്ടുംമുഖം ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും
പറശ്ശനിക്കടവ് ബോട്ട് ജെട്ടിയുടെ പുതുക്കിപ്പണിയല്‍ വൈകുന്നു
തളിപ്പറമ്പ്: പറശ്ശിനിക്കടവ് ബോട്ട് ജെട്ടി പുതുക്കിപ്പണിയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ നിരാശരായി മടങ്ങാറാണ് പതിവ്. ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ യാത്രക്കാര്‍ കയറിപ്പറ്റുന്നത് ഏറെ വിഷമിച്ചാണ്. 1997 ജൂണിലാണ് ജലഗതാഗത വകുപ്പ് പറശ്ശിനിക്കടവില്‍നിന്ന് പറശ്ശിനി-മാട്ടൂല്‍ ബോട്ട് സര്‍വീസ് ആരംഭിച്ചത്.ഇടയ്ക്ക് നിലച്ചുപോയ സര്‍വീസ് ഇപ്പോള്‍ സജീവമാണെങ്കിലും ബോട്ടുകളില്‍ കയറിപ്പറ്റാനാകുന്നില്ല. തകര്‍ന്ന ബോട്ട് ജെട്ടി നാട്ടുകാർക്ക് തന്നെ നാണക്കേടുണ്ടാക്കുന്നു.
പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം
അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി 50,000 രൂപ പിഴയും ജീവപര്യന്തം തടവും ശിക്ഷ. 2011 ൽ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുവിനെ കൊല്ലുന്നവർക്ക് ഏഴു മുതൽ 10 വർഷം വരെയായിരുന്നു ശിക്ഷ. ഈ നിയമമാണ് ഭേദഗതി ചെയ്ത് ജീവപര്യന്തം ജയില്‍ശിക്ഷയുള്‍പ്പെടെയുള്ള കേസ് ആക്കി മാറ്റിയത്. ഇതു കൂടാതെ പശുക്കടത്തിന് 10 വർഷം തടവും പുതിയ നിയമത്തിൽ ശുപാർശ ചെയ്യുന്നുണ്ട്. കൂടാതെ പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയോട് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം അനുശാസിക്കുന്നു.
തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ നാളെ വൈകിട്ട്
തിരുവനന്തപുരം∙ അശ്ലീല ഫോൺ സംഭാഷണ ആരോപണത്തെ തുടർന്നു രാജിവച്ച എ.കെ. ശശീന്ദ്രനു പകരം കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ മന്ത്രിയായി നാളെ വൈകിട്ടു നാലു മണിക്കു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നു ചേർന്ന അടിയന്തര എൽഡിഎഫ് യോഗത്തിലാണു തീരുമാനമുണ്ടായത്.
എ.ടി.എമ്മുകള്‍ കാലി; ജനം നെട്ടോട്ടമോടുന്നു
കണ്ണൂര്‍: എ.ടി.എമ്മുകള്‍ കാലിയായിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ എ.ടി.എമ്മിലും കയറി ഇറങ്ങി വലയുകയാണ് ജനം. ജില്ലയിലെ പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മിക്കതിലും പണമില്ലാതായിട്ട് നാല് ദിവസമായി. പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ എ.ടി.എമ്മുകളെ നോട്ടുക്ഷാമം വലിയ തോതില്‍ ബാധിച്ചിട്ടില്ല. ബാങ്കുകളില്‍ പണം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് പരിധിയില്ലാതെ പണം നല്‍കാന്‍ തുടങ്ങിയതോടെ നോട്ട് ക്ഷാമം രൂക്ഷമായതാണ് എ.ടി.എമ്മുകള്‍ കാലിയാവാന്‍ കാരണം. എ.ടി.എമ്മുകളില്‍ പണമില്ലാതായതോടെ ബാങ്കുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരിച്ചുവരവ് ചിന്തിക്കുന്നില്ല: ശശീന്ദ്രൻ
കോഴിക്കോട് ∙ മന്ത്രിക്കസേരയിലേക്കുള്ള മടങ്ങിവരവ് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അശ്ലീല ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രൻ എംഎൽഎ. എൻസിപിയുടെ തന്നെ എംഎൽഎ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് വരട്ടേ. മന്ത്രിസ്ഥാനം വലുതാണെന്നാണ് കരുതുന്നില്ല. മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും തെറ്റ് പറ്റും. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. രാജിവയ്ക്കാനുള്ള തീരുമാനം ശരിയായിരുന്നെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാതിരുന്നത് നന്നായെന്നും ശശീന്ദ്രൻ പറഞ്ഞു. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണ്ടെന്ന സൂചനയും ശശീന്ദ്രൻ നൽകി. പൊലീസ് അന്വേഷണം തുടരട്ടെയെന്നും ശശീന്ദ്രൻ വ്യക്തമാക്കി.