News Desk

പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ കോടതി വിധി ഇന്ന്

keralanews court verdict today on the custody application of monson mavungal arrested in swindling crores of rupees by selling fake antique products

കൊച്ചി:പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. മോന്‍സനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്.ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മോന്‍സനെ റിമാന്‍ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ ആറുവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തത്.ഞായറാഴ്ചയാണ് പുരാവസ്തു വില്‍പനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശിയായ മോന്‍സണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറ് പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.ടിപ്പു സുൽത്താന്റെ സിംഹാസനം വരെ കൈവശമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.ചേർത്തലയിൽ ഒരു ആശാരിയുണ്ടാക്കിയ കസേരയാണ് ഇയാൾ ടിപ്പു സുൽത്താന്റെ സിംഹാസനം എന്ന് പറഞ്ഞ് വിറ്റത്. തട്ടിപ്പിന് പുറമെ കോടിക്കണക്കിന് രൂപ കടം വാങ്ങിയും ഇയാൾ ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നിലവിൽ സാമ്പത്തിക തട്ടിപ്പിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.ഡോ. മോൻസൻ മാവുങ്കൽ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇയാൾക്ക് ഡോക്ടറേറ്റ് പോലുമില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അഞ്ച് പേരിൽ നിന്നായി 10 കോടി രൂപ ഇയാൾ വാങ്ങി. പലിശരഹിതമായ വായ്പ്പ നൽകാമെന്നായിരുന്നു വാഗ്ദാനം. പ്രതിയ്‌ക്ക് സംസ്ഥാനത്ത് ഉന്നതരുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽ കറൻസി വേട്ട;9.45 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയുമായി കാസർകോട് സ്വദേശി പിടിയിൽ

keralanews currency hunt at kannur airport kasargod resident arrested with indian currency worth rs 9.45 lakh

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ കറൻസി വേട്ട. 9.45 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയുമായി കാസർകോട് സ്വദേശി പിടിയിലായി.കാസർകോഡ് മുട്ടതോടി ആമിന വില്ലയിൽ മുഹമ്മദ് അൻവർ ആണ് പിടിയിലായത്.ഗോ എയർ ജി8 1518 വിമാനത്തിൽ ഷാർജയിലേക്ക് പോകാൻ എത്തിയതായിരുന്നു ഇയാൾ.കിയാൽ സ്റ്റാഫും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കറൻസി പിടിച്ചെടുത്തത്. ഷൂസിലും സോക്സിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് കറൻസികൾ കണ്ടെത്തിയത്. അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, എൻ സി പ്രശാന്ത്, കെ പി സേതുമാധവൻ, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ കൂവൻ പ്രകാശൻ, അശോക് കുമാർ, ദീപക്, ജുബർ ഖാൻ, രാംലാൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

കെഎസ്ആർടിസി ബസുകളിൽ ഇനി ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാൻ അനുമതി;ഒക്‌ടോബര്‍ ഒന്ന്‌ മുതല്‍ ടിക്കറ്റ് നിരക്ക് കുറയ്‌ക്കുമെന്നും മന്ത്രി ആന്റണി രാജു

keralanews permission to carry two wheelers in ksrtc buses ticket rate will reduce from october 1st

തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ലോ ഫ്‌ലോർ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇബൈക്ക്, ഇ സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഇതിനായി യാത്രക്കാരിൽ നിന്നും ഒരു നിശ്ചിത തുക ഈടാക്കും. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.നവംബർ ഒന്നു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. അടുത്തമാസം ഒന്ന് മുതൽ ബസ് ടിക്കറ്റ് നിരക്ക് കുറയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. കൊറോണയ്‌ക്ക് മുൻപുള്ള നിരക്കിലേക്കാണ് മാറ്റമുണ്ടാകുക. കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് നേരിട്ടതോടെ നേരത്തെ ഫ്ളക്സി റേറ്റ് രീതിയായിരുന്നു കെഎസ്ആർടിസിയിൽ ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇന്ന് 11,699 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആര്‍ 14.55 ശതമാനം;58 മരണം;17,763 പേര്‍ക്ക് രോഗമുക്തി

keralanews 11699 corona cases confirmed in the state today 58 deaths 17763 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,699 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂർ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസർഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്.ടിപിആര്‍ 14.55 ശതമാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,661 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,134 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 492 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,763 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 126, പത്തനംതിട്ട 426, ആലപ്പുഴ 1285, കോട്ടയം 1646, ഇടുക്കി 681, എറണാകുളം 606, തൃശൂർ 4496, പാലക്കാട് 941, മലപ്പുറം 1947, കോഴിക്കോട് 1790, വയനാട് 801, കണ്ണൂർ 628, കാസർഗോഡ് 294 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

നാദാപുരത്ത് രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു

Baby boy sleeping in the bed

കോഴിക്കോട്: നാദാപുരത്ത് രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി.കുട്ടികൾ ഇരുവരും മരിച്ചു. മൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവരാണ് മരിച്ചത്.നാദാപുരം പേരോട് ഇന്നലെ രാത്രിയാണ് സംഭവം. പേരോട് സ്വദേശി സുബിനയാണ് കിണറ്റിൽ ചാടിയത്. രക്ഷപ്പെടുത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സുബിന നിലവിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് അറിയിച്ചു.സുബിന കിണറ്റിൽ ചാടുന്നതിന് മുമ്പ് വീട്ടുകാരെ വിളിച്ച് കാര്യം അറിയിച്ചിരുന്നു. കുട്ടികളെ കിണറ്റിലിട്ടതായും താൻ ചാടാൻ പോകുകയാണെന്നും സുബിന പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും സംഭവസ്ഥലത്തെത്തുകയും രക്ഷപ്പെടുത്താൻ ശ്രമം നടത്തുകയും ചെയ്തു. അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.

സംസ്ഥാനത്ത് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താലിന് തുടക്കം;കെഎസ്‌ആര്‍ടിസി, ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ ഇല്ല

keralanews hartal called by trade unions in the state started no ksrtc auto taxi service

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താലിന് തുടക്കമായി.. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ന് സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കെഎസ്‌ആര്‍ടിസി,ഓട്ടോ-ടാക്‌സി സർവീസുകൾ ഉണ്ടാകില്ല. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്ന് സമരാനുകൂലികള്‍ വ്യക്തമാക്കി.പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍ നടക്കുന്നത്.യാത്രക്കാരുടെ തിരക്ക് ഉണ്ടാകാന്‍ സാധ്യത കുറവായതിനാലും ജീവനക്കാരുടെ അഭാവം കണക്കിലെടുത്തുമാണ് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടത്താത്തത്. അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ നടത്തും. പോലീസിന്റെ അകമ്ബടിയോടെയായിരിക്കും സര്‍വീസുകള്‍. ദീര്‍ഘദൂര സര്‍വീസുകള്‍ വൈകിട്ട് ആറിന് ശേഷം ഉണ്ടായിരിക്കുമെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഹർത്താലെന്നാണ് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവന്റെ വാദം. അതേസമയം താത്പര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

വി.എം. സുധീരന്‍ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു

keralanews v m sudheeran also resigned aicc membership

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണം.സുധീരന്‍ ശനിയാഴ്ച കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചിരുന്നു.പുതിയ സാഹചര്യത്തില്‍ അനുനയ നീക്കം ഊര്‍ജ്ജിതമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍രെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സുധീരന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തും.പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നാണ് സുധീരന്റെ പരാതി. നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും സുധീരന്‍ പറഞ്ഞു.

ഏഴുപേർക്ക് പുതുജീവൻ നൽകി നേവിസ് യാത്രയായി;ഹൃദയം കണ്ണൂര്‍ സ്വദേശിയിലൂടെ ഇനിയും തുടിക്കും;ശസ്ത്രക്രിയ പൂര്‍ത്തിയായത് ഇന്ന് പുലര്‍ച്ചെ

keralanews nevis left after giving nee life to seven heart given to kannur native surgery completed today morning

കൊച്ചി:ആലുവ രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂര്‍ സ്വദേശി നേവിസ് (25) ഇനി 7 പേരിലൂടെ ജീവിക്കും.നേവിസിന്റെ ഹൃദയം, കരള്‍, കൈകള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്തു. വടവാതൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സില്‍ സാജന്‍ മാത്യുവിന്റെയും ഷെറിന്റെയും മകനും ഫ്രാന്‍സില്‍ അക്കൗണ്ടിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ നേവിസിന്റെ മസ്തിഷ്‌ക മരണം ഇന്നലെയാണു സ്ഥിരീകരിച്ചത്. വീട്ടിലിരുന്ന് ഓണ്‍ലൈനായാണു നേവിസ് പഠിച്ചിരുന്നത്. 16നു രാത്രിയിലെ പഠനം കഴിഞ്ഞു കിടന്ന യുവാവ് ഉണരാന്‍ വൈകിയതിനെ തുടർന്ന്  സഹോദരി വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്നു കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്‌നം. ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ 20ന് ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാത്രി മസ്തിഷ്‌ക മരണം സംഭവിച്ചതോടെ നേവിസിന്റെ മാതാപിതാക്കള്‍ മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായി. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററില്‍ ചികിത്സയിലുള്ള രോഗിയിലാണു ഹൃദയം തുന്നിച്ചേര്‍ത്തത്. വൃക്കകളില്‍ ഒന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും മറ്റൊന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും. കൈകള്‍ കൊച്ചി അമൃത ആശുപത്രിയിലും നേത്രപടലങ്ങള്‍ അങ്കമാലി എല്‍എഫ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കു നല്‍കി. കരള്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കു തന്നെയാണു നല്‍കിയത്.കോഴിക്കോട്ടെ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ കൊച്ചിയിലെത്താന്‍ സമയമെടുക്കും എന്നതിനാല്‍ എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണു ഹൃദയം ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയത്.എറണാകുളത്ത് നിന്നും ഹൃദയവും വഹിച്ച്‌ കൊണ്ടുള്ള വാഹനം കോഴിക്കോടേക്ക് ഇന്നലെ വൈകുന്നേരം 4.10ന് പുറപ്പെട്ടു. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കി. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കി. മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ജനങ്ങളും ഉണര്‍ന്നു. വൈകുന്നേരം 7.15 കോഴിക്കോട് ആശുപത്രിയില്‍ മൃതദേഹം എത്തി. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിച്ചത്. നേവിസിന്റെ മൃതദേഹം പാലാ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ചൊവ്വ രാവിലെ കളത്തിപ്പടിയിലെ വീട്ടില്‍ കൊണ്ടു വരും. സംസ്‌കാരം 12.30നു വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ശാസ്ത്രി റോഡിലെ സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയില്‍.

മോശം കാലാവസ്ഥ;കണ്ണൂരിലും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി

keralanews bad weather flights to kannur and mangalore land at nedumbassery

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുട‍ര്‍ന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറക്കേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവ ഇറക്കിയത്.ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുമായി വന്ന എയ‍ര്‍ ഇന്ത്യ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയ‍ര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാ‍ര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ അതത് വിമാനത്താവളങ്ങളിലേക്ക് തിരികെ പോകും.അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമായത്. അതേസമയം കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാര്‍ക്ക് തടസം നേരിട്ടു. പുലര്‍ച്ചെ മൂന്നരയ്ക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് പുറപ്പെടാന്‍ സാധിക്കാതെ വിമാനത്താവളത്തില്‍ തന്നെ കിടക്കുന്നത്.

കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം; യുവാവ് മരിച്ചു

keralanews wild elephanat attack against couples traveling on bike in kannur man died

കണ്ണൂര്‍:വള്ളിത്തോട് പെരിങ്കിരിയില്‍ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഭര്‍ത്താവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവർ. അതിനിടെ, നിര്‍ത്തിയിട്ടിരുന്ന ജെ സി ബി ക്കെതിരെ യും ആന ആക്രമണത്തിന് മുതിര്‍ന്നിട്ടുണ്ട്. ജെസിബി കുത്തിമറിയ്ക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്ബ് ഒടിയുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ കുറെക്കാലമായി ഇരിട്ടി – ആറളം മേഖലയില്‍ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ് ആറളം മേഖലയില്‍ ഇതുവരെയായി ഏഴു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടുപന്നിയും കാട്ടാനയും ഈ മേഖലയിലെ പ്രധാന പ്രതിസന്ധിയാണ്.