കണ്ണൂര്‍ : ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച അനുരഞ്ജന യോഗം പരാജയപ്പെട്ടു.തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഓരോ ബസ് ഉടമകള്‍ക്കും നോട്ടീസ് നല്‍കി ഓരോ ഉടമകളുമായി കരാര്‍ ഉണ്ടാക്കണമെന്ന നിലപാടാണ് ബസ് ഉടമസ്ഥ സംഘടനകള്‍ സ്വീകരിച്ചത്. ചര്‍ച്ചയില്‍ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ ജയരാജന്‍, എം കെ ഗോപി (സിഐടിയു), പി സൂര്യദാസ് (ഐഎന്‍ടിയുസി), താവം ബാലകൃഷ്ണന്‍, എന്‍ പ്രസാദ് (എഐടിയുസി), സി കൃഷ്ണന്‍ (ബിഎംഎസ്), ആലിക്കുഞ്ഞി (എസ്ടിയു), എന്‍ മോഹനന്‍, സി എച്ച് ലക്ഷ്മണന്‍ എന്നിവരും ബസ് ഉടമസ്ഥ സംഘടനകള്‍ക്ക് വേണ്ടി കോ-ഓഡിനേഷന്‍ ചെയര്‍മാന്‍ വി ജെ സബാസ്റ്റ്യന്‍, പി കെ പവിത്രന്‍, ഗംഗാധരന്‍ എന്നിവരും പങ്കെടുത്തു.
എസ്എസ്എയില്‍ അഭിമുഖം
കണ്ണൂര്‍ : സര്‍വശിക്ഷാ അഭിയാനില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള അഭിമുഖം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഏഴിനും എംഐഎസ് കോ-ഓര്‍ഡിനേറ്റര്‍ പത്തിനും ഡ്രൈവര്‍ 11ന് രാവിലെയും സിവില്‍ എന്‍ജിനിയര്‍ 11ന് ഉച്ചക്കും പ്യൂണ്‍, വാച്ച്മാന്‍ 12നും അക്കൌണ്ടന്റ് 15നും ജില്ലാഓഫീസില്‍ നടക്കും.സര്‍വശിക്ഷാ അഭിയാന്‍ ജില്ലാപ്രൊജക്ട് ഓഫീസിന്റെ വിവിധ ഓഫീസുകളില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ സംസ്ഥാന/ കേന്ദ്രസക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ആറു മാസത്തെ പ്രവൃത്തിപരിചയവും ആയി പുതുക്കി നിശ്ചയിച്ചു.
താണയില്‍ രണ്ടാമതും ഡിജിറ്റല്‍ സിഗ്നല്‍
കണ്ണൂര്‍: ഡിജിറ്റല്‍ സംവിധാനത്തോടെയുള്ള രണ്ടാമത്തെ സിഗ്നല്‍ ലൈറ്റും കണ്ണൂര്‍ നഗരത്തില്‍ പ്രവർത്തിച്ചു തുടങ്ങി. കാല്‍ടെക്സ് ജങ്ഷന് പിന്നാലെ താണയിലാണ് രണ്ടാമത്തെ സിഗ്നല്‍. എട്ടുലക്ഷം രൂപ ചെലവില്‍ ആരംഭിക്കുന്ന സംവിധാനം മേയര്‍ ഇ പി ലത സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. താണയില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സമയം സിഗ്നലില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതിയാണ് ഡിജിറ്റല്‍ സംവിധാനം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. കാല്‍ടെക്സ് ജങ്ഷനില്‍ ട്രാഫിക് സര്‍ക്കിളും ലൈറ്റും ഉള്‍പ്പെടെ സജ്ജീകരിക്കാന്‍ 42 ലക്ഷം രൂപയാണ് ഹൈക്കൌണ്ട് പൈപ്പ്സ് ചെലവഴിച്ചത്
കളിയല്ല ഈ വേനലവധിക്കാലം
കണ്ണൂര്‍ : റമീസിനും കൂട്ടുകാര്‍ക്കും കളിയല്ല ഈ വേനലവധിക്കാലം. സ്കൂള്‍ തുറക്കുമ്പോള്‍ അച്ഛന്റെ മുന്നില്‍ കൈനീട്ടാതെ പുസ്തകം വാങ്ങാനുള്ള അല്‍പ്പം കാര്യംതന്നെയാണ്. കൂട്ടുകാര്‍ പാടത്തും പറമ്പിലും പുഴയിലും തിമിര്‍ക്കുമ്പോള്‍ കണ്ണൂര്‍ നഗരത്തിലെ പൊരിവെയിലത്ത് റമീസും ഭാസ്കരും അഷ്മിറും തിരക്കിട്ട കച്ചവടത്തിലാണ്.
മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തെ മൂവരുടെയും വീട്ടുവളപ്പില്‍ സുലഭമായുണ്ടാവുന്ന ചക്ക പണമുണ്ടാക്കാനുള്ള വഴിയാണെന്ന് തിരിച്ചറിഞ്ഞത് മൂന്നുവര്‍ഷം മുമ്പാണ്. അന്നുമുതല്‍ തുടര്‍ച്ചയായി എല്ലാ വിഷുവിനും തൊട്ടുമുമ്പ് രണ്ടാഴ്ച ചക്കയുമായി ഇവര്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെത്തും. 60 മുതല്‍ 150 രൂപവരെ വിലയുള്ള ചക്ക വില്‍പനയ്ക്കുണ്ട്. ഇത്തവണയും കച്ചവടം മോശമല്ല. 500 മുതല്‍ 800 രൂപവരെ ഒരു ദിവസം ഈ കൊച്ചുകൂട്ടുകാര്‍ കച്ചവടം ചെയ്തു നേടുന്നു.
ബജറ്റ് പദ്ധതികള്‍ അവലോകനം ചെയ്ത് ജില്ലാ പഞ്ചായത്ത് ഗ്രാമസഭ
കണ്ണൂര്‍ : ബജറ്റില്‍ അനുവദിച്ച വികസനോന്മുഖ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ലാ പഞ്ചായത്ത് ഗ്രാമസഭായോഗം. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. വികസനത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുന്നോട്ട് പോവുകയെന്നതാണ് സംസ്ഥാനസര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ജനോപകാരപ്രദവും ദീര്‍ഘവീക്ഷണവുമുളള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി പി ദിവ്യ ബജറ്റ് പദ്ധതികള്‍ വിശദീകരിച്ചു.
ജിഷ്ണുവിന്റെ മരണം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാല സമരത്തിലേക്ക്
നാദാപുരം: പാമ്പാടി നെഹ്‌റു കോളെജില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജിഷ്ണു മരണപ്പെട്ട് 89 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങുന്നത്. ഈ മാസം അഞ്ചിന് ഡിജിപി ഓഫീസിനു മുന്നിലാണ് കുടുംബാംഗങ്ങളുടെ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
നേരത്തെ കഴിഞ്ഞ മാസം അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. പ്രതികളെ രണ്ടാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യും എന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ ഇതുവരെയും പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. അതിനിടെ കേസിലെ മുഖ്യപ്രതി പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി സുപ്രിംകോടതി ശരിവെക്കുകയും ചെയ്തു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മ മഹിജയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിം കോടതി തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസം ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. വാട്ട്സാപ്പ് സന്ദേശങ്ങളാണ് സംഘത്തിന് ലഭിച്ചത്. ഇത് കേസന്വേഷണത്തില്‍ കൂടുതല്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കി. പല ട്രഷറികളിലും പണമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തുറന്നുപറഞ്ഞ് അക്രമത്തിനിരയായ നടി രംഗത്ത്
കൊച്ചി:പ്രമുഖ നടിക്ക് നേരെയുണ്ടായ ഗൂണ്ടാ അതിക്രമത്തിന്റെ വിവാദങ്ങളും തര്‍ക്കങ്ങളും ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിഷയത്തില്‍ ഉയരുകയാണ്. പ്രമുഖ വാരികയ്ക്ക് നടി അതിക്രമത്തിനിരയായ ശേഷം ആദ്യമായി നല്‍കിയ അഭിമുഖമാണ് വീണ്ടും വിഷയത്തെ ചര്‍ച്ചയാക്കുന്നത്. തനിക്ക് നീതി കിട്ടിയേ തീരൂ എന്ന് ‘വനിതയ്ക്ക്’ നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു. അതിക്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന സൂചനയും നടി നല്‍കി. പണത്തിന് വേണ്ടി മാത്രമായിരുന്നു ഇതെല്ലാമെന്ന് പറഞ്ഞാല്‍, യോജിക്കാത്ത ഒരുപിടി കാര്യങ്ങളുണ്ടെന്നും അവര്‍ വ്യക്തമാക്കി. തൃപ്തികരമായ ഉത്തരം കിട്ടേണ്ട ഒരുപിടി ചോദ്യങ്ങള്‍ തന്റെ മുന്നിലുണ്ട്. വിജയം വരെയും താന്‍ പോരാടുമെന്നും നടി അഭിമുഖത്തില്‍ പ്രഖ്യാപിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ ധൈര്യസമേതം മുന്നോട്ടുവന്ന് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും നടി ആഹ്വാനം ചെയ്തു. എന്തിന് വേട്ടക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കണം. അപമാനവത്തിന്റെ വേദന അനുഭവിക്കേണ്ടത് ഇരയായ സ്ത്രീയല്ല, മറിച്ച് കുറ്റം ചെയ്തയാളാകണമെന്നും അവര്‍ വ്യക്തമാക്കി. സിനിമാ മേഖലയില്‍ ശത്രുക്കളുണ്ടെന്നും നടി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ നടിക്ക് നേരെ ആക്രണമുണ്ടായത്. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനും പള്‍സര്‍ സുനിയുമുള്‍പ്പെടെയുള്ള അഞ്ച് പേര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
ചര്‍ച്ച പരാജയം; അനിശ്ചിതകാല ചരക്കു ലോറി സമരം തുടരും
പാലക്കാട്: പാലക്കാട്: സംസ്ഥാനത്ത് അനിശ്ചിതകാല ചരക്കു ലോറി സമരം ശക്തമാക്കാന്‍ ലോറി ഉടമകളുടെ തീരുമാനം. ഹൈദ്രാബാദില്‍ വെച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചത്. എല്‍പിജി ടാങ്കറുകളും ചരക്കു വാഹനസമരത്തില്‍ പങ്ക് ചേർന്നു.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമാ കോര്‍ഡിനേറ്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. സമവായമില്ലാത്ത പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള ചരക്ക് നീക്കം തീര്‍ത്തും സ്തംഭിച്ച മട്ടിലാണ്.
200 രൂപ നോട്ട് വരുന്നു
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഗവണ്മെന്റ് അംഗീകാരം കുടി ലഭിച്ച ശേഷം ജൂൺ കഴിഞ്ഞിട്ടായിരിക്കും 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.