ഇരിട്ടി: വെള്ളക്കരം കുടിശ്ശിക ആയതിനെ തുടർന്ന് ആറളം പഞ്ചായത്തിലെ ചങ്കയത്തോട് പട്ടികവർഗ കോളനി നിവാസികൾക്കുള്ള കുടിവെള്ള വിതരണം നിർത്തിയത് കോളനി നിവാസികളെ ദുരിതത്തിലാക്കുന്നു. മുപ്പത് കുട്ടികൾ പഠിക്കുന്ന അങ്കണവാടിക്കും ഇതോടെ വെള്ളം ലഭിക്കാതെയായി. കോളനിയിലെ ഇരുപത്തി അഞ്ചു വീടുകളിലായി നൂറിലധികം പേരാണ് കഴിയുന്നത്. കിണറുകളെല്ലാം വറ്റിയതോടെ പുഴവക്കിലെ കുഴികളിൽ നിന്നാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. ഇത് വൻ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിച്ച് കൊണ്ടിരിക്കുന്നത്. കോളനിക്കായി സർക്കാർ ചിലവിൽ കുടിവെള്ളം വേണമെന്നാണ് ഇവരുടെ ആവശ്യം. പട്ടിക വർഗ വിഭാഗക്കാർക്ക് കുടിവെള്ള പദ്ധതി ഉണ്ടായിട്ടും അതൊന്നും കോളനി വാസികൾക്ക് ലഭിക്കുന്നില്ല.
മിഷനറി ട്രെയിനിങ് ക്യാമ്പിന് പൊട്ടംപ്ലാവിൽ ഇന്ന് തുടക്കം
പൊട്ടംപ്ലാവ്: ദൈവ വിശ്വാസവും സഭാ സ്നേഹവുമുള്ള കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മിഷനറി ട്രെയിനിങ് ക്യാമ്പ് ഇന്ന് മുതൽ ചെമ്പേരി മേഖലയിലെ പൊട്ടംപ്ലാവിൽ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ ചെമ്പേരി ഫൊറോനാ വികാരി റവ.ഡോ. ജോസഫ് കരിനാട്ട് ഉദ്‌ഘാടനം ചെയ്യും. 24 നു രാവിലെ ക്യാമ്പ് സമാപിക്കും.
സുരക്ഷാ ഏജൻസികളുടെ സംയുക്ത പരിശോധന തുടങ്ങി
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര ഏജൻസികളുടെ സംയുക്ത സുരക്ഷാ പരിശോധന തുടങ്ങി. രണ്ടു ദിവസത്തെ പരിശോധന ഇന്ന് സമാപിക്കും. വിമാനത്താവളത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് ഇന്നലെ ഉച്ച മുതൽ പരിശോധന ആരംഭിച്ചത്. സുരക്ഷാ സംവിധാനങ്ങളും നിർമാണ പ്രവർത്തനങ്ങളും സംഘം പരിശോധിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ മൂന്നാംഘട്ടമാണിത്. ടെർമിനൽ കെട്ടിടം, റൺവേ, വിവിധ റോഡുകൾ, പ്രവേശന കവാടം തുടങ്ങിയവയെല്ലാം പരിശോധിച്ചു.
മുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം : മുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ലെന്നു പി കെ കുഞ്ഞാലിക്കുട്ടി. ഇടത് നേതാക്കളുടെ വിമർശനം മലപ്പുറത്തെ കുറിച്ച് അറിയാത്തതുകൊണ്ടാണെന്നു മുസ്‌ലിൽ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഓരോ നേതാക്കളുടെ അഭിപ്രായത്തിനും മറുപടി പറയാനില്ല. ഹൈന്ദവ ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നിലും ലീഗിന് മുന്നേറ്റമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ: സർക്കാർ മുന്നോട്ടു പോകുമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: മുന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. കഴിഞ്ഞ ദിവസം നടന്ന കൈയേറ്റം ഒഴിപ്പിക്കൽ സ്വാഭാവിക നടപടികൾ മാത്രമാണ്. ഇക്കാര്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ എസിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി സൂചന
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന നടത്തിയ ബോംബാക്രമണത്തിൽ മലയാളിയായ ഐ എസ് ഭീകരനും കൊല്ലപ്പെട്ടതായി സൂചന. ഐ എസിൽ ചേർന്നവരുടെ തലവനെന്നു കരുതുന്ന സജീർ മംഗലശ്ശേരി അബ്ദുല്ലയാണ് അഫ്ഗാനിസ്ഥാനിലെ നംഗർഹർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചത്.
വയനാട്ടിലെ സുൽത്താൻ ബത്തേരി സ്വദേശിയാണ് സജീർ മംഗലശ്ശേരി അബ്ദുല്ല. കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം യു എ ഇ ഇൽ എത്തിയ സജീർ അവിടെ നിന്നാണ് ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് പോയത്. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഈ കാര്യം
മൂന്നാര്‍ വിഷയം മുഖ്യമന്ത്രി കളക്ടറെ ശാസിച്ചു
തിരുവനന്തപുരം: മൂന്നാറില്‍ കുരിശു പൊളിച്ച നടപടിയില്‍ മുഖ്യമന്ത്രി അനിഷ്ടം രേഖപ്പെടുത്തി. വിഷയത്തില്‍ ജില്ലാ ഭരണകൂടം കുറെക്കൂടി ജാഗ്രതയും ശ്രദ്ധയും കാണിക്കണമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ജില്ലാ കളക്ടറെ വിളിച്ച് ശാസിച്ചതായുമാണ് റിപ്പോര്‍ട്ട്. കുരിശ് പൊളിച്ചത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നടപടിയാണെന്ന് പിണറായി കോട്ടയത്ത് പൊതുപരിപാടിയില്‍ പറഞ്ഞു. കുരിശ് എന്നത് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്ന പ്രതീകമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. ബാക്കി കാര്യങ്ങള്‍ നാളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കളി ലാലേട്ടനോട് വേണ്ടെന്നു മല്ലു ഹാക്കേഴ്‌സ്
രണ്ടാമൂഴത്തിൽ ഭീമനാവാനൊരുങ്ങുന്ന മോഹൻലാലിനെ കളിയാക്കി ട്വീറ്റ് ചെയ്ത ബോളിവുഡ് സിനിമ നിരൂപകനും നടനുമായ കമൽ ആർ ഖാനെതിരെയുള്ള സൈബർ ആക്രമണം തുടങ്ങി കഴിഞ്ഞതായി കമ്പ്യൂട്ടർ ഹാക്കർ മാരുടെ കൂട്ടായ്മയായ മല്ലു സൈബർ സോൾജിയേഴ്സ്. കെ ആർ കെ യുടെ പ്രധാന വരുമാന മാർഗമായ ഗൂഗിൾ അഡ്ഡ്‌സെൻഡ് അക്കൗണ്ടും പൂട്ടിക്കും. എം ടി വാസുദേവൻ നായരുടെ പ്രശസ്ത നോവൽ രണ്ടാം ഊഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു തൊട്ടു പുറകെയാണ് കെ ആർ കെ മോഹൻലാലിനെ പരിഹസിച്ചു രംഗത്തെത്തിയത്. മോഹൻലാൽ ഛോട്ടാഭീമിനെപോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങനെ ആണ് ഭീമനെ അവതരിപ്പിക്കുക എന്നുമായിരുന്നു കെ ആർ കെയുടെ വിവാദ ട്വീറ്റ്. ഇതിനെതിരെയാണ് മലയാളികൾ ശക്തമായ ആക്രമണം അഴിച്ചു വിട്ടത്.
ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടരുതെന്നു പെട്രോളിയം മന്ത്രാലയം
ന്യൂഡൽഹി: ഞായറഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടരുതെന്നു പെട്രോളിയം മന്ത്രാലയം. ഇത്തരം നീക്കം പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആഴ്ചയിൽ ഒരിക്കൽ പെട്രോൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പ്രധാന മന്ത്രി രാജ്യത്തെ ജനങ്ങളോടാണ് അഭ്യർത്ഥിച്ചത് അല്ലാതെ ഞായറാഴ്ചകളിൽ പമ്പുകൾ അടച്ചിടാനല്ല പറഞ്ഞതെന്നും പെട്രോളിയം മന്ത്രാലയം ഔദ്യോഗിക ട്വിറ്റെർ പേജിൽ പറഞ്ഞു.
കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ മെയ് 14 മുതൽ ഞായറാഴ്ചകളിൽ പമ്പുകൾ അടച്ചിടാനാണ് ഉടമകൾ തീരുമാനിച്ചിരുന്നത്. ഇന്ധനക്ഷാമം മറികടക്കുക എന്ന ലക്ഷ്യത്തോടെ ഉള്ള പ്രധാന മന്ത്രിയുടെ നിർദേശത്തെ തുടർന്നായിരുന്നു ഇത്.
ഹൈ കോടതി ജഡ്ജിയുടെ ഇംഗ്ലീഷ് മോശം: ഉത്തരവ് സുപ്രീം കോടതി റദ്ധാക്കി
ന്യൂഡൽഹി: ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയുടെ ഇംഗ്ലീഷ് ഭാഷ മോശമായതിനെ പേരിൽ വിധി റദ്‌ചെയ്തു സുപ്രീം കോടതി ഉത്തരവ്. ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിലെ മോശം ഇംഗ്ലീഷ് കാരണം വിധിയിലെ ഉത്തരവ് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ ഈ അപൂർവ നടപടി. വാടക തർക്കം സംബന്ധിച്ചുള്ള ഹർജിയിലെ ഹൈക്കോടതി വിധിയാണ് റദ്ദാക്കിയത്. കേസ് വീണ്ടും പരിഗണിച്ചേയ്ക്കും.