ഇരിട്ടി: റോഡുനിര്‍മാണ പ്രവൃത്തിക്കിടെ മെറ്റല്‍ കയറ്റിയ ടിപ്പര്‍ലോറി വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുന്നാട് പാറേങ്ങാട്ടെ കിഴക്കേപുരയില്‍ വിന്‍കുമാറിന്റെ വീടിന്റെ അടുക്കളഭാഗത്തേക്കാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം. അപകടത്തിന് അല്പംമുമ്പുവരെ വീട്ടുകാര്‍ മുറ്റത്തുണ്ടായിരുന്നു. ക്രെയിനുപയോഗിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ ലോറി എടുത്തുമാറ്റി.
താഴെ ചൊവ്വയിൽ പാലം നിർമാണം തുടങ്ങി
താഴെചൊവ്വ: ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമായി താഴെ ചൊവ്വയിൽ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചു. നിലവിലെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തു ഒന്നര മീറ്റർ മാറിയാണ് പാലം പണിയുന്നത്. 20 മീറ്റർ നീളവും 9 .80 മീറ്റർ വീതിയുമുള്ള പാലത്തിന് 3 .50 കോടി രൂപയുമാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കുന്നുണ്ട്. ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നു പോകാനാവുന്ന വിധത്തിലാണ് നിർമാണം.
നിയമസഹായം നൽകുന്നതിന് വളണ്ടിയർമാരെ നിയമിക്കുന്നു
കണ്ണൂർ: ജില്ലാ നിയമസേവന അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമസഹായം, നിയമ ബോധവൽക്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയും അഴിമതി അടക്കമുള്ള സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടലുകളുമാണ് പാരാ ലീഗൽ വളണ്ടിയർമാരുടെ ചുമതലകൾ.
അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, മുതിർന്ന പൗരന്മാർ, അംഗൻവാടി പ്രവർത്തകർ, ഡോക്ടർമാർ, വിദ്യാർഥികൾ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം തലശ്ശേരിയിലെ ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിട്ടി , കണ്ണൂരിലെയും തളിപ്പറമ്പിലേയും താലൂക്ക് നിയമന സേവന കമ്മിറ്റി ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകർ മെയ് 25 നു മുമ്പ് അതാത് ഓഫീസുകളിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കും.
ജനങ്ങളെ സർക്കാർ അപമാനിക്കുന്നു
കണ്ണൂർ : വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ച് അധികാരത്തിലേറിയ എൽ ഡി എഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ നിരന്തരം അപമാനിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ എ ഡി മുസ്തഫ. ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയത്തിലും പ്രവാസി വിരുദ്ധ നയത്തിലും പ്രതിഷേധിച്ച് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി പത്തുമാസം കഴിയുമ്പോഴേക്കും ജനങ്ങൾ ഇത്രമാത്രം വെറുത്ത ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
ചോര്‍ത്തിയാല്‍ കുടുങ്ങും
ന്യൂഡൽഹി: അടുത്തിടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് പെന്‍ഷന്‍കാരുടെ ആധാര്‍ വിവരങ്ങള്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടുത്തിടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഛണ്ഡിഗഡിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
സൈന്യത്തെ ആക്രമിച്ച മാവോയിസ്റ്റ് ആര്..????
സുക്മ: സിപിഐ മാവോയിസ്റ്റിന്റെ ആംഡ് വിംഗ് കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് സൂചന. ഹിദ്മയുടെ തലയ്ക്ക് 40 ലക്ഷമാണ് പ്രഖ്യാപിച്ചിട്ടുളളത്. സുരക്ഷാ സേനയ്ക്കെതിരെയുള്ള നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹിദ്മയെന്നാണ് കരുതുന്നത്. സൗത്ത് ബസ്താറിലെ സുഖ്മ ബീജാപൂര്‍ മേഖലയില്‍ വിന്യസിച്ചിട്ടുള്ള ആദ്യ മാവോയിസ്റ്റ് ബറ്റാലിയന്റെ തലവനാണ് 25 കാരനായ ഹിദ്മ.
ബോളിവുഡ് നടന്‍ വിനോദ് ഖന്ന അന്തരിച്ചു
മുംബൈ: നടനും എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മുംബൈ എച്ച്എന്‍ റിലയന്‍സ് റിസര്‍ച് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1946 ഒക്ടോബര്‍ ആറിന് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പെഷാവറില്‍ ജനിച്ച അദ്ദേഹം, വിഭജന കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കു കുടിയേറുകയായിരുന്നു. 1968ല്‍ സുനില്‍ ദത്തിന്റെ ‘മന്‍ കി മീതി’ല്‍ വില്ലനായിട്ടായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള വരവ്. പിന്നീട് നായകവേഷങ്ങളിലേക്കു കൂടുമാറിയ ഖന്ന, ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. ‘അമര്‍ അക്ബര്‍ ആന്റണി’, ‘ഇന്‍സാഫ്’, ‘ദ ബേണിങ് ട്രെയിന്‍’, ‘മുക്കന്ദര്‍ കാ സിക്കന്ദര്‍’ എന്നിവയുള്‍പ്പെടെ നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പേനകൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കണമെന്ന് ആർ ബി ഐ
ന്യൂഡൽഹി: പേനകൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കണമെന്ന് ആർ ബി ഐ. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ മൂലം എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയെ തുടർന്നാണ് ആർ ബി ഐയുടെ നിർദേശം. നോട്ടുകളിൽ എഴുതുന്നത് ആർ ബി ഐയുടെ ക്‌ളീൻ നോട്ട് പോളിസിക്ക് എതിരാണ്. ഇത് സംബന്ധിച്ച നിർദേശം ആർ ബി ഐ അക്കൗണ്ട് ഉടമകൾക്കും ഉദ്യോഗസ്ഥർക്കും നൽകി. എന്നാൽ ഇത്തരം നോട്ടുകൾ സ്വീകരിക്കുന്നതിൽ പ്രശ്നവുമില്ലെന്നും നോട്ടുകൾ സ്വീകരിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ആർ ബി ഐ അറിയിച്ചു.
ഇറ്റാനഗറിൽ 23 കൗൺസിലർമാർ കോൺഗ്രസ് വിട്ട് ബി ജെ പി അംഗത്വമെടുത്തു
ഇറ്റാനഗർ: ബി ജെ പി അപ്രതീക്ഷിത നീക്കത്തിലൂടെ ഇറ്റാനഗർ മുൻസിപ്പാലിറ്റി ഭരണം കൈപ്പിടിയിലാക്കി. ഇറ്റാനഗർ മുൻസിപ്പൽ കൗൺസിലിലെ 25 കോൺഗ്രസ് കൗണ്സിലര്മാരില് 23 പേരും ബി ജെ പി യിൽ ചേർന്നതോടെയാണ് ഭരണം ബി ജെ പിയുടെ കൈവശമായത്. 30 അംഗ കൗൺസിൽ ഭരണം ഇതോടെ ബി ജെ പിക്ക് ലഭിക്കും.
കേദല്‍ ഇനി ഊളമ്പാറയില്‍
നന്തന്‍കോട്: നന്ദൻകോഡ് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയെ ഊളന്‍പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേദല്‍ അസ്വഭാവികമായി പെരുമാറാന്‍ തുടങ്ങിയതോടെയാണ് മാനസികരോഗാശുപത്രിയിലേക്ക് മാറ്റിയത്. മാനസിക അസ്വാസ്ഥ്യത പ്രകടിപ്പിച്ച കേദലിനെ ആദ്യം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കേദലിനെ നിരീക്ഷിക്കാന്‍ കോടതി 10 ദിവസത്തെ അനുമതിനല്‍കിയിട്ടുണ്ട്. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല്‍ മൊഴി നല്‍കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് തന്നെ ഇത്തരത്തിലൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും കേദല്‍ മൊഴി നല്‍കിയിരുന്നു. അടിക്കടി മൊഴി മാറ്റുന്നതിനാല്‍ കേസിലെ അന്വേഷണവും വഴി മുട്ടിയിരിക്കുകയാണ്.