തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങള്‍ നവീകരിക്കാനുള്ള ശ്രമം ഒരുവിഭാഗം ഡ്രൈവിങ് സ്‌കൂളുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നീളുന്നു. സംസ്ഥാനത്ത് എല്ലായിടത്തും ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ഥലം മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി സജ്ജമാക്കിയാല്‍മാത്രമേ പുതിയ പരിഷ്‌കാരം അംഗീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ -സി.ഐ.ടി.യു. ഭാരവാഹികള്‍ പറഞ്ഞു. അപകടനിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് പരീക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
ഒരു തെരുവുനായയെ പിടിച്ചാല്‍ 2100 രൂപ
തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിക്കുന്നതിനായുള്ള കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം ഉയര്‍ത്തി. ഒരു നായയെ പിടിക്കുന്നതിന് 2100 രൂപയാണ് വേതനമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മുന്‍പ് ഇത് ആയിരം രൂപയായിരുന്നു. സംസ്ഥാനത്ത് 306 കുടുംബശ്രീ അംഗങ്ങളാണ് തെരുവു നായ്ക്കളെ പിടിക്കുന്നതിനായി 58 യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തൃശ്ശൂരും കുറവ് കോഴിക്കോട്ടുമാണ്.
പോലീസ് സേനയിലെ അച്ചടക്കലംഘനം സര്‍ക്കാര്‍ അനുവദിക്കില്ല – മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയിലെ അച്ചടക്കലംഘനം സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ആസ്ഥാനം അച്ചടക്ക ലംഘനത്തിന്റെ കേന്ദ്രമാണെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാതിരുന്നത് നേരിട്ട് കേസെടുക്കാന്‍ കഴിയുന്നവിധത്തിലുള്ള കുറ്റകൃത്യം അദ്ദേഹം ചെയ്തിട്ടില്ലാത്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം അദ്ദേഹത്തില്‍നിന്ന് ഉണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. .പി സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹന പാർക്കിങ്ങിന് വിലക്ക് ;വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതി
പിലാത്തറ∙ ബസ് സ്റ്റാൻഡിൽ ഇരുചക്ര വാഹനമുൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. സ്റ്റാൻഡിന്റെ വടക്ക്, കിഴക്ക് ഭാഗത്തായി രാവിലെ മുതൽ വൈകുന്നേരം വരെ ഇരുചക്രവാഹനങ്ങൾ ലോക്ക് ചെയ്ത് വച്ച് പോകുന്നതു കാരണം യാത്രക്കാർക്കും കടക്കാർക്കുമുള്ള ബുദ്ധിമുട്ടിനെ തുടർന്നാണ് നടപടി.
അന്തർസംസ്ഥാന കവർച്ച സംഘം പിടിയിൽ
കണ്ണൂർ : നിരവധി കവർച്ച കേസുകളിൽ പ്രതികളായ അന്തർസംസ്ഥാന കവർച്ച സംഘം പിടിയിൽ. മട്ടന്നൂർ മണ്ണൂരിലെ നെഞ്ചിലത് വീട്ടിൽ എൻ വിജേഷ് (26), ഇരിട്ടി മീത്തലെ പുന്നാട്ടെ സനീഷ് നിവാസിൽ സജേഷ് (28) എന്നിവരെയാണ് കണ്ണൂർ സി ഐ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ കണ്ണൂർ നഗരത്തിലാണ് ഇവർ പിടിയിലായത്.
വയോജന വിശ്രമ കേന്ദ്രം തുറന്നു
കൂത്തുപറമ്പ് ∙ തൊക്കിലങ്ങാടി പാലായി ശ്രീപോർക്കലി ഭഗവതി ക്ഷേത്ര സേവാ സമിതിയുടെ കീഴിൽ പാലായിയിൽ ആരംഭിച്ച വയോജന വിശ്രമകേന്ദ്രം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സേവാസമിതി പ്രസിഡന്റ് കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
പാഠപുസ്തക വിതരണം സ്കൂൾ തുറക്കും മുൻപ് പുസ്തകം തുറക്കാം
കണ്ണൂർ ∙ സ്കൂൾ തുറക്കും മുൻപേ ജില്ലയിൽ പാഠപുസ്തകം മുഴുവൻ കുട്ടികളുടെയും കൈകളിലെത്തും. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ദ്രുതഗതിയിലാണു പാഠപുസ്തകങ്ങളുടെ അച്ചടി സംസ്ഥാനത്ത് നടക്കുന്നത്. ജില്ലയിൽ 75 ശതമാനം പാഠപുസ്തകങ്ങളും വിതരണം ചെയ്തുകഴിഞ്ഞതായി ജില്ലാ സ്കൂൾ ബുക്ക് ഡിപ്പോ അധികൃതർ അറിയിച്ചു.
പയ്യാമ്പലം ഗവ. ടിടിഐ ഫോർ വുമൺ കേന്ദ്രമായാണു ജില്ലാ സ്കൂൾ ബുക്ക് ഡിപ്പോ പ്രവർത്തിക്കുന്നത്. ജില്ലയിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധ വിഷയങ്ങളിൽ 20 ലക്ഷം പാഠപുസ്തകങ്ങളാണ് ആവശ്യമായുള്ളത്. ഇതിൽ 15,77,602 പാഠപുസ്തകങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. ബാക്കിയുള്ളവയുടെ വിതരണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ബിജെപിയുടെ വർഗീയതയെ ചെറുക്കാൻ കോൺഗ്രസിനു സാധിക്കില്ല: വൃന്ദാ കാരാട്ട്
കണ്ണൂർ∙ ബിജെപിയുടെ വർഗീയ നയങ്ങളെ ചെറുക്കാൻ കോൺഗ്രസിനു സാധിക്കില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിൽ രാവിലെ ബിജെപി പറയുന്നതാണു വൈകിട്ട് ഉമ്മൻ ചാണ്ടി ആവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി വൈകിട്ടു പറയുന്നതു പിറ്റേന്നു ബിജെപി ഏറ്റുപറയും. കോൺഗ്രസില്ലാത്ത ഭാരതമാണു ലക്ഷ്യമെന്നാണു ബിജെപി പറയുന്നത്. സത്യത്തിൽ ബിജെപിയും കോൺഗ്രസും ഒരു പാർട്ടിയായി മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ത്രിപുരയിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയാണ്.
കേരളത്തിലും ബിജെപിയിൽ ചേരുന്ന നേതാക്കളുടെ പട്ടിക പുറത്തുവന്നത് ലജ്ജാകരമാണെന്നു വൃന്ദ പറഞ്ഞു. അരനൂറ്റാണ്ടു പിന്നിട്ടാലും തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ മോദിക്കു കഴിയില്ല. എന്നാൽ കേരളത്തിൽ സംസ്ഥാന സർക്കാർ തൊഴിലും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. ബിജെപിയുടെ അടുത്ത ലക്ഷ്യം ത്രിപുരയും കേരളവുമാണെന്നാണു പറയുന്നത്. അമിത് ഷായ്ക്ക് സ്വപ്നങ്ങളുണ്ടാവും എന്നാൽ കേരളത്തിലെ ജനങ്ങളുടെ മനസ്സുമാറ്റാനാവില്ലെന്നു വൃന്ദാ കാരാട്ട് പറഞ്ഞു. സമ്മേളനത്തിനു സമാപനം കുറിച്ചു നടന്ന പ്രകടനം നഗരത്തെ ചുവപ്പണിയിച്ചു. വിളക്കുതറ മൈതാനത്തു നിന്ന് ആരംഭിച്ച പ്രകടനം ടൗൺ സ്ക്വയറിൽ സമാപിച്ചു.
വിവാഹമോചനങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മോഡി സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുത്തലാഖ് ഉള്‍പ്പെടെയുള്ള വിവാഹമോചനങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മോഡി സര്‍ക്കാര്‍.ഒരാള്‍ ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുന്നത് നിരോധിക്കാനും വിവാഹമോചനങ്ങള്‍ നിയന്ത്രിക്കാനും ഇതുവഴി സാധിക്കുമെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു.
മുത്തലാഖ് നിയമം മൂലം നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ചില നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുത്തലാഖ് ഇസ്ലാമിന്റെ ഭാഗമല്ലെന്ന് തെളിയിക്കലാണ് ഇതില്‍ ആദ്യത്തേത്. തലാഖിന്റെ എല്ലാ രൂപങ്ങളും സര്‍ക്കാര്‍ നിരോധിച്ചാല്‍ ഒരു മുസ്ലീം മത വിശ്വാസി വിവാഹത്തില്‍ നിന്നും പുറത്തുവരുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. അതേസമയം തലാഖുകള്‍ മാത്രമല്ല, വിവാഹങ്ങളും നിയന്ത്രിക്കാനുള്ള സമ്പൂര്‍ണ്ണ നിയമമായിരിക്കും കേന്ദ്രസര്‍ക്കാര്‍ പാസാക്കുകയെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പറഞ്ഞു.
ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലുന്നതിനെ ഒറ്റ പ്രഖ്യാപനമായാണ് പ്രവാചകനും കരുതിയിരുന്നതെന്ന് ഖുര്‍ആന്‍ ഉദ്ധരിച്ച് ഖുര്‍ഷിദ് ചൂണ്ടിക്കാണിച്ചു
ആര്‍എസ്എസ് നേതാവിന്റെ വധം: പ്രതികളെ സംരക്ഷിക്കില്ല; കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ വ്യാജം: കോടിയേരി
കണ്ണൂർ: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പ്രാദേശികമായി അന്വേഷിച്ച് നടപടിയെടുക്കും. രാഷ്ട്രീയം നോക്കാതെ പൊലീസ് നടപടിയെടുക്കണം. ഇതുപോലെ പ്രതികളെ തള്ളിപ്പറയാൻ ബിജെപി തയാറാകുമോയെന്നും കോടിയേരി ചോദിച്ചു. സിപിഎമ്മിന്റെ ആഹ്ലാദപ്രകടനമെന്നു പറഞ്ഞു കുമ്മനം പ്രചരിപ്പിക്കുന്ന വിഡിയോ വ്യാജമാണ്. എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റേത്. കണ്ണൂരിൽ അഫ്സ്പ നടപ്പാക്കണമെന്നു പറയുന്നത് സിപിഎമ്മിനെ കുടുക്കുന്നതിനാണ്. സിപിഎമ്മിനെ തകർക്കാനുള്ള ബിജെപിയുടെ ശ്രമമാണിത്. കോടിയേരി പറഞ്ഞു.